
ജോസ് കെ മാണിയുടെ മുന്നണി മാറ്റം അടഞ്ഞ അധ്യായമായിട്ടും കോണ്‍ഗ്രസും യു.ഡി.എഫും ആ 'വിസ്മയം' പ്രതീക്ഷിച്ച് കേരളാ കോണ്‍ഗ്രസ് എമ്മിന് മുന്നില്‍ വിരിച്ചിട്ട റെഡ് കാര്‍പെറ്റ് ഇനിയും മാറ്റിയിട്ടില്ല. ജോസ് കെ മാണിയുടെ മുന്നണി മാറ്റം മാധ്യമങ്ങളുടെ മാത്രം ചര്‍ച്ചയാണെന്നും യു.ഡി.എഫ് ഒരു വിസ്മയവും അവകാശപ്പെട്ടിട്ടില്ലെന്നും അവര്‍ വന്നാല്‍ സ്വീകരിക്കുമെന്നും യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ഇന്ന് ഉച്ചയ്ക്ക് പറഞ്ഞു. മുന്നണി മാറ്റം വാസ്തവത്തില്‍ ഒരു മാധ്യമ സൃഷ്ടിയാണ്. കേരളത്തിലെ ഒരു നമ്പര്‍ വണ്‍ ചാനലാണ് ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. പക്ഷേ സംഗതി ക്ലിക്കായി. ചര്‍ച്ചകള്‍ കാടുകയറി. കേരള രാഷ്ട്രീയം വല്ലാതെ ചൂടുപിടിച്ചു.
കേരളാ കോണ്‍ഗ്രസ് എമ്മിനെ പി.കെ കുഞ്ഞാലിക്കുട്ടിയും മുസ്ലീം ലീഗും യു.ഡി.എഫിലേയ്ക്ക് പരസ്യമായി ക്ഷണിച്ചിരുന്നു. തൊട്ടു പിന്നാലെ ജോസ് കെ മാണിയുടെ മുന്നണി മാറ്റ ചര്‍ച്ചകള്‍ രാഷ്ട്രീയ കേരളത്തില്‍ കൊണ്ടുപിടിച്ച ചര്‍ച്ചയായി. ഇടതുമുന്നണിയുടെ മധ്യാമേഖലാ ജാഥ നയിക്കാന്‍ ജോസ് കെ മാണി ഇല്ലെന്ന വാര്‍ത്ത കൂടി വന്നതോടെ മുന്നണി മാറ്റം പലരും ഉറപ്പിച്ചു. ഇങ്ങനെ സംഭവിച്ചാല്‍ കേരളാ കോണ്‍ഗ്രസ് എം പിളരുമെന്നും മന്ത്രി റോഷി അഗസ്റ്റിനും റാന്നി എം.എല്‍.എ പ്രമോദ് നാരായണനും ഇടതു മുന്നണിയില്‍ തുടരുമെന്നും കഥകള്‍ മെനഞ്ഞു. ഇതോടെയാണ് 'വിസ്മയ' വാദവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ രംഗപ്രവേശം.
''നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി കേരളത്തില്‍ വിസ്മയങ്ങളുണ്ടാകും. എല്‍.ഡി.എഫിലും എന്‍.ഡി.എയിലുമുള്ള കക്ഷികളും നിഷ്പക്ഷരായ ആളുകളും യു.ഡി.എഫിലേക്ക് വരും. വിരലില്‍ എണ്ണാവുന്ന ദിവസം കാത്തിരുന്നാല്‍ ആ വിസ്മയം എന്താണെന്ന് മനസിലാകും....'' എന്ന വി.ഡി സതീശന്റെ വാക്കുകള്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിമരുന്നിട്ടത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കിയിട്ടും കോണ്‍ഗ്രസ് എന്തിനാകും വിസ്മയം കാത്തിരിക്കുന്നത് എന്ന ചോദ്യത്തിന് അപ്പോള്‍ത്തന്നെ ഉത്തരം കിട്ടി. കേരളാ കോണ്‍ഗ്രസ് എമ്മിനെയാണ് സതീശന് പ്രതീക്ഷിച്ചത്. ഇതോടെ പിളര്‍ന്നാലും ഇല്ലെങ്കിലും ജോസ് കെ മാണി എല്‍.ഡി.എഫ് വിടുമെന്ന് തന്നെ എല്ലവരും കരുതി. കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായ ജോസ് കെ മാണിയുമായി കോണ്‍ഗ്രസും യു.ഡി.എഫ് നേതാക്കളും ചര്‍ച്ച നടത്തി ഡീല്‍ ഉറപ്പിച്ചെന്നും കേട്ടു.
യു.ഡി.എഫിലെത്തിയാല്‍ ജോസ് കെ മാണി നിയമസഭയിലേയ്ക്ക് മല്‍സരിക്കാന്‍ രാജ്യസഭാ എം.പി സ്ഥാനം രാജിവയ്ക്കും എന്നായി അഭ്യൂഹങ്ങള്‍. പക്ഷേ അദ്ദേഹം എവിടെ മല്‍സരിക്കും..? പാലാ സീറ്റ് വിട്ടുകൊടുക്കാന്‍ മാണി സി കാപ്പന് തയ്യാറല്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ പാലാ നഗര സഭയിലും സ്വന്തം വാര്‍ഡില്‍ പോലും ജോസ് കെ മാണി അടിപതറി നില്‍ക്കുകയാണ്. കടുത്തുരുത്തി കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെ മോന്‍സ് ജോസഫ് കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുന്ന മണ്ഡലമാണ്. അവിടെയും രക്ഷയില്ല. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി വിട്ടുകൊടുക്കാന്‍ മുസ്ലീംലീഗ് തയ്യാറായിരുന്നു. പക്ഷേ 12 വര്‍ഷമായി അവിടെ യു.ഡി.എഫ് പച്ച തൊട്ടിട്ടില്ല. കഴിഞ്ഞ നിയമസഭാ ഇലക്ഷനില്‍ എല്‍.ഡി.എഫ് നല്കിയ 12 സീറ്റല് 5 ഇടത്താണ് കേരളാ കോണ്‍ഗ്രസ് (എം) വിജയിച്ചത്. യു.ഡി.എഫാകട്ടെ അത്രയും സീറ്റ് നല്‍കില്ല. മാക്സിമം 9.
ചര്‍ച്ചകള്‍ ഇങ്ങനെ അരങ്ങ് തകര്‍ക്കുമ്പോഴാണ് ആ സസ്പെന്‍സ് ജോസ് കെ മാണി തന്നെ പൊട്ടിച്ച് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. നിലപാടിന് ബലം കിട്ടാന്‍ ബൈബിള്‍ വാക്യവും ഉദ്ധരിച്ചു. ''യേശുക്രിസ്തു പറയുന്നുണ്ട്, ജെറൂസലേമിലെ സഹോദരന്മാരെ, എന്നെ ഓര്‍ത്ത് കരയേണ്ട, നിങ്ങളെയും നിങ്ങളുടെ മക്കളെയും ഓര്‍ത്ത് വിലപിക്കൂ...'' എന്നു പറഞ്ഞായിരുന്നു ജോസ് കെ മാണിയുടെ വാര്‍ത്താ സമ്മേളനം തുടങ്ങിയത്. എല്‍.ഡി.എഫിന്റെ പരിപാടിയില്‍ പങ്കെടുക്കാതിരുന്നതിന് അദ്ദേഹം വിശദീകരണവും നല്കി.രോഗിയെ സന്ദര്‍ശിക്കാനാണ് ദുബായില്‍ പോയത്. ഇത് മുഖ്യമന്ത്രിയെയടക്കം ഉത്തരവാദപ്പെട്ട എല്ലാവരേയും അറിയിച്ചതുമാണ്. കേരള കോണ്‍ഗ്രസിലെ അഞ്ച് എം.എല്‍.എമാരും പരിപാടിയിലുണ്ടായിരുന്നു. കേരള കോണ്‍ഗ്രസ് എവിടെയുണ്ടോ അവിടെത്തന്നെയുണ്ടാകും. ഇടതുപക്ഷത്തോടൊപ്പമാണെന്ന നിലപാട് ആവര്‍ത്തിച്ചു പറഞ്ഞതാണെന്നും ജോസ് കെ മാണി വ്യക്തമാക്കി.
ഇതായിരുന്നു മാധ്യമ സൃഷ്ടിയെന്ന് പറയുന്ന മുന്നണി മാറ്റ കഥയുടെ ക്ലൈമാക്സ്. പാലായില്‍ നിന്ന് മാണി സി കാപ്പനെ ഒഴിവാക്കി ഒരു നീക്ക് പോക്കും ഉണ്ടാകില്ലെന്നും ജോസ് കെ മാണിയുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടിന്നുമാണ് അടൂര്‍ പ്രകാശ് ഇന്ന് വ്യക്തമാക്കിയത്. അതേസമയം ഇതര കക്ഷികളുടെയോ വ്യക്തികളുടെയോ മുന്നണി പ്രവേശത്തില്‍ വി.ഡി സതീശന്റെ വിസ്മയ അവകാശവാദത്തെ അടൂര്‍ പ്രകാശ് തള്ളി. ഒരു വിസ്മയവും യു.ഡി.എഫ് അവകാശപ്പെട്ടിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞതിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കണമെന്നുമാണ് അടൂര്‍ പ്രകാശ് പ്രതികരിച്ചത്.
എന്നാല്‍ ജോസ് കെ മാണി ബൈബിള്‍ തൊട്ട് ആണയിട്ടിട്ടും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് വിടുന്ന ലക്ഷണമില്ല. കേരള കോണ്‍ഗ്രസ് എമ്മിന് മുന്നില്‍ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.കേരളത്തിന്റെ നന്മയ്ക്ക്, ജനങ്ങളുടെ മനസനുസരിച്ച് കേരള കോണ്‍ഗ്രസ് ആലോചിക്കാം. രാഷ്ട്രീയ തീരുമാനം എടുക്കേണ്ടത് അവര്‍ തന്നെയാണ്. സോണിയ ഗാന്ധി ജോസ് കെ. മാണിയെ വിളിച്ചോ എന്ന് തനിക്ക് അറിയില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. പ്രതിപക്ഷനേതാവ് വി.ഡി. സതീശന് നടത്തിയ 'വിസ്മയം' പരാമര്‍ശം യാഥാര്‍ഥ്യമാകുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
പക്ഷേ, കേരളാ കോണ്‍ഗ്രസ് എമ്മിനെ യു.ഡി.എഫിലേയ്ക്ക് ക്ഷണിക്കുന്ന കാര്യത്തില്‍ വളരെ പക്വതയും മാന്യതയുമുള്ള പ്രതികരണമായിരുന്നു കെ മുരളീധരന്റേത്. ഒരു മുന്നണിയുടെ ഭാഗമായി നില്ക്കുന്ന പാര്‍ട്ടിയുടെ ക്രെഡിബിലിറ്റിയെ ചോദ്യം ചെയ്യുന്ന ഇത്തരം നടപടി ശരിയല്ലെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. അതു തന്നെയാണ് ശരി. സത്യത്തില്‍ യു.ഡി.എഫിന് ഇപ്പോള്‍ കോസ് കെ മാണിയെ കൂടെ കൂട്ടി ശക്തി വര്‍ധിപ്പിക്കേണ്ട കാര്യമില്ല. അത് ചിലപ്പോള്‍ ബൂമറാങ്ങാവും. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മിന്നുന്ന പ്രകടനമാണ് യു.ഡി.എഫ് കാഴ്ച വച്ചിട്ടുള്ളത്. ആ തരംഗത്തില്‍ കേരളാ കോണ്‍ഗ്രസ് എമ്മും തകര്‍ന്നു പോയി എന്നതാണ് വാസ്തവം. മാത്രമല്ല, കേരളാ കോണ്‍ഗ്രസ് എമ്മിനെ മുന്നണിയില്‍ തിരിച്ചെടുക്കുന്നതിനോട് ജോസഫ് ഗ്രൂപ്പ് കടുത്ത എതിര്‍പ്പാണ് പ്രകടിപ്പിക്കുന്നത്. ജോസഫിനെ പിണക്കുന്നത് ബുദ്ധിയല്ല.
ഇടതുമുന്നണി നടത്തുന്ന മധ്യമേഖലാ ജാഥയുടെ ക്യാപ്റ്റന്‍ ജോസ് കെ മാണി തന്നെയായിരിക്കും. അതില്‍ ഒരു സംശയവുമില്ല. എന്നാല്‍ പാര്‍ലമെന്റ് സമ്മേളനമുണ്ട്, ബജറ്റുണ്ട്. ജാഥ നീണ്ട ദിവസങ്ങള്‍ ഉള്ളതിനാല്‍ ചില നീക്കുപോക്ക് വരുത്തേണ്ടി വരുമെന്ന് അറിയിച്ചിരുന്നുവെന്ന് ജോസ് കെ മാണി വ്യക്തമാക്കി. അഞ്ചുവര്‍ഷം മുമ്പ് കേരള കോണ്‍ഗ്രസ് എമ്മിനെ യു.ഡി.എഫ് പുറത്താക്കുകയായിരുന്നു. പുറത്താക്കിയശേഷം കേരള കോണ്‍ഗ്രസ് ഇടതുപക്ഷത്തിനൊപ്പമെന്ന് ഉറച്ച നിലപാടെടുത്തു. എല്‍.ഡി.എഫില്‍ പാര്‍ട്ടി സന്തുഷ്ടരാണെന്നും ജോസ് കെ മാണി വ്യക്തമാക്കുന്നു.
ഏതായാലും ഇവിടെ മുഖ്യമന്ത്രി പിണറായി വിജയന് ഒരു രാഷ്ട്രീയ ഡീല്‍ ഉറപ്പിച്ചിട്ടുണ്ട്. കെ.എം മാണി സാമൂഹിക പഠന കേന്ദ്രത്തിന് തിരുവനന്തപുരത്തെ എറ്റവും പോഷ് ഏരിയയായ കവടിയാറില്‍ 25 സെന്റ് ഭൂമി നല്‍കാനുള്ള മന്ത്രിസഭാ തീരുമാനമാണത്. ഭൂമി മുപ്പത് വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാനാണ് തീരുമാനം. പാട്ടുത്തുക പ്രതിവര്‍ഷം 100 രൂപയാണ്. ഇതാണ് ഈ മുന്നണി മാറ്റ വിസ്മയത്തിരക്കഥയുടെ ആന്റി ക്ലൈമാക്സ്..!