
(മലയാളം സൊസൈറ്റി ഓഫ് അമേരിക്ക, ഹ്യൂസ്റ്റണിന്റെ 2026 ജനുവരി മാസ മീറ്റിങ്ങിൽ അവതരിപ്പിച്ച ചെറുകഥ.)
'ബി അമേരിക്കൻ ബേബി " ജോണിക്കുട്ടി ആലീസിനെ സമാധാനിപ്പിക്കാൻ പറഞ്ഞു. കേട്ടതെ ആലീസിന് കൂടുതൽ ദേഷ്യമായി. തൻറ്റെയും മകൻറ്റെയും നടപടിക്രമങ്ങളിൽ അരോചകമായതെന്തോ വിളിച്ചുപറഞ്ഞ് അവൾ ചീറി നിൽക്കുകയാണ്. ഇന്നെന്തായാലും അവളുടെ ഇര താനല്ല, മകനാണ്. 9th standardൽ പഠിക്കുന്ന മകൻ Joel ൻറെ പഠനവും സ്കൂൾ ജീവിതവുമാണ് വിഷയം. Joel, പഠനത്തെക്കാൾ ജീവിതം എങ്ങനെ കൂടുതൽ ആസ്വാദ്യകരമാക്കാം എന്നതിലാണ് ശ്രദ്ധ. പൊടിമീശയിൽ വിരലോടിച്ച് , തന്റെ വെളുത്ത ഉയരംകൂടിയ ശരീരം അല്പം ചെരിച്ചു പിടിച്ച് നല്ല ലാറ്റിനോ പെൺകുട്ടികളെ കണ്ണിറുക്കി മുട്ടിയുരുമ്മി മധുരം മൊഴിഞ്ഞ് സ്കൂൾ ജീവിതം നയിക്കുന്നു. പഠനം ഗോപി. മലയാളി പാപ്പരാസികൾ വഴി വിവരം ആലീസിന്റെ ചെവിയിലെത്തി. പഠിപ്പിച്ച് ഡോക്ടർ ആക്കാൻ നിറുത്തിയിരിക്കുന്നവൻ 'ആമസോൺ കാട്' കയറുന്നുവോ! ആലീസിന് സഹിച്ചില്ല. പൊരിഞ്ഞ പട. Joel-ഉം വിട്ടുകൊടുത്തില്ല. മമ്മിയാണെന്ന് മറന്ന് അവന്റെ വായിൽ നിന്നും 'കൊക്കും ഫക്കും' പലതവണ പറന്നു പൊങ്ങി. ആലീസ് കയ്യിൽ കിട്ടിയ *കണ്ണാപ്പയുമായി അവന്റെ നേരെ പാഞ്ഞു. ഇതു കണ്ട ജോണിക്കുട്ടി അവരുടെ ഇടയിൽ ചാടിവീണു.-"ആലീസ് ഇത് അമേരിക്കയാണ്, 'പോലീസ് പോലീസ്' ഒരു വിധം തല്ലു തടഞ്ഞു. മക്കളെ തല്ലും അതും മരകായുധംകൊണ്ട്, സായിപ്പിന് അറിയുമോ കണ്ണാപ്പ എന്തെന്ന്. ബഹളത്തിനിടയിൽ ജോണിക്കുട്ടിയും എന്തൊക്കയോ പറഞ്ഞു.
കുരുത്തംകെട്ടവൻ , ഇവനെയൊക്കെ തല്ലിയിട്ട് ജയിലിൽ പോവാനും തയ്യാർ , ആലീസ് തലതല്ലി കരഞ്ഞു. അവൾ നാട്ടിൽ കയ്യാലപ്പുറത്ത് ദേവസ്യാച്ചൻറെ മകളായി മാറി. ജോണിക്കുട്ടിക്കും കണക്കിന് കിട്ടി. എങ്ങിനെയാ, "തന്തഗുണം ജന്തുഗുണം'. ആലീസിന്റെ സ്വന്തംവക ഒരു പഴഞ്ചൊല്ല് തട്ടിവിട്ടു. 'ബി അമേരിക്കൻ ബേബി'. ആലീസിനെ ജോണിക്കുട്ടി സമാധാനിപ്പിച്ചു. ഞാൻ അവനോട് സംസാരിക്കാം. ഇത്തരം വിഷയങ്ങൾ ഉണ്ടായെങ്കിലേ അമേരിക്കൻ മലയാളി ഭാര്യമാർ തത്കാലത്തേക്കെങ്കിലും ഭർത്താവിന് മാന്യസ്ഥാനം നൽകുകയുള്ളൂ. ഇത് സുവർണ്ണാവസരം. ജോണിക്കുട്ടി മനസ്സിൽ ചിരിച്ചു. ഒരുപാട് നാളുകൂടിയാണ് ആലീസ് ഓൺ കാൾ അവധിയെടുത്തു. സാധാരണ രണ്ടു ഹോസ്പിറ്റലിൽ ഡ്യൂട്ടി, ഓവർടൈം കിട്ടിയാൽ അതും. മാസം ഇരുപതിനായിരം ഉണ്ടാക്കും. ജോലിയുടെ കഷ്ടപ്പാടിനെ ആലീസ് പരിഗണിക്കുന്നില്ല. അവൾക്ക് ചില വാശിയുണ്ട്. മകനെ എത്ര മുടക്കിയും ഡോക്ടർ ആക്കണം. മകളെ എഞ്ചിനീയറിങ്ങിനു ശേഷം നല്ല നിലയിൽ പറഞ്ഞു വിടണം. ജോണിയെ ഒരു പത്തു റീറ്റെയ്ൽ സ്റ്റാറിന്റെ എങ്കിലും സ്ലീപ്പിങ് പാർട്ട്ണറാക്കണം. നാട്ടിൽ ഇരുപത്തി അഞ്ചു ഏക്കർ ഭൂമി വാങ്ങണം. ഇളയത്തുങ്ങൾക്കുള്ളതാണ്. കുടുംബസ്നേഹി. ജോണിക്കുട്ടിയെ ഇതിനോടകംതന്നെ അഞ്ചു സ്റ്റോറിലെ സ്ലീപ്പിങ് പാർട്ട്ണർ ആക്കുവാനുള്ള പണം മുടക്കി കഴിഞ്ഞു. ഒരു സ്റ്റോറിലും ജോണികുട്ടി രെജിസ്റ്ററിൽ ജോലി ചെയ്യുന്നത് ആലീസിന് ഇഷ്ടമല്ല. അതിന് ജൈവപരമായ കാരണങ്ങളുണ്ട്. ആ സ്റ്റോറിൽ ജോലിക്ക് വരുന്ന വനിതകൾ , താൻപോലും നോക്കിനിന്നുപോകുന്ന നിറവും, ഭംഗിയും, അവരുടെ അമിത സ്വാതന്ത്ര്യത്തോടെയുള്ള ഇടപെടലുകളും. മുതലാളിയാണെങ്കിലും നിരന്തരമുള്ള ഇടപെടലുകളിൽ അപകടം പതിയിരിക്കുന്നു.
ഒരു ഞടുക്കത്തോടെ ആലീസ് ഇപ്പോഴും ഓർക്കുന്നു, തങ്ങൾ നാലുപേരുംകൂടി ആര്ട്ട് ഗാലറി മ്യൂസിയം കാണാൻ പോയ ദിവസം. ഡേവിഡിന്റെ പൂർണ്ണകായ നഗ്ന മാർബിൾ പ്രതിമ ചൂണ്ടി മകൾ ഡയാന പറയുകയാണ് നോക്കൂ മമ്മി, നമ്മുടെ പപ്പായുടെ പോലെയുണ്ട്. സുന്ദരൻ. തുടരെ ഫോട്ടോ എടുത്തു നിന്ന അവളെ എത്ര പാടുപെട്ടാണ് അവിടെ നിന്നും മാറ്റിയത്. ഇളിഭ്യചിരിയുമായി നിന്ന ജോണികുട്ടിക്കും കിട്ടി കാലിൽ ഒരു ഒന്നര ചവിട്ട്. , എന്റെ 'മൈക്കലാഞ്ജലോ അച്ചായാ' എന്ന് കരഞ്ഞുപോയി.
ജോണിക്കുട്ടി ഡേവിഡ് പ്രതിമയെപ്പോലെ സുന്ദരനാണ്. നല്ല നിറം, ഉയരം, വണ്ണമുള്ള യൂക്കാലി മരത്തിന്റെ പുറംതൊലി മാറിയതുപോലെയുള്ള ശരീരം. ഏത് പെണ്ണ് കണ്ടാലും ഒന്ന് നോക്കി പോവും. തല നിറയെ ഓടിവളഞ്ഞ മുടി ചീകണമെന്നില്ല. യാത്രക്ക് പോകാൻ ഒരുക്കമെന്ന രീതിയിൽ ചമഞ്ഞാണ് നിൽക്കുന്നത്. ആലീസിന് ഭർത്താവിനുള്ള ഭംഗി സന്തോഷത്തേക്കാൾ മനസ്സിൽ തീയാണ് സമ്മാനിച്ചത്. ഇങ്ങനെ ഒരു സ്ത്രീ. എപ്പോഴും ഒരു വ്യഗ്രത , ആവേശം, നിരന്തര അസ്വസ്ഥതയിൽ അവർ കുടുങ്ങി കിടന്നു. സുന്ദരനായ ഭർത്താവ്, നല്ല മക്കൾ, ആവശ്യത്തിലേറെ സമ്പത്ത്. സ്ലീപ്പിങ് പാർട്ട്ണർ എന്ന നിലയിൽ ജോണിക്കുട്ടി ആലീസിനേക്കാൾ സമ്പാദിക്കുന്നു. എന്നിട്ടും ഒരു പോരായ്മ. ഒടുവിൽ അവൾ തിരിച്ചറിഞ്ഞു. പ്രശസ്തി! അതും നേടണം.
പള്ളിയിൽ വച്ച് പരിചയപ്പെട്ട ആലീസിന്റെ സുഹൃത്തുക്കളുടെ ഭർത്താക്കന്മാർ guarantee ജോണിക്കുട്ടിയും കുറെ സംഘടനകളിൽ അംഗത്വമായി. ഏതാനും ചില ക്ലബുകളിലും. പലതിലും പല പദവികളും വഹിച്ചു. നിരന്തരം യാത്രകൾ, മീറ്റിങ്ങുകൾ, താരനിശകൾ, എല്ലായിടത്തും ജോണിക്കുട്ടി തിളങ്ങി നിന്നു. ഇവയൊക്കെ ആലീസ് ഇഷ്ടപ്പെട്ടു. നല്ലൊരു പ്രാസംഗികനും എഴുത്തുകാരനുമായി അദ്ദേഹം വളർന്നു. സാഹിത്യരംഗത്ത് കൈവച്ച ജോണിക്കുട്ടി വാക്കുകളെ നടത്തിയും ഓടിച്ചും, സൂര്യ, ഗോളങ്ങൾക്കിടയിലൂടെ ഉരുട്ടിയും പരീക്ഷണങ്ങൾ നടത്തി. പലവിധാ അവാർഡുകൾ ഷോകേസിൽ നിറഞ്ഞു. അങ്ങനെ അമേരിക്കൻ മലയാളി സമൂഹത്തിനിടയിൽ തങ്ങളുടെ കുടുംബം തിളങ്ങി നിൽക്കുന്നതിൽ ആലീസ് വല്ലാതെ സന്തോഷിച്ചു. ജോണിക്കുട്ടി ഒരു വൈറ്റ്കോളർ ഭർത്താവാണെന്ന് തെല്ലൊരഭിമാനത്തോടെ ആലീസ് മേനി പറഞ്ഞു നടന്നു. തന്റെ ചിട്ടപ്പെടുത്തലാണ് അതിന് കാരണമെന്നും. ഇങ്ങനെ ഇരിക്കയാണ് മകൻ ജോയലിന്റെ വിഷയം. ആലീസും ജോണിക്കുട്ടിയും കൂടി ഒരു തീരുമാനമെടുത്തു. മകനെ നാട്ടിൽ ഒരു ഇന്റർനാഷണൽ സ്കൂളിൽ ചേർക്കുക. അവന്റെ പഠനം ശരിയാക്കുക. ലാറ്റിനോ യക്ഷികളിൽ നിന്നും മകനെ രക്ഷിക്കുക. ഉടൻ ടിക്കറ്റ് എടുത്ത് സ്കൂൾ പേപ്പേഴ്സിനുള്ള നീക്കങ്ങൾ ആരംഭിച്ചു. ഇതറിഞ്ഞ Joel കലാപം തുടങ്ങി. തന്റെ സ്കൂളിലെ സുന്ദരികളുടെ നിറഗുണ സാന്നിദ്ധ്യം ഉപേക്ഷിച്ചുപോവുക. ദിസ് ഈസ് ഇൻഹ്യൂമൻ ഇൻടോളറബൾ, അൺസഹിക്കബിൾ. പൊടി മീശ വിറച്ചു. അവൻ പപ്പായെ സമീപിച്ചു. എടാ രണ്ടു വർഷത്തെ കാര്യമല്ലേയുള്ളു. നമുക്ക് തിരിച്ചു വന്ന് അടിച്ചുപൊളിക്കാം. പപ്പയിലെ സുഹൃത്ത് അവനെ സമാധാനിപ്പിച്ചു. സെയിം വേവ് ലെങ്ത്. മെഡിസിൻ പഠനത്തിൽനിന്നും രക്ഷപ്പെടണമെങ്കിൽ പപ്പയുടെ സഹായം വേണം. അതുകൊണ്ടവൻ ഒടുവിൽ സമ്മതിച്ചു. ആലീസും രണ്ടു മക്കളും നാട്ടിലേക്ക്. ജോണിക്കുട്ടി പൊതുകാര്യവും സ്വകാര്യവുമായി യു. എസി. ൽ.
എയർപോർട്ടിൽ നിന്നും ഫ്ലൈറ്റ് പൊന്തിയതും ജോണിക്കുട്ടി തന്റെ ഉറ്റ സുഹൃത്തും മനസ്സാക്ഷി സൂക്ഷിപ്പുകാരനുമായ നോബിളിനെ വിളിച്ച് അന്നത്തെ പ്രോഗ്രാം ആലോചിച്ചു. നോബിൾ ഒരു കഥാപാത്രമാണ് . നോബിൾ എന്ന് പേരുള്ളവരെല്ലാം കൊഴകളാണെന്നാണ് അവന്റെ തന്നെ അഭിപ്രായം. എന്നൊക്കെ ആലീസ് കുട്ടികളുമൊത്ത് നാട്ടിൽ പോയിട്ടുണ്ടോ അന്നൊക്കെ ജോണിക്കുട്ടി
നോബിളുമൊത്ത് മധുമധിരാക്ഷി സംഗമത്തിന് നൈറ്റ് ക്ളബിൽ കറങ്ങും. യൂറോപ്പിലേയും റഷ്യയിലേയും വിവിധ പ്രദേശങ്ങളിൽ നിന്നുമുള്ള തരുണീമണികളുടെ സേവനം ഏറ്റുവാങ്ങി നിഗൂഡമായ പൗരുഷ സംതൃപ്തിയോടെ, കുടുംബം തിരികെ വരുന്ന ദിവസം അവർക്ക് ഇഷ്ടമുള്ള ഭക്ഷണം സംഘടിപ്പിച്ച് കാത്തിരിക്കുന്ന നല്ല ഭർത്താവായി ജോണിക്കുട്ടി മാറും. ജോണിക്കുട്ടിയെ നന്നായി അറിയാവുന്ന നോബിൾ പറയുന്നത് ഒരു ഉപമയാണ്. “മണൽ കണ്ടാൽ മാർജ്ജാരൻ മാന്തിയിരിക്കും." കേൾക്കുമ്പോൾ ജോണിക്കുട്ടി മദ്യലഹരിയിൽ ഒരു ചിരിച്ചിരിക്കും. തികച്ചും വ്യത്യസ്ഥനായ മനുഷ്യൻ.
ജോണിക്കുട്ടി ചിന്തിച്ചു തന്റെയും ആലീസിന്റേയും കഴിഞ്ഞുപോയ ജീവിതം ആലീസിന്റെ കർക്കശ ഭാവം, മാനസീക ബന്ധത്തിലും, ശാരീരിക ബന്ധത്തിലും ഒരു തരം മേധാവിത്വം. " അവിരാ മാപ്പിള ' എന്ന നാട്ടിലുള്ള ആലീസിന്റെ ഭാവം. അവൾ തന്നെ അസാധുവാക്കിയപോലെ ജോണിക്കുട്ടിക്കൊരു തോന്നൽ. നാട്ടിൽ പുലിയായിരുന്ന ജോണിക്കുട്ടി യൂസ് ൽ ഏലി പോലെയായി.
പഠനകാലത്തെ ബാംഗ്ലൂർ ഡേയ്സും നാട്ടിലെ കുസൃതികളും ആലീസ് അറിഞ്ഞിട്ടില്ലെന്ന് അയാൾ സമാധാനിച്ചു. ബാംഗ്ലൂർ പഠനകാലത്ത് ആദ്യമായി പെണ്ണിന്റെ ചൂട് അറിയിച്ച ക്ലാര എത്രയോ വർഷങ്ങൾക്ക് ശേഷം ഭർത്താവുമൊന്നിച്ച് ഹ്യൂസ്റ്റണിൽ ഒരു സംഘടനാ മീറ്റിങ്ങിൽ കണ്ടതും ഫോൺ നംമ്പർ കൈമാറിയതും ആലീസ് അറിഞ്ഞിട്ടില്ല. അവളെ വല്ലപ്പോഴും വിളിക്കുമ്പോൾ കിട്ടുന്ന മാനസ്സിക അവസ്ഥയിൽ സ്വർഗ്ഗീയ സുഖമുണ്ട്. അവിടെ പുണ്യപാപങ്ങൾക്ക് പ്രസക്തിയില്ല. വല്ലാത്ത ഒരാലസ്യം മാത്രം. അത് മനസ്സിന്റെ ഒരാവശ്യാമാണ്. ഈ ചിന്തകളിൽ ജോണിക്കുട്ടി ഒരു അപ്പൂപ്പൻ താടിപോലെ പറന്നു നടന്നു.
മകനെ കൊച്ചിയിൽ ഇന്റർനാഷണൽ സ്കൂളിൽ ആക്കി ആലീസും മോളും യൂ, എസി-ൽ മടങ്ങി എത്തി. ജീവിതം പതിവ്പോലെ. പക്ഷെ കാര്യങ്ങൾ പെട്ടന്നാണ് തലകുത്തിമറിഞ്ഞത്. "പാലമരം എത്ര ഉയരത്തിൽ പൂത്താലും അതിന്റെ മണം അടുക്കളയിലെത്തും, യക്ഷിക്കഥകൾ അകമ്പടിയുണ്ടാകും" എന്നാണല്ലോ! ഫൊക്കാന മീറ്റിങ് എന്ന് പറഞ്ഞു പോയ ജോൺസ് കുട്ടിയും കൂട്ടരും ലൈസൻസ് ഇല്ലാത്ത ഒരു നൈറ്റ് ക്ലബ്ബിൽ പോയി, അവിടെ പോലീസ് റെയ്ഡിൽ പിടികൂടപ്പെട്ടു. സുഹൃത്തുക്കൾ ഇടപെട്ട് ജാമ്യത്തിൽ ഇറങ്ങി. ഇവർ ഫൊക്കാനക്കല്ല ‘പൊക്കാനാണ്’ പോയതെന്ന് സുഹൃത്തുക്കൾ അടക്കം പറഞ്ഞു.
ആലീസ് ആകെ തകർന്നുപോയി. ജോണിക്കുട്ടി ഒരു മൈൽക്കുറ്റിപോലെ വീട്ടിൽ ഇരിപ്പായി. രണ്ടുപേരും മിണ്ടാറില്ല. രണ്ടു മുറികളിൽ ഒതുങ്ങി. ജോണിക്കുട്ടിയുടെ സ്വന്തം ബാറിലെ കുപ്പികൾ ഏതാണ്ട് കാലിയായി. പുരുഷൻ മദ്യത്തിൽ മനസ്സിനെ തണുപ്പിച്ചു സ്ത്രീയോ?
ആലീസ് രണ്ടാഴ്ചത്തെ ലീവ് എടുത്തു കടുത്ത നിസ്സഹായാവസ്ഥ. നാണക്കേട്. സമാധാനത്തിന് ഉറ്റ സുഹൃത്ത് ലൂസിയെ വിളിച്ചു. അവൾ ജോണിക്കുട്ടിയേയും കൂട്ടുകാരേയും പറ്റിയുള്ള കൂടുതൽ കഥകൾ പറഞ്ഞപ്പോൾ തരിച്ചിരുന്നപ്പോയി. തൻമാത്രം ഒന്നും അറിഞ്ഞില്ല. ആലീസ് രണ്ടാഴ്ചത്തെ ലീവ് എടുത്തു കടുത്ത നിസ്സഹായാവസ്ഥ. അവൾ തുടർന്നു. മധ്യതിരുവിധാൻക്കൂറിൽ നിന്നും 'സാരി വിസയിൽ' യു. എസ്.- ൽ വന്ന് ബിസിനസ് നടത്തി സാമ്പ്രാജ്യങ്ങൾ വെട്ടിപ്പിടിച്ച എട്ട് പേർ എട്ട് വീട്ടിൽ അച്ചായന്മാർ എന്നറിയപ്പെടും. മാൻവേട്ട, മീൻവേട്ട , പെൺവേട്ട, എന്നിവയിൽ തനതു ശൈലി. വ്യക്തിമുദ്ദ്ര. അതിൽ ഒരച്ചായനാണ് ജോണിക്കുട്ടി. മതി കൂടുതൽ ഒന്നും കേൾക്കണ്ട. പലതും പറഞ്ഞ് പാപ്പയോടും മക്കളോടും വഴക്കിടുമ്പോൾ, 'ബി അമേരിക്കൻ ബേബി' എന്ന സ്വാന്തനം കുറേയൊക്ക ഞാൻ ആസ്വദിച്ചിരുന്നു, പക്ഷെ അത് തന്നെ ചതിക്കുവാനുള്ള മുൻകൂർ ജാമ്യം ആയിരുന്നു എന്ന് ഇപ്പോൾ മനസ്സിലാവുന്നു.
നാട്ടിൽനിന്നും ജോയ്ലിന്റെ സ്കൂൾ പ്രിൻസിപ്പലിന്റെ ഫോൺ വന്നു. ജോയ്ലിനെ സസ്പെൻഡ് ചെയ്യിതിരിക്കുന്നു. കൂടെ പഠിക്കുന്ന പെൺകുട്ടികൾക്ക് ശല്യം. ഹഗ്ഗ് ചെയ്യുക, കവിളിൽ ചുംബിക്കുക. സർവ്വത്ര അമേരിക്കൻ രീതി. മടിച്ചു മടിച്ചാണെങ്കിലും ജോയലിന്റ് വിവരം ജോണിക്കുട്ടി ആലീസിനെ അറിയിച്ചു. ഒരു തേങ്ങൽ ആലീസിന്റെ തൊണ്ടയിൽ നിന്നും പുറത്തു വന്നു. അന്ന് പാതിരകഴിഞ്ഞ നേരം താൻ ഉറങ്ങിയെന്നു കരുതി ജോണിക്കുട്ടി ഫോൺ ചെയ്യുന്നു. അതിൽ ഒരു സംഭാഷണം വ്യക്തമായി അവൾ കേട്ടു. " ആലീസോ, ആ അലവലാതി അടുക്കുന്ന മട്ടില്ല.” അവൾ ചിന്തിച്ചു, ഞാനോ അലവലാതി. കുടുംബത്തിനുവേണ്ടി വിശുദ്ധ ജീവിതം നയിച്ച ഞാൻ പുരുഷന്റെ കണ്ണിൽ!. ഇതിന് തക്കതായ മറുപടി കൊടുക്കണം. തന്റെ കുടുംബ സങ്കല്പങ്ങൾ തകർത്തെറിയപ്പെട്ടു. ഇനി അതിനെ നന്നാക്കി എടുക്കുക എളുപ്പമല്ല. മുറിവുകൾ ആഴത്തിലുള്ളതാണ്. ഒടുവിൽ സ്ത്രീ കണ്ടെത്തി അപ്പനും മകനും തന്നെ ചതിക്കുകയായിരുന്നു.
രണ്ടാഴ്ചക്ക് ശേഷം ആലീസ് ജോലിക്ക് പോയി തുടങ്ങി. സഹപ്രവർത്തകർ കുശലം പറഞ്ഞു, മുൻപ് ആലീസിന് ഒട്ടും ഇഷ്ടമില്ലായിരുന്ന കറുമ്പൻ റിച്ചാർഡ് വന്ന് വിവരങ്ങൾ തിരക്കി. അവനോട് അന്ന് ആദ്യമായി നന്നായി സംസാരിച്ചു. അവന്റെ കൂടെകൂടെയുള്ള പൊട്ടിച്ചിരിയും, ഉറക്കെയുള്ള സംസാരവും പാട്ടും ഡാൻസും , അവധിയെടുക്കലും, പുച്ഛത്തോടെയാണ് മുമ്പ് ആലീസ് കണ്ടിരുന്നത്. അവൻ ആഴ്ചയിൽ മൂന്ന് ദിവസം ജോലി ചെയ്താലായി, ഇവാഞ്ചലിക്കൽ സഭാംഗം -പള്ളിയും പ്രാർത്ഥനയുമായി കറക്കം. വലിയ സമ്പാദ്യങ്ങൾ ഇല്ല. . ഒരു പഴയകാർ. ഏതോ അപ്പാർട്മെന്റിൽ താമസം. അവൻ ചിരിച്ചുകൊണ്ടു പറയും, ‘ഐ ബ്രേക്കപ്പ് ഫ്രം മൈ ഗേൾ ഫ്രണ്ട് ബികോസ് ഐ ആം ബ്രോക്കൻ.’ പണവുമില്ല പെണ്ണുംപോയി എന്നിട്ടും അവൻ ഹാപ്പിയാണ് . ക്രിസ്തു പറഞ്ഞതുപോലെ ജീവിക്കുന്നവൻ. " ആകാശത്തിലെ പക്ഷികളെ നോക്കുക അവ... സമ്പന്നരെ നിങ്ങൾക്ക് ദുരിതം....". ഇറക്കം വിടുന്ന സൈക്കിൾ പെടലിൽ വെറുതെ കാൽ വച്ചിരുന്നു യാത്ര ചെയ്യുമ്പോലെ കറുമ്പൻ ജീവിതത്തെ കാണുന്നു, ആസ്വദിക്കുന്നു.
മുമ്പെങ്ങുമില്ലാത്ത വിധം ആലീസ് റിച്ചാർഡിനെ വിഷ് ചെയ്യുന്നു. കുശലം പറയുന്നു, പരിഗണിക്കുന്നു. അവളുടെ ഭാവമാറ്റം റിച്ചാർഡിനെ അതിശയിപ്പിച്ചു.
ആലീസ് ഡബിൾ ഡ്യൂട്ടി നിറുത്തി, ഓവർടൈം വേണ്ടെന്നു വച്ചു. നാളുകളായി തന്റെ ഉള്ളിൽ ഉണ്ടായിരുന്ന വ്യഗ്രതകളും ടെൻഷനും അവൾ ഉപേക്ഷിച്ചു . നാട്ടിലെ സഹോദരങ്ങളോടുള്ള വാത്സല്യവും അവൾ മറന്നു. കയ്യാലപ്പുറത്ത് ദേവസ്യ മകൾ എന്നത് കയ്യാത്ത് ബാബു മകൾ എന്ന് ഗസറ്റിൽ പരസ്യം ചെയ്തു മാറ്റിയതിൽ ആദ്യമായി അവൾക്ക് ലജ്ജതോന്നി. ആലീസ് ആലിപ്പഴം പോലെ ഐസ് പോലെ ഉരുകി ശുദ്ധജലമായി ഒഴുകി. എന്തും ലയിക്കുന്ന ശുദ്ധ ജലം, എന്തും വൃത്തിയാക്കുന്ന ശുദ്ധ ജലം. 'ഐ ആം ആൻ അമേരിക്കൻ' അവൾ സ്വയം പറഞ്ഞു.
റിച്ചാർഡ് ഒരത്ഭുതമായി ആലീസിന് തോന്നി തുടങ്ങി. അവന്റെ മാനറിസം അവളിൽ ചലനങ്ങൾ ഉണ്ടാക്കി. വെറുപ്പിന്റെ സ്ഥാനത്ത് കൗതകം, കൗതകത്തിന്റെ സ്ഥാനത്ത് സ്ത്രീ സാഹചമായ ചാഞ്ചല്യം. പ്രണയം. ഒരിടവും ശൂന്യമായിരിക്കില്ല എന്ന ഫിസിക്സ് നിയമം. അവളുടെ ശൂന്യതയിൽ കറുത്ത പൂക്കൾ വിടർന്നു സുഗന്ധം പരത്തി. എനിക്കായി അൽപ്പം സമയം തരുമോ, ആലീസ് അവനോട് ചോദിച്ചു. പിറ്റേന്ന് പാർക്കിൽ മണിക്കൂറുകളോളം സംസാരിച്ചിരുന്നു. ജന്മജന്മാന്തരങ്ങൾക്ക് മുമ്പ് എന്നോ വേർപ്പെട്ടു, ഇന്നിവിടെ സന്ധിക്കുമ്പോലെ. അവർ പറഞ്ഞു, നീ ചോക്ലേറ്റ് ഞാൻ ബ്ളാക്ക് ചോക്ലേറ്റ്. അവർ രണ്ടാളും ഒരു ചിരിയായി മാറി.
ആലീസ് ആഴ്ചയിൽ മൂന്നു ദിവസം ജോലി ചെയ്യും. മൂന്നു ദിവസം റിച്ചാർഡിനൊപ്പം കറങ്ങാൻ പോകും. വിവരം ജോണിക്കുട്ടിയുടെ ചെവിയിലെത്തി. അവൻ പൊട്ടിത്തെറിച്ചു. കഴുവേറി നീ എന്ത് ഭാവിച്ചുകൊണ്ടാ.. നിനക്ക് രണ്ടു മക്കളില്ലേ, ഭർത്താവില്ലേ, കുടുംബമില്ലേ, നാണം കെട്ടവൾ, തേവിടിശ്ശി. ആലീസ് തിരിഞ്ഞു നിന്നു. രൂക്ഷമായി ഭർത്താവിന്റെ മുഖത്തേക്ക് നോക്കി. ആ മുഖഭാവം ആസ്വദിച്ചു. ചുവന്നു തുടുത്ത്, കോപംകൊണ്ടും നാണക്കേടുകൊണ്ടും നിസ്സഹായാവസ്ഥകൊണ്ടും തകർന്ന പുരുഷൻ. അവൾ ചീറ്റികൊണ്ടു പറഞ്ഞു, " ബി അമേരിക്കൻ ബേബി, ജോണിക്കുട്ടി."
* കണ്ണാപ്പ -ഊറ്റുതവി