
(ശ്രീ ബാബു പാറയ്ക്കലിന്റെ "മഞ്ഞിൽ വിരിഞ്ഞ റഷ്യ" എന്ന പുസ്തകത്തിനു എഴുതിയ അവതാരിക. ഈ പുസ്തകം ജനുവരി 18 നു അമേരിക്ക സർഗ്ഗവേദി (ന്യയോർക്ക്) ചർച്ച ചെയ്യുന്നു.)
ശ്രീ ബാബു പാറക്കൽ റഷ്യയിലേക്ക് നടത്തിയ ഒരു യാത്രയുടെ വിവരണമാണ് ഈ പുസ്തകം. യാത്രാവിവരണങ്ങൾ വിജ്ഞാനദായിനികളാണ്. അവ ഒരു രാജ്യത്തെ ഒരു പ്രദേശത്തെ നമുക്ക് പരിചയപ്പെടുത്തുന്നു. എന്നാൽ യാത്രാവിവരണങ്ങൾ എഴുതുക അത്ര എളുപ്പമല്ല.. സന്ദർശിക്കുന്ന സ്ഥലങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ച് മനസ്സിലാക്കി അതെല്ലാം വായനക്കാരന് മനസ്സിലാകുന്നവിധം അവതരിപ്പിക്കുക എന്ന ഉത്തരവാദിത്തം എഴുതുന്നയാളിൽ നിക്ഷിപ്തമാണ്. സന്ദർശിച്ച സ്ഥലങ്ങളുടെ ചരിത്രവും, അവിടത്തെ കെട്ടിടങ്ങളുടെ കഥയും എഴുതിയാൽ അത് സഞ്ചാരസാഹിത്യത്തിൽ ഉൾപ്പെടുകയില്ല. ശ്രീ പാറക്കലിന്റെ ഈ പുസ്തകത്തിലൂടെ നമ്മൾ സഞ്ചരിക്കുമ്പോൾ അദ്ദേഹത്തിനുണ്ടായ അനുഭവങ്ങൾ ഉൾക്കൊണ്ടുകൊണ്ട് അവയെല്ലാം സഫലമാം വിധം ആവിഷ്കരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്ന് കാണാം. യാത്രയിലുണ്ടായ അസാധാരണമായ അനുഭവങ്ങളെ പുതുമയോടെ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ രചനാകൗശലത്തിനു ഒരു ഉദാഹരണമാണ് അദ്ദേഹത്തോടോപ്പമുണ്ടായിരുന്ന മറ്റു സന്ദർശകർ അദ്ദേഹത്തിനൊപ്പം ഫോട്ടോ എടുക്കണമെന്ന് ആവശ്യപ്പെട്ട വിവരം എഴുതിയിരിക്കുന്നത്. എന്തുകൊണ്ടാണ് ജനം തന്നോടൊപ്പം ഫോട്ടോ എടുക്കാൻ ആവേശം കാണിക്കുന്നതെന്നറിയാതെ പകച്ചു നിന്ന അദ്ദേഹത്തിനോട് അവിടത്തെ ഗൈഡ് പറയുന്നു സാർ സാറിനു ലെനിന്റെ മുഖച്ഛായ ഉണ്ടെന്നു. വനത്തിൽ കൂടിയുള്ള ഹീറ്റിംഗ് സംവിധാനം ഇല്ലാത്ത ട്രാക്ക് യാത്രയിൽ സഞ്ചാരികൾ അധികവും മലയാളികൾ, കമ്പിളി വസ്ത്രങ്ങൾ ഉണ്ടായിട്ടും തണുപ്പ് സഹിക്കാൻ കഴിയാതെ വിറച്ചിരുന്നെങ്കിലും അവരുടെ ഞരമ്പുകൾക്ക് ചൂട് പകർന്നുകൊണ്ട് സുന്ദരിയായ റഷ്യൻ സുന്ദരി ഗൈഡ് ഒന്നുമറിയാതെ ഇരുന്നിരുന്നുവെന്ന് നർമ്മരസത്തോടെ വിവരിക്കുന്നുണ്ട്.
പക്ഷെ അത് അവരുടെ ഭാര്യമാർ ശ്രദ്ധിക്കുന്നുവെന്ന് മനസ്സിലാക്കിയപ്പോൾ അവരുടെ തല കൂടി തരിക്കാൻ തുണ്ടങ്ങി എന്ന് കൂട്ടിച്ചേർക്കുന്നുണ്ട്. സന്ദർശിച്ച നാടിന്റെ സാംസ്കാരികമായ സവിശേഷതകൾ, ഭാഷ, ജനങ്ങളുടെ ജീവിതരീകൾ എന്നിവ വർണ്ണിച്ച് മറ്റുള്ളവർക്ക് പ്രയോജനമുണ്ടാക്കുക എന്നതാണ് സഞ്ചാരസാഹിത്യത്തിന്റെ ലക്ഷ്യം. ശ്രീ ബാബു അത് നിർവഹിച്ചിരിക്കുന്നത് കൂട്ടുകാരനായ പിള്ളേച്ചന്റെ ഓരോ ചോദ്യത്തിലൂടെ ഉത്തരങ്ങൾ നൽകുക എന്ന രീതിയിലാണ്. അതുകൊണ്ട് വായനക്കാരുടെ ജിജ്ഞാസക്കൊപ്പം വിവരങ്ങൾ നൽകാൻ അദ്ദേഹത്തിന് കഴിയുന്നു. അത് വായനക്കാരിൽ തീർച്ചയായും കൗതുകം ഉളവാക്കും. അധ്യാപികയായ പിള്ളേച്ചന്റെ ഭാര്യയുടെ അറിവും തന്റെ സന്ദര്ശനവിവരണത്തിനായി ഉപയോഗിക്കുന്നുണ്ട്. വെറും അറുപത്തിയൊന്നു പേജുകളിൽ തന്റെ യാത്രാനുഭവങ്ങൾ എഴുതിത്തീർക്കുക എന്നത് ഒരു വെല്ലുവിളി തന്നെയാണ്. അത് സമർത്ഥമായി നിർവഹിച്ചുവെന്നു പുസ്തകം വായിച്ച് തീരുമ്പോൾ നമുക്ക് ബോധ്യപ്പെടും.

ചരിത്രവും, സംസ്കാരവും, വാസ്തുശില്പങ്ങളും നിറഞ്ഞ മോസ്കോയിലെ വിക്ടറി പാർക്കിൽ നിന്നും ആരംഭിക്കുന്നു പത്ത് ദിവസം നീണ്ടു നിന്ന സന്ദർശനത്തിന്റെ വിവരണങ്ങൾ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. ചെന്നിറങ്ങിയത് താപനില മൈനസ് റേഞ്ചിൽ. എന്നാൽ ഈ തണുപ്പിനെ റഷ്യ തന്ത്രപരമായി ഉപയോഗിക്കുകയും നെപ്പോളിയനടക്കം വമ്പൻ സൈന്യങ്ങളെ പരാജയപ്പെടുത്തുകയും ചെയ്തതായി നമ്മൾ മനസ്സിലാക്കുന്നു. യുദ്ധവിജയങ്ങൾ ഉണ്ടാകുമ്പോൾ പണികഴിപ്പിച്ച സ്മാരകങ്ങളും അതിനോട് ബന്ധപ്പെട്ട ചരിത്രങ്ങളും ഹൃസ്വമായി വിവരിക്കുന്നുണ്ട്,
മോസ്കോയിലെ സബ്വേ സിസ്റ്റം ന്യുയോർക്കുമായി താരതമ്യം ചെയ്യുന്നുണ്ട്. അതിലൂടെ നമുക്ക് ആ പ്രദേശവുമായി പരിചയമുണ്ടാകാൻ സഹായകമാകുന്നു. റഷ്യയിലെ സബ്വേകൾ യുദ്ധകാലത്ത് ആളുകളെ പാർപ്പിക്കാൻ ഉപയോഗിച്ചിരുന്നത്രെ. ക്രെംലിനെ കുറിച്ച് വളരെ വിസ്തരിച്ചു പറയുന്നുണ്ട്. അതോടൊപ്പം വായനക്കാർക്ക് കൗതുകം ജനിപ്പിക്കുന്ന വാർത്തകളും. ഓരോ യുദ്ധം ജയിക്കുമ്പോഴും ഭരണാധികാരികൾ ദേവാലയങ്ങൾ പണികഴിപ്പിക്കുന്നു.
മോസ്കൊയിലെ റെഡ് സ്ക്വയറിലുള്ള ലെനിന്റെ ഭൗതികശരീരം എംബ്ലാം ചെയ്തു സൂക്ഷിച്ച മ്യുസോളിയത്തെപ്പറ്റി വിവരിച്ചിട്ടുണ്ട്. 97 വർഷങ്ങൾക്ക് ശേഷവും അദ്ദേഹം ഉറങ്ങുന്ന പോലെ തോന്നിപ്പിക്കുംവിധം ആ ശരീരം സൂക്ഷിച്ചിരിക്കുന്നുവെന്നു വായിക്കുമ്പോൾ കണ്മുന്നിൽ അത് കാണുന്ന പ്രതീതിയുണ്ടാക്കാൻ ഗ്രന്ധകാരന് കഴിയുന്നു. റെഡ് സ്ക്വയറിൽ സ്ഥിതി ചെയ്യുന്ന ക്രെംലിനിലെ ദേവാലയങ്ങളെക്കുറിച്ച് വിശദമായി വിവരണം നൽകുന്നുണ്ട്. അതേപോലെ മോസ്കോയിലുള്ള പ്രതിമകളുടെ പാർക്കിനെപ്പറ്റിയും വിവരിക്കുന്നുണ്ട്.
റഷ്യയിലെ ഏറ്റവും വലിയ നഗരവും സാംസ്കാരിക തലസ്ഥാനവുമായ സെന്റ് പീറ്റെഴ്ബർഗിലെ സന്ദർശനവും വിശേഷങ്ങളും ചുരുക്കമായി എന്നാൽ വിവരങ്ങൾ ചോരാതെ വർണ്ണിച്ചിട്ടുണ്ട്. ഉത്തര ധ്രുവത്തോട് ഏറ്റവും അടുത്ത മഹാനഗരമാണിതെന്നു നമ്മൾക്ക് മനസ്സിലാക്കാം. ദേവാലയങ്ങളെപ്പറ്റി വിവരിക്കുമ്പോൾ എട്ടു പതിറ്റാണ്ടോളം ആരാധനാ സ്വാതന്ത്ര്യം നിഷേധിച്ചിരുന്ന വസ്തുതയും ഗ്രന്ധകാരൻ വെളിപ്പെടുത്തുന്നു.എന്നാൽ വളരെ രഹസ്യമായി പഴയ തലമുറ അതനുഷ്ഠിച്ചിരുന്നു. ഇപ്പോൽ പുതിയ തലമുറ അതെലാം ആചരിച്ചുവരുന്നു,

സെന്റ് പീറ്റേഴ്ബർഗിന് വേണ്ട വെള്ളം നൽകുന്ന നിവ നദിയുടെ മനോഹാരിത വർണ്ണിക്കുമ്പോൾ നമ്മുടെ നിളയെ ഗ്രന്ഥാകാരൻ ഓർക്കുന്നുണ്ട്. നിവയെപ്പറ്റി അതിമനോഹരമായി കവിത എഴുതിയ അലക്സാണ്ടർ പുഷ്കിനെയും ഓർമ്മിക്കുന്നു, നിവയുടെ തീരത്തുള്ള പ്രതിമകളെക്കുറിച്ച് പ്രസ്താവമുണ്ട്, റഷ്യൻ സംസ്കാരത്തിന്റെ ഭാഗമായ പാനീയം വോഡ്കയെപ്പറ്റി പറയാൻ പിള്ളേച്ചൻ ഗ്രന്ധകാരനെ ഓർമ്മിപ്പിക്കുന്നത് രസകരമാണ്. അതേപോലെ വോഡ്ക ഉരുളക്കിഴങ്ങിൽ നിന്നാണ് ഉല്പാദിപ്പിക്കുന്നത് എന്നറിയുമ്പോൾ നമ്മുടെ കപ്പയിൽ നിന്നും ഇതുൽപാദിപ്പിക്കാൻ ആലോചിക്കാവുന്നതാണെന്നു പിള്ളേച്ചനോട് ഗ്രന്ധകാരൻ പറയുന്ന സന്ദർഭവും ചിന്തനീയവും രസകരവുമാണ്.
സെന്റ് പീറ്റേഴ്സ്ബർഗിൽ നിന്നും തുറമുഖനഗരമായ മർമാൻസ്കിലെ കാഴ്ചകൾ വിവരിക്കുന്നുണ്ട്. അതിൽ ഏറ്റവും അതുഭുതകരമായ നോർത്തേൺ ലൈറ്റ്സും, സതേൺ ലൈറ്റ്സ് ഗ്രന്ഥകാരനും സംഘവും കാണുന്നു. പിള്ളേച്ചന്റെ ഭാര്യ പറയുന്നപോലെ ഇത് ലോകാത്ഭുതങ്ങളിൽ പെടുന്നില്ലെങ്കലും അത്ഭുതം തന്നെയത്രേ. പണ്ടുകാലത്തെ ജനം ഈ വിളക്ക് ദേവി ദേവന്മാർ കത്തിക്കുന്നതാണെന്നു വിശ്വസിച്ചിരുന്നുവെന്നും പറയുന്നു.
ഓരോ അധ്യായങ്ങളും അതിന്റെ പേര് സൂചിപ്പിക്കുന്നപോലെ ഓരോ സ്ഥലങ്ങളും അവിടത്തെ വിശേഷങ്ങളുമാണ്. വളരെ ചിട്ടയോടും ക്രമമായും നടത്തിയ യാത്ര ഉത്തരദ്രുവത്തിനോട് അടുത്ത പ്രദേശങ്ങളിലെ കാഴ്ചകൾ കാണുന്നതോടെ സമാപിക്കുന്നു. വായനക്കാർക്ക് അറിവും അതെ സമയം വിനോദവും നൽകുന്ന വിവരങ്ങളാണ് ഇതിലുള്ളത്.
സഹൃദയരായ വായനക്കാർ ഈ പുസ്തകം സന്തോഷത്തെ കൈപ്പറ്റുമെന്ന് ആശംസിക്കുന്നു.
ശുഭം