
മരിക്കാൻ കിടക്കുക
യാണൊരു മഹാകവി
ഒരിക്കൽ പട വാളായ്
തൂലിക ചലിപ്പിച്ചോൻ
വഴിയേ പോയാൽപ്പോലും വേലിക്കൽ
മൈക്കണ്ണികൾ ഉഴിയാൻ നിറമാരിൽ
കർപ്പൂരം കത്തിച്ചത്രേ !
അവരെക്കാണും നേരം
വലിച്ച സിഗാറിന്റെ
കവറിൽ ഒന്നോ രണ്ടോ വരികൾ സമ്മാനിച്ചും
കവിളിൽ നുള്ളാൻ വേണ്ടി ശ്രുംഗരിച്ചടുത്തെത്തി
കവി തൻ ഗന്ധം ശ്വസി - ച്ചാശ്വസിച്ചവർ പോയി
അച്ചായൻ പത്രങ്ങളിൽ പടവും ചരിത്രവും
കൊച്ചിയിൽ രാജാവിന്റെ പടവാൾ പുരസ്ക്കാരം
ഒക്കെയുണ്ടായിട്ടെന്താ
വീട്ടിലെ പെണ്ണുമ്പിള്ള -
ക്കൊത്തിരി പരാതികൾ :
‘ കാശിനു കൊള്ളത്തില്ല ‘
ആങ്ങള പണ്ടത്തിന്മേൽ
പണയം വാരിക്കൂട്ടി
ആറിന്റെ തീരം വരെ
വസ്തുക്കൾ സമ്പാദിച്ചു.
നാത്തൂന്റെ ദേഹത്താകെ പൊന്നിന്റെ തുടലുകൾ
പോത്തുകൾ കണ്ടാൽ പോലും നോക്കിനിൽക്കുന്നുണ്ടത്രേ !.
ഇവിടെ കള്ളുംകുപ്പി കാലിയാകുന്നു പുക
ച്ചുരുളിൽ പാമ്പായിട്ട് കവിത പിറക്കുന്നു .
ഇനിയും ജന്മം തന്നാൽ
ചതി പറ്റില്ല കവി
മനസുള്ളവനുടെ
ഭാര്യയായ് നശിക്കില്ല.
കവിത പഴഞ്ചനായ്
എഴുതാൻ കവി വേണ്ട
ഏ ഐ ചാറ്റിൽ ക്ഷണം
കവിത റെഡിമണി.
കരളിൽ തുള വീണു
ചുമച്ചാൽ കട്ടച്ചോര
പുറത്തേക്കിറങ്ങാതെ
കവിയും കവിതയും.
മരിക്കാൻ കിടക്കുക
യാണൊരു മഹാകവി
ഒരിക്കൽ പട വാളായ്
തൂലിക ചലിപ്പിച്ചോൻ
ചാനലിൽ ചർച്ചക്കായി
വിഷയം വന്നു കവി
മരിച്ചാൽ സമുജ്ജ്വല
സ്മാരകം നിർമ്മിക്കേണം.
അതിനായ് സർക്കാരിന്റെ
കമ്മറ്റി വരും അതിൽ
തിരുകി കയറണം
പ്രതിമ സ്ഥാപിക്കേണം
പുറത്തെ മരക്കൊമ്പിൽ
കാക്കകൾ പൊതുയോഗം
കാഷ്ടിക്കാൻ നമ്മൾക്കൊരു
കവി തൻ തല വീണ്ടും!