
ജനിക്കുകയാണെങ്കിൽ ഇവരെ പോലെ ജനിക്കണം. അല്ലാതെ ഇത് വെറുതെ കഷ്ടപ്പെടാനുള്ള ജന്മം. രണ്ട് വയസ്സ് മുതൽ തുടങ്ങും കഷ്ടപ്പാടുകൾ. പഠിക്കാനുള്ള കഷ്ടപ്പാട്, അതുകഴിഞ്ഞു ജോലി, വിവാഹം, കുട്ടികൾ, കുട്ടികളുടെ പഠിത്തം, അവരുടെ വിവാഹം, പേരക്കുട്ടികൾ, പിന്നെ രോഗങ്ങളുടെ ആക്രമണം ... അങ്ങനെ തീരുന്ന മനുഷ്യജന്മം.
എന്നാൽ ഇവരുടെ കാര്യം അപ്രകാരമല്ല. ഒരു ടെൻഷനുമില്ല. മണിമാളികകളിൽ മക്കളെപോലെയും കുടിലുകളിൽ കൂട്ടുകാരെപോലെയും അവർ സദാസമയവും നമ്മോടൊപ്പം ഉണ്ടാകും. പോറ്റിവളർത്തിയ മക്കളെക്കാൾ ഏറെ സ്നേഹം കാട്ടുന്നവർ. ഉറ്റവർ കൈയൊഴിഞ്ഞാലും എപ്പോഴും കൂട്ടിനായ് കൂടെ ഉണ്ടാകുവോർ. ഒരു ചെറു തലോടലിനു ഒരു ജന്മം നീളുന്ന സ്നേഹം മനസ്സിൽ കരുതുന്നവർ. സ്നേഹിക്കാൻ മാത്രം അറിയാവുന്ന നിഷ്കളങ്കർ. വാർദ്ധക്യം എത്തുന്നതോടെ ഏറെ കദനഭാരത്തോടെ ഇവരെ "ദയാവധ"ത്തിലൂടെ മുക്തരാക്കുന്നു. ഇതാണ് ലോകമെമ്പാടുമുള്ള ഈ കൊച്ചു സ്നേഹിതരെപ്പറ്റി പറയാനുള്ളത്.
നമ്മുടെ ഭാരതത്തിലും സ്ഥിതി ഏതാണ്ട് ഇതുപോലെ തന്നെ ആണെന്നു തോന്നുന്നു. എന്നാലും കുറെ കാലങ്ങളായി സഹജീവികളോട് കുറച്ചു കൂടുതൽ സ്നേഹമുള്ള ഒരു കൂട്ടർ ആവിർഭക്കപ്പെട്ടിട്ടുണ്ട്. വളരെ നല്ല കാര്യം. സഹജീവികളോട് സ്നേഹം ഉണ്ടാവണം. എല്ലാ പക്ഷിമൃഗാദികൾക്കും വൃക്ഷലതാദികൾക്കും ഭൂമിയിൽ ജീവിക്കാൻ അവകാശം ഉണ്ട്. അത് മനസിലാക്കാതെ മനുഷ്യർ സ്വാർത്ഥരായി എല്ലാം നശിപ്പിക്കുന്നു. അതിന്റെ പരിണാമമായി പ്രകൃതി ക്ഷോഭത്തെ നേരിടുന്നു. ഒരു സമതുലിതാവസ്ഥ അത്യന്താപേക്ഷിതമാണ്.
സമതുലിതാവസ്ഥയാണ് ഇവിടുത്തെ പ്രശ്നം. നിത്യേന വാർത്തകളിൽ ഇടം നേടുന്ന വിഷയമാണ് തെരുവുനായ ശല്യം. സ്കൂൾ കുട്ടികളെ ഉപദ്രവിക്കുന്നു, കടിച്ചു കൊന്ന സംഭവങ്ങളും കേട്ടിട്ടുണ്ട്. കാൽ നടക്കാരെയും സൈക്കിൾ, മോട്ടോർ സൈക്കിൾ യാത്രക്കാരെയും കൂട്ടമായി ആക്രമിക്കുന്നു, അതെ തുടർന്നുള്ള അപകടങ്ങൾ. റോഡുകളിലും ഇടവഴിയിലും "ഗ്യാങ്സ്റ്റർസ്" നെ പോലെ കൂട്ടം കൂടി നിന്ന് വഴിപോക്കരെ ആക്രമിക്കുന്ന ഇവർ നാടിനും നാട്ടാർക്കും പേടിസ്വപ്നമാണ്. ഇവരുടെ അംഗസംഖ്യ ഉയർന്നുകൊണ്ടേയിരിക്കുന്നു. ഈ നായ് കൂട്ടവും മേൽപ്പറഞ്ഞ സ്നേഹിക്കാൻ മാത്രം അറിയാവുന്ന നായ്ക്കളും രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്നു.
തെരുവുനായ്ക്കളെ ഉപദ്രവിക്കുന്നത് സഹജീവിപ്രേമികൾക്കു സഹിക്കില്ല. നായ്ക്കൾ ഉപദ്രവിക്കുന്നത് സഹിച്ചോണം. എന്നാൽ അവയെ ഉപദ്രവിക്കാൻ ശ്രമിച്ചാൽ വിവരം അറിയും. അതിന്റെ കേസ് വിചാരണ ഡൽഹിയിലാണത്രെ. ഉയിരു പിഴക്കുവാൻ കഷ്ടപ്പെടുന്നവർ ഡൽഹി യാത്ര ചെയ്തു പണ്ടാരമടയും. വിചാരണ കഴിഞ്ഞു പിഴയും ജയിൽ വാസവും ബോണസായും കിട്ടും. മനുഷ്യരേക്കാൾ ഉപരിസ്ഥിതമായ നിലയിലാണ് നായ്ക്കൾ എന്ന കാര്യം മനുഷ്യർ വിസ്മരിക്കാതിരുന്നാൽ നന്ന്. അതുകൊണ്ട് പണ്ട് കല്ലെറിഞ്ഞു നായയെ ഓടിച്ച നൊസ്റ്റാൾജിയയിൽ അങ്ങനെ എങ്ങാനും ചെയ്യണമെന്ന് പൂതിയുണ്ടെങ്കിൽ ജാഗ്രതെ..
മനുഷ്യജീവികൾ (പരസ്പരവും അല്ലാതെയും) അനുദിനം ഏതെല്ലാം രീതിയിൽ ആക്രമിക്കപ്പെടുന്നു. അതെല്ലാം അറിയുന്നുണ്ടെങ്കിലും അതിനോടൊക്കെയുള്ള സമീപനം മൂകവും ബധിരവുമായ സഹജീവിപ്രേമികൾക്ക് നായ്ക്കളോടു മാത്രമുള്ള പ്രേത്യക താല്പര്യത്തിന്റെ പൊരുൾ മനസിലാക്കാൻ AI യോട് ചോദിക്കേണ്ടിവരും. AI ക്കും അതിനുള്ള ഉത്തരം ഉണ്ടാവുമോ ആവോ. വന്യമൃഗങ്ങളെപോലെ പെരുമാറുന്ന ഈ തെരുവുനായ്ക്കൾക്ക് സ്ഥാനം നാട്ടിലോ അതോ കാട്ടിലോ?
ഒരു സംശയമേയുള്ളു. ഈ സഹജീവിപ്രേമികൾ ചിക്കൻ കറിയും, മട്ടൻ ബിരിയാണിയും, ബീഫ് ഉലർത്തിയതും മറ്റും "മാക്ക് മാക്ക്" എന്ന് വെട്ടി വിഴുങ്ങുമ്പോൾ സഹജീവികളായ കോഴിയേയും ആടിനെയും കാളയെയും ഒക്കെ ഓർക്കുമായിരിക്കും അല്ലെ.. വെറുതെ ഒരു സംശയത്തിന്റെ പുറത്തു ചോദിച്ചുന്നെ ഉള്ളൂ ... ട്ടോ
-Prasad Nair