
ചങ്ങനാശ്ശേരി: അമേരിക്കന്‍ മലയാളികളെ ഒരു കുടക്കീഴില്‍ അണിനിരത്തുന്ന ഏറ്റവും വലിയ ഫെഡറേഷനായ ഫോമായുടെ 2026-'28 ഭരണ സമിതിയിലേയ്ക്ക് മല്‍സരിക്കുന്ന 'ടീം വോയ്സ് ഓഫ് ഫോമാ' ദീര്‍ഘവീക്ഷണത്തോടെയുള്ള കര്‍മപരിപാടികളോടെയാണ് ജനവിധി തേടുന്നതെന്ന് പാനല്‍ അംഗങ്ങള്‍ ചങ്ങനാശേരി പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. തങ്ങളുടെ കര്‍മഭൂമിയിലും ജന്‍മഭൂമിയിലും ആര്‍ജവത്തോടെ നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന കാര്യങ്ങള്‍ കേരളത്തിലെ ജനങ്ങളെ അറിയിക്കുന്നതിനുവേണ്ടിയാണ് വാര്‍ത്താ സമ്മേളനം നടത്തിയതെന്ന് മല്‍സരാര്‍ത്ഥികള്‍ അറിയിച്ചു. കാരണം ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ചാരിറ്റിക്ക് മുന്‍തൂക്കം കൊടുത്ത് നടന്ന ഫോമായുടെ കേരളാ കണ്‍വന്‍ഷന്‍-2026 കേരളത്തില്‍ വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

അമേരിക്കന്‍ മലയാളികളെ വിശ്വാസത്തിലെടുത്ത് ഫോമാ ശരിയായ ദിശയിലാണ് ഇപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതെന്നും തങ്ങള്‍ അധികാരത്തിലെത്തിയാല്‍ അമേരിക്കന്‍ മലയാളി സമൂഹത്തിലും നാട്ടിലും കൂടുതല്‍ ഊര്‍ജസ്വലമായി സ്വപ്ന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും ബിജു തോണിക്കടവിലിന്റെ നേതൃത്വത്തിലുള്ള 'ടീം വോയ്സ് ഓഫ് ഫോമാ' വ്യക്തമാക്കി. ഈ പാനലിന്റെ എക്സിക്യൂട്ടീവ് കമ്മറ്റി വിജയിച്ചാല്‍, നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികളുടെ രൂപരേഖ വാര്‍ത്താ സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ടു.
2022-24 കമ്മറ്റിയിലെ ട്രഷററായി മിന്നുന്ന പ്രകടനം കാഴ്ചവച്ച ബിജു തോണിക്കടവിലാണ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി എത്തുന്നത്. 2024-ല്‍ എണ്‍പതിനായിരത്തിലധികം ഡോളര്‍ മിച്ചമുണ്ടാക്കിയാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. 2026-28-ല്‍ സ്ത്രീകള്‍ക്കും യുവജനങ്ങള്‍ക്കും പ്രത്യേക പരിഗണന നല്‍കുന്ന ഒട്ടേറെ പരിപാടികള്‍ ആവിഷ്‌കരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. വിദ്യാത്ഥികള്‍, ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങി അമേരിക്കയില്‍ എത്തിപ്പെടാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്ക് എല്ലാവിധ സഹായങ്ങളും പുതിയ കമ്മറ്റി ഉറപ്പുനല്‍കുന്നു.
കമ്മിറ്റിയുടെ പ്രവര്‍ത്തന കാലാവധിയായ 2 വര്‍ഷം കൊണ്ട് കോടി ക്കണക്കിന് രൂപയുടെ ക്ഷേമ പദ്ധതികള്‍ കേരളത്തിലും വടക്കേ അമേരിക്കയിലുമായി നടപ്പാക്കും.വിവിധ മേഖലകളിലുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ, ഭാഷാ, വിദ്യാഭ്യാസ, സാംസ്‌കാരിക, തൊഴില്‍ രംഗങ്ങളില്‍ പുത്തന്‍ ആശയങ്ങളിലൂന്നിയ പ്രോജക്ടുകളായിരിക്കും നടപ്പാക്കുകയെന്ന് ടീം വോയ്സ് ഓഫ് ഫോമാ വ്യക്തമാക്കി.

വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്ന പോള്‍ പി ജോസ് (ജനറല്‍ സെക്രട്ടറി), പ്രദീപ് നായര്‍ (ട്രഷറര്‍), സാമുവല്‍ മത്തായി (വൈസ് പ്രസിഡന്റ്), മഞ്ജു പിള്ള (ജോയിന്റ് സെക്രട്ടറി) ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (ജോയിന്റ് ട്രഷറര്‍) എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. ഇക്കൊല്ലം ജുലൈയില്‍ നടക്കുന്ന ഇലക്ഷനിലേയ്ക്കുള്ള പ്രകടന പത്രികയും ഫോമാ അംഗങ്ങളുടെ അവകാശ സംരക്ഷണ പത്രവും ഉടന്‍ പുറത്തിറക്കുമെന്ന് ടീം വോയ്സ് ഓഫ് ഫോമാ പറഞ്ഞു.
കോട്ടയം, കൊച്ചി എന്നിവിടങ്ങളിലായി നടന്ന ഫോമാ കേരളാ കണ്‍വന്‍ഷന്‍-2026 ചാരിറ്റി, ജനപങ്കാളിത്തം എന്നിവയാല്‍ ചരിത്രമായെന്ന് നിലവിലെ ജോയിന്റ് സെക്രട്ടറി പോള്‍ പി ജോസ് പറഞ്ഞു. ചങ്ങനാശേരി കുറിച്ചിയിലെ മെഡിക്കല്‍ ക്യാമ്പ്, പിറവത്തെ അമ്മയോടൊപ്പം പരിപാടി, കോട്ടയം വിന്‍ഡ്സര്‍ കാസില്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്ഘാടന-സമാപന സമ്മേളനങ്ങള്‍, എറണാകുളത്തെ ബിസിനസ് മീറ്റ് തുടങ്ങിയവ ഫോമയുടെ നാടിനോടുള്ള സ്നേഹവും പ്രതിബദ്ധതയും തെളിയിക്കുന്നതായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.കണ്‍വന്‍ഷന്‍ അവിസ്മരണീയമാക്കിയതില്‍ 'ടീം വോയ്സ് ഓഫ് ഫോമാ' സന്തോഷവും കൃതജ്ഞതയും രേഖപ്പെടുത്തി.