
കൊച്ചി: കേരളത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷവും നിക്ഷേപ സാധ്യതകളും വിശദമായി അവതരിപ്പിച്ച് വ്യവസായ മന്ത്രി പി. രാജീവ്. ഫോമാ ബിസിനസ് മീറ്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രവാസികൾക്ക് ചാരിറ്റിയേക്കാൾ നാടിന് വേണ്ടി ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ നന്മ ഇൻവെസ്റ്റ്‌മെന്റിലൂടെയാണെന്നും, അതിലൂടെ അനേകം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

കേരളം ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിയത് വലിയ നേട്ടമാണെന്ന് മന്ത്രി വ്യക്തമാക്കി. തങ്ങൾ ഭരണം ഏറ്റെടുക്കുമ്പോൾ കേരളം 28-ാം സ്ഥാനത്തായിരുന്നു. 2026-ലെ റാങ്കിംഗിൽ ഒന്നാമതെത്തുമെന്ന വാഗ്ദാനം പ്രകടനപത്രികയിൽ ഉൾപ്പെടുത്തി ജനവിധി തേടിയ സർക്കാർ, 2023-ൽ തന്നെ ഒന്നാം സ്ഥാനത്തെത്തിയതായും അദ്ദേഹം പറഞ്ഞു. ഈ വർഷം ബിസിനസ് റിഫോംസ് ആക്ഷൻ പ്ലാൻ 97.3 ശതമാനം പൂർത്തിയാക്കിയതായും മന്ത്രി അറിയിച്ചു.
റാങ്കിംഗിന്റെ പ്രത്യേകതകൾ പൊതുസമൂഹത്തിന് പലപ്പോഴും വ്യക്തമായി അറിയിക്കപ്പെടാറില്ലെന്ന വിമർശനവും മന്ത്രി ഉന്നയിച്ചു. ഇൻവെസ്റ്റർമാരുടെ ഫീഡ്‌ബാക്ക് അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലുകളാണ് റാങ്കിംഗിന് പിന്നിലെന്നും, 90 ശതമാനം പരിഷ്കാരങ്ങൾ പൂർത്തിയാക്കിയാൽ ടോപ്പ് അച്ചീവർ സ്റ്റാറ്റസ് ലഭിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തിയ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വലിയ സാമ്പിൾ തെരഞ്ഞെടുത്ത്, ഇൻവെസ്റ്റർമാരെ നേരിട്ട് വിളിച്ചുചോദിച്ചാണ് റാങ്കിംഗ് നിർണയിക്കുന്നത്. 2021-ലെ ഇടതുപക്ഷ സർക്കാർ നടപ്പാക്കിയ പരിഷ്കാരങ്ങൾക്കൊപ്പം, നിക്ഷേപകരുടെ അഭിപ്രായങ്ങൾ വിലയിരുത്തിയും ആവശ്യമായ മാറ്റങ്ങൾ വരുത്തിയുമാണ് കേരളം മുന്നേറ്റം കൈവരിച്ചതെന്ന് മന്ത്രി പറഞ്ഞു. 28-ൽ നിന്ന് 15-ലേക്കും പിന്നീട് ഒന്നിലേക്കുമുള്ള കുതിപ്പ് വാർത്തയായില്ലെന്നും, റാങ്ക് താഴ്ന്നിരുന്നെങ്കിൽ അത് മാധ്യമങ്ങളടക്കം ആഘോഷമാക്കിയേനെ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംശയത്തിന്റെ കണ്ണട മാറ്റി വിശ്വാസത്തിന്റെ കണ്ണട വെച്ച് കേരളത്തെ കാണാൻ തുടങ്ങിയതിന്റെ ഫലമായാണ് ഈ മുന്നേറ്റം സാധ്യമായതെന്നും മന്ത്രി പറഞ്ഞു. ഒരുകാലത്ത് മുന്നിൽ നിന്നിരുന്ന ആന്ധ്രാപ്രദേശിനെ മറികടന്ന് കേരളം ഒന്നാമതെത്തിയതും ഈ മാറ്റത്തിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമിറ്റ് വഴി 88,000 കോടി രൂപയുടെ നിക്ഷേപ പ്രതിബദ്ധത നേടിയത് സ്വപ്നതുല്യമായ നേട്ടമാണെന്നും, മന്ത്രിയായതിന് ശേഷം ഇതിലേക്ക് എത്താൻ വലിയ പരിശ്രമം നടത്തിയതായും പി. രാജീവ് പറഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ ഉത്പാദന യൂണിറ്റുകൾ, ലോകോത്തര ഒലിവ് ഓയിൽ സിന്തറ്റിക് മാനുഫാക്ചറിംഗ് സ്ഥാപനങ്ങൾ തുടങ്ങി നിരവധി നേട്ടങ്ങൾ കേരളത്തിലുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 3,800 കോടി രൂപ ടേൺഓവർ ഉള്ള സ്ഥാപനങ്ങൾ വരെ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെന്നും, സ്പൈസസ് പ്രോസസ്സിംഗിന്റെ ലോക ഹബ്ബ് കേരളമാണെന്നും, ജർമ്മൻ, സ്വിസ് കമ്പനികൾ ഇവിടെ സജീവമാണെന്നും മന്ത്രി വ്യക്തമാക്കി.ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫൈവ് സ്റ്റാർ ഹോട്ടലുകളുള്ള സംസ്ഥാനവും, 22 സ്റ്റാർട്ടപ്പ് പ്രോപ്പർട്ടികൾ ഉള്ളതും കേരളമാണെന്ന് അദ്ദേഹം പറഞ്ഞു.

ഗുജറാത്തിൽ ഒരു സെമികണ്ടക്ടർ കമ്പനി ആരംഭിച്ചപ്പോൾ അത് ഒന്നാം പേജ് വാർത്തയായത് ഓർമിപ്പിച്ച മന്ത്രി, അതേ കമ്പനി 600 കോടി രൂപ നിക്ഷേപത്തോടെ പെരുമ്പാവൂരിൽ 30 ഏക്കറിൽ ഫ്ലെക്സിബിൾ പി.സി.ബി. മാനുഫാക്ചറിംഗ് യൂണിറ്റ് ആരംഭിക്കുമ്പോൾ അർഹിക്കുന്ന വാർത്താപ്രാധാന്യം ലഭിച്ചില്ലെന്ന് പറഞ്ഞു. ടി.സി.എസ്. പദ്ധതികളുടെ കല്ലിടൽ ആരംഭിച്ചതും, കാസർഗോഡിൽ ഒരു ദിവസം 13 കമ്പനികൾ ഉദ്ഘാടനം ചെയ്തതും, എട്ട് സ്ഥാപനങ്ങൾക്ക് കല്ലിട്ടതും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.
കേരള പര്യടന യാത്രയിൽ നാല് സ്വകാര്യ ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകൾ ഉദ്ഘാടനം ചെയ്തതായും, കേരളത്തിലെ ആദ്യ വനിതാ ഇൻഡസ്ട്രിയൽ പാർക്ക് സ്വകാര്യ ഉടമസ്ഥതയിൽ സ്ഥാപിച്ചതായും മന്ത്രി പറഞ്ഞു. അഞ്ച് മുതൽ പത്ത് ഏക്കർ വരെ സ്ട്രാറ്റജിക് സെൻറർ ഫാക്ടറികൾ ആരംഭിച്ചാൽ സർക്കാർ ഇൻഡസ്ട്രിയൽ പാർക്കിനുള്ളതുപോലെ തന്നെ സ്റ്റാറ്റസ് നൽകുമെന്നും, കല്ലിടുന്നതിന് മുൻപ് ഇൻഡസ്ട്രിയൽ ഏരിയ നോട്ടിഫിക്കേഷനും സിംഗിൾ വിൻഡോ ക്ലിയറൻസും കൈമാറുന്ന സംവിധാനമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. നിലവിൽ 40 മുതൽ 44 വരെ സ്വകാര്യ പാർക്കുകൾ പ്രവാസികളുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

കേരളത്തിൽ ഇന്ന് ഇൻഡസ്ട്രി തുടങ്ങാൻ വെറും ഒരു മിനിറ്റ് മതി; പ്രിൻസിപ്പൽ അപ്രൂവൽ നമ്പറും ടെമ്പററി ബിൽഡിംഗ് നമ്പറും ലഭിക്കും. മൂന്നര വർഷത്തിനുള്ളിൽ ലൈസൻസ് എടുത്താൽ മതിയെന്നും അദ്ദേഹം പറഞ്ഞു. ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന പുതിയ ക്യാമ്പയിനിലൂടെ പഞ്ചായത്തുതോറും തൊഴിൽമേളകൾ സംഘടിപ്പിച്ചു. 86,000 പുതിയ സംരംഭങ്ങളിൽ 42 ശതമാനം സ്ത്രീ സംരംഭകരുടേതാണ്. ഇന്ത്യയിൽ സ്ത്രീകളുടെ സംരംഭക പങ്കാളിത്തം ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളമെന്നത് കേന്ദ്ര സർക്കാരിന്റെ കണക്കുകൾ വ്യക്തമാക്കുന്നതായും മന്ത്രി പറഞ്ഞു.
ആരോഗ്യരംഗത്തും കേരളം മുന്നിലാണെന്ന് മന്ത്രി വ്യക്തമാക്കി. രോഗിക്ക് സ്വയം സ്പെഷ്യലിസ്റ്റിനെ തിരഞ്ഞെടുക്കുകയും അധികം കാത്തുനിൽക്കാതെ കാണാൻ കഴിയുന്നതുമായ അപൂർവമായ സൗകര്യം കേരളത്തിലുണ്ട്. എയിംസ് കഴിഞ്ഞാൽ ശ്വാസകോശം മാറ്റിവെക്കാൻ സൗകര്യമുള്ള ഏക മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രിയിൽ ആദ്യ സൗജന്യ ഹൃദയമാറ്റിവെക്കൽ, താലൂക്ക് ആശുപത്രികളിൽപോലും ഡയാലിസിസ് സൗകര്യം, സർക്കാർ ആശുപത്രികളിൽ ഏറ്റവും കൂടുതൽ വെൻറിലേറ്ററുകളുള്ള സംസ്ഥാനം എന്നിവ എല്ലാം കേരളത്തിന്റെ നേട്ടങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

മൈഗ്രേഷൻ കാലഘട്ടം പിന്നിട്ട് റിവേഴ്സ് മൈഗ്രേഷൻ ആരംഭിച്ചുവെന്ന് മന്ത്രി പറഞ്ഞു. 2025 ജനുവരി മുതൽ ജൂലൈ വരെ ലിങ്ക്ഡ്ഇൻ റിപ്പോർട്ടുകൾ പ്രകാരം, യു.എസ്.എ, യൂറോപ്പ്, ഗൾഫ് മേഖലകളിൽ നിന്നായി 40,000 പ്രൊഫഷണലുകൾ കേരളത്തിലേക്ക് തിരിച്ചെത്തി കൂടുതൽ മികച്ച തൊഴിലിൽ ഏർപ്പെടുന്നു എന്നാണ് വിലയിരുത്തൽ. ഇന്ത്യയിലെ ആദ്യ ഗ്രീൻ സ്റ്റീൽ കമ്പനി, ആദ്യ ഇൻഡിജീനസ് ഹാർഡ്‌വെയർ നിർമ്മാണ കമ്പനി, കൂടാതെ അദാനി പരാമർശിച്ച 300 കോടി രൂപ നേട്ടമുണ്ടാക്കുന്ന ജൻറോബോട്ടിക്സ് പോലുള്ള സ്റ്റാർട്ടപ്പുകൾ കേരളത്തിലുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രവാസികളുടെ ഒഴിഞ്ഞുകിടക്കുന്ന വീടുകളിൽ ചെറുസംരംഭങ്ങൾ ആരംഭിക്കാൻ സർക്കാർ സഹായം നൽകുമെന്നും മന്ത്രി അറിയിച്ചു. കേരളം ഇനി അഞ്ചാം ഗിയറിലേക്ക് മാറണോ, ന്യൂട്രലിലേക്കോ പോകണോ എന്നത് ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്ന സന്ദേശത്തോടെയാണ് ഇലക്ഷൻ അടുത്തുനിൽക്കുന്ന സമയത്ത് വ്യവസായ സൗഹൃദ കേരളത്തിന്റെ ഭാവിദിശയിലേക്കുള്ള മന്ത്രിയുടെ ആഹ്വാനം അവസാനിച്ചത്.