Image

ദാസേട്ടന് തുല്യം ദാസേട്ടന്‍ മാത്രം. നമ്മുടെ പ്രിയപ്പെട്ട ദാസേട്ടന് പിറന്നാള്‍ ആശംസകള്‍-(ജോജോ തോമസ്, പാലത്ര, ന്യൂയോര്‍ക്ക്)

ജോജോ തോമസ്, പാലത്ര, ന്യൂയോര്‍ക്ക് Published on 10 January, 2026
ദാസേട്ടന് തുല്യം ദാസേട്ടന്‍ മാത്രം. നമ്മുടെ പ്രിയപ്പെട്ട ദാസേട്ടന് പിറന്നാള്‍ ആശംസകള്‍-(ജോജോ തോമസ്, പാലത്ര, ന്യൂയോര്‍ക്ക്)

ന്യൂയോര്‍ക്ക്  : ജനുവരി10, 2026 -സംഗീത ആസ്വാദകരുടെ പ്രിയങ്കരനായ ഗാനഗന്ധര്‍വ്വന്‍ ദാസേട്ടന്റെ 86-ാം ജന്മദിനം.
നവംബര്‍ 14, 1961 ല്‍ കാല്‍പാടുകള്‍ എന്ന ചിത്രത്തില്‍ സംഗീത സംവിധായകന്‍ ശ്രീ. എം.ബി.ശ്രീനിവാസന്‍ ചിട്ടപ്പെടുത്തി ദാസേട്ടന്‍ പാടിയ


ജാതി ഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന
മാതൃകാ സ്ഥാനമാണിത്'....
1964- ല്‍ തമിഴ് ചിത്രമായ 'ബൊമ്മയ്' യില്‍ 
നീയും ബൊമ്മയ് ഞാനും ബൊമ്മയ്
നിനച്ചു പാത്താല്‍ എല്ലാം ബൊമ്മയ്...
ആ ശബ്ദ മധുരിമയുടെ ജൈത്രയാത്രയില്‍ 50,000 ലേറെ സിനിമാ ഗാനങ്ങള്‍, വ്യത്യസ്ത ഭാഷകളില്‍-മലയാളം, തമിഴ്, ഹിന്ദി, കന്നഡാ, തെലുങ്ക്, ബംഗാളി, ഗുജറാത്തി, ഒറിയാ, മറാത്തി, പഞ്ചാബി, സംസ്‌കൃതം, തുളു, മലായ്, റഷ്യന്‍, അറബിക്, ലാറ്റിന്‍, ഇംഗ്ലീഷ് തുടങ്ങി നിരവധി ഭാഷകളില്‍ ആലപിച്ച് മുദ്ര വച്ചത് സംഗീത ആസ്വാദകരുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.


ഇടയ കന്യകെ....
സ്വപ്‌നങ്ങളെ....
അമ്മായെന്‍ട്രഴൈക്കാത്....
മഞ്ഞക്കിളിയുടെ മൂളിപാട്ട്...
കണ്ണേ കലൈമാനേ....
താമസമെന്തേ വരുവാന്‍....
ആയിരം പാദസരങ്ങള്‍....
സാഗരമെശാന്തമാകനീ.....
പ്രണയസാരേവര തീരം....
സന്യാസിനി നിന്‍ പുണ്യാശ്രമത്തില്‍....
മഞ്ജു ഭാഷിണി....
നിന്‍ മണിയറയിലെ....
പ്രേമഭിക്ഷുകി....
ചന്ത്രകാന്തംകൊണ്ട് നാലുകെട്ട്.....
ദൈവം തന്ന വീട് വീഥിയെനിക്ക്....
അതിശയരാഗം ആനന്ദരാഗം....
തുടങ്ങി ആയിരക്കണക്കിനു വ്യത്യസ്ത ഭാഷയിലെ ഗാനങ്ങള്‍ സംഗീത പ്രേമികളുടെ ഹൃദയത്തെ തൊട്ടുണര്‍ത്തിയ അനശ്വര ഗാനഗന്ധര്‍വ്വനാണ് ദാസേട്ടന്‍.


ദാസേട്ടനെ തുലനം ചെയ്യാന്‍ ദാസേട്ടന്‍ മാത്രം. ദാസേട്ടന്‍ പാടിയിട്ടുള്ള എല്ലാ ഭാഷകളിലെ ഗാനങ്ങളിലും ആ ഭാഷയോട് നീതി പുലര്‍ത്തിക്കൊണ്ട് ഉച്ചാരണശുദ്ധിയോടെ, അര്‍ത്ഥ വ്യാപ്തി ഉള്‍ക്കൊണ്ടുകൊണ്ട് അതാതു ഭാഷയോട് താദാത്മ്യപ്പെട്ടുകൊണ്ട് പാടുവാനുള്ള അസാധാരണ സംഗീത വൈഭവം ദാസേട്ടന്റെ ദൈവീക വരദാനമാണ്.
ഒരു ദിവസം വിവിധ ഭാഷകളില്‍ 11 ഗാനങ്ങള്‍ ആലപിച്ചതിന്റെ റെക്കോര്‍ഡ് ദാസേട്ടന്റെ പേരില്‍ ഇന്നും നിലനില്‍ക്കുന്നു.


50,000 ലേറെ ഗാനങ്ങള്‍ ഔദ്യോഗീകമായി റെക്കോര്‍ഡ് ചെയ്യപ്പെട്ട ഗാനങ്ങള്‍ ആലപിച്ച ഏക ഗായകന്‍ ലോകത്തില്‍ ഇന്നും ദാസേട്ടന്‍ മാത്രം.
7-ദേശീയ അവാര്‍ഡുകള്‍
43-സംസ്ഥാന അവാര്‍ഡുകള്‍
1975 ല്‍ പത്മശ്രീ പുരസ്‌ക്കാരം
2002 ല്‍ പത്മഭൂഷണ്‍ പുരസ്‌ക്കാരം.
2017-ല്‍ പത്മവിഭൂഷണ്‍ പുരസ്‌ക്കാരം.
എന്നിവ നല്‍കി ഇന്ത്യ ഗവണ്‍മെന്റ് ദാസേട്ടനെ ആദരിച്ചു.
അഞ്ചു ദശാബ്ദ കാലത്തെ മനുഷ്യായുസ്സിനുള്ളില്‍ 50,000 ല്‍ അധികം ഗാനങ്ങള്‍ റെക്കോര്‍ഡു ചെയ്ത ഇന്ത്യയുടെ ആകാശ ഗായകന്‍ എന്ന ബഹുമതി 2011 ല്‍ CNN-IBN പുരസ്‌ക്കാരം ദാസേട്ടനു നല്‍കി ആദരിച്ചു.


എല്ലാ മതവിഭാഗത്തിലും ഏക ദൈവത്തെ മനസ്സില്‍ ഉണര്‍ത്തി ആലപിച്ച ഹൃദയസ്പര്‍ശിയായ ഗാനങ്ങള്‍.
പരിശുദ്ധാത്മാവേ നീയെഴുന്നള്ളി
വരണമേ എന്റെ ഹൃദയത്തില്‍...
റസൂലെ നിന്‍ കനിവാലെ
റസൂലെ നിന്‍ വരവാലെ....
ഹരിവരാസനം വിശ്വമോഹനം
ഹരിദധീശ്വരം ആരാധ്യപാദുകം....
അഹിംസാ എന്ന ഇംഗ്ലീഷ് ആല്‍ബത്തിലെ ഗീതാജ്ഞലി എന്ന് തുടങ്ങുന്ന ഗാനം...
തുടങ്ങി എണ്ണമറ്റ ഗാനങ്ങള്‍, ഒരിക്കല്‍ കേട്ടാല്‍ വീണ്ടും കേള്‍ക്കാന്‍ മനസ്സുവെമ്പുന്ന, മനസ്സിനെ തലോടുന്ന ആലാപനശൈലി ദാസേട്ടനു മാത്രം കഴിയുന്ന ദൈവീക സിദ്ധിയാണ്.


അമേരിക്കയില്‍ വളരുന്ന ഇന്ത്യന്‍ വംശജരിലെ കുട്ടികളിലെ സംഗീതവും നൃത്തവും പ്രോത്സാഹിപ്പിക്കുവാന്‍ 1994ല്‍ ആരംഭിച്ച സരസ്വതി അവാര്‍ഡ്‌സിന്റെ ആഭിമുഖ്യത്തില്‍ 2003 ല്‍ ദാസേട്ടന്റെ സംഗീത കച്ചേരിയും, 2008ല്‍ ദാസേട്ടന്റെ ഗാനമേളയും അമേരിക്കയിലെ ഇന്ത്യാക്കാര്‍ക്കുവേണ്ടി ന്യൂയോര്‍ക്കില്‍ നടത്തുവാന്‍ കഴിഞ്ഞതിലുള്ള സംതൃപ്തി ഈ അവസരത്തില്‍ ഞാന്‍ സ്‌നേഹപൂര്‍വ്വം അനുസ്മരിക്കുന്നു.

ദാസേട്ടന്‍ പാടി മുദ്ര വച്ചിട്ടുള്ള എല്ലാ ഭാഷകളിലെ എല്ലാ ഗാനങ്ങളും ലോകം ഉള്ള കാലത്തോളം ആസ്വദിക്കപ്പെടുമെന്നുള്ളത് സംഗീത ആസ്വാദകരും, സംഗീതഗുരുക്കളും ഏകസ്വരത്തില്‍ അംഗീകരിക്കുന്ന സത്യം മാത്രമാണ്.

ദാസേട്ടന്റെ പ്രിയപത്‌നി പ്രഭ ചേച്ചിയുടെ പ്രഭാവലയത്തിലും, ലോകമെങ്ങുമുള്ള സംഗീത പ്രേമികളുടെ സ്‌നേഹാദരവിലും, പ്രാര്‍ത്ഥനയിലും വിളങ്ങിനില്‍ക്കുന്ന നമ്മുടെ പ്രിയപ്പെട്ട ദാസേട്ടന് ആയുസ്സും, ആരോഗ്യവും ജഗദീശ്വരന്‍ നല്‍കി അനുഗ്രഹിക്കട്ടെ.

ദാസേട്ടന് പിറന്നാള്‍ മംഗളങ്ങള്‍ സ്‌നേഹപൂര്‍വ്വം നേരുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക