Image

ദൈവാസുരസമ്പദ് വിഭാഗയോഗം (ശ്രീമദ് ഭഗവദ് ഗീത അധ്യായം 16: സുധീർ പണിക്കവീട്ടിൽ)

Published on 09 January, 2026
ദൈവാസുരസമ്പദ് വിഭാഗയോഗം (ശ്രീമദ് ഭഗവദ് ഗീത അധ്യായം 16: സുധീർ പണിക്കവീട്ടിൽ)

ഈ അധ്യായത്തിൽ രണ്ടുതരം ആളുകളെപ്പറ്റി ഭഗവാൻ പറയുന്നു. ദൈവീകസ്വഭാവമുള്ളവരും ആസുരികസ്വഭാവമുള്ളവരും. അവരുടെ ലക്ഷണങ്ങളും ഭഗവാൻ പറയുന്നുണ്ട്.  ഇവരുടെ സ്വഭാവവിശേഷമനുസരിച്ച് ഇവരിൽ ഒരു കൂട്ടർ മോക്ഷം പ്രാപിക്കുമ്പോൾ മറ്റു കൂട്ടർ ഭൗതിക ബന്ധനങ്ങളിൽ കുടുങ്ങുന്നു. അതുകൊണ്ടു ഭഗവൻ ഉപദേശിക്കുന്നു അസുരഗുണങ്ങളെ ഉപേക്ഷിച്ച് നന്മയുള്ളവരായി ഭഗവാനിൽ ശരണം പ്രാപിച്ച്  ജീവിക്കുക. ഭഗവാനിൽ ശരണം പ്രാപിക്കുക  പറയുമ്പോൾ ആത്മീയമായി നമ്മൾ ഉയരുക എന്നർത്ഥം. ആസുരിക ഗുണങ്ങൾ: അഹങ്കാരം, അസൂയ, ക്രോധം, കാമം, മോഹം എന്നിവയാണ് ആസുരിക ഗുണങ്ങൾ. ഇവയുള്ളവർ നരകത്തിലേക്ക് പോകുന്നു.ദൈവിക ഗുണങ്ങൾ:  സത്യം, ദയ, ക്ഷമ, അഹിംസ, ത്യാഗം, ശാന്തത, ആത്മനിയന്ത്രണം, സംശുദ്ധി എന്നിവ ഈ ഗുണങ്ങളിൽപ്പെടുന്നു.
ഇനി വിശദമായി -
ദൈവീസമ്പത്തോടെ ജനിച്ചവനുണ്ടായിരിക്കുന്ന ഗുണങ്ങളെപ്പറ്റി ഭഗവാൻ അർജുനനെ അറിയിക്കുന്നു. ഗുണങ്ങൾ ഇപ്രകാരമാണ്. നിർഭയത്വം ഹൃദയശുദ്ധി ജ്ഞാനയോഗങ്ങളിലുള്ള ദൃഢചിത്തത, ദാനധർമ്മം, ജിതേന്ദ്രിയത്വം, തപസ്സ്, നിരുപദ്രവത്വം, ശാസ്ത്രപഠനം, സത്യസന്ധത, കർത്തൃത്വഭാവമില്ലായ്മ കോപമില്ലായ്മ സമാധാനം വക്രതയില്ലായ്മ, സഹജീവികളോട് ദയ, പരദൂഷണം ചെയ്യായ്ക, ആസക്തിയില്ലാതിരിക്കൽ, മര്യാദ,  അടക്കം,ചാപല്യമില്ലായ്മ ശക്തി, ക്ഷമ, സഹിഷ്ണുത, പവിത്രത തേജസ്സ്, ത്യാഗമനോഭാവം, ലജ്ജ, മനസ്സലിവ് അസുരസമ്പത്തോടെ ജനിച്ചവർക്ക് കപടനാട്യം, ധാർഷ്ട്യം, അഹങ്കാരം, ക്രോധം, കർക്കശത, വാക്കിലും പ്രവർത്തിയിലും ക്രൂരത, മൂഢത, ധനം-വിദ്യ ഇത്യാദികൾ ഉണ്ടാക്കുന്ന മദം , ദുരഭിമാനം, എന്നിവയാകുന്നു.
ദംഭോ ദര്പോഽഭിമാനശ്ച
ക്രോധഃപാരുഷ്യമേവച 
അജ്ഞാനം ചാഭിജാതസ്യ
പാർത്ഥ ! സമ്പദമാസുരീം 
ദൈവഗുണപ്രകൃതി മോക്ഷത്തിനും അസുരഗുണപ്രകൃതി ബന്ധനത്തിനും കാരണമാണെന്ന് മനസിലാക്കുക. ഓ പാണ്ഡവ, നീ ദൈവഗുണപ്രകൃതിയിൽ ജനിച്ചവനാണു. അതിനാൽ നീ ദുഖിക്കേണ്ട. രണ്ടുതരത്തിലുള്ള ആളുകളാണീ ലോകത്തിലുള്ളത് ഒന്ന് ദൈവീസമ്പത്തുള്ളവരും മറ്റേത് അസുരസമ്പത്തുള്ളവരും. ദൈവിക ഗുണമുള്ളവരെക്കുറിച്ച്  വിശദമായി പ്രതിപാദിച്ചു കഴിഞ്ഞു. ഇനി അസുരഗുണമുള്ളവരെപ്പറ്റി ഓ പാർത്ഥ, കേൾക്കുക. 
പ്രവർത്തിം ച നിവൃത്തിം ച 
ജനാ:ന വിദുരാസുരാ :
ന ശനചം നാപി ചാപാരോ 
ന സത്യം തേഷു വിദ്യതേ (16:7)
എന്താണ് ചെയ്യേണ്ടത്. എന്താണ് ചെയ്യരുതാത്തത് എന്ന് അസുരഗുണമുള്ളവർ  അറിയുന്നില്ല.നല്ല ആചാരങ്ങൾ, ശുചിത്വം സത്യം എന്നിവ അവരിൽ കാണുന്നില്ല. അസുരഗുണക്കാർ പറയുന്നത് ഈ ലോകം സത്യമില്ലാത്തതും ധർമ്മമില്ലാത്തതും ദൈവമില്ലാത്തതും ക്രമമായ രീതിയിൽ ഉണ്ടാക്കപ്പെടാതെ കാമത്തിൽ നിന്നുത്ഭവിച്ചതാണെന്നു. 
കാമമാശ്രിത്യ ദുഷ്പൂരം
ദംഭമാനമദാന്വിതാഃ 
മോഹാദ്ഗൃഹീത്വാസദ്ഗ്രാഹാൻ 
പ്രവർത്തന്തേ ഽശുചിവ്രത! (16:10)
ഈ ചിന്തയെ ആധാരമാക്കി  അൽപ്പ ബുദ്ധികളും, ക്രൂര പ്രവർത്തിക്കാരും  ആത്മനാശം ഭവിച്ചവരുമായ ഇവർ ലോകത്തിന്റെ ശത്രുക്കളായി അതിന്റെ നാശത്തിനായി ഭവിക്കുന്നു. ഒരിക്കലും പൂർണ്ണമാകാത്ത കാമവും, കപട നാട്യങ്ങളും അഹങ്കാരവും ധാർഷ്ട്യവും വ്യാമോഹത്താലുള്ള ദുഷ്കർമ്മ വാസനയുമുള്ളവരായി മലിന പ്രവർത്തികളിൽപ്പെട്ടു അവർ  പ്രയത്നിക്കുന്നു.
ഇവർ  കാമസംതൃപ്തി ഏറ്റവും പ്രധാനമായ ഉദ്ദേശ്യമായും, മരണം വരെ തീരാത്ത ചിന്തകൾക്കടിമകളായും, കാമം  മാത്രമാ ണ് എല്ലാമെന്നു കരുതിയും പരശതം ആശാപാശബന്ധങ്ങളിൽ കുടുങ്ങിയും, കാമവും, ക്രോധവുമുള്ളവരായി ഏതു അനീതിയിലൂടെയും അളവറ്റ ധനമുണ്ടാക്കണമെന്നു കരുതി ഇന്ദ്രിയസംതൃപ്തിക്കായി ആഗ്രഹിക്കുന്നു . ഇന്ന് ഞാൻ ഇത് നേടി ഈ ആഗ്രഹം ഞാൻ സാധിക്കും ഇത് എന്റേതാണ്. ഈ ധനവും നാളെ എന്റേതാകും. ആ ശത്രു എന്നാൽ കൊല്ലപ്പെട്ടു. മറ്റുള്ളവരെയും ഞാൻ നശിപ്പിക്കും. ഞാനാണ് പ്രഭു, ഇതെല്ലാം ഞാനനുഭവിക്കുന്നു. ഞാൻ പൂർണ്ണനാണ്. ശക്തിശാലിയാണ്. സന്തോഷവാനാണ്. ഞാൻ ധനികനും, കുലീനനുമാണ്. ആരാണ് എനിക്ക് തുല്യം. ഞാൻ ദാനം ചെയ്യും. ഞാൻ സന്തോഷിക്കും. അങ്ങനെയാണവർ അസുരഗുണമുള്ളവർ. മൂഢതയാൽ മോഹിതരായവർ. അനേകം വ്യാമോഹങ്ങളാൽ അന്ധാളിക്കപ്പെട്ടു മോഹവലയിൽ കുടുങ്ങി, കാമസംതൃപ്തിക്ക് വശംവദരായി അവർ നികൃഷ്ടമായ നരകത്തിൽ പതിക്കുന്നു. പൊങ്ങച്ചം, ദുർവ്വാസി, അഹങ്കാരം, ധനത്തിന്റെ മദം എന്നീ ദുർഗുണങ്ങളും വിധിപ്രകാരമല്ലാതെ ആഡംബരത്തിനുവേണ്ടി പേരിനു മാത്രമായ ചടങ്ങുകളാൽ യജ്‌ഞം ചെയ്യുന്നവരുമാണീ അസുരഗുണക്കാർ. അഹങ്കാരം, അധികാരം, ഗർവ്, കാമം ക്രോധം എന്നീ ദോഷങ്ങളുള്ള ഈ ദുഷ്ടജനങ്ങൾ സ്വന്തം ശരീരത്തിലും അന്യശരീരത്തിലും സ്ഥിതിചെയ്യുന്ന എന്നെ (പരമാത്മാവിനെ) ദ്വേഷിക്കുന്നു. ക്രൂരന്മാരും, ദ്വേഷിക്കുന്നവരും, ലോകത്തിലെ ജനങ്ങളിൽ ഏറ്റവും നീചരും പാപപ്രവർത്തിക്കാരുമായ ഇവരെ ഞാൻ നിരന്തരം അസുരയോനികളിലേക്ക് തള്ളി വിടുന്നു. അസുരയോനികളിൽ പ്രവേശിച്ച് വ്യാമോഹിതരായി എന്നെ പ്രാപിക്കാനാവാതെ ജന്മ ജന്മാന്തരങ്ങളിലൂടെ ഓ കൗന്തേയ അവർ നികൃഷ്ടമായ നിലയിലേക്കു വീണുകൊണ്ടിരിക്കുന്ന നരകത്തിലേക്കുള്ള മൂന്നു വാതിലുകൾ - കാമം, ക്രോധം, ലോഭം എന്നിവയാണ്.
ഇവ സ്വയം നാശം വരുത്തുന്നവയാണ്. ഈ മൂന്നും ഒരാൾ ഉപേക്ഷിക്കണം. (കാമം എന്ന വാക്ക് ലൈംഗികാസക്തി എന്ന് മാത്രം കരുതേണ്ടതില്ല."ആഗ്രഹം /ഇച്ഛ എന്നാണു മനസ്സിലാക്കേണ്ടത്. ഒരു പക്ഷെ വാക്കുകളുടെ അർഥം മാത്രം എടുത്ത് കടുക്കയും തിന്നു സ്ത്രീയെ എല്ലാറ്റിന്റെയും നാശകാരണമാക്കിയ മൂഢന്മാരായിരിക്കും സന്യാസം എന്ന പദവിയെ അധഃപതിപ്പിച്ചത്. ആരോഗ്യമുള്ള പുരുഷനും സ്ത്രീയും ഇത് വായിച്ച് ഞങ്ങളെങ്ങനെ കാമം ഉപേക്ഷിക്കുമെന്നു ചോദിക്കുന്നതും പറഞ്ഞവൻ ഉദ്ദേശിച്ച അർഥം വാക്കുകൾക്ക് പകരാൻ കഴിയാത്തതുകൊണ്ടാണ്. ബാല്യം, കൗമാരം, യൗവ്വനം, വാർദ്ധക്യം എന്നീ നാല് അവസ്ഥ മനുഷ്യനുണ്ടല്ലോ? അതിൽ യൗവന കാലത്തെ വിശിഷ്ട വസ്തു കാമം തന്നെയല്ലേ? എന്നാൽ അത് മാത്രമാണ് എല്ലാമെന്നു ധരിക്കുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. അധികമായാൽ അമൃതം വിഷമാകുന്നു. വ്യാഖാനങ്ങളുടെ പാപ്പരത്തം കൊണ്ടാണ് പല തത്വങ്ങളും അപഹസിക്കപ്പെട്ടുപോയത്)
ഈ മൂന്ന് വാതിലുകളിൽ നിന്ന് മോക്ഷം പ്രാപിച്ച മനുഷ്യൻ ഓ കൗന്തേയാ അവന്റെ ശ്രേയസ്സിനായി  കർമ്മങ്ങൾ ചെയ്യുന്നു. അങ്ങനെ പരമഗതിയെ പ്രാപിക്കുന്നു. 
യഃ ശാസ്ത്രവിധിമുത്സൃജ്യ
വർത്തത്രേ  കാമകാരതഃ 
ന സ സിദ്ധിമവാപ്നോതി 
ന സുഖം ന പരാം ഗതീം (16:23)
സ്വന്തം ആഗ്രഹങ്ങൾക്ക് വഴങ്ങി ശാസ്ത്രവിധികളെ മാനിക്കാതെ പ്രവർത്തിക്കുന്നവൻ വിജയമോ, സന്തോഷമോ, പരമഗതിയോ പ്രാപിക്കുന്നില്ല. എന്ത് ചെയ്യണം, എന്ത് ചെയ്യരുതെന്ന് തീരുമാനിക്കാൻ ശാസ്ത്രവിധികൾ പ്രമാണമാകട്ടെ. ശാസ്ത്രവിധികളുടെ കൽപ്പനകൾ അറിഞ്ഞു നീ ഈ ലോകത്തിൽ കർമ്മങ്ങൾ ചെയ്യുക.
തസ്മാച്ഛാസ്ത്രം പ്രമാണം തേ 
കാര്യാകാര്യവ്യവസ്ഥിതൌ 
ജ്ഞാത്വാ ശാസ്ത്രവിധാനോക്തം 
കര്മ കര്തുമിഹാർഹസി (16:24)

അധ്യായം 16 സമാപ്തം 
അടുത്തത് ശ്രദ്ധാത്രയവിഭാഗയോഗം

Read More: https://www.emalayalee.com/writer/11


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക