Image

ഫോമാ കേരള കണ്‍വന്‍ഷന്‍ പ്രസ് മീറ്റില്‍ ട്രംപും ഇരട്ട പൗരത്വവും വോട്ടവകാശവും ചോദ്യമായി

എ.എസ് ശ്രീകുമാര്‍ Published on 08 January, 2026
 ഫോമാ കേരള കണ്‍വന്‍ഷന്‍ പ്രസ് മീറ്റില്‍ ട്രംപും ഇരട്ട പൗരത്വവും വോട്ടവകാശവും ചോദ്യമായി

കോട്ടയം: അക്ഷര നഗരിയിലെ വിന്‍ഡ്സര്‍ കാസില്‍ ഹോട്ടലില്‍ നാളെ (ജനുവരി 9) ചാരിറ്റിക്ക് മുഖ്യ പരിഗണന നല്‍കി നടക്കുന്ന ഫോമാ കേരള കണ്‍വന്‍ഷനില്‍ രാഷ്ട്രീയ-സാംമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സാന്നിധ്യമറിയിക്കുമെന്ന് കോട്ടയം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ വ്യക്തമാക്കി. കണ്‍വന്‍ഷനെക്കുറിച്ചും ഫോമായുടെ പ്രവര്‍ത്തന ചരിത്രത്തെക്കുറിച്ചും വിശദീകരിക്കപ്പെട്ട പ്രസ് മീറ്റില്‍, ട്രംപിന്റെ കുടിയേറ്റ നയങ്ങള്‍ ഉള്‍പ്പെടെയുള്ള ചോദ്യങ്ങള്‍ക്ക് ഫോമാ ട്രഷറര്‍ സിജില്‍ പാലയ്ക്കലോടി കേരള കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ പീറ്റര്‍ കുളങ്ങര എന്നിവര്‍ മറുപടി നല്‍കി.

രാവിലെ 10 മണിക്ക് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനാണ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നതും ജീവകാരുണ്യ പദ്ധതിയനുസരിച്ചുള്ള സഹായങ്ങള്‍ വിതരണം ചെയ്യുന്നതും. നിര്‍ധനര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഇലക്ട്രിക് വീല്‍ചെയറുകല്‍, ലാപ്ടോപ്പുകള്‍, മുച്ചക്ര സ്‌കൂട്ടറുകള്‍, തയ്യല്‍ മെഷീനുകള്‍ എന്നിവ വിതരണം ചെയ്യും. എം.പിമാരും എം.എല്‍.എമാരും സംബന്ധിക്കും. 50 നേഴ്സിങ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും ഹൗസിങ് പ്രോജക്ടിന്റെ ഭാഗമായി താക്കോല്‍ ദാനവും നിര്‍വഹിക്കപ്പെടും. ഉച്ച കഴിഞ്ഞ് അമേരിക്കയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന നേഴ്സ് ബിരുദ ധാരികള്‍ക്കും സ്റ്റുഡന്റ് വിസ തേടുന്നവര്‍ക്കുമുള്ള കരിയര്‍ ഗൈഡന്‍സ് സെമിനാര്‍, യു.കെ നേഴ്സിങ് ഇമിഗ്രേഷന്‍ സെമിനാര്‍ തുടങ്ങിയവയും കണ്‍വന്‍ഷനോടനുബന്ധിച്ച് നടത്തപ്പെടും.

വൈകുന്നേരം 4.30-ന് ചെണ്ടമേളം, മാര്‍ഗം കളി എന്നിവയുടെ അകമ്പടിയോടെയുള്ള ഘോഷയാത്രയാണ്. തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ സാന്നിധ്യം പ്രീക്ഷിക്കുന്നതായി ബേബി മണക്കുന്നേല്‍ വ്യക്തമാക്കി.   മലയാളത്തിന്റെ സാംസ്‌കാരിക മുഖമായ ശ്രീകുമാരന്‍ തമ്പി കീനോട്ട് സ്പീക്കറായ സമ്മേളനത്തില്‍ മന്ത്രിമാരായ വി.എന്‍ വാസവന്‍, സജി ചെറിയാന്‍ എന്നിവര്‍ക്കൊപ്പം എം.പിമാരും എം.എല്‍മാരും പങ്കെടുക്കും. ഫാഷന്‍ ഷോയും സംഗീത-വിനോദ പരിപാടിയും അരങ്ങേറും. ഫോമായുടെ പത്താമത്തെ പ്രസിഡന്റാണ് താനെന്നും ആറ് മുന്‍ പ്രസിഡന്റുമാര്‍ കേരളാ കണ്‍വന്‍ഷനില്‍ സംബന്ധിക്കുമെന്നും ബേബി മണക്കുന്നേല്‍ അറിയിച്ചു.

വാര്‍ത്താസമ്മേളനത്തിനിടെ പ്രസിഡന്റ് ട്രംപിന്റെ കുടിയേറ്റ നിയമങ്ങള്‍ മലയാളികളെ എങ്ങനെ ബാധിക്കമെന്ന ചോദ്യത്തിന് നിയമാനുസൃതം ജീവിക്കുന്നവര്‍ക്ക് യാതൊരു പ്രശ്നവും ഇല്ലെന്നായിരുന്നു ബേബി മണക്കുന്നേലിന്റെ മറുപടി. യാതൊരു രേഖകളുമില്ലാതെ അമേരിക്കയില്‍ താമസിക്കുന്നവര്‍ക്കാണ് പ്രശ്നം. അമേരിക്കന്‍ പൗരന്‍മാര്‍ക്കും ഇവിടെ താമസിക്കുന്ന മറ്റുള്ളവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യം ഉണ്ടായാല്‍ പ്രസിഡന്റ് എന്ന നിലയില്‍ അവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നിറവേറ്റുക മാത്രമാണ് ട്രംപ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അമേരിക്കയില്‍ ജീവിക്കുന്ന മലയാളികളുടെ, നാട്ടിലെ മാതാപിതാക്കളുടെ ഒറ്റപ്പെട്ട ജീവിതാവസ്ഥ എപ്രകാരം പരിഹരിക്കാമെന്നും ചോദ്യമുയര്‍ന്നു. മുന്‍ കാലങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ പ്രായമായ മാതാപിതാക്കളെ അമേരിക്കയില്‍ കൊണ്ടുവന്ന് മക്കളോടും ബന്ധുക്കളോടുമൊപ്പം താമസിപ്പിക്കാന്‍ വലിയ തടസ്സമില്ലെന്നും 90 ശതമാനം മലയാളികളും അപ്രകാരമാണ് ചെയ്യുന്നതെന്നും ബേബി മണക്കുന്നേല്‍ പറഞ്ഞു. അല്ലാത്തവര്‍ക്ക് നാട്ടില്‍ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ ഒരുക്കുന്നുമുണ്ട്.

തങ്ങള്‍ പ്രവാസി മലയാളികള്‍ അല്ലെന്നും അമേരിക്കന്‍ സിറ്റിസണ്‍സ് ആണെന്നും അതിനാല്‍ നാട്ടില്‍ വോട്ടു ചെയ്യുന്ന പ്രശ്നം ഉദിക്കുന്നില്ലെന്നും ഫോമാ ട്രഷറര്‍ സിജില്‍ പാലക്കലോടി പറഞ്ഞു. തങ്ങള്‍ക്കുള്ള ഒ.സി.ഐ കാര്‍ഡ് ഉപയോഗിച്ച് പരിമിതമായ കാര്യങ്ങള്‍ മാത്രമേ നിര്‍വഹിക്കാന്‍ സാധിക്കുകയുള്ളു. ഇരട്ട പൗരത്വത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാരില്‍ സംഘടനാ തലത്തിലും മറ്റും നിരവധി തവണ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെങ്കിലും അതൊന്നും പരിഗണിക്കപ്പെടുന്നില്ലെന്ന് സിജില്‍ പാലക്കലോടി പറഞ്ഞു.

കേരള കണ്‍വന്‍ഷനോടനുബന്ധിച്ച് അമേരിക്കയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന നേഴ്സിങ്ങ് വിദ്യാര്‍ത്ഥികള്‍ക്കും സ്റ്റുഡന്റ് വിസയില്‍ യു.എസില്‍ എത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും വേണ്ടി ഏറെ പ്രയോജനമുള്ള സെമിനാറുകള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നും ഇത് സംബന്ധിച്ച ഫോളോ അപ്പുകള്‍ക്ക് ഫോമാ എല്ലാവിധ പിന്തുണയും നല്‍കുമെന്നും കേരള കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ പീറ്റര്‍ കുളങ്ങര പറഞ്ഞു.
 

Join WhatsApp News
അമേരിക്കൻ അച്ചായൻ 2026-01-08 16:31:27
മൊയ്തീനെ ആ പത്തിന്റെ സ്പാനറൊന്നു എടുത്തേ ദേ ഇപ്പൊ ശരിയാക്കി തരാം. ഫോമയിലുള്ളവർക്കെല്ലാം പ്രസിഡണ്ട് ട്രംപ് ഇരട്ട പൗരത്വം അനുവദിച്ചുകൊണ്ട് എക്സിക്യൂട്ടീവ് ഓർഡറിൽ നാളെ ഒപ്പുവെക്കും. ഫോമാ കീ ജയ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക