Image

അമ്മച്ചിയും, ഒരപ്പച്ചനും, പിന്നെ ഞാനും! ( നർമ്മം: ഷാജുമോൻ ജോസഫ് മാറാടി )

Published on 07 January, 2026
അമ്മച്ചിയും, ഒരപ്പച്ചനും, പിന്നെ ഞാനും!  ( നർമ്മം: ഷാജുമോൻ ജോസഫ് മാറാടി )

ഒരപകടത്തിൽ പെട്ട് ഈയുള്ളവന്റെ പെടലിയും പിന്നെ നടുവും താറുമാറായി. സായിപ്പിന്റെ തെറാപ്പിയും തിരുമുമൊക്കെ മുറപോലെ നടത്തിയിട്ടും ഒരു പൊറുതിയും കിട്ടാതെ വന്നപ്പോൾ നാട്ടിൽ പോയി ‘ ഒരുഴിച്ചിലും പിഴിച്ചിലുമൊക്കെ’ നടത്തിയാൽ എല്ലാം ശരിയാകുമെന്ന് അനുഭവസ്ഥരടങ്ങിയ പൊതു ജനത്തിന്റെ നിരന്തരമായ അഭിപ്രായം വന്നപ്പോൾ ഒന്ന് നാട്ടിൽ പോയി തിരുമ്മിച്ചാലെന്താന്നു ഈയുള്ളവനും നിനച്ചു. കാര്യം ഭാര്യാ സമക്ഷത്തിൽ അവതരിപ്പിച്ചപ്പോൾ മനസ്സില്ലാമനസ്സോടെ ആണെങ്കിലും രണ്ടാഴ്ചത്തേക്ക് അവധിയും അനുവദിച്ചു തന്നു.
                   അങ്ങനെ ഭാര്യ- കുട്ടി പരിവാരങ്ങളൊന്നുമില്ലാതെ നാട്ടിലേക്ക് പുറപ്പെട്ടു. എന്റെ നടപ്പിലും എടുപ്പിലുമുള്ള അവശത കണ്ടിട്ടാവാം ജീവനുള്ളതും ജീവനില്ലാത്തതുമായ ലെഗേജുകളൊന്നും പതിവുപോലെ കരക്കാരിൽ നിന്നും ലഭിച്ചില്ല. 
                    മണിക്കൂറുകൾ ദിവസ്സങ്ങളാക്കി മാറ്റിക്കൊണ്ട്‌ ഈശ്വരന്റെ സ്വന്തം നാട്ടിൽ ചെന്ന് കാലുകുത്തി. തിരുമ്മുവൈദ്യന്റെ സുഖചികിത്സാ കേന്ദ്രത്തിലേക്ക് എയർപോർട്ട് അധികാരികൾ ഒരു വാടക ശകടം ഏർപ്പാടാക്കി തന്നു. ശകടക്കാരനെ എനിക്ക് പോകേണ്ട സ്ഥലം അറിയിച്ചപാടെ അയാൾ മരണപ്പാച്ചിൽ തുടങ്ങി. 
                    കപ്പ നടാൻ മണ്ണ് കൂന കൂട്ടിവച്ചിരിക്കുന്നതു പോലെയുള്ള റോഡിലൂടെയുള്ള അയാളുടെ ഓട്ടം കണ്ടാൽതോന്നും വണ്ടി എവിടെയോ ഇടിച്ചു സൂയിസൈഡ് ചെയ്യാൻ പോകുന്നതാണെന്ന്. വേഗത അല്പം കുറക്കുവാൻ അറിയാവുന്ന ഭാഷകളിലെല്ലാം ഞാൻ അപേക്ഷിച്ചെങ്കിലും എന്റെ വാക്ക് വെറും പാഴ്‌വാക്ക് ആയിക്കൊണ്ടിരുന്നു. എതിരെ വണ്ടി വരുമ്പോഴും വളവ് തിരിയുമ്പോഴുമെല്ലാം ഞാൻ അറിയാതെ ബ്രേക്ക് ചവിട്ടിക്കൊണ്ടിരിക്കും. പക്ഷെ ബ്രേക്ക് എന്റെ കാലിന്റെ കീഴെ അല്ലല്ലോ. 
                         അവസാനം ഗത്യന്തരമില്ലാതെ, വേൾഡ് ട്രേഡ് സെന്റർ തകർക്കാൻ പോയ വിമാനത്തിൽ ഇരിക്കുന്നതുപോലെ രണ്ടുകണ്ണുമടച് സർവ്വ ദേവന്മാരെയും വിളിച് ഞാൻ ആ ശകടത്തിന്റെ അകത്തിരുന്നു. എന്തായാലും അയാൾ എന്നെ ഉദ്ധിഷ്ടസ്ഥാനത്തു എത്തിച്ചു.
                      തനി നാടൻ മലയാളിയുടെ വേഷത്തിലും രൂപത്തിലും ഞാൻ തിരുമുശാലയിൽ അവതരിച്ചെങ്കിലും, ഞാനൊരു അമേരിക്കൻ മലയാളിയാണെന്ന് തിരിച്ചറിയുവാൻ അവർക്കു ഒട്ടും സമയം വേണ്ടിവന്നില്ല. ചികിത്സാമുറകളൊന്നും തെറ്റിക്കാതെ തിരുമ്മലും, ഉരുമ്മലും, ഉഴിച്ചിലും പിഴിച്ചിലുമെല്ലാം നടത്തി എന്റെ പോക്കറ്റും നന്നായി പിഴിഞ്ഞു. 
                   ഉള്ളത് പറയാല്ലോ കുറച്ചൊക്കെ രോഗശാന്തി കിട്ടാതിരുന്നില്ല. പഥ്യം തെറ്റിക്കരുതെന്നും ശരീരം അധികം അനങ്ങരുതെന്നും വൈദ്യൻ പ്രത്യേകം പറഞ്ഞു. വന്ന വഴിയാലെ തിരിച്ചു പോകാതെ തിരുമുശാലയുടെ മുറ്റത്തു നിന്നും നേരിട്ടു വിമാനം കിട്ടുമോയെന്ന് എനിക്ക് ചോദിക്കണമെന്ന് തോന്നി. മറ്റു സന്ദർശ്ശന സ്ഥലങ്ങളെല്ലാം ഒഴിവാക്കി മടക്ക യാത്രക്ക് ഏർപ്പാടാക്കി.
•••    •••   •••   •••   •••   •••.  •••   
                രംഗം kochi എയർപോർട്ട്.
സമയം രാത്രി പതിനൊന്നു മാണി. എയർപോർട്ടിന്റെ മുന്നിലെ വരാന്തയിൽ വലിയ തിരക്കൊന്നുമില്ല. ടാക്സി വരാന്തയുടെ ഓരം ചേർന്ന് നിറുത്തി. ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങിയതെ എന്നെ സ്വീകരിക്കുവാൻ കാത്തുനിൽക്കുന്നവർ എന്നപോലെ ഒരഞ്ചെട്ടു എന്തിനും പോരുന്ന ബാല്യക്കാരും അവരുടെ കുടുംബ പരിവാരങ്ങളും എന്റെ ചുറ്റും കൂടി എന്നെ അവരുടെ വട്ടത്തിലാക്കി.
                       അവരിൽ ഒരാൾ മുന്നോട്ടു വന്ന് ഈയുള്ളവന്റെ കൈ പിടിച്ചു കുലുക്കി ( ഷേക്ക് ഹാൻഡ് ).  തൂമ്പാ പിടിച്ചു തഴമ്പിച്ച ഇരുമ്പു പോലത്തെ ആ കൈകൊണ്ടുള്ള കുലുക്കിൽ എന്റെ കൈയുടെ ഞരമ്പെല്ലാം പറിഞ്ഞു പോകുന്നതുപോലെ തോന്നി. എന്നിട്ടു സ്നേഹത്തിൽ പൊതിഞ്ഞ ഗംഭീര സ്വരത്തിൽ ചോദിച്ചു “ സാറ് അമേരിക്കക്കല്ലേ ?”
സാറ് എന്ന വിളി കേട്ടപ്പോൾ ഞാനാകെ കോരിത്തരിച്ചു. 
     ‘ അതേ ‘ എന്ന് ഞാൻ ശുദ്ധ മനസ്സോടെ ഉത്തരം കൊടുത്തു.
        “ എന്നാൽ ഞങ്ങൾക്കുവേണ്ടി സാറ് ഒരു ചെറിയ ഉപകാരം ചെയ്യണം.“
ഞാൻ ‘ പന്തം കണ്ട പെരുച്ചാഴിയെ പോലെ അന്തം വിട്ടു ‘ നിന്നു.
           ഞങ്ങടെ അമ്മച്ചി അമേരിക്കക്കാ. അമ്മച്ചിക്ക് ഹെൽപ് ഒന്നും വേണ്ട. സാറ് ഒന്ന് ശ്രദ്ധിച്ചാൽ മാത്രം മതി. അമ്മച്ചി പല തവണ അമേരിക്കക്ക് തനിയെ (ഇതുപോലെ കരക്കാരുടെ കൂടെ ) പോവുകയും വരുകയും ചെയിതുട്ടുള്ളതാ”
            സാമാന്യം ഭംഗിയായി ചട്ടയും മുണ്ടും ധരിച്ച പത്തെഴുപത്തഞ്ചു വയസ്സ് പ്രായം തോന്നിക്കുന്ന ഒരമ്മച്ചിയെ എനിക്ക് പരിചയപ്പെടുത്തി. 
            ‘ അതിനെന്താ ഞാൻ തനിയെ അല്ലേയുള്ളു ഞാൻ കൊണ്ടുപോയ്ക്കോളാം.’ ഞാൻ സമ്മതം കൊടുത്തു.
             അപ്പോൾ അല്പം മാറിനിൽക്കുന്ന ഒരപ്പച്ചനെ ചുണ്ടിക്കാണിച്ചിട്ടു പറഞ്ഞു “ ആ അപ്പച്ചനെ കൂടി  
കൊണ്ടുപോകണം. അപ്പച്ചൻ അമേരിക്കക്ക് ആദ്യമായിട്ടാ. അങ്ങേരുടെ കൂടെ വന്നവർ ഞങ്ങളെ ഏൽപ്പിച്ചിട്ടു ഏറെ ദൂരെ തിരിച്ചു  പോകേണ്ടതുകൊണ്ട് നേരത്തെ പോയി. ഇവിടെ വച്ച് ഞങ്ങൾ ആദ്യമായി പരിചയപ്പെടുന്നതാണെങ്കിലും ഞങ്ങൾക്ക് ഉപേക്ഷ പറയാൻ കഴിഞ്ഞില്ല.”
     ‘ ഇനി ആരെല്ലാം ഉണ്ട് ?’ തമാശ രൂപത്തിൽ ഞാൻ ചോദിച്ചു.
        “ മറ്റാരുമില്ല" എല്ലാവരും ചിരിച്ചു.
                        അപ്പച്ചന്റെയും അമ്മച്ചിയുടെയും കൂടി ഇരുപതു കിലോ വീതം തൂക്കമുള്ള നാല് വലിയ പെട്ടികൾ, പിന്നെ രണ്ടു ചെറിയ പെട്ടികൾ. എന്റെ 
         പെട്ടിയും കൂടി വച്ച്  കാർട്ട് ഒരുവിധത്തിൽ ഞാൻ അകത്തേക്ക് തള്ളി. ഉഴിച്ചിലും പിഴിച്ചിലും കഴിഞ്ഞു പഥ്യം നോക്കുകയാണെന്നു ഞാനാരോട് പറയാൻ?.
                   പരിചയ സമ്പന്ന ആയതിനാൽ അമ്മച്ചിയെ കൈകാര്യം ചെയ്യുവാൻ വലിയ പ്രയാസം തോന്നിയില്ല. അതിന് പകരവും പലിശയും തീർത്തു അപ്പച്ചൻ. തനി നാടൻ പ്രകൃതം. മുണ്ടും ഷർട്ടും തേഞ്ഞു തീരാറായ വള്ളിച്ചെരുപ്പും വേഷം. മുണ്ടു മടക്കിക്കുത്തിയാണ്  നടപ്. യാത്രക്കാർ മാത്രമുള്ള ഭാഗങ്ങളിലേക്ക് കയറും തോറും എല്ലാവരും എന്നെ ശ്രദ്ധിക്കുവാൻ തുടങ്ങി. അപ്പച്ചന്റെ മടക്കിക്കുത്തു ഒരുവിധത്തിൽ ഞാൻ അഴിപ്പിച്ചു.        
            ഹാൻഡ് ബാഗ് പ്ലാസ്റ്റിക് കയറുകൊണ്ട് തലങ്ങും വിലങ്ങും നന്നായി കെട്ടിയിരുന്നു. അതിനകത്താണുപോലും ‘വിസ ‘ സൂക്ഷിച്ചിരിക്കുന്നത്. സെക്യൂരിറ്റി ചെക്കിന് ചെന്നപ്പോൾ കെട്ടിയിരുന്ന ചരടെല്ലാം അവർ മുറിച്ചു കളഞ്ഞു.
             വിമാനത്തിനകത്തു ആദ്യത്തെ ഭക്ഷണം കഴിഞ്ഞപ്പോൾ ഞാനൊന്നു മയങ്ങിപ്പോയി. ആ സമയം അപ്പച്ചൻ ബാഗിൽ കരുതിയിരുന്ന മുറുക്കാനെടുത്തു ഭംഗിയായിട്ടൊന്നു മുറുക്കി. വായിൽ തുപ്പലം നിറഞ്ഞപ്പോൾ തുപ്പുവാനായി ജനാലക്കു അരികിലേക്ക് നീങ്ങി. ജനൽ തുറക്കുവാൻ ജനാലക്കു അരികിലിരുന്ന ഇംഗ്ലീഷുകാരിയോട് മലയാളത്തിൽ ആവശ്യപ്പെട്ടു. കുറച്ചു തുപ്പലം മദാമ്മയുടെ മടിയിലേക്കു വീണു. മദാമ്മ ഇംഗ്ലീഷിൽ ചില  തെറികളൊക്കെ പറഞ്ഞു ബഹളം വെച്ചു. ബഹളം കേട്ട് ഞാനോടിച്ചെന്നു അപ്പച്ചനെ പിടിച്ചിരുത്തി മദാമ്മയോടു ഒരായിരം സോറി പറഞ്ഞു.
              അങ്ങനെ പല രംഗങ്ങൾ മാറിമറിഞ്ഞു ‘ഒരു ഉരു പല ഉരു’ ഈശ്വരനോട് പ്രാർത്ഥിച്ചു കെന്നഡിയിൽ വന്നു കാലു കുത്തി.
               ഇമിഗ്രേഷൻ കൗണ്ടറിൽ ചെന്നപ്പോൾ അവിടെയും അപ്പച്ചൻ പ്രശ്നമായി. കൗണ്ടറിൽ ഇരിക്കുന്ന കറുമ്പി ഓഫീസറുടെ കൈയിൽ അപ്പച്ചൻ   വിസാ കൊടുക്കുന്നില്ല. കാര്യം തിരക്കിയപ്പോൾ അവിടെയിരിക്കുന്ന സായിപ്പിന്റെയോ, മദാമ്മയുടെയോ കൈയിൽ മാത്രെമേ പേപ്പേഴ്സ് കൊടുക്കാവൂ എന്ന് മക്കൾ പറഞ്ഞിട്ടുണ്ടത്രെ.
      ഞാൻ പറഞ്ഞു ‘ അപ്പച്ചാ ഇത് മദാമ്മയാ കറുത്ത മദാമ്മ. അപ്പോഴാണ് അപ്പച്ചൻ അറിയുന്നത് ഇവിടെ കറുത്ത മദാമ്മമാരും ഉണ്ടെന്ന്.
                 അങ്ങനെ അവിടത്തെ പ്രശനം തീർത്തു ലഗേജ് പിക്ക് ചെയ്യുവാൻ ചെന്നു. അപ്പച്ചന്റെ പെട്ടികൾ തലങ്ങും വിലങ്ങും ചകിരിക്കയർ കൊണ്ട് കെട്ടിയിരുന്നതിനാൽ തിരിച്ചറിയുവാൻ എളുപ്പമായിരുന്നു. അവിടെ അമ്മച്ചിയാണ് എന്റെ നടു വീണ്ടും ഓടിച്ചത്. അമ്മച്ചിക്ക് പെട്ടികൾ ഏതൊക്കെയെന്ന് നിശ്ചയമില്ല. അങ്ങനെ അമ്മച്ചി ചൂണ്ടി കാണിച്ചതൊക്കെ ഞാൻ പിടിച്ചു താഴെ ഇറക്കി. 
          ഒരുവിധത്തിൽ എല്ലാ പെട്ടികളും കണ്ടുപിടിച്ചു ട്രോളിയിൽ കയറ്റി. കസ്റ്റമ്സ്കാർക്ക് പെട്ടികൾ എല്ലാം തുറന്നു കാണണം. ഒന്നിന് പിറകെ ഒന്നായി എല്ലാം തുറപ്പിച്ചു. ഓരോ പെട്ടിയിൽ നിന്നും കപ്പ, കാച്ചിൽ, മത്തങ്ങാ, കുമ്പളങ്ങാ, ചക്ക, ഉണക്കമീൻ തുടങ്ങിയ കായ് കനികളും  കടൽ സമ്പത്തും പുറത്തേക്കു ചാടി. സായിപ്പ് എന്നെ ശകാരിച്ചുകൊണ്ട് അതെല്ലാം പെറുക്കി ഗാർബേജിൽ ഇട്ടു. എന്റേത് അല്ലാന്നറിഞ്ഞിട്ടോ, അപ്പച്ചന്റെയും അമ്മച്ചിയുടെയും പരിതാപസ്ഥിതി കണ്ടിട്ടോ ഫൈൻ ഒന്നും തന്നില്ല.
                അങ്ങനെ ‘അടിയും കൊണ്ട് പുളിയും തിന്നു’ കരം കെട്ടാതെ പുറത്തേക്കിറങ്ങിയപ്പോൾ അമ്മച്ചിയുടെ മക്കളായ തോമസുകുട്ടിയും ( പേരുകളൊന്നും യാഥാർഥ്യമല്ല ) ഭാര്യ കുഞ്ഞുമോളും,അപ്പച്ചന്റെ മക്കളായ മറിയാമ്മയും ഭർത്താവ് ചാക്കോച്ചനും, അപ്പച്ചനെക്കൊണ്ടും അമ്മച്ചിയെക്കൊണ്ടും ബേബിസിറ്റിനു തയ്യാറാക്കി നിർത്തിയിരിക്കുന്ന കൊച്ചുമക്കളും ദൂരെ വേലിക്കരികെ നിന്ന് കൈ വീശുന്നുണ്ടായിരുന്നു. അത്രയും ആശ്വാസം. അല്ലെങ്കിൽ അവരുടെ വീടുകൾ തേടിപ്പിടിച് അവിടങ്ങളിൽ കൊണ്ടാക്കേണ്ട മഹാഭാഗ്യവും വന്നുപെട്ടേനെ.
                 അപ്പച്ചനെയും അമ്മച്ചിയേയും അവരുടെ മക്കളുടെ ‘ കസ്റ്റഡിയിൽ ഏൽപ്പിച്ചപ്പോൾ അവർ എന്നോട് അമേരിക്കൻ ശൈലിയിൽ പെരുത്ത നന്ദി പലവട്ടം പറഞ്ഞു ബൈ പറഞ്ഞു പിരിഞ്ഞു.
                

( ഇത് ഈയുള്ളവന്റെ ഒരു അനുഭവം കൂടിയാണ്. നർമ്മരൂപേണ ആണെങ്കിലും പ്രായമായവരെക്കുറിച്ചു ഇങ്ങനയൊക്കെ എഴുതേണ്ടി വന്നതിൽ ഖേദിക്കുന്നു. ഇത് അങ്ങനെയുള്ളവരുടെ മക്കൾക്കായിട്ടുള്ള ഒരു കുറിപ്പായി കരുതുക. ബേബിസിറ്റിനും, സഹോദരങ്ങളുടെ വിസയ്ക്കുമായി അപ്പനെയും അമ്മയെയും കൊണ്ടുവരുന്നവർ ദയവു ചെയ്തു അവരുടെ സ്വന്തം ചെലവിൽ പോയി കൊണ്ടുവരികയും ആവശ്യം കഴിയുമ്പോൾ കൊണ്ടുവിടുകയും ചെയ്യുക. നാട്ടിൽ തിരുമ്മുചികിത്സക്ക് പോകുന്ന ഈയുള്ളവനെ പോലെയുള്ളവരെ വെറുതെ ‘തിരുമ്മാതെ’.
             ദേ ഞാനിപ്പോൾ നടുവൊടിഞ്ഞു കിടപ്പിലാ! )

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക