
വിയന്ന: പൗരസ്ത്യ സഭകളുടെ ഓര്‍ഡിനറിയാറ്റിന്റെ കീഴില്‍ വിയന്ന അതിരൂപതക്കുള്ളില്‍ ക്നാനായ കത്തോലിക്ക വിശ്വാസികള്‍ക്കായി പുതിയ ഇടവക സംവിധാനം നിലവില്‍ വന്നു. അഞ്ച് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഓസ്ട്രിയായിലെ ക്‌നാനായ കത്തോലിക്കാ സമൂഹത്തിന് 2025 ലെ ക്രിസ്മസ് ദിനത്തില്‍ വിയന്നയില്‍ ലഭിച്ച പുതിയ ഇടവക സംവിധാനം ക്‌നാനായ സമൂഹത്തിന്റെ ഓസ്ട്രിയയിലെ കുടിയേറ്റചരിത്രത്തിലെ പ്രാധാന്യമുള്ള നാഴികക്കല്ലായി.
വിയന്ന അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് എമിരിത്തൂസും ഓസ്ട്രിയായിലെ പൗരസ്ത്യ സഭകളുടെ ഓര്‍ഡിനറിയേറ്റിന്റെ പ്രസിഡണ്ടുമായ കര്‍ദ്ദിനാള്‍ ക്രിസ്റ്റോഫ് ഷേണ്‍ബ്രണ്‍ നല്‍കിയ അനുമതിയുടെ അടിസ്ഥാനത്തിലാണ് പുതിയ ഇടവക സംവിധാനം നിലവില്‍ വന്നത്. വിയന്നയിലെ ഇതിനോടകം രൂപീകൃതമായ മറ്റ് സീറോ മലബാര്‍ ഇടവകകള്‍ക്ക് സമാനമായി, ക്‌നാനായ സഭയ്ക്ക് ലഭിച്ച ഈ പുതിയ അംഗീകാരം ഏറെ സന്തോഷത്തോടെയാണ് വിശ്വാസികള്‍ സ്വീകരിച്ചത്.

ഡിസംബര്‍ 25ന് നടന്ന ആഘോഷമായ ക്രിസ്മസ് ദിവ്യബലിയില്‍, ഓസ്ട്രിയായിലെ പൗരസ്ത്യ സഭകളുടെ വികാരി ജനറാള്‍ മോണ്‍. യൂറി കൊളാസ പുതിയ ഇടവകയുടെ അംഗീകാരമായ ഔദ്യോഗിക ഡിക്രി, ഓസ്ട്രിയന്‍ ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റി പ്രസിഡന്റ് രാജേഷ് കടവിലിനും, സെക്രട്ടറി ജോര്‍ജ് വടക്കഞ്ചേരിയിലിനും കൈമാറി. പുതിയ പാസ്റ്ററല്‍ സംവിധാനത്തിന്റെ ആദ്യ ചാപ്ലിന്‍ ആയി ഫാ. ജിജോ ഇലവുങ്കച്ചാലില്‍ നിയമിതനായി.

വിയന്നായിലെ ഇരുപത്തിരണ്ടാമത്തെ ജില്ലയിലെ സ്റ്റട്ട്‌ലൗവിലാണ് ഇടവകയുടെ ആസ്ഥാനം. പരിശുദ്ധ കന്യമറിയത്തിന്റെ നാമധേയത്തിലുള്ള ഇടവക St. Mary’s Knanaya Catholic Church Austria (Syro Malabar) എന്നറിയപ്പെടും.
ഓസ്ട്രിയായില്‍, പ്രത്യേകിച്ച് വിയന്നയിലെ കത്തോലിക്കാ സഭാ സമൂഹങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന, ക്‌നാനായ സമൂഹത്തിന്റെ വിശ്വാസനിഷ്ഠക്കും, സഭാ സാന്നിധ്യത്തിനും ലഭിച്ച അംഗീകാരമായിട്ടാണ് ഈ പ്രഖ്യാപനത്തെ കണക്കാക്കുന്നതിന്നു ഇടവകാംഗങ്ങള്‍ അഭിപ്രായപ്പെട്ടു.