Image

കലണ്ടർ മാറുമ്പോൾ: (കവിത, മിനി സുരേഷ്)

Published on 04 January, 2026
കലണ്ടർ മാറുമ്പോൾ: (കവിത, മിനി സുരേഷ്)

 

കലണ്ടർ മാറി മറിയുമ്പോൾ

അടുക്കളച്ചുമരിലോടുന്ന

ഘടികാരം വീണ്ടും സമയയാത്ര തുടരും

ആഘോഷശബ്ദങ്ങളിലവളുടെ

വേതനമില്ലാ ദിനങ്ങളുടെ

കിതപ്പുകളിനിയുമെണ്ണിക്കഴിഞ്ഞിട്ടില്ല

സ്നേഹത്തിൻ്റെ പേരിൽ മുദ്രകുത്തിയ

കടമകളുടെ കലണ്ടർ മാറിമറിയുന്നേയില്ല

അവളുടെ ചിന്തകൾക്ക് കടിഞ്ഞാണിടുന്ന

നിയമങ്ങൾ കൊഴിഞ്ഞ വർഷത്തിൻ

ചവറ്റുകുട്ടയിലേക്കെറിയാൻ സമയമായി

 ഭൂതകാലമവളുടെ സഹനം

നിഷേധിച്ചത് വർത്തമാനകാലം

പൊരുതി നേടുന്നത് ഭാവികാലം

വീണ്ടുമൊരു പുതുവർഷം പിറന്നു

സ്വപ്നങ്ങൾ കാണാനിനി അനുമതി തേടണ്ട

കാലത്തിൻ്റെ പുതിയ വരികളിൽ മൗനമല്ല

മനസ്സു പതറാത്ത ശബ്ദമാണിനി ആഭരണം

ഭയമല്ല  മുറിവുകൾ തുന്നിച്ചേർത്ത്

 നീതി തേടാനുള്ള ധൈര്യമാകണമവളുടെ 

പുതുവർഷപ്രതിജ്ഞ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക