
ബ്രിസ്ബെയ്ൻ : ഓസ്ട്രേലിയയിലെ കേന്ദ്രമായി പ്രവർത്തിക്കുന്ന യുവജന സംഘടനയായ വാമോസ് അമിഗോ പുതുവത്സരം ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി, 2026-ൽ സാമൂഹിക ഉത്തരവാദിത്വം മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ സംഘടന നിർണായക തീരുമാനങ്ങളെടുത്തു.
പ്രായമായവർക്കുള്ള സഹായ പ്രവർത്തനങ്ങൾ നടപ്പിലാക്കുകയും, യുവജനങ്ങളെ സമൂഹ സേവനത്തിലേക്ക് ആകർഷിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ വർഷത്തെ പ്രധാന ലക്ഷ്യമായി വാമോസ് അമിഗോ പ്രഖ്യാപിച്ചത്. മുതിർന്നവരുടെ ക്ഷേമത്തിനായി ഭക്ഷണം, ആരോഗ്യ സഹായം, മാനസിക പിന്തുണ എന്നിവ ഉൾപ്പെടുന്ന കാരുണ്യ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
യുവജനങ്ങളെ നല്ല മൂല്യങ്ങളിലേക്ക് നയിക്കുകയും അവരുടെ കഴിവുകൾ സമൂഹ നന്മയ്ക്കായി വിനിയോഗിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന വിവിധ ബോധവൽക്കരണ, പ്രചോദന പരിപാടികളും ഈ വർഷം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സാമൂഹിക ഐക്യവും മാനവിക മൂല്യങ്ങളും ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളിലൂടെ പുതുവത്സരത്തെ അർത്ഥവത്താക്കുകയാണ് വാമോസ് അമിഗോയുടെ ലക്ഷ്യമെന്ന് സംഘടനാ നേതൃത്വം കൂട്ടിച്ചേർത്തു .