Image

പോൾ പി. ജോസ്: ഫോമായുടെ ഭാവിയിലേക്ക് പ്രവർത്തന പരിചയത്തിന്റെ ശബ്ദം (മീട്ടു റഹ്മത്ത് കലാം)

Published on 29 December, 2025
പോൾ പി. ജോസ്: ഫോമായുടെ ഭാവിയിലേക്ക് പ്രവർത്തന പരിചയത്തിന്റെ ശബ്ദം (മീട്ടു റഹ്മത്ത് കലാം)

അമേരിക്കൻ മലയാളി സംഘടനകളിൽ ഏറ്റവും ശക്തവും സ്വാധീനവുമുള്ള വേദിയായ ഫോമായുടെ നേതൃത്വത്തിലേക്ക് പുതിയ ദിശാബോധം നൽകാനുള്ള ഒരുക്കത്തിലാണ് പോൾ പി. ജോസ്. ജോയിന്റ് സെക്രട്ടറി എന്ന നിലയിലുള്ള സമ്പന്നമായ പ്രവർത്തനാനുഭവവും, മെട്രോ റീജിയൻ തലത്തിൽ ആരംഭിച്ച ദീർഘകാല സംഘടനാപ്രവർത്തനവുമാണ്  സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ അദ്ദേഹത്തിന്റെ കൈമുതൽ. പ്രേരിപ്പിക്കുന്നത്. ചാരിറ്റി പ്രവർത്തനങ്ങൾ മുതൽ ഭവനപദ്ധതികൾ, ആരോഗ്യരംഗത്തെ ഇടപെടലുകൾ, യുവതലമുറയെയും വനിതകളെയും സംഘടനയോട് ചേർത്തുനിർത്താനുള്ള ദൃഢമായ കാഴ്ചപ്പാട്—എല്ലാം ചേർന്നൊരു പ്രവർത്തന രാഷ്ട്രീയമാണ് പോൾ പി. ജോസിന്റെ അടയാളം. ‘വാക്കുകളേക്കാൾ പ്രവർത്തനം’ എന്ന നിലപാടോടെ ഫോമായെ അടുത്ത തലത്തിലേക്ക് നയിക്കാനുള്ള ദർശനങ്ങളും ലക്ഷ്യങ്ങളും പോൾ പി.ജോസ് പങ്കുവയ്ക്കുന്നു...

ഫോമായിൽ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിക്കുന്ന അനുഭവമാണോ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ പ്രേരിപ്പിച്ചത്?

പടിപടിയായി കാര്യങ്ങൾ ചെയ്യുന്നതാണ് എന്റെ ശൈലി. ജോയിന്റ് സെക്രട്ടറി ആയി ചുമതല ഏറ്റശേഷമാണ് സംഘടനയുടെ ഉള്ളറകളെ അടുത്തറിയാൻ അവസരം ലഭിച്ചത്. ചാരിറ്റി പ്രവർത്തനങ്ങളായാലും സാമൂഹിക പദ്ധതികളായാലും കാര്യങ്ങൾ നേരിട്ട് ഇറങ്ങി നടപ്പിലാക്കാൻ കഴിഞ്ഞു. ഭവന പദ്ധതി, മെഡിക്കൽ ക്യാമ്പുകൾ, മെഡിക്കൽ പ്രിവിലേജ് കാർഡ് വിതരണം, ‘അമ്മയോടൊപ്പം’, ‘ഹെൽപ്പിംഗ് ഹാൻഡ്സ്’ പോലുള്ള പദ്ധതികൾ എല്ലാംതന്നെ അംഗങ്ങളുടെ യഥാർത്ഥ ആവശ്യങ്ങൾ മനസ്സിലാക്കിയാണ് മുന്നോട്ടു കൊണ്ടുപോയത്. ഈ അനുഭവവും വിശ്വാസവുമാണ് സെക്രട്ടറി സ്ഥാനത്തേക്ക് മുന്നോട്ട് വരാൻ ആത്മവിശ്വാസം നൽകുന്നത്.

ഫോമായിൽ എത്ര വർഷമായി  സജീവമാണ്?

ഏകദേശം പത്ത് വർഷമായി ഫോമായിൽ സജീവമാണ്. മെട്രോ റീജിയൻ ആർവിപിയായാണ് തുടക്കം കുറിച്ചു. പിന്നീട് ജോയിന്റ് സെക്രട്ടറി എന്ന നിലയിൽ ദേശീയ തലത്തിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചു.

ഹോം അസോസിയേഷൻ കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്കാണല്ലോ. അവിടെ നിന്നുള്ള അനുഭവം എങ്ങനെ സഹായിച്ചു?

കേരള സമാജത്തിന്റെ 50-ാം വാർഷിക വർഷത്തിൽ പ്രസിഡന്റായി പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയ അനുഭവമായിരുന്നു. ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ വിജയകരമായി നടത്താൻ സാധിച്ചു. സെക്രട്ടറി, ട്രസ്റ്റീ ബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ച അനുഭവം സംഘടനാ നടത്തിപ്പിൽ വലിയ ആത്മവിശ്വാസമാണ് നൽകിയത്.

താങ്കൾ മത്സരിക്കുന്ന പാനൽ?

ഞാൻ ടീം വോയിസ് ഓഫ് ഫോമായുടെ ഭാഗമായാണ് മത്സരിക്കുന്നത്. പ്രവർത്തന പരിചയമുള്ള, സമാന ചിന്താഗതിയുള്ള ഒരു ടീമാണ് ഇത്. എല്ലാവരും തന്നെ വിവിധ സംഘടനകളിൽ പ്രസിഡന്റ് സ്ഥാനമടക്കം സമുന്നത പദവികൾ മികവോടെ വഹിച്ചവരാണ്.

പാനലിലെ മറ്റ് അംഗങ്ങളെ കുറിച്ച് പറയാമോ?

പ്രസിഡന്റ് സ്ഥാനാർത്ഥിയായി ബിജു തോണിക്കടവിൽ, ട്രഷററായി പ്രദീപ് നായർ, വൈസ് പ്രസിഡന്റായി സാമുവേൽ മത്തായി, ജോയിന്റ് സെക്രട്ടറിയായി ഡോ. മഞ്ജു പിള്ള, ജോയിന്റ് ട്രഷററായി ജോൺസൺ കണ്ണൂക്കാടൻ—എല്ലാവരും ഫോമായിൽ വർഷങ്ങളായുള്ള പ്രവർത്തന പരിചയം നേടിയവരാണ്.

‘വോയിസ് ഓഫ് ഫോമ’ എന്ന പേര് എന്താണ് സൂചിപ്പിക്കുന്നത്?

ശബ്ദമില്ലാത്തവർക്ക് ശബ്ദം നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. യുവതലമുറയെയും വനിതകളെയും കൂടുതൽ ശക്തമായി സംഘടനയുമായി ബന്ധിപ്പിക്കണം. ഭാവി എപ്പോഴും യുവാക്കളിലാണ്—അവരുടെ ആശയങ്ങളും പങ്കാളിത്തവും ഫോമയുടെ വളർച്ചയ്ക്ക് അനിവാര്യമാണ്.

ഫോമയുടെ സാമൂഹിക–ചാരിറ്റി പദ്ധതികളെ കുറിച്ച് വിശദമാക്കാമോ?

ഫോമയുടെ മെഡിക്കൽ പ്രിവിലേജ് കാർഡ് ഉപയോഗിച്ച് കോട്ടയം കാരിത്താസ്, തൊടുപുഴ സ്മിത മെമ്മോറിയൽ, ആസ്റ്റർ മെഡ്‌സിറ്റി, തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സാ ഇളവുകൾ ലഭിക്കുന്നതിനുള്ള ധാരണ ഉണ്ടാക്കി. ‘ഹെൽപ്പിംഗ് ഹാൻഡ്സ്’ പദ്ധതിക്കായി 2,55,000 രൂപ വിതരണം ചെയ്തു. വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ നിരവധി ചാരിറ്റി പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. ഹൗസിങ് പ്രൊജക്ടിന്റെ ഭാഗമായി പൂർത്തീകരിച്ച വീടുകളുടെ താക്കോൽ ദാനവും നടക്കുന്നു.

വരാനിരിക്കുന്ന പ്രധാന കൺവെൻഷനുകൾ?

2026 ജനുവരി 9-ന് കോട്ടയം വിൻസർ കാസിലിൽ ഫോമായുടെ കേരള കൺവെൻഷൻ നടക്കും. ബേബി മണക്കുന്നേലിന്റെ നേതൃത്വത്തിലുള്ള ടീമിനൊപ്പമുള്ള പ്രവർത്തനങ്ങൾ വലിയ പാഠമാണ് പകർന്നുതന്നുകൊണ്ടിരിക്കുന്നത്. സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡൻ്റ് ഷാലു പുന്നോസ്, ജോയിൻ്റ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവരും മികച്ച പിന്തുണയാണ് നൽകുന്നത്. ഫാമിലി കൺവെൻഷൻ 2026 ജൂലൈ 30, 31, ഓഗസ്റ്റ് 1, 2 തീയതികളിൽ ഹൂസ്റ്റണിൽ നടക്കും.

ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റ് അതോറിറ്റിയിൽ ഉദ്യോഗസ്ഥനായ താങ്കൾ  ഔദ്യോഗിക ചുമതലകളോടൊപ്പം ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന അസ്സോസിയേഷനുകളിലും സജീവമാണല്ലോ?

 അതെ. ജോലിക്കൊപ്പം കമ്മ്യൂണിറ്റിയുടെ കാര്യങ്ങളിൽ ഇടപെടുന്നതിൽ ഒരുകാലത്തും ബുദ്ധിമുട്ട് തോന്നിയിട്ടില്ല.  ഇന്ത്യൻ കാത്തലിക് അസോസ്സിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡൻറ്, ട്രസ്റ്റീ ബോർഡ് ചെയർമാൻ, നോർത്ത് ഹെംപ്സ്റ്റഡ് മലയാളി അസോസ്സിയേഷൻ ജോയിന്റ് ട്രഷറർ, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സെക്രട്ടറി, വൈസ് മെൻസ് ക്ലബ്ബ് ട്രഷറർ എന്നിങ്ങനെയുള്ള വിവിധ സാമൂഹിക സേവനങ്ങളിലും വ്യാപൃതനാണ്. ആഗോള തലത്തിൽ വലിയൊരു സുഹൃത്ത് സമ്പത്ത് നേടാൻ കഴിഞ്ഞത് ഇതിലൂടെയാണ്.

വോട്ടർമാരോട് പറയാനുള്ളത്?

വാക്കുകളേക്കാൾ പ്രവർത്തനത്തിനാണ് ഞങ്ങൾ മുൻ‌തൂക്കം നൽകുന്നത്. ജനങ്ങളുടെ പിന്തുണയും വിശ്വാസവും ഞങ്ങളുടെ ഏറ്റവും വലിയ ശക്തിയാണ്. ഐക്യവും സുതാര്യതയും പ്രവർത്തന മികവുമുള്ള ഒരു ഫോമായാണ് സ്വപ്നം—അത് യാഥാർത്ഥ്യമാക്കാൻ ഞാനും എന്റെ ടീമും  പ്രതിജ്ഞാബദ്ധരായിരിക്കും. ഫോമായെ അടുത്ത തലത്തിലേക്ക് എത്തിക്കുന്നതിന് വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണ്. ഏറെ വൈകാതെ ടീം വിഭാവനം ചെയ്യുന്ന പ്രവർത്തനങ്ങളുടെ ഒരു രൂപരേഖ സമർപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ രാഷ്ട്രീയ രംഗത്തും സാമൂഹിക സാംസ്കാരിക രംഗങ്ങളിലും സേവന രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മലയാളികളെ ഏകോപിപ്പിച്ചുകൊണ്ട് നമ്മുടെ സമൂഹത്തെ അമേരിക്കയുടെ മുഖ്യധാരയിൽ എത്തിക്കാനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക