Image

മമ്മൂട്ടി ചിത്രം 'കളങ്കാവൽ' ഒടിടിയിലേക്ക്

Published on 29 December, 2025
മമ്മൂട്ടി  ചിത്രം 'കളങ്കാവൽ' ഒടിടിയിലേക്ക്

മമ്മൂട്ടിയുടെ  ക്രൈം ത്രില്ലർ ചിത്രം 'കളങ്കാവൽ' ഇപ്പോഴും നിരവധി തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഡിസംബർ 5 ന് പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗുമായി ബന്ധപ്പെട്ടൊരു അപ്ഡേറ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

മമ്മൂട്ടിക്കൊപ്പം വിനായകനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ജിതിൻ കെ. ജോസ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്ന് തിരക്കഥ രചിച്ച ചിത്രം, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിച്ച ഏഴാമത്തെ ചിത്രം കൂടിയാണ്. ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്.  കുപ്രസിദ്ധമായ സയനൈഡ് മോഹൻ കേസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ചിത്രം ആദ്യാവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിച്ചു കൊണ്ടാണ് മുന്നേറുന്നത്.

വിനായകൻ നായകനും മമ്മൂട്ടി പ്രതിനായകനും ആയെത്തിയ ചിത്രം, ഇവരുടെ അസാമാന്യമായ പ്രകടന മികവിലാണ് പ്രേക്ഷകരെ അമ്പരപ്പിക്കുന്നത്. കരിയറിൽ വീണ്ടും ഒരു നെഗറ്റീവ് വേഷത്തിലൂടെ മമ്മൂട്ടി ഞെട്ടിക്കുമ്പോൾ, വേറിട്ട പ്രകടനവുമായി വിനായകനും വലിയ കയ്യടിയാണ് നേടുന്നത്.  സ്ത്രീകളെ കൊല്ലുന്നതിൽ ആനന്ദം കണ്ടെത്തുന്ന സ്റ്റാൻലി ദാസിന്റെയും ആ കൊലപാതക ശൃംഖല അവസാനിപ്പിക്കാൻ ഇറങ്ങിത്തിരിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെയും കഥയാണ് ചിത്രം പറയുന്നത്. ഒരു സൈക്കോളജിക്കൽ ആക്ഷൻ-ത്രില്ലർ എന്ന രീതിയിലാണ് കളങ്കാവൽ ഒരുക്കിയിരിക്കുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക