
ബോൾട്ടൻ: ശാന്തിയുടെയും സമാധാനത്തിന്റെയും ദൂത് അറിയിച്ചുകൊണ്ട് ബോൾട്ടൻ മലയാളി അസോസിയേഷൻ (ബി എം എ) ക്രിസ്തുമസ് കരോൾ സംഘടിപ്പിച്ചു. കാൽനടയായും വണ്ടികളിലുമായി കഴിഞ്ഞ വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി സംഘടിപ്പിക്കപ്പെട്ട കരോളിൽ അസോസിയേഷനിലെ കൊച്ചു കുട്ടികളടക്കം അംഗങ്ങൾ. യു കെയിലെ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്തു മിതമായ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയാണ് സംഘടിപ്പിച്ചതെങ്കിലും കരോൾ സർവീസ് പ്രൗഡഗംഭീര വിരുന്നായിരുന്നു അംഗങ്ങൾക്ക് സമ്മാനിച്ചത്.
വാദ്യ - ഗാന സംഘത്തിന്റെ അകമ്പടിയോടെ സാന്റ ക്ലോസിന്റെ നേതൃത്വത്തിൽ വീടുകൾ സന്ദർശിച്ച കരോൾ സംഘം കുടുംബാംഗങ്ങൾക്കും കുട്ടികൾക്കും മധുരവും ക്രിസ്തുമസ് സന്ദേശവും, ക്രിസ്തുമസ് കാർഡുകളും നൽകി.
കരോൾ സംഘത്തെ ഭവനങ്ങളിലേക്ക് ക്ഷണിച്ച എല്ലാ അസോസിയേഷൻ അംഗങ്ങൾക്കും, മൂന്ന് ദിവസങ്ങളിലായി കരോൾ സമാപനത്തോടനുബന്ധിച്ചു കരോൾ സംഘത്തിന് സ്നേഹവിരുന്നൊരുക്കി നൽകിയ ജോമി സേവ്യർ, അനിൽ നായർ, ജോസഫ് കുഞ്ഞ് എന്നിവർക്കും കുടുംബാംഗങ്ങൾക്കുമുള്ള പ്രത്യേകമായ നന്ദി ഭാരവാഹികൾ രേഖപ്പെടുത്തി.
ബി എം എയുടെ ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങൾ 'ജിംഗിൾ ബെൽസ്' ഡിസംബർ 27 ശനിയാഴ്ച ഫാൻവർത്ത് സെന്റ്. ജയിംസ് ചർച്ച് ഹാളിൽ വച്ചു വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിക്കും. വൈകിട്ട് 6 മണിയോടെ ആഘോഷപരിപാടികളുടെ തിരി തെളിയും.

ഈടുറ്റതും കലാമൂല്യം ഉൾക്കൊള്ളുന്നതുമായ വൈവിധ്യമാർന്ന ആഘോഷ പരിപാടികളാണ് ഇക്കുറി അസോസിയേഷൻ തയ്യാറാക്കിയിരിക്കുന്നത്. വിഭവസമൃദ്ധമായ ക്രിസ്തുമസ് സ്പെഷ്യൽ ഡിന്നറും റഫിൾ സമ്മാനങ്ങളും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ക്രിസ്തുമസ് - പുതുവത്സര ആഘോഷ പരിപാടികളിൽ എവരെയും ഹാർദ്ധമായി സ്വാഗതം ചെയ്യുന്നതായും കൃത്യസമയത്ത് തന്നെ പരിപാടിയുടെ ഭാഗമാകണമെന്നും സംഘാടകർ അറിയിച്ചു.