Image

മായം കലരാത്ത സന്തോഷം ഉറപ്പ്-'സര്‍വം മായ'-റിവ്യൂ

Published on 26 December, 2025
മായം കലരാത്ത സന്തോഷം ഉറപ്പ്-'സര്‍വം മായ'-റിവ്യൂ

തൊണ്ണൂറുകളില്‍ മോഹന്‍ലാലിന് എപ്രകാരമായിരുന്നോ സത്യന്‍ അന്തിക്കാട് അതു പോലെയാണ് നിവിന്‍ പോളിക്ക് അഖില്‍ സത്യന്‍. സര്‍വം മായ എന്ന ചിത്രം കണ്ടിറങ്ങുമ്പോള്‍ അതാണ് പ്രേകഷകരുടെ മനസില്‍ പതിയുന്ന വികാരം. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്‌ക്രീനിലെത്തുന്ന നിവിനെ പ്രേക്ഷകര്‍ പൂര്‍ണമായും ഏറ്റെടുക്കുന്ന കാഴ്ചയാണ് ഈ ചിത്രത്തില്‍ കാണാനാവുക. പ്രേമം, ഒരു വടക്കന്‍ സെല്‍ഫി തുടങ്ങി നിരവധി സിനിമകളിലൂടെ ഹിറ്റുകള്‍ സൃഷ്ടിച്ച നിവിന്‍ അജു വര്‍ഗ്ഗീസ് കോമ്പോയും ഈ ചിത്രത്തിലൂടെ തിരികെയെത്തുന്നു.

നിവിന്‍ പോളി നമ്മുടെയൊക്കെ ജീവിത പരിസരത്ത് തന്നെയുള്ള ഒരു ചെറുപ്പക്കാരനാണ്. താരപ്പകിട്ടുകളോടും അല്ലാതെയും ചിന്തിച്ചാല്‍ മലയാള പ്രേക്ഷകന് അങ്ങനെ മാത്രമാണ് അയാളെ കാണാനാവുക. 'പാച്ചുവും അത്ഭുതവിളക്കും' എന്ന ചിത്രത്തിന് ശേഷം തികച്ചും മറ്റൊരു ഫീല്‍ ഗുഡ് മുവീയുമായി എത്തുകയാണ് അഖില്‍ സത്യനും നിവിന്‍ പോളിയും.

തമാശ, പ്രണയം, ആക്ഷന്‍, കുടുംബബന്ധങ്ങള്‍, സ്‌നേഹത്തിന്റെ ഇഴയടുപ്പം, കോമഡി എന്നിങ്ങനെ എല്ലാം സമാസമം ചേര്‍ത്തൊരു സുന്ദ ചിത്രം അതാണ് 'സര്‍വം മായ'. ഒരു മ്യൂസിക് ട്രൂപ്പില്‍ ഗിറ്റാറിസ്റ്റായ പ്രഭേന്ദു വാണ് ചിത്രത്തിലെ നായകന്‍. ഒരവസരത്തില്‍ അച്ഛനുമായി പിണങ്ങി വീടു വിട്ട് മാറി താമസിക്കുകയാണ് പ്രഭേന്ദു. എന്നാല്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ അയാള്‍ക്ക് വീട്ടിലേക്ക് തിരിച്ചു വരേണ്ടി വരുന്നു. അവിടെ പ്രഭേന്ദുവിന് നേരിടേണ്ടി വരുന്നത് ഒട്ടും പ്രതീക്ഷിക്കാത്ത സംഭവ വികാസങ്ങളാണ്. അതിനെ അയാള്‍ എങ്ങനെ നേരിടുന്നു എന്നതും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുടെ പരമ്പരയുമാണ് ചിത്രത്തിന്റെ പ്രമേയം. തിയേറ്റിലേക്ക് വീണ്ടും പൊട്ടിച്ചിരികള്‍ തിരിച്ചു കൊണ്ടു വരുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. സിനിമ തുടങ്ങി ആദ്യ പതിനഞ്ചു മിനിട്ടില്‍ തന്നെ പ്രധാന കഥാപാത്രം ആരാണെന്നും അയാളുടെ ജീവിത പശ്ചാത്തലം എന്താണെന്നും വളരെ ക്യത്യമായി സംവിധായകന്‍ പറഞ്ഞു വയ്ക്കുന്നുണ്ട്. ഹൊറര്‍ ആണ് ചിത്രത്തിന്റെ അടിസ്ഥാന പ്രമേയമെങ്കിലും സ്ഥിരം കണ്ടു വരുന്ന പ്രേത കഥയല്ല ഇവിടെ പ്രതിപാദിക്കുന്നത്. ഈ പ്രേതം ആരെയും പേടിപ്പിക്കുന്നില്ല എന്നു മാത്രമല്ല, എല്ലാവരുടെയും ഇഷ്ടവും സ്‌നേഹവുമൊക്കെ നേടിയെടുക്കുകയും ചെയ്യുന്നുണ്ട്. കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലൂടെ പ്രേക്ഷകരിലേക്ക് പടരുന്ന ചിരി മുറിയാതെ ഒടുക്കം വരെ കാത്തുവയ്ക്കാനും സംവിധായകനായിട്ടുണ്ട്.

ഒരു കാലത്ത് മലയാള സിനിമയുടെ പ്രിയപ്പെട്ട ലൊക്കേഷനായ ഒറ്റപ്പാലവും മനയും ഇല്ലവുമൊക്കെയാണ് ചിത്രത്തിന്റെ പ്രധാന പശ്ചാത്തലം. മലയാളത്തില്‍ ഇതു വരെ പരീക്ഷിച്ചിട്ടില്ലാത്ത ഹൊറര്‍ ജോണറില്‍ പെട്ട ഫീല്‍ ഗുഡ് മുവീ എന്ന് 'സര്‍വം മായ'യെ വിശേഷിപ്പിക്കാം. പ്രഭേന്ദുവായി സ്‌ക്രീനില്‍ നിറഞ്ഞാടുകയാണ് നിവിന്‍ പോളി. അദ്ദേഹത്തിനൊപ്പം പ്രിയപ്പെട്ട കൂട്ടുകാരന്‍ രൂപയെന്ന രൂപേഷായി അജുവര്‍ഗ്ഗീസ് കൂടി ചേരുമ്പോള്‍ കോമഡി ഉത്സവമാണ് സ്‌ക്രീനില്‍. പൂജകള്‍ ചെയ്യുന്ന രസികന്‍ മ്പൂതിരിയായി അജു വര്‍ഗ്ഗീസ് തകര്‍ത്തിട്ടുണ്ട്.

നായികയായ ഡെലൂലു ആയി എത്തുന്നത് റിയാ ഷിബുവാണ്. നിവിനൊപ്പം വളരെ മനോഹരമായി തന്നെ തന്റെ കഥാപാത്രത്തെ പകര്‍ന്നു വയ്ക്കാന്‍ റിയയ്ക്കായിട്ടുണ്ട്. വിനു വാസുദേവന്റെ ചാക്യാര്‍ വേഷവും മധുവാര്യരുടെ കഥാപാത്രവും ഗംഭീരമായി. ഒപ്പം ജനാര്‍ദ്ദനന്റെ മുത്തച്ഛന്‍ വേഷവും. ഇവര്‍ക്കൊപ്പം പ്രീതി മുകുന്ദന്‍, മേതില്‍ ദേവിക, ജയാ കുറുപ്പ്, അരുണ്‍ അജി കുമാര്‍, അല്‍ത്താഫ്, രഘുനാഥ് പലേരി, സൗമ്യ ഭാഗ്യന്‍പിള്ള എന്നിവരും തങ്ങളുടെ കഥാപാത്രങ്ങള്‍ മികച്ചതാക്കി. എല്ലാ കഥാപാത്രങ്ങള്‍ക്കും അതിന്റെ വ്യക്തിത്വവും സ്‌ക്രീന്‍ സ്‌പേസും കൊടുക്കാന്‍ കഴിഞ്ഞു.

തിരക്കഥാ രചനയും സംവിധാനവും അഖില്‍ സത്യന്‍ തന്നെയാണ് നിര്‍വഹിച്ചത്. എഡിറ്റിങ്ങിലും സംഭാവന നല്‍കിയിട്ടുണ്ട്. ജസ്റ്റിന്‍ പ്രഭാകരന്റെ സംഗീതവും പശ്ചാത്തല സംഗീതവും സിനിമയ്ക്ക് മുതല്‍ക്കൂട്ടാണ്. ഒറ്റപ്പാലത്തിന്റെ ഗ്രാമ്യഭംഗികള്‍ മുഴുവന്‍ അപ്പാടെ ആവാഹിച്ച ശരണ്‍ വേലായുധന്റെ ഛായാഗ്രഹണവും പ്രേക്ഷകന്റെ മനസ്സില്‍ തങ്ങി നില്‍ക്കും. ആസ്വദിച്ച് കണ്ടിരിക്കാന്‍ കഴിയുന്ന ചിത്രമാണ് 'സര്‍വം മായ'. തിയേറ്ററില്‍ തന്നെ കാണണം.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക