Image

ചിരിയുടെ പൂരവുമായി നാദിർഷ - വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം 'മാജിക് മഷ്റൂംസ്'; ടീസർ പുറത്ത്

രഞ്ജിനി രാമചന്ദ്രൻ Published on 24 December, 2025
ചിരിയുടെ പൂരവുമായി നാദിർഷ - വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം 'മാജിക് മഷ്റൂംസ്'; ടീസർ പുറത്ത്

'കട്ടപ്പനയിലെ ഋത്വിക് റോഷന്' ശേഷം വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന 'മാജിക് മഷ്റൂംസ്' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഒരു കംപ്ലീറ്റ് ഫൺ ഫാമിലി എൻ്റർടെയ്നറാണെന്ന സൂചന നൽകുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങൾ. അക്ഷയ ഉദയകുമാർ നായികയാകുന്ന ചിത്രം ജനുവരി 23-ന് തിയേറ്ററുകളിൽ എത്തും. മഞ്ചാടി ക്രിയേഷൻസിൻറെ ബാനറിൽ അഷ്റഫ് പിലാക്കൽ നിർമ്മിക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ആകാശ് ദേവാണ്.

ഹരിശ്രീ അശോകൻ, അജു വർഗ്ഗീസ്, ജോണി ആന്റണി, ജാഫർ ഇടുക്കി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിനീത് ശ്രീനിവാസൻ, കെ.എസ്. ചിത്ര, ശ്രേയാ ഘോഷാൽ തുടങ്ങി പ്രമുഖ ഗായകരുടെ വലിയൊരു നിര തന്നെ ചിത്രത്തിലെ ഗാനങ്ങൾക്കായി അണിചേരുന്നു എന്നതും പ്രത്യേകതയാണ്. നാദിർഷ തന്നെയാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. സുജിത്ത് വാസുദേവാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

തൊടുപുഴ, ഒറ്റപ്പാലം എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. ഇതിനോടകം തന്നെ ചിത്രത്തിന്റെ ത്രീഡി ക്യാരിക്കേച്ചർ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഭാവന റിലീസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. കുടുംബപ്രേക്ഷകരെയും യുവാക്കളെയും ഒരേപോലെ രസിപ്പിക്കുന്ന ഘടകങ്ങൾ ചിത്രത്തിലുണ്ടെന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്.

 

English summary: 

Hilarious teaser of Nadirshah - Vishnu Unnikrishnan movie 'Magic Mushrooms' released

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക