
ബഹ്റൈന്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് കൊല്ലം പ്രവാസി അസോസിയേഷന്റെ വനിതാ വിഭാഗമായ പ്രവാസി ശ്രീ സ്ത്രീകള്‍ക്കായി സംഘടിപ്പിച്ച എകദിന വിനോദയാത്ര ഹൃദ്യമായ അനുഭവമായി. ഡിസംബര്‍ 17-ന് സംഘടിപ്പിച്ച യാത്രയില്‍ 50 ഓളം പ്രവാസി ശ്രീ അംഗങ്ങളും കുട്ടികളും പങ്കെടുത്തു. പ്രവാസ ജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ അംഗങ്ങള്‍ക്കിടയില്‍ സൗഹൃദം പുതുക്കുന്നതിനും മാനസിക ഉല്ലാസത്തിനുമായാണ് യാത്ര സംഘടിപ്പിച്ചത്. രാവിലെ 9:30-ന് അന്‍ഡലൂസ് ഗാര്‍ഡന്‍സിന് സമീപത്തുനിന്ന് പ്രവാസി ശ്രീ കോര്‍ഡിനേറ്ററും സെന്‍ട്രല്‍ കമ്മിറ്റി അംഗമവുമായ രഞ്ജിത് ആര്‍ പിള്ള, കെ പി എ സെക്രട്ടറിയേറ്റ് അംഗങ്ങളായ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞു, സെക്രട്ടറി അനില്‍കുമാര്‍, സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കെ പി എ പ്രസിഡന്റ് അനോജ് മാസ്റ്റര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു ആരംഭിച്ച യാത്ര ചരിത്രപ്രസിദ്ധമായ അല്‍ ഫത്തേഹ് ഗ്രാന്‍ഡ് മോസ്‌ക് സന്ദര്‍ശനത്തോടെയാണ് തുടങ്ങിയത്. തുടര്‍ന്ന് കിംഗ് ഫഹദ് കോസ്വേയുടെ മനോഹാരിത ആസ്വദിച്ച സംഘം, ഉച്ചഭക്ഷണത്തിന് ശേഷം പൈതൃക സ്മരണകള്‍ ഉണര്‍ത്തുന്ന അല്‍ ജസ്റ ഫാം ഹൗസ് ഉം ഷെയ്ഖ് ഇസ ഓള്‍ഡ് പാലസും സന്ദര്‍ശിച്ചു.

ബഹ്റൈന്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അല്‍ ജസ്റ ഫാം ഹൗസില്‍ വെച്ച് അംഗങ്ങള്‍ക്കു ഒപ്പം പ്രവാസി ശ്രീ ചെയര്‍പേഴ്‌സണ്‍ ദീപ അരവിന്ദ് , വൈസ് ചെയര്‍പേഴ്‌സണ്‍മാരായ ഷാമിലി ഇസ്മയില്‍ അഞ്ജലി രാജ് എന്നിവര്‍ കേക്ക് മുറിച്ച് കൊണ്ട് സന്തോഷം പങ്കിട്ടു.

തുടര്‍ന്ന് സന്ദര്‍ശിച്ച മത്സ്യകൃഷി കേന്ദ്രം (ഫിഷ് ഫാം) കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വിജ്ഞാനപ്രദമായി. വിവിധയിനം മത്സ്യങ്ങളെ കാണുന്നതിനൊപ്പം കളിമണ്ണില്‍ (ക്ലേ ) നിര്‍മ്മിച്ച കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും അംഗങ്ങള്‍ കൗതുകത്തോടെ കണ്ടു. യാത്രയുടെ അവസാന സന്ദര്‍ശന സ്ഥലമായ മാല്‍കിയ ബീച്ചിലെ സായാഹ്നം യാത്രയുടെ മാറ്റുകൂട്ടി.വൈകുന്നേരം 6 മണിയോടെ ട്യൂബ്ലിയിലെ കെ.പി.എ ഓഫീസില്‍ യാത്ര സമാപിച്ചു. പ്രവാസി ശ്രീ യൂണിറ്റ് ഹെഡ്മാരായ രമ്യ ഗിരീഷ്, ബ്ലൈസി, നാസിമ ഷഫീക്, എന്നിവര്‍ വിനോദ യാത്ര നിയന്ത്രിച്ചു.