Image

'സിനിക്ക്' പഴയ കാലസിനിമ നിരൂപകൻ : ആർ. ഗോപാലകൃഷ്ണൻ

Published on 23 December, 2025
'സിനിക്ക്'  പഴയ കാലസിനിമ നിരൂപകൻ : ആർ. ഗോപാലകൃഷ്ണൻ

'മാതൃഭൂമി' ആഴ്ചപ്പതിപ്പിൽ പണ്ട് (1980-കൾ വരെ) സിനിമ നിരൂപണം ചെയ്തിരുന്ന സിനിക്കും കോഴിക്കോടനും. 'ക്രിട്ടിക്ക്' എന്ന് സാമാന്യ അർത്ഥം പറയാമെങ്കിലും  'ദോഷൈക ദൃക്ക്' എന്ന് കൂടി അർത്ഥം വരുന്ന 'സിനിക്കെ'ന്ന 'സിനിക്കെ'ന്ന തൂലികാനാമത്തിനെകുറിച്ചു അക്കാലത്തു ഒരു അഭിപ്രയമുണ്ടായിരുന്നു. അക്കാലത്തു് ജനം പറഞ്ഞിരുന്നത്, 'സിനിക്ക്' എന്ന പേര് കൂടുതൽ യോജിച്ചത്, കോഴിക്കോടന് ആയിരുന്നൂ, എന്നാണ്! താരതമ്യേനെ സൗമ്യമായിരുന്നു, 'സിനിക്' എന്ന പേരിൽ എഴുതിയിരുന്ന എം. വാസുദേവൻ നായരുടെ റിവ്യൂ! എന്നാൽ 'കോഴിക്കോടൻ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന കെ. അപ്പുക്കുട്ടൻ നായർ (1925 - 2007, ജനുവരി 20) എഴുതിയ സിനിമ റിവ്യൂ 'രൂക്ഷമായ ഭാഷ'യിലായിരുന്നു; ഫലിത സമ്പന്നവും.

'സിനിക്ക്' എന്ന ആ പഴയ കാലസിനിമ നിരൂപകൻ്റെ 43-ാം ചരമവാർഷിക ദിനം, ഇന്ന്: സ്മരണാഞ്ജലികൾ!  

എം. ടി. വാസുദേവൻ നായർ, 1980-ൽ, 'സിനിമാ എഴുത്തിനെ'നെക്കുറിച്ചു ഇങ്ങനെ എഴുതി:

“നമ്മുടെ ഏറ്റവും വലിയ പ്രസിദ്ധീകരണ ശാലയുടെ സമ്പൂര്‍ണ്ണ ബുള്ളറ്റിനില്‍ ജ്യോതിഷത്തിനോ ഹോമിയോപ്പതിക്കോ എന്തിന്, തയ്യൽ ശാസ്ത്രത്തിനു പോലുമോ കിട്ടാറുള്ള പോലെ വകുപ്പു തിരിച്ച് ഒരു പട്ടികയോ പേജോ ശീര്‍ഷകമോ നേടിയെടുക്കാന്‍ കൂടി ചലച്ചിത്ര പഠനങ്ങള്‍ക്കു കഴിഞ്ഞിട്ടില്ല.“

- എം ടി വാസുദേവൻ നായർ - (അവതാരിക, 'കാഴ്ച്ചപ്പാടുകള്‍', സിനിക്ക്, 1980, പുറം നാല് )  

(ഇന്നിപ്പോൾ സ്ഥിതി അപ്പാടെ മാറിയിരിക്കുന്നു; എല്ലാ മാധ്യമങ്ങളും നിറയെ സിനിമയും സിനിമാ താരങ്ങളും തന്നെ...)

അങ്ങനെ ഒരു കാലത്തു സിനിമ നിർമ്മാതാക്കളുടെ ബാഹ്യശക്തിയെ വെല്ലുവിളിച്ചു, നിഷ്പക്ഷ നിരൂപണം പ്രസിദ്ധീകരിക്കാൻ  'മാതൃഭൂമി' ആഴ്ചപ്പതിപ്പ്  ധീരത കാണിച്ചു. 

ഇന്ന് ടി.വി. ചാനലിലും യുട്യൂബിലും വരുന്ന സിനിമാ താരങ്ങളുടെ റിലീസിങ്-പ്രമോ പരിപാടി പണം വാങ്ങിയുള്ളതാണല്ലോ; ഒരു 'പെയ്ഡ്  ന്യൂസ്' തന്നെ. സിനിമയുടെ പരസ്യത്തിനു പകരം  അനുകൂലമായ 'പെയ്ഡ്  ന്യൂസ്' നല്കുന്ന നിർമ്മാതാക്കൾ എന്തെങ്കിലും പ്രതികൂല അഭിപ്രായങ്ങൾ വന്നാൽ അവർക്കെതിരെ വാളെടുക്കും!

നിരൂപണങ്ങൾക്കു പിന്നിൽ പണത്തിൻ്റെയോ മറ്റെന്തെങ്കിലും താല്പര്യങ്ങളുടെയോ ചരടുകൾ ഉണ്ടായാൽ അത് വഞ്ചന തന്നെയാണ്; സത്യസന്ധതയുള്ള നിരൂപണങ്ങൾക്കെ വിശ്വാസ്യതയുള്ളു.... നിർമ്മാതാക്കൾക്ക് തങ്ങളുടെ സിനിമയുടെ നന്മകൾക്ക് പറഞ്ഞു പരസ്യം കൊടുക്കാം - പരസ്യങ്ങൾക്ക് വിശ്വസിക്കുന്നവർ ഉണ്ടെങ്കിൽ മാത്രം!

'സിനിക്ക്' എന്ന എം. വാസുദേവൻ നായർ 1919 ഓഗസ്റ്റ് 22-ന് കോഴിക്കോട്  പുതിയറയിൽ ജനിച്ചു. രസതന്ത്ര ബിരുദധാരി ആയിരുന്ന വാസുദേവൻ നായരുടെ ജോലി പോസ്‌റ്റോഫീസിലും ടെലഗ്രാഫ് ഓഫീസിലും (P&T ഡിപ്പാർട്ട്മെൻ്റ്) ആയിരുന്നു. 

വാസുദേവൻ നായർ സിനിമാ നിരൂപകൻ മാത്രമായിരുന്നില്ല; ചെറുകഥാകൃത്തും നടനും നാടകകൃത്തുമായിരുന്നു. കായിക വിനോദങ്ങളിലും സംഗീതത്തിലും അതീവത തല്പരനായിരുന്നു. 

1930-ൽ സെക്കൻഡ് ഫോറത്തിൽ (ഇന്നത്തെ ഏഴാം ക്ലാസിന് തുല്യമായ ക്ലാസ്) പഠിക്കുമ്പോൾ കോഴിക്കോട്ടെ 'രാധാ പിക്ചർ പാലസിൽ' വച്ചായിരുന്നത്രെ ആദ്യമായി അദ്ദേഹം സിനിമ കണ്ടത്.

'സിനിക്ക്' എന്ന എം. വാസുദേവൻ നായരുടെ സംഭാവനകളെ പറ്റി എൻറെ ഫേസ്ബുക് സുഹൃത്ത് കൂടിയായ പ്രമോദ് പിള്ളയുടെ (ഹാസ്യ സാഹിത്യകാരൻ വാണക്കുറ്റിയുടെ ചെറുമകൻ) എഴുതിയ കുറെയേറെ കാര്യങ്ങൾ കൂടി ഇവിടെ ചേർക്കുന്നുന്നുണ്ട്.

'സിനിക്കെ'ന്ന തൂലികാനാമത്തിൽ അദ്ദേഹം ആദ്യമെഴുതിയ സിനിമാ നിരൂപണം 'മാതൃഭൂമി' ആഴ്ചപ്പതിപ്പിൽ പ്രസിദ്ധം ചെയ്തത്, 1950 ഒക്ടോബർ 3-ന് പ്രസിദ്ധീകരിച്ച ലക്കത്തിൽ ആയിരുന്നു. 'മഹൽ -ഒരാസ്വാദനം' എന്നായിരുന്നു അതിന്റെ ശീർഷകം. അതിശയോക്തിയും ആഭാസീകരണവും തുടങ്ങി ബോക്സോഫീസ് ഘടകങ്ങളുടെ രൂപത്തിൽ കഥയുടെ കെട്ടുറപ്പ് തകർത്തു കളയുന്ന അസംബന്ധങ്ങളെ മുഖം നോക്കാതെ തുറന്നടിക്കാനുള്ള ഉശിരും സത്യസന്ധതയും അദ്ദേഹം ഓരോ നിരൂപണത്തിലും പ്രകടമാക്കിയിരുന്നു.

1962-ൽ 'പാലാട്ടു കോമൻ' എന്ന 'ഉദയാ' ചിത്രം (കുഞ്ചാക്കോ) വിമർശിച്ചതിന്റെ പേരിൽ സിനിക്കിന് കോടതി കയറേണ്ട ഗതികേടും വരുകയുണ്ടായി. തന്റെ സർക്കാരുദ്യോഗത്തിനു പോലും അപകടം സംഭവിക്കാവുന്ന കാര്യം.  ചങ്ങനാശ്ശേരി കോടതിയിൽ ഫയൽ ചെയ്ത കേസ് പിന്നീട് പിൻവലിക്കപ്പെട്ടു . 'കുഞ്ചാക്കോ'യുടെ പേരിൽ മലയാള സിനിമയുടെ ഉന്നമനത്തിനു വേണ്ടി വിശിഷ്ട സേവനം അനുഷ്ടിച്ചവർക്കുള്ള അവാർഡ് 1977-ൽ നൽകപ്പെട്ടത്‌ സിനിക്കിനായിരുന്നു! ചരിത്രത്തിന്റെ ഒരു കാവ്യ നീതി! 'അസാധാരണമായ അവാർഡ്' എന്ന തലക്കെട്ടിൽ 'മനോരമ' ആഴ്ച്ചപ്പതിപ്പിൽ അന്നതിന്റെ പത്രാധിപരായിരുന്ന ഉറൂബ് ഒരു എഡിറ്റോറിയലും എഴുതി.

ചലച്ചിത്ര നിരൂപണം വെറും ഗോസിപ്പുകളിലും താരങ്ങളുടെ അപദാനങ്ങളിലും അപവാദകഥകളിലും തങ്ങി നിന്നിരുന്ന കാലഘട്ടത്തിലാണ് അദ്ദേഹം  ചലച്ചിത്ര നിരൂപണം തുടങ്ങിയത്. സിനിക്കിന്റെ രണ്ടു ഭാഗങ്ങളുള്ള നിരൂപണ സമാഹാരമായ 'മലയാള സിനിമ'യ്ക്കെഴുതിയ (1967) അവതാരികയിൽ എൻ.വി. കൃഷ്ണവാര്യർ പറഞ്ഞത് പോലെ, മൂല്യനിർധാരണത്തിൽ ചിലപ്പോൾ അദ്ദേഹവുമായി വിയോജിക്കേണ്ടി വന്നേക്കാം. എന്നാൽ പക വച്ച് ആരെയെങ്കിലും താഴ്ത്തുകയോ ലാഭം മുന്നിൽ കണ്ട് ആരെയെങ്കിലും പുകഴ്ത്തുകയോ ഏതെങ്കിലും പടത്തിൽ ഇല്ലാത്ത തിന്മ കാണുകയോ ഉള്ള നന്മ കാണാതിരിക്കുകയോ അദ്ദേഹം ചെയ്തിട്ടുള്ളതായി ആർക്കെങ്കിലും പറയാൻ കഴിയുമെന്നു തോന്നുന്നില്ല. 

കഥ പകർത്തിയെഴുതിവെക്കലാണ് അദ്ദേഹത്തിന്റെ നിരൂപണമെന്നൊരു ആക്ഷേപം ഉയർന്നിട്ടുണ്ട്. പക്ഷേ, അന്നൊന്നെ സൂചിതമായ സിനിമ കാണാത്ത അസംഖ്യം പേർക്ക് അദ്ദേഹത്തിന്റെ ഇത്തരം സമ്പൂർണ്ണ നിരൂപണം ഒരനുഗ്രഹമായിരുന്നു എന്നതാണ് വാസ്തവം. 

ഒരായിരം സിനിമകളെങ്കിലും അദ്ദേഹം നിരൂപണം ചെയ്തിട്ടുണ്ടുണ്ടാകും. ഏറ്റവും ഒടുവിൽ എഴുതിയ സിനിമാ നിരൂപണങ്ങൾ 'സിന്ദൂരസന്ധ്യക്ക്‌ മൗന'വും 'ലയ'വും (1982) ആയിരുന്നു

രണ്ടു തവണ സ്റ്റേറ്റ് ഫിലിം അവാർഡ് കമ്മറ്റിയിൽ (1971,1981) അംഗമായിരുന്ന അദ്ദേഹം 'ചലച്ചിത്ര ചിന്തകൾ' (1959) 'സിനിമ- വൈരൂപ്യവും സൗന്ദര്യവും' (1973), 'വാടാമലരുകൾ' (1973) 'ഫിലിം ഗാലറി' 

(1969) 'കാഴ്ചപ്പാടുകൾ' (1981) എന്നിങ്ങനെ അഞ്ചു ചലച്ചിത്ര പുസ്തകങ്ങൾ കൂടി രചിച്ചിട്ടുണ്ട്- ലേഖന സമാഹാരങ്ങളും നിരൂപണ സമാഹാരങ്ങളും ഇതിൽ പെടും. 

'മാതൃഭൂമി' സിനിമ റിവ്യൂ എന്ന 'സ്വൈരക്കേട്‌' നിർത്തിയപ്പോൾ അദ്ദേഹം എഴുത്ത് നിർത്തിയില്ല. അത് 'ചന്ദ്രിക' ആഴ്ചപ്പതിപ്പിലും 'ഹിന്ദു' ദിനപ്പത്രത്തിന്റെ പത്താം പേജിലും 'ഗൾഫ് വോയ്സി'ലും 'കലാലയ'ത്തിലും മറ്റുമായി ഇംഗ്ലീഷിലും മലയാളത്തിലും ഒരു പോലെ പടരുകയും പരക്കുകയുമാണുണ്ടായത്. 

എസ്.കെ. പൊറ്റക്കാട്ടിന്റെ രണ്ടു കഥകൾ വിവർത്തനം ചെയ്ത് 'കാരവാനി'ൽ പ്രസിദ്ധീകരിച്ചു.

1982 ഡിസംബർ 21-ന്, 63-ാം വയസ്സിൽ, അദ്ദേഹം ഈ ലോകത്തോട് യാത്ര പറഞ്ഞു. 

പത്നി കോഴപ്പള്ളി ലീല. മക്കൾ അരുണ്‍ കുമാർ, ശ്യാം മനോഹർ, സുധാബിന്ദു, രാധിക മേനോക്കി.

കടപ്പാട്: Pramod Pillai & Photo colouring by AI

.....................

'മാതൃഭൂമി' ആഴ്ചപ്പതിപ്പിൽ 'ചിത്രശാല' എന്ന പംക്തിയിൽ സിനിക് എഴുതിയിരുന്ന കാലത്തു തന്നെ ചില ആഴ്ചകളിൽ 'രേവതി' എന്നും 'അശ്വതി' എന്നും  പേരിൽ സിനിമാ നിരൂപണം നടത്തിയിരുന്നത് ഇവരാണ്: 'രേവതി' - കോഴിക്കോടന്‍ (അപ്പുക്കുട്ടന്‍ നായര്‍); അശ്വതി - പത്മനാഭൻ.

മാതൃഭൂമി' ആഴ്ചപ്പതിപ്പില്‍ 'ചിത്രശാല' എന്ന പംക്തിയിൽ 'നാദിർഷ' എന്ന തൂലികാ നാമത്തിൽ തുടര്‍ച്ചയായി നിരൂപണങ്ങള്‍ എഴുതിയിരുന്ന 'ടി എം പി നെടുങ്ങാടി'

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക