
ഹൂസ്റ്റണ്‍: നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നിങ്ങനെ മലയാള സിനിമയുടെ ജനകീയ മുഖമായ ശ്രീനിവാസന്റെ ദേഹ വിയോഗത്തില്‍ ഫോമാ ആദരാഞ്ജലികളര്‍പ്പിച്ചു. സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ നര്‍മത്തില്‍ ചാലിച്ച് വെള്ളിത്തിരയിലെത്തിച്ച ശ്രീനിവാസന്റെ സിനിമകള്‍ മലയാളികളുടെ ദൈനംദിന ജീവിത നിമിഷങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നതാണെന്ന് ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അനുശേചനക്കുറിപ്പില്‍ അനുസ്മരിച്ചു.
എക്കാലത്തെയും മികച്ച ചില തിരക്കഥകളുടെ സൃഷ്ടാവായ ശ്രീനിവാസന്‍ മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടം രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച വ്യക്തിയാണ്. മലയാളിയുടെ കുറുമ്പും കുശുമ്പും കുന്നായ്മയും ഈഗോയും ധാര്‍ഷ്യവും കപട രാഷ്ട്രീയവും പൊളിച്ചടുക്കിയ സാമൂഹിക വിമര്‍ശകനുമാണ്. സാധാരണക്കാരന്റെ ജീവിതത്തിലെ സംഘര്‍ഷങ്ങളെയും രാഷ്ട്രീയത്തിലെ വൈരുദ്ധ്യങ്ങളെയും തന്റെ പരിമിതവും അര്‍ത്ഥവത്തായതുമായ അഭിനയ ശൈലിയിലൂടെയും ശക്തമായ സംഭാഷണങ്ങളിലൂടെയും പ്രകടമാക്കിയ ശ്രീനിവാസന്‍ വിടചൊല്ലിയതിലൂടെ മലയാളികളുടെ സാമൂഹിക ബോധത്തെയും നര്‍മ്മബോധത്തെയും സ്വാധീനിച്ച ഒരു യുഗത്തിനാണ് അന്ത്യമായതെന്ന് ബേബി മണക്കുന്നേല്‍ കൂട്ടിച്ചേര്‍ത്തു.
48 വര്‍ഷം മലയാള സിനിമയുടെ അരങ്ങിലും അണിയറയിലും സജീവമായി നിലകൊണ്ട് നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ആ ചലചിത്ര പ്രതിഭയുടെ വേര്‍പാടില്‍ വേദനിക്കുന്ന കുടുംബാംങ്ങളോട് ഫോമാ ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നുവെന്നും ശ്രീനിവാസന്റെ ആത്മാവിന് ശാശ്വത ശാന്തി നേരുന്നുവെന്നും എക്‌സിക്യൂട്ടീവ കമ്മിറ്റി അംഗങ്ങളായ ബൈജു വര്‍ഗീസ് (ജനറല്‍ സെക്രട്ടറി), സിജില്‍ പാലക്കലോടി (ട്രഷറര്‍), ഷാലൂ പുന്നൂസ് (വൈസ് പ്രസിഡന്റ്), പോള്‍ ജോസ് (ജോയിന്റ് സെക്രട്ടറി), അനുപമ കൃഷ്ണന്‍ (ജോയിന്റ് ട്രഷറര്‍) എന്നിവര്‍ അറിയിച്ചു.