Image

'ചിരിയും ചിന്തയും മാഞ്ഞു'; ശ്രീനിവാസന്റെ വേർപാടിൽ വിതുമ്പി ചലച്ചിത്ര-രാഷ്ട്രീയ ലോകം

രഞ്ജിനി രാമചന്ദ്രൻ Published on 20 December, 2025
'ചിരിയും ചിന്തയും മാഞ്ഞു'; ശ്രീനിവാസന്റെ വേർപാടിൽ വിതുമ്പി ചലച്ചിത്ര-രാഷ്ട്രീയ ലോകം

മലയാളത്തിന്റെ പ്രിയ കലാകാരൻ ശ്രീനിവാസന്റെ വിയോഗത്തിൽ ചലച്ചിത്ര-രാഷ്ട്രീയ രംഗത്തെ പ്രമുഖർ അഗാധമായ ദുഃഖം രേഖപ്പെടുത്തി. വാക്കുകൾ പൂർത്തിയാക്കാനാവാതെ വിതുമ്പിക്കൊണ്ടാണ് ഉറ്റ സുഹൃത്തായ സത്യൻ അന്തിക്കാട് പ്രതികരിച്ചത്. രണ്ടാഴ്ച കൂടുമ്പോഴും താൻ ശ്രീനിയെ സന്ദർശിക്കാറുണ്ടായിരുന്നെന്നും ഈ തിരഞ്ഞെടുപ്പ് കാലത്തും 'സന്ദേശം' സിനിമയുടെ പ്രസക്തിയെക്കുറിച്ച് തങ്ങൾ സംസാരിച്ചിരുന്നുവെന്നും അദ്ദേഹം വികാരാധീനനായി പറഞ്ഞു.

ശ്രീനിവാസന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്ന് മന്ത്രിമാരായ സജി ചെറിയാനും കെ.ബി. ഗണേഷ് കുമാറും അനുസ്മരിച്ചു. അഭിനയത്തിലെ സൗന്ദര്യസങ്കൽപ്പങ്ങളെ മാറ്റിയെഴുതിയ നടനായിരുന്നു അദ്ദേഹമെന്നും ലോകത്തെവിടെയുമുള്ള മലയാളി ഒരു ദിവസമെങ്കിലും ശ്രീനിവാസന്റെ ഡയലോഗ് പറയാതെ ഇരിക്കില്ലെന്നും അവർ പറഞ്ഞു. 43 വർഷത്തെ സൗഹൃദം നഷ്ടമായതിന്റെ വേദന നടൻ മുകേഷും പങ്കുവെച്ചു. തിരക്കഥകളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിച്ചിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്ന് മുകേഷ് ഓർമ്മിച്ചു.

ഗൗരവമുള്ള വിഷയങ്ങൾ സരസമായി അവതരിപ്പിക്കുന്നതിൽ ശ്രീനിവാസൻ പുലർത്തിയ മിടുക്കിനെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രശംസിച്ചു. ശ്രീനിവാസന്റെ സംസ്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. സാമൂഹിക വിമർശനങ്ങളിലൂടെയും ആക്ഷേപഹാസ്യത്തിലൂടെയും മലയാളികളുടെ ബോധമണ്ഡലത്തെ സ്വാധീനിച്ച ആ വലിയ കലാകാരന് കേരളം കണ്ണീരോടെ വിടചൊല്ലുന്നു.

 

English summary:

 Film and political world mourns the death of Sreenivasan

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക