Image

സിനിമയിൽ സംതൃപ്തി സ്വന്തം പാത വെട്ടി തെളിക്കുന്നതിനെന്ന് വെറോണിക്ക ഗോൺസാൽവസ്

Published on 13 December, 2025
സിനിമയിൽ സംതൃപ്തി സ്വന്തം പാത വെട്ടി തെളിക്കുന്നതിനെന്ന് വെറോണിക്ക  ഗോൺസാൽവസ്


തിരുവനന്തപുരം: നമ്മളായി ഇരിക്കുക എന്നതാണ് ഒരു നല്ല സംവിധായികയ്ക്കുണ്ടാകേണ്ട ആദ്യ ലക്ഷണം. ആ ആത്മവിശ്വാസമാണ് എന്നെ ചിലവ് കുറഞ്ഞ ചിത്രങ്ങൾ ഭംഗിയായി പൂർത്തീകരിക്കാൻ സഹായിച്ചത്," പറയുന്നത്  'കേമാഡൂറ ചീന' എന്ന ഉറുഗ്വേ ചിത്രത്തിന്റെ സംവിധായിക വെറോണിക്ക പെറോട്ട ഗോൺസാൽവസ്. 
ചലച്ചിത്രമേളയുടെ രണ്ടാം ദിവസം ടാഗോറിൽ 'മീറ്റ് ദി ഡയറക്ടർ' സെഷനിൽ സംസാരിക്കുകയായിരുന്നു അവർ. 


കേരളത്തിലേക്ക് ആദ്യമായെത്തുന്ന വെറോണിക്കയുടെ ചിത്രം ലാറ്റിൻ അമേരിക്കൻ വിഭാഗത്തിൽ ശനിയാഴ്ച്ചയാണ് പ്രദർശിപ്പിച്ചത്.  


സിനിമയിൽ മറ്റുള്ളവരുടെ പാതകൾ പിന്തുടരുന്നതിലും സംതൃപ്തി സ്വന്തം പാത വെട്ടി തെളിക്കുന്നതിലാണെന്ന് വിശ്വസിക്കുന്ന വെറോണിക്ക തന്റെ ചിത്രത്തിന്റെ അണിയറ വിശേഷങ്ങളും സംവിധാനത്തിന്റെ ബാലപാഠങ്ങളും  പങ്കുവച്ചു.B"ഏതൊരു കാര്യവും  ആഗ്രഹത്തോടെ ചെയ്‌താൽ അതിന്റെ  എല്ലാ ക്ലേശതകളും  തരണം ചെയ്യാനാകും", എങ്ങനെ ഒരു നല്ല സംവിധായികയോ സംവിധായകനോ ആകാം എന്ന  ചോദ്യത്തിന് ഉത്തരമായി അവർ പറഞ്ഞു. 


സയാമീസ് ഇരട്ടകളായ സഹോദരങ്ങൾ ശസ്ത്രക്രിയയിലൂടെ വേർപെടാൻ തീരുമാനിക്കുന്നതും അതോടനുബന്ധിച്ചുള്ള കഥാസന്ദർഭങ്ങളും  പ്രമേയമാക്കിയ ചിത്രമാണ് 'കേമാഡൂറ ചീന. ' മനുഷ്യമനസ്സുകളുടെ പിരിമുറുക്കങ്ങളയും അഭിനിവേശങ്ങളുമാണ് ചിത്രം ചർച്ച ചെയ്യുന്നത്. 


'എബ്ബ്' എന്ന തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ സംവിധായകൻ ജിയോ ബേബി പങ്കുവെച്ചു. മനുഷ്യാവസ്ഥകളെ ഒപ്പിയെടുത്ത് നൈസർഗികമായ അനുഭൂതി സമ്മാനിക്കാനാണ് സിനിമയിലൂടെ  ശ്രമിക്കുന്നത്. 


സ്നേഹമെന്ന വികാരത്തിലൂടെ മനുഷ്യർക്കുണ്ടാകുന്ന സംഭവവികാസങ്ങളെ കോർത്തിണക്കിയ ചിത്രത്തിന്റെ വിശേഷങ്ങൾക്കപ്പുറം, ഒരു അരങ്ങേറ്റക്കാരന് സിനിമയിലെത്താനുള്ള മാർഗങ്ങൾ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ ജിയോ ബേബി വിവരിച്ചു.


'ഡോണ്ട് ടെൽ മദർ' എന്ന കന്നഡ ചിത്രത്തിന്റെ വിശേഷങ്ങൾ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയ അനിരുദ്ധ് ലോക്കുർ പങ്കുവെച്ചു.  അനിരുദ്ധ്ന്റെ സഹോദരൻ അനൂപ് ലോക്കുറാണ് സിനിമയുടെ സംവിധായകൻ. 
മീര സാഹിബ്‌ മോഡറേറ്ററായ സെഷനിൽ സംവിധായകൻ ബാലു കിരിയത്തും പങ്കെടുത്തു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക