
ന്യൂയോര്‍ക്ക്: പൊതുജന ശ്രദ്ധ ആകര്‍ഷിച്ച വൈവിധ്യങ്ങളായ പരിപാടികള്‍ കാഴ്ച്ച വച്ച ഫോമാ ന്യൂയോര്‍ക്ക് മെട്രോ റീജിയണ്‍ ഈ ഹോളിഡേ സീസണ്‍ ആഘോഷമാക്കുവാന്‍ 'ജിംഗിള്‍ മിംഗിള്‍' എന്ന പരിപാടി ഏവര്‍ക്കുമായി കാഴ്ച വയ്ക്കുന്നു. എല്‍മോണ്ടിലുള്ള കേരളാ സെന്റര്‍ ആഡിറ്റോറിയത്തില്‍ (1824 Fairfax Street, Elmont, NY 11003) 19 വെള്ളിയാഴ്ച വൈകിട്ട് 6:30-ന് ക്രമീകരിച്ചിരിക്കുന്ന അവധിക്കാല ആഘോഷത്തില്‍ സീറോ മലങ്കര കാത്തോലിക് ബിഷപ്പ് അഭിവന്ദ്യ ഫിലിപ്പോസ് മാര്‍ സ്റ്റെഫാനോസ് പിതാവ് മുഖ്യാതിഥി ആയിരിക്കും.
ഫോമാ ന്യൂയോര്‍ക്ക് മെട്രോ റീജിയന്‍ വൈസ് പ്രസിഡന്റ് മാത്യു ജോഷ്വയുടെ നേതൃത്വത്തില്‍ മാര്‍ച്ച് മാസം നടത്തപ്പെട്ട പ്രവര്‍ത്തനോദ്ഘാടനവും ആഗസ്റ്റ് 24-ന് നടത്തപ്പെട്ട പതിനെട്ടാമത് എന്‍. കെ. ലൂക്കോസ് മെമ്മോറിയല്‍ നാഷണല്‍ വോളീബോള്‍ ടൂര്‍ണമെന്റും അവതരണ മികവുകൊണ്ട് ജനശ്രദ്ധ ആകര്‍ഷിക്കപ്പെട്ട പരിപാടികളായിരുന്നു. അവയുടെ വന്‍ വിജയത്തിന്റെ കാലടികള്‍ പിന്തുടര്‍ന്നുകൊണ്ട് ഏവരുടെയും സഹകരണത്താല്‍ നടത്തപ്പെടുന്ന അടുത്ത പരിപാടിയാണ് ഹോളിഡേ ആഘോഷം. ക്രിസ്തുമസ്സിനെയും പുതുവര്‍ഷത്തെയും വരവേല്‍ക്കുവാന്‍ മാനവരാശി തയ്യാറെടുക്കുമ്പോള്‍ അവരോടൊന്നിച്ച് ആഘോഷക്കാലം സമ്പന്നം ആക്കുവാനാണ് പ്രസ്തുത പരിപാടി മെട്രോ റീജിയന്‍ അവതരിപ്പിക്കുന്നത്.
മഞ്ഞു പെയ്യുന്ന രാവുകളും ദീപാലങ്കാരങ്ങളാല്‍ തിളങ്ങുന്ന സന്ധ്യകളും മനംനിറയെ ആസ്വദിച്ച് ആനന്ദിക്കുവാന്‍ അവസരമൊരുക്കുന്ന ഗാന സന്ധ്യയും നൃത്ത-നൃത്യങ്ങളാല്‍ മുഖരിതമാകുന്ന നിമിഷങ്ങളും സമ്മാനിച്ച് ഏവര്‍ക്കും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സന്ദേശങ്ങള്‍ നല്‍കുവാനുള്ള അവസരമായാണ് ഈ പ്രത്യേക ദിനത്തെ സംഘാടകര്‍ മാറ്റുന്നത്. ഫോമാ നാഷണല്‍ നേതാക്കളായ ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗ്ഗീസും ജോയിന്റ് സെക്രട്ടറി പോള്‍ പി ജോസും അവധിക്കാല സന്ദേശങ്ങളും ആശംസകളും നല്‍കുന്നതിനായി പരിപാടിയില്‍ പങ്കെടുക്കുന്നു. തന്‍സിം സജിബിന്റെ നേതൃത്വത്തിലുള്ള ഡി.ജെ. ടീമും, പ്രശസ്ത ഗായകന്‍ പ്രേം കൃഷ്ണന്റെ നേതൃത്വത്തില്‍ സംഗീത പരിപാടിയും, ഡോ. റിയാ ജോണിന്റെ നേതൃത്വത്തിലുള്ള കാലാഹര്‍ട്‌സ് കലാകാരികളുടെ നൃത്ത പരിപാടികളും ആഘോഷ പരിപാടികള്‍ ആനന്ദ സാഗരത്തില്‍ ആക്കുവാന്‍ ക്രമീകരിക്കുന്നു.
ഈ വര്‍ഷം വിവിധ സാമൂഹിക സേവന പരിപാടികള്‍ക്കും മെട്രോ റീജിയണ്‍ പദ്ധതിയിടുന്നുണ്ട്. കേരളത്തിലെ നിര്‍ധനരായ പത്ത് വനിതകള്‍ക്ക് ജീവിത മാര്‍ഗ്ഗം നേടുവാന്‍ ഉതകുന്ന പത്ത് തയ്യല്‍ മെഷീനുകള്‍ നല്‍കുന്ന ജീവകാരുണ്യ പദ്ധതിയും ആഘോഷ പരിപാടിയില്‍ നടത്തപ്പെടുന്നു. അതിനായി ആയിരം ഡോളര്‍ സമാഹരിച്ച് നല്‍കുന്നതിനാണ് ക്രമീകരണം ചെയ്യുന്നത്. ഒരു തയ്യല്‍ മെഷീന് നൂറു ഡോളര്‍ എന്ന നിരക്കില്‍ സംഭാവന ചെയ്യുന്നതിന് മനുഷ്യ സ്‌നേഹികളായ ഏതാനുംപേര്‍ തയ്യാറെടുത്തു മുമ്പോട്ട് വന്നിട്ടുണ്ട്. രണ്ടോ മൂന്നോ വ്യക്തികള്‍ കൂടി തയ്യല്‍ മെഷീന്‍ നല്‍കുന്ന പദ്ധതിയില്‍ പങ്കെടുത്താല്‍ ചുരുങ്ങിയത് പത്ത് പേര്‍ക്കെങ്കിലും ജീവിതമാര്‍ഗ്ഗം നല്‍കുവാന്‍ ഈ പദ്ധതിമൂലം സാധിക്കും എന്ന് സംഘാടകര്‍ പ്രത്യാശിക്കുന്നു. 'ഫോമാ ചാരിറ്റി ബഡീസ്' എന്ന പദ്ധതിയിലൂടെ ഒരു രോഗിയുടെ ചികിത്സക്ക് ആവശ്യമായ തുക നല്‍കിക്കഴിഞ്ഞു. കൂടുതല്‍ ജീവകാരുണ്യ പദ്ധതികള്‍ നടത്തുവാന്‍ തയ്യാറെടുക്കുന്നു.
റീജിയണല്‍ വൈസ് പ്രസിഡന്റ് മാത്യു ജോഷ്വ, ചെയര്‍മാന്‍ ഫിലിപ്പോസ് കെ. ജോസഫ്, റീജിയണല്‍ സെക്രട്ടറി ബോബി, ട്രഷറര്‍ ബിഞ്ചു ജോണ്‍ എന്നിവരും, മറ്റ് കമ്മറ്റി അംഗങ്ങളും ചേര്‍ന്ന് പരിപാടികള്‍ വിജയിപ്പിക്കുന്നതിന് പരിശ്രമിക്കുന്നു. പ്രസ്തുത അവധിക്കാല ആഘോഷ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. പ്രവേശനം പാസ്സുമൂലം നിയന്ത്രിക്കുന്നതാണ്.