Image

വിശ്വാസത്തിൻ്റെ പ്രഖ്യാപനം! കൊപ്പേലിൽ സീറോ മലബാർ കൺവെൻഷൻ കിക്കോഫ് വൻവിജയം; രജിസ്ട്രേഷൻ തരംഗം

മാർട്ടിൻ വിലങ്ങോലിൽ Published on 13 December, 2025
വിശ്വാസത്തിൻ്റെ പ്രഖ്യാപനം!  കൊപ്പേലിൽ സീറോ മലബാർ കൺവെൻഷൻ കിക്കോഫ് വൻവിജയം; രജിസ്ട്രേഷൻ തരംഗം

കൊപ്പേൽ / ടെക്‌സാസ്  : ഇന്ത്യയ്ക്ക് പുറത്തെ പ്രഥമ സീറോ മലബാർ രൂപതയായ ചിക്കാഗോ രൂപതയുടെ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന  സീറോ മലബാർ ദേശീയ കൺവെൻഷൻ്റെ ഔദ്യോഗിക കിക്കോഫ്, കോപ്പൽ സെൻ്റ് അൽഫോൻസാ ദേവാലയത്തിൽ നടന്നു.  രൂപതാ അധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് കിക്കോഫ് നിർവഹിച്ചു.

ഇടവക വികാരി ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ട്, അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കുളത്തൂർ കുര്യൻ,  ഇടവകാംഗങ്ങളും ചേർന്ന് അഭിവന്ദ്യ പിതാവിനേ സ്നേഹോഷ്മളമായി സ്വീകരിച്ചു. ഇടവകയിലെ കൺവെൻഷൻ പ്രതിനിധികളും  ട്രസ്റ്റിമാരുമായ  ജോഷി കുര്യാക്കോസ്, റോബിൻ  കുര്യൻ,  റോബിൻ ജേക്കബ്  ചിറയത്ത്, രഞ്ജിത്ത് മാത്യു തലക്കോട്ടൂർ, സെബാസ്റ്റ്യൻ പോൾ (സെക്രട്ടറി) എന്നിവർ കിക്കോഫ് വിജയകരമാക്കുന്നതിൽ  നേതൃത്വം നൽകി. നിരവധിപേരാണ് ഇടവകയിൽ നിന്ന് കൺവൻഷനു പങ്കെടുക്കാൻ തദവസരത്തിൽ രജിസ്റ്റർ ചെയ്തത്.

മാർ. ജോയ് ആലപ്പാട്ട്‌ വിശ്വാസികളെ അഭിസംബോധന ചെയ്തു.  രൂപത സ്‌ഥാപിതമായ ശേഷം  85 ഓളം ദേവാലയങ്ങളും 75  വൈദികരും  ഉള്ള വലിയ സഭാസമൂഹമായി  സീറോ മലബാർ സഭ അമേരിക്കയിൽ പടർന്നു പന്തലിച്ചു.   അമേരിക്കയിലെ ഒരു വലിയ കുടുംബമായി അതിവേഗം വളർന്ന സഭക്കു  കൂടുതൽ ഉണർവ്  നേടാനുള്ള സമയമാണിതെന്നും  മാർ. ജോയ് ആലപ്പാട്ട്‌ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

തലമുറകളുടെ സംഗമം, സൗഹൃദ കൂട്ടായ്മ, ശോഭനമായ സഭയുടെ  ഭാവിക്കുവേണ്ടിയുള്ള ചർച്ചകൾ, യുവജന പങ്കാളിത്തം എന്നിവയാണ് ഈ കൺവെൻഷനിലൂടെ ലക്ഷ്യമിടുന്നതെന്നും  വിശ്വാസ പ്രഘോഷണത്തിന്റെ  ഈ മഹാസമ്മേളനത്തിലേക്ക് രൂപതയിലെ എല്ലാ കുടുംബങ്ങളേയും  സ്നേഹപൂർവ്വം  ക്ഷണിക്കുന്നതായും   മാർ ജോയ് ആലപ്പാട്ട്‌  പറഞ്ഞു.

രൂപതയുടെ പ്രഥമ മെത്രാനായ മാർ. ജേക്കബ് അങ്ങാടിയത്തിൻ്റെ മെത്രാഭിഷേക രജതജൂബിലി കൂടിയാണ് ഈ വേളയിൽ ആഘോഷിക്കുന്നത്. കഴിഞ്ഞ 25 വർഷങ്ങളിലായി രൂപത കൈവരിച്ച വളർച്ചയിൽ പങ്കാളികളായ ഏവരെയും മാർ. ആലപ്പാട്ട്‌ ആദരപൂർവ്വം ഓർമ്മിച്ചു. ഇടവക വികാരി ഫാ. മാത്യു , ഇടവകാംഗങ്ങളുടെ പൂർണ്ണ സഹകരണവും പങ്കാളിത്തവും വാഗ്ദാനം ചെയ്തു.

കൺവൻഷൻ  ഫിനാൻസ് ചെയർമാൻ ആൻഡ്രൂസ് തോമസ്,  നാഷണൽ ഫിനാൻസ് കോർഡിനേറ്റർ ജോൺസൺ കണ്ണൂക്കാടൻ,  ടെക്നോളജി ചീഫ് കോർഡിനേറ്റർ ജോർജ് നെല്ലിക്കുന്നേൽ  എന്നിവർ   സംസാരിച്ചു.

2026 ജൂലൈ 9 മുതൽ 12 വരെയാണ് എട്ടാമത് ദേശീയ  സീറോ മലബാർ കൺവൻഷൻ നടക്കുന്നത്. ചിക്കാഗോ നഗരത്തിലെ പ്രശസ്തമായ മക്കോർമിക് പ്ലേസും അതോട് ചേർന്നുള്ള പ്രമുഖ  മൂന്ന് ഹോട്ടൽ സമുച്ചയങ്ങളും  കൺവെൻഷനു വേദിയാകും.

ബുക്കിങ് നിരക്കിൽ പ്രത്യേക  ഇളവ് : കൂടുതൽ പങ്കാളിത്തം ഉറപ്പാക്കാൻ ഡിസംബർ 31 വരെ ഡിസ്‌കൗണ്ട് നിരക്കിൽ കൺവൻഷനു രജിസ്റ്റർ ചെയ്യാൻ അവസരമുണ്ടാകും.  എല്ലാവരും ഈ അവസരം ഉപയോഗിക്കണമെന്ന്  ആൻഡ്രൂസ് തോമ്സ് അഭ്യർഥിച്ചു. കൺവെൻഷൻ നാഷണൽ ഫണ്ട് റൈസിംഗ് കോർഡിനേറ്റർ ജോൺസൺ കണ്ണൂക്കാടൻ കൺവെൻഷനോട് അനുബന്ധിച്ച് നടത്തുന്ന പ്രോഗ്രാമുകളെപ്പറ്റി വിശദീകരിച്ചു.

ദിവസേനയുള്ള ദിവ്യബലി, ആരാധന എന്നിവയോടൊപ്പം, വിവിധ സെമിനാറുകൾ, കുട്ടികൾക്കും മുതിർന്നവർക്കും , യുവാക്കൾക്കും വ്യത്യസ്ത  ട്രാക്കുകളിലായാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. രിപാടികൾ ഒരുക്കുന്നത്.   സംഘടനാ കൂട്ടായ്മകൾ, കലാപരിപാടികൾ, വിധ മത്സരങ്ങൾ എന്നിവയും ഉണ്ടായിരിക്കുന്നതാണ്.

ഇടവകാംഗങ്ങളുടെയും ഹൃദ്യമായ സ്വീകരണത്തിനും സഹകരണത്തിനും  കൺവെൻഷൻ ടീം പ്രത്യേകം നന്ദി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും www.syroconvention.org എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. 
 

Join WhatsApp News
Joseph Valiyathadathil 2025-12-13 02:54:10
ഞാൻ സീറോയുടെയും, SMCC തുടങ്ങിയവയും ചില കൺവെൻഷനുകളിൽ പോയിട്ടുണ്ട്. ഇപ്രാവശ്യവും വരണമെന്ന് ഉണ്ടായിരുന്നു. പക്ഷേ ചില സംഗതികൾ ഓർക്കുമ്പോൾ എനിക്ക് കൺവെൻഷൻ വരാൻ യാതൊരു താൽപര്യവും തോന്നുന്നില്ല. കാരണം അച്ഛന്മാരുടെയും, മെത്രാന്മാരുടെയും, വളരെ നീണ്ട നീണ്ട ഉൽബോധനങ്ങളും, ആവർത്തനവിരസമായ പ്രസംഗങ്ങളുമാണ്. ഈ പുരോഹിതരെ ഓരോരുത്തരായി എല്ലാ സമ്മേളനങ്ങളിലും സ്റ്റേജുകളിലും വന്നു കുത്തിയിരുന്ന്, ഒരു അമാനുഷ ദൈവങ്ങളെ മാതിരി ഉപദേശപ്രസംഗങ്ങളുടെ ഒരു പെരുമഴയാണ്. അത് കേട്ട പലരും ഉറക്കത്തിലാകുന്നു, കുഞ്ഞുങ്ങൾ എരിവിരി കൊണ്ട് കരയുന്നു. പണവും മുടക്കി കൺവെൻഷന് വരുന്ന സാധാരണക്കാരായ വിശ്വാസികളുടെ ക്ഷമയോ സമയമോ സംഘാടകർക്ക് അവർക്ക് ഒരു പ്രശ്നമേ അല്ല. അവരൊക്കെ ദന്തഗോപുരങ്ങളിൽ സാധാരണ വിശ്വാസികളിൽ നിന്ന് ഒത്തിരി അകലെയാണ്. അവർ ചോദ്യം ചെയ്യാനോ ഇതിനൊരു മാറ്റം വരുത്താനോ ഇവിടത്തെ കുഞ്ഞാടുകൾക്കോ, വിശ്വാസികൾക്ക് ഭയമാണ്. ആരെങ്കിലും ഒരു മാറ്റം വേണമെന്ന് ആഗ്രഹിച്ചു പറഞ്ഞാൽ, ആ പറയുന്ന വ്യക്തികളെ വിമതരായി കണക്കാക്കി തുരത്തും. ആ ഒരു രീതി മാറുകയായിരുന്നെങ്കിൽ നന്നായിരുന്നു. ആ രീതി മാറിയാലേ നമ്മൾ ദൈവത്തെങ്കിലേക്ക് അടുക്കുകയുള്ളൂ. ഞങ്ങൾക്കും, പറയാനും, പ്രസംഗിക്കാനും, കലാപ്രകടനങ്ങൾ പുരോഹിതരുടെ കൈകടത്തൽ ഇല്ലാതെ നടത്താനും ഉള്ള ഒരു സ്വാതന്ത്ര്യം തരിക. സംഗതി ഒരുതരത്തിൽ ജനകീയമാക്കുക, അൽമേനി വൽക്കരിക്കുക. ഓർക്കുകയാണ് ഏറ്റവും ആദ്യത്തെ കൺവെൻഷൻ ഒരുതരം ജനകീയമായിരുന്നു. പിന്നീട് ഇവയൊക്കെ മെത്രാ പുരോഹിതരുടെയും പരിപൂർണ്ണ കസ്റ്റഡിയിൽ ആയി. അവരുടെ കസ്റ്റഡിയിൽ ആയിക്കഴിഞ്ഞാൽ പിന്നീട് ഒന്ന് അൽമേനി വൽക്കരിക്കണമെങ്കിൽ അതൊരു ഹിമാലയൻ ടാസ്ക് ആണ്. അതിനു മുതിരുന്നവരെ നിരീശ്വരന്മാരും, വൃത്തികെട്ടവന്മാരും ഒക്കെയായി മുദ്രകുത്തി പുറന്തള്ളും. . വന്നുവന്ന്, FOKANA- FOMA സമാജം ഉദ്ഘാടനം നടത്തുന്നതും ഒക്കെ ഈ പുരോഹിത വൃന്ദമായി മാറിയിരിക്കുകയാണ്. സാധാരണ വിശ്വാസിക്ക് യാതൊരു സ്ഥാനവും ശബ്ദവും ഇല്ലാതെ ഓരോ പരിപാടിയും മാറിക്കൊണ്ടിരിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക