Image

വെറുമൊരു പാട്ടല്ല ജ്ഞാനപ്പാന; ജീവിതമുണ്ട് അതിൽ (രവിമേനോൻ)

Published on 12 December, 2025
വെറുമൊരു പാട്ടല്ല ജ്ഞാനപ്പാന; ജീവിതമുണ്ട് അതിൽ (രവിമേനോൻ)

ചന്ദനചർച്ചിതനായ ഗുരുവായൂരപ്പനെ താണുവണങ്ങുമ്പോഴും ചുറ്റമ്പലത്തിലൂടെ  പ്രദക്ഷിണം വെക്കുമ്പോഴും അമ്പലച്ചുമരുകളിലെ ചാരുചിത്രങ്ങൾ കൗതുകത്തോടെ കണ്ടുനിൽക്കുമ്പോഴുമെല്ലാം  കാതിൽ മുഴങ്ങിക്കൊണ്ടേയിരുന്നു ഇമ്പമാർന്ന  ആ ശബ്ദത്തിൽ പൂന്താനത്തിന്റെ ചിന്തോദ്ദീപകമായ  വരികൾ:  

"കൂടിയല്ലാ പിറക്കുന്ന നേരത്തും

കൂടിയല്ലാ മരിക്കുന്ന നേരത്തും,

മദ്ധ്യേയിങ്ങനെ കാണുന്ന നേരത്ത്

മത്സരിക്കുന്നതെന്തിനു നാം വൃഥാ?"

അവസാനത്തെ കൂടിക്കാഴ്‌ച  കഴിഞ്ഞു  വിടവാങ്ങവേ പി ലീല പതുക്കെ ഉരുവിട്ടു കേൾപ്പിച്ചതും  "ജ്ഞാനപ്പാന"യിലെ ആ വരികൾ   തന്നെ ."പാടിക്കൊണ്ടിരിക്കേ മരിക്കണം എന്നാണു  മോഹം.പക്ഷേ നമുക്ക് മോഹിക്കാനല്ലേ പറ്റൂ. എല്ലാം നിശ്‌ചയിക്കുന്നതു ഗുരുവായൂരപ്പനല്ലേ?'' --  ചെന്നൈ ഡിഫൻസ് ഓഫീസേഴ്‌സ് കോളനിയിലെ "വൃന്ദാവന''ത്തിൽ   നിന്ന് യാത്ര പറഞ്ഞിറങ്ങുമ്പോൾ   പൂമുഖം വരെ അനുഗമിച്ചുകൊണ്ട്, പതിവിലേറെ ക്ഷീണിതമായ ശബ്ദത്തിൽ    അവർ പറഞ്ഞു.  

ഗേറ്റ് തുറന്നു പുറത്തിറങ്ങിയ ശേഷം ഏതോ ഒരു ഉൾവിളിയാലെന്നവണ്ണം തിരിഞ്ഞുനോക്കിയപ്പോൾ കണ്ടത് വാതിൽ ചാരിനിന്നുകൊണ്ട് പുഞ്ചിരിച്ചുവെന്നു വരുത്താൻ വൃഥാ ശ്രമിക്കുന്ന ലീലയുടെ  രൂപം.  ആഴ്ചകൾക്കകം ശ്രീ രാമചന്ദ്രാ മെഡിക്കൽ സെന്ററിൽ വെച്ച് തെന്നിന്ത്യയുടെ ആദ്യത്തെ പൂങ്കുയിൽ ഓർമ്മയായി.  ജീവിതത്തിന്റെ അസ്തമന യാമങ്ങളിലും ആ ചുണ്ടുകൾ അസ്പഷ്ടമായി മന്ത്രിച്ചുകൊണ്ടിരുന്നത്  ജ്ഞാനപ്പാനയിലെ ശ്ലോകങ്ങളായിരുന്നു എന്ന് ആശുപത്രിയിൽ അവരെ കാണാൻ ചെന്നവർ പലരും പറഞ്ഞുകേട്ടപ്പോൾ അത്ഭുതം തോന്നിയില്ല. അവരുടെ ആത്മാവിന്റെ ഭാഗമായിരുന്നല്ലോ ആ വരികൾ. "സന്തോഷം വരുമ്പോൾ അഹങ്കരിക്കാതിരിക്കാനും  വേദന തോന്നുമ്പോൾ തളർന്നു പോകാതിരിക്കാനും എന്നെ സഹായിച്ചത്  ആ  ശ്ലോകങ്ങളാണ്.'' ലീല ഒരിക്കൽ പറഞ്ഞു.  

പുത്രവിയോഗത്തിന്റെ വേദന മറികടക്കാൻ വേണ്ടി ഗുരുവായൂരപ്പന്റെ ഇച്ഛാനുസരണം പൂന്താനം രചിച്ച കാവ്യമാണ് ജ്ഞാനപ്പാന എന്നാണ് ഐതിഹ്യം. ഐഹിക ജീവിതത്തിന്റെ നിരർത്ഥകത മുഴുവൻ   പ്രതിഫലിക്കുന്ന ദാർശനിക രചന.  പി ലീലയുടേതല്ലാതെ മറ്റാരുടെയെങ്കിലും ശബ്ദത്തിൽ സങ്കല്പിക്കാനാകുമോ ജയവിജയന്മാർ സ്വരപ്പെടുത്തിയ ആ വരികൾ? പരസ്പരം അത്ര കണ്ട് ഇഴുകിച്ചേർന്നിരിക്കുന്നു  ഗായികയും ഗാനവും ആശയവും. ലീലയിൽ നിന്ന് ജ്ഞാനപ്പാനയെയും ജ്ഞാനപ്പാനയിൽ നിന്ന് ലീലയെയും വേറിട്ടുകാണുക അചിന്ത്യം.

ഇരട്ട സഹോദരനായ വിജയനോടൊപ്പം  സിനിമക്കും നാടകങ്ങൾക്കും ആൽബങ്ങൾക്കും വേണ്ടി ആയിരക്കണക്കിന് പാട്ടുകൾ മിനഞ്ഞെടുത്തിട്ടുണ്ട് ജയൻ മാസ്റ്റർ; ഭക്തിഗാനങ്ങളും പ്രണയഗാനങ്ങളും ദാർശനിക ഗാനങ്ങളും മാപ്പിളപ്പാട്ടുകളും തൊട്ട് ഹാസ്യഗാനങ്ങൾ വരെ.  അവയിൽ നിന്ന്  ഏറ്റവും ആത്മസംതൃപ്‌തി പകർന്ന സൃഷ്ടി തിരഞ്ഞെടുക്കാൻ പറഞ്ഞാൽ നിസ്സംശയം  ജ്ഞാനപ്പാന തിരഞ്ഞെടുക്കും ജയൻ മാസ്റ്റർ.. "സംഗീത ജീവിതം സാർത്ഥകമായി എന്ന് തോന്നുക പുലർവേളയിൽ  ഗുരുവായൂർ സന്നിധിയിൽ നിന്നുകൊണ്ട് ലീലയുടെ ശബ്ദത്തിൽ  ജ്ഞാനപ്പാന കേൾക്കുമ്പോഴാണ്."-- ജയൻ മാസ്റ്ററുടെ വാക്കുകൾ. "മനുഷ്യ ജീവിതത്തിന്റെ ഒരു പരിച്ഛേദം തന്നെയാണ് ആ കൃതി. ഓരോ വരിയിലും സ്പന്ദിക്കുന്നത് ജീവിതത്തെക്കുറിച്ചുള്ള അമൂല്യമായ വീക്ഷണങ്ങൾ. ആദ്യ വായനയിൽ തന്നെ ആ വരികളുടെ ഈണം ഞങ്ങളുടെ മനസ്സിൽ വന്നു നിറഞ്ഞു എന്നതാണ് സത്യം. ഗുരുവായൂരപ്പന്റെ ലീല എന്നല്ലാതെ മറ്റൊന്നും പറയാനില്ല."  

ജ്ഞാനപ്പാന റെക്കോർഡ് ചെയ്യുന്ന സമയത്ത്  ഡോ ബാലമുരളീകൃഷ്ണയുടെ കീഴിൽ സംഗീതാഭ്യസനം നടത്തുകയാണ് ജയവിജയന്മാർ. താമസം മൈലാപ്പൂരിലെ ഒരു ലോഡ്ജ് മുറിയിൽ. സിനിമയിൽ അവസരം ലഭിച്ചു തുടങ്ങിയിട്ടില്ല അന്ന്.  ഗുരുവായൂർ ദേവസ്വത്തിന് വേണ്ടി ഒരു ആൽബം ചെയ്യണം എന്ന് ഗ്രാമഫോൺ കമ്പനി ആവശ്യപ്പെട്ടപ്പോൾ  അത് സ്വീകരിക്കാൻ രണ്ടു വട്ടം ആലോചിക്കേണ്ടി വന്നില്ല അവർക്ക്. അങ്ങേയറ്റം ലളിതമാണ് വരികൾ. ആശയമാകട്ടെ ഗഹനവും. "ഏത് സാധാരണക്കാരനും പെട്ടെന്ന് മനസ്സിലാക്കാനും ഉൾക്കൊള്ളാനും കഴിയുന്ന രീതിയിൽ അവ ചിട്ടപ്പെടുത്തണമെന്ന് തുടക്കത്തിലേ തീരുമാനിച്ചിരുന്നു ഞങ്ങൾ. രാഗങ്ങളുടെ തിരഞ്ഞെടുപ്പിലും  ലാളിത്യത്തിനു തന്നെയാണ് മുൻ‌തൂക്കം നൽകിയത്.''-- ജയൻ. 

ലീലയുടെ ശബ്ദത്തിൽ റെക്കോർഡ് ചെയ്ത ഇഷ്ടദൈവമേ സ്വാമീ ശരണമയ്യപ്പാ, ഹരിഹരസുതനേ എന്നീ ഗാനങ്ങൾ  കേരളത്തിലെങ്ങും തരംഗമായി മാറിത്തുടങ്ങിയ കാലത്താണ് ജ്ഞാനപ്പാനയിലെ ശ്ലോകങ്ങൾ  ചിട്ടപ്പെടുത്താൻ എച്ച്  എം വി ജനറൽ മാനേജർ തങ്കയ്യയുടെ ക്ഷണം. "സന്തോഷപൂർവം തന്നെ ഞങ്ങൾ ആ ക്ഷണം സ്വീകരിച്ചു. സ്വയം ചിട്ടപ്പെടുത്തി പാടണം എന്നായിരുന്നു ആഗ്രഹം. പക്ഷേ എച്ച് എം വിക്ക്‌ ലീലയെ കൊണ്ട് പാടിക്കണം എന്നു നിർബന്ധം. ആഞ്ഞം  മാധവൻ നമ്പൂതിരിയുടെ ആഗ്രഹമായിരുന്നുവത്രേ അത്. എന്തായാലും ഒരു മാസത്തിനകം ലീലയുടെ ശബ്ദത്തിൽ ചെന്നൈയിലെ എച്ച് എം വി സ്റ്റുഡിയോയിൽ ഞങ്ങൾ ജ്ഞാനപ്പാന റെക്കോഡ് ചെയ്തു. ഇന്നും ഗുരുവായൂരിൽ മുഴങ്ങിക്കേൾക്കുന്നത് അന്ന് പിറന്നുവീണ  ശ്ലോകങ്ങളാണ്..''  

ജ്ഞാനപ്പാന ആദ്യം റെക്കോർഡ് ചെയ്യുമ്പോൾ തെറ്റില്ലാതെ പാടാൻ കഴിയണേ എന്നൊരു പ്രാർത്ഥനയേ  ഉണ്ടായിരുന്നുള്ളൂ ലീലയുടെ മനസ്സിൽ. അർത്ഥവും ആശയങ്ങളുടെ വ്യാപ്തിയും മനസ്സിലാക്കിയത് പിന്നീട് അതാവർത്തിച്ചു കേട്ടപ്പോഴാണ്. "നമ്മുടെ ജീവിതത്തിലെ എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരമുണ്ട് ജ്ഞാനപ്പാനയിൽ. മനസ്സിനെ വിഷമിപ്പിക്കുന്ന അനുഭവങ്ങൾ ഉണ്ടാകുമ്പോൾ, എന്തെങ്കിലും കാര്യത്തിൽ തീരുമാനമെടുക്കാനാകാതെ വരുമ്പോൾ ജ്ഞാനപ്പാന വായിച്ചുനോക്കും. അതിലില്ലാത്ത ഒന്നുമില്ല. എണ്ണിയെണ്ണി കുറയുന്നിതായുസ്സും മണ്ടിമണ്ടിക്കരേറുന്നു മോഹവും എന്ന ഒരൊറ്റ വരിയിൽ ഒരു വലിയ പ്രാപഞ്ചിക ദർശനം ഒതുക്കിവെക്കാൻ  പൂന്താനത്തിനല്ലാതെ മറ്റാർക്ക് കഴിയും? ഏതുകാലത്തും പ്രസക്തമല്ലേ ആ വരി..'' -- ലീല ഒരിക്കൽ പറഞ്ഞു. 

ചെന്നൈ മൗണ്ട് റോഡിലെ എച്ച് എം വി സ്റ്റുഡിയോയിൽ നടന്ന റെക്കോർഡിംഗ് മറക്കാൻ പറ്റില്ല. "പാടുന്നതിനിടെ പലപ്പോഴും ലീല വികാരാധീനയായി. ചില വരികൾ പാടുമ്പോൾ കരച്ചിലടക്കാൻ പ്രയാസപ്പെടുന്നുണ്ടായിരുന്നു അവർ. ഒന്നുരണ്ടു തവണ ശരിക്കും കരഞ്ഞുപോയി എന്നതാണ് സത്യം.  സ്വന്തം  ജീവിതാനുഭവങ്ങളുമായി ആ വരികളിലെ ആശയം  ചേർന്നുനിന്നതു കൊണ്ടാവാം. റെക്കോർഡിംഗ് കഴിഞ്ഞ് ഏറെ നേരം മിണ്ടാനേ കഴിഞ്ഞില്ല അവർക്ക്.''-- ജയൻ മാസ്റ്ററുടെ ഓർമ്മ. 

മേൽപ്പുത്തൂരിന്റെ നാരായണീയത്തെപ്പോലെ സംസ്കൃത ബഹുലമല്ല പൂന്താനത്തിന്റെ ജ്ഞാനപ്പാന. ലളിതമായ മലയാളത്തിലാണ് രചന. ഗഹനമായ ആശയങ്ങൾ പോലും ഇളംതൂവലുകളായി  ഭക്തഹൃദയങ്ങളെ തഴുകുന്നു. "രാഗമാലികയായാണ് ജ്ഞാനപ്പാന ചിട്ടപ്പെടുത്തിയത്. ഇരുപത് വരികൾക്ക് ഒരു രാഗം എന്ന തോതിൽ. ശാസ്ത്രീയ സംഗീതത്തിൽ വ്യുൽപ്പത്തിയുള്ള ലീല  ആലാപനം വെല്ലുവിളിയായിത്തന്നെ കണ്ടു. ഉച്ചാരണസ്ഫുടതയുടെ കാര്യത്തിലും നിർബന്ധമുണ്ടായിരുന്നു അവർക്ക്.'' 

പി ലീല ഓർമ്മയായി രണ്ടു ദശകം പിന്നിട്ടു.  കഴിഞ്ഞ വർഷം ഏപ്രിലിലായിരുന്നു ജയൻ മാസ്റ്ററുടെ വേർപാട്. ആറു പതിറ്റാണ്ടുകൾ നീണ്ട  ജയൻ മാസ്റ്ററുടെ  സംഗീത യാത്രയുടെ ആരംഭബിന്ദുവിൽ ചരിത്രനിയോഗം പോലെ ജ്ഞാനപ്പാനയുണ്ട്; പി ലീലയും. " പുലർച്ചെ ഗുരുവായൂർ സന്നിധിയിൽ  ചെന്നുനിന്ന് ലീലയുടെ ശബ്ദത്തിൽ ജ്ഞാനപ്പാന കേൾക്കുമ്പോൾ തോന്നുന്ന അനുഭൂതിക്ക് പകരം വെക്കാൻ മറ്റൊന്നില്ല. സാക്ഷാൽ ഭഗവാൻ തന്നെയല്ലേ ലീലയുടെ സ്വരത്തിൽ പാടുന്നതെന്ന് തോന്നും ചിലപ്പോൾ. അത്രയും താദാത്മ്യം പ്രാപിച്ചിരിക്കുന്നു ഗാനവും ഈണവും ഗായികയുടെ ഹൃദയവും. എല്ലാം ഗുരുവായൂരപ്പന്റെ ലീല....'' --  മാസ്റ്ററുടെ വാക്കുകൾ ഓർമ്മവരുന്നു.  

 കടപ്പാട് : മാതൃഭൂമി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക