
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെണ്ണലിനായി സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജീകരിച്ചു. വോട്ടെണ്ണൽ 13\12\2025 രാവിലെ 8 മണിക്ക് ആരംഭിക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ വോട്ടെണ്ണൽ ബ്ലോക്കുതല കേന്ദ്രങ്ങളിലും, നഗരസഭ, കോർപറേഷൻ തലങ്ങളിൽ അതത് സ്ഥാപനങ്ങളുടെ കേന്ദ്രങ്ങളിലുമാണ് നടക്കുക. ബ്ലോക്കുതല കേന്ദ്രങ്ങളിൽ ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്ക് ഒരു ഹാളും, ബ്ലോക്ക് പരിധിയിലെ ഗ്രാമപ്പഞ്ചായത്ത് വരണാധികാരികൾക്ക് പ്രത്യേകം ഹാളുകളും ഒരുക്കും.
ആദ്യം വരണാധികാരിയുടെ മേശയിൽ തപാൽ ബാലറ്റുകളാണ് എണ്ണിത്തുടങ്ങുക. വോട്ടെണ്ണൽ തുടങ്ങുന്നതിനു തൊട്ടുമുൻപുവരെ ലഭിക്കുന്ന തപാൽ വോട്ടുകൾ കവർ പൊട്ടിച്ച്, എല്ലാ ഫോമുകളും ഉണ്ടോയെന്ന് പരിശോധിച്ച ശേഷമാകും എണ്ണുക.
നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന തപാൽ ബാലറ്റുകൾ ‘വൈകി ലഭിച്ചു’ എന്ന് രേഖപ്പെടുത്തി എണ്ണാതെ മാറ്റിവയ്ക്കും. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ തപാൽ ബാലറ്റുകൾ അതത് വരണാധികാരികളുടെ മേശകളിലും, ജില്ലാ പഞ്ചായത്തുകളിലെ തപാൽ ബാലറ്റുകൾ എണ്ണാനുള്ള കേന്ദ്രങ്ങൾ കളക്ടറേറ്റുകളിലുമാണ് സജ്ജീകരിക്കുക.
വരണാധികാരി, ഉപവരണാധികാരി, നിരീക്ഷകർ, സ്ഥാനാർഥികൾ, ഏജൻ്റുമാർ എന്നിവരുടെ സാന്നിധ്യത്തിൽ സ്ട്രോങ് റൂം തുറന്ന് ഓരോ വാർഡിലെയും വോട്ടിങ് മെഷീനുകളുടെ കൺട്രോൾ യൂണിറ്റുകൾ വോട്ടെണ്ണൽ ഹാളിലേക്ക് എത്തിക്കും. വാർഡ് 1 മുതലുള്ള ക്രമത്തിലാണ് മെഷീനുകൾ എത്തിക്കുക. ഒരു വാർഡിലെ എല്ലാ ബൂത്തുകളും ഒരു മേശയിൽ എണ്ണും. കൺട്രോൾ യൂണിറ്റിൽ സീൽ, ടാഗ് എന്നിവ ഉണ്ടോയെന്ന് പരിശോധിച്ച് ഉറപ്പാക്കിയ ശേഷമാണ് വോട്ടെണ്ണൽ ആരംഭിക്കുക.
ത്രിതല പഞ്ചായത്തുകൾക്ക്, ഓരോ മേശയിലും കൗണ്ടിങ് സൂപ്പർവൈസർ, 2 കൗണ്ടിങ് അസിസ്റ്റന്റുമാർ എന്നിവർ ഉണ്ടാകും. നഗരസഭ/കോർപറേഷൻ: ഇവിടെ ഒരു കൗണ്ടിങ് സൂപ്പർവൈസറും ഒരു കൗണ്ടിങ് അസിസ്റ്റൻ്റുമാണ് ഉണ്ടാവുക. സ്ഥാനാർഥിയുടെയോ അവർ നിയോഗിക്കുന്ന കൗണ്ടിങ് ഏജൻ്റുമാരുടെയോ സാന്നിധ്യം ഓരോ മേശയിലും ഉറപ്പാക്കും.