Image

കെ.എച്ച്.എന്‍.എ സൗത്ത് വെസ്റ്റ് -സതേണ്‍ കാലിഫോര്‍ണിയ ആര്‍ വി പി യായി വിനോദ് ബാഹുലേയനെ നാമനിര്‍ദേശം ചെയ്തു

(കെ.എച്ച്.എന്‍.എ ന്യൂസ് മീഡിയ) Published on 12 December, 2025
 കെ.എച്ച്.എന്‍.എ സൗത്ത് വെസ്റ്റ് -സതേണ്‍ കാലിഫോര്‍ണിയ ആര്‍ വി പി യായി  വിനോദ് ബാഹുലേയനെ നാമനിര്‍ദേശം ചെയ്തു

ലോസ് ഏഞ്ചലസ്: നോര്‍ത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ കേന്ദ്ര സംഘടനയായ കെ.എച്ച്.എന്‍.എ (KHNA) യുടെ സൗത്ത് വെസ്റ്റ്(സതേണ്‍ കാലിഫോര്‍ണിയ) റീജിയണല്‍ വൈസ് പ്രസിഡന്റായി (RVP) സതേണ്‍ കാലിഫോര്‍ണിയയില്‍ നിന്നുള്ള വിനോദ് ബാഹുലേയനെ നാമനിര്‍ദേശം ചെയ്തു. ദീര്‍ഘകാലമായുള്ള സംഘടനാ രംഗത്തെ അനുഭവസമ്പത്തും സാമൂഹിക സേവന രംഗത്തെ പ്രതിബദ്ധതയും കണക്കിലെടുത്താണ് സംഘടനയുടെ ഈ തീരുമാനം.

വിവിധ ഘട്ടങ്ങളില്‍ കെ.എച്ച്.എന്‍.എയുടെ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ പദവികളില്‍ പ്രവര്‍ത്തിച്ച മികച്ച സംഘാടകനാണ് അദ്ദേഹം. നിലവില്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളീസ് (OHM) ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചു വരുന്നു. സംഘടനയുടെ കീഴില്‍ വര്‍ഷം തോറും നടക്കുന്ന നിരവധി പരിപാടികള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കുന്നു. കേരളത്തിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിന് സഹായം നല്‍കുന്ന 'എഡ്യൂക്കേറ്റ് എ കിഡ്' (Educate A Kid) പദ്ധതിയുടെ ഇരുപതാം വാര്‍ഷികം അടുത്തിടെ വിപുലമായി ആഘോഷിക്കുന്നതില്‍ അദ്ദേഹം മുഖ്യ പങ്കുവഹിച്ചു.

ചെന്നൈയില്‍ ജനിച്ചുവളര്‍ന്ന വിനോദിന്റെ സ്വദേശം എറണാകുളമാണ്. ഇപ്പോള്‍ കുടുംബസമേതം ലോസ് ഏഞ്ചലസിലാണ് താമസം. ഭാര്യ വിജി. ന്യൂയോര്‍ക്കിലുള്ള വിവേക്, ലോസ് ഏഞ്ചലസിലുള്ള വിശാല്‍ എന്നിവര്‍ മക്കളാണ്. ശ്രീ നാരായണ ഗുരുദേവന്റെ 'മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്ന ദര്‍ശനമാണ് തന്റെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് വഴികാട്ടിയായി അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്.

വിനോദ് ബാഹുലേയന്റെ നിയമനത്തെ കെ.എച്ച്.എന്‍.എ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണന്‍ സ്വാഗതം ചെയ്തു. അദ്ദേഹത്തിന്റെ അനുഭവസമ്പത്തും സേവനസന്നദ്ധതയും സംഘടനയുടെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തുപകരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ജനറല്‍ സെക്രട്ടറി സിനു നായര്‍, ട്രഷറര്‍ അശോക് മേനോന്‍, വൈസ് പ്രസിഡന്റ് സഞ്ജീവ് കുമാര്‍, ജോയിന്റ് സെക്രട്ടറി ശ്രീകുമാര്‍ ഹരിലാല്‍, ജോയിന്റ് ട്രഷറര്‍ അപ്പുക്കുട്ടന്‍ പിള്ള, ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ്, ട്രസ്റ്റീ ബോര്‍ഡ് എന്നിവരും വിനോദ് ബാഹുലേയന് ആശംസകള്‍ നേര്‍ന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക