
അതിപുരാതനമായ അര്‍ദ്ധനാരീശ്വരക്ഷേത്രം. പുരുഷന്മാര് സ്ത്രീകളായി അവതരിക്കുന്ന ഉത്സവങ്ങളും മറ്റ് വിശേഷാവസരങ്ങളും. ഈ ഗ്രാമത്തെ പറ്റിയും ഉത്സവത്തെ പറ്റിയും കേരളത്തിന്റെ ആചാരങ്ങളെപ്പറ്റിയുമൊക്കെ പഠിക്കാന്‍ താന്‍ ഇവിടെ പലപ്പോഴായി എത്തിച്ചേര്‍ന്നിട്ടുണ്ട്. ഓസ്ട്രേലിയയിലുള്ള യൂണിവേഴ്സിറ്റിയുടെ ലക്ഷങ്ങളുടെ ഫെലോഷിപ്പ് ലഭിച്ചത് ഇന്ത്യന്സംസ്കാരവും കേരളീയഗ്രാമങ്ങളും ആയി ബന്ധപ്പെട്ടുള്ള ഗവേഷണത്തിനാണ്. ഫീല്‍ഡ് സ്റ്റഡി പ്രധാനമായും കേരളത്തില്‍ തന്നെ ആയതിനാല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ഇവിടെതന്നെയുണ്ട്. ''മോളേ സൂര്യകാന്തീ, ഇന്ന് ഉച്ചയ്ക്ക് ഭക്ഷണം ഞങ്ങളുടെ വീട്ടില്‍നിന്ന് കഴിച്ചോളൂ'' എന്ന് പറയുന്നവര്‍ വരെ ഈ ഗ്രാമത്തിലുണ്ട്. തന്നോട് അത്രയ്ക്കും സ്നേഹവും അടുപ്പവും വിശ്വാസവും പുലര്‍ത്തുന്നവര്‍. അമ്പലക്കമ്മറ്റിക്കാര്‍ സഹായിച്ച് കരയോഗത്തിന്റെ വകയായുള്ള വനിതാ ഹോസ്റ്റലില്‍ താമസം ഏല്പ്പാടാക്കിയിട്ടുണ്ട്. ഇത്തവണ വിപുലമായ രീതിയില്‍ ആണ് ഉത്സവാഘോഷം. ക്ഷേത്രത്തിന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ടും ഗ്രാമത്തിന്റെ പൈതൃകവുമായി ബന്ധപ്പെട്ടും കൂടുതല്‍ ഡേറ്റ ശേഖരിക്കുവാനുണ്ട്.
ഹോസ്റ്റല്‍മുറിയിലെ ജനാലകള്‍ തുറക്കുമ്പോള്‍ ദൂരെ വിളഞ്ഞുനില്‍ക്കുന്ന നെല്‍ക്കതിരുകള്‍ കാണാം. റൂംമേറ്റ്സ് രണ്ടുപേരുണ്ട്. അവര്‍ പുറത്തുപോയിരിക്കുന്നു. അക്കാദമിക് മേഖലയിലെ ഇന്റലക്ച്വല്‍ ഗവേഷക എന്ന പരിഗണന അവര്‍ എപ്പോഴും തരുന്നു. പക്ഷെ തന്റെ യഥാര്‍ത്ഥ ഐഡന്റിറ്റി അവര്‍ അറിഞ്ഞാല്‍?.... പിന്നെ ഉണ്ടാവുമോ ഈ കരുതലും ബഹുമാനവുമെല്ലാം. കേരളം ഇന്നും അത്രയൊന്നും വളര്‍ന്നിട്ടില്ലല്ലോ... നെല്‍പ്പാടങ്ങളിലേക്ക് നോക്കിയിരുന്നപ്പോള്‍ ജര്‍മ്മനിയിലെ കാഴ്ചകളും ഗ്രാമങ്ങളും ഓര്‍മ്മവന്നു. പൂക്കള്‍ നിറഞ്ഞ പച്ചപ്പ് നിറഞ്ഞ ഗ്രാമങ്ങള്‍. ആ ഗ്രാമങ്ങളിലൂടെ കരോലിന് ഒപ്പം നടത്തിയ യാത്രകള്‍. ഇതിനിടയില്‍ എപ്പോഴോ കരോലിന് തന്റെ കാമുകിയായി... നിത്യ പ്രണയിനിയായി... ജര്‍മ്മനിയിലെ ഉദ്യാനത്തില്‍ വച്ച് ഞാന്‍ അവളുടെ റോസാപ്പൂപോലെ മൃദുലമായ വിരലുകളില്‍ മോതിരമണിയിച്ചു. നനുത്ത വിരലുകളില്‍ മൃദുവായി ചുംബിച്ചു. മൂന്നുവര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതത്തിനുശേഷം പെട്ടെന്നൊരു നാള് അവള് അപ്രത്യക്ഷയായി. തന്റെ വീട്ടുകാരുടെ ആഗ്രഹപ്രകാരം ഒരു പുരുഷനെ വിവാഹം കഴിച്ച് അയാള്‍ക്കൊപ്പം ജീവിക്കുവാന്‍ ആഗ്രഹിക്കുന്നു. പിന്തുടര്ന്നുവന്ന് ശല്യപ്പെടുത്തരുത് എന്ന ഒരു കുറിപ്പ് മാത്രം അവശേഷിപ്പിച്ചുകൊണ്ട്. തുടര്‍ന്നുള്ള ഡിപ്രഷന്റെ നാളുകള്‍... കഠിനപരീക്ഷണങ്ങളുടെ ദിവസങ്ങള്‍. തിരിച്ചുപിടിച്ച ജീവിതത്തില്‍ ലക്ഷങ്ങളുടെ ഫെലോഷിപ്പ്, അന്തര്‍ദേശീയ തലത്തില്‍ അംഗീകാരങ്ങള്‍... എല്ലാം തേടിയെത്തി. ലോകം കണ്ട താന്‍ എന്തുകൊണ്ടാണ് ഇപ്പോഴും പഴമയുടെ ഗന്ധവും പേറി നില്ക്കുന്ന ഈ ഗ്രാമത്തെയും ക്ഷേത്രത്തെയുമെല്ലാം ഇങ്ങനെ ഇഷ്ടപ്പെടുന്നതെന്ന് ഇടയ്ക്ക് ആശ്ചര്യപ്പെടാറുണ്ട്. ഇഷ്ടപ്പെടാതെ നിവൃത്തിയില്ലല്ലോ എന്ന് അപ്പോള്‍ തന്റെ റിസര്‍ച്ച് പേപ്പറുകള്‍ തന്നോട് സ്വകാര്യം ചൊല്ലും.
വരുന്ന ആഴ്ച്ച ക്ഷേത്രത്തില്‍ ഉത്സവമാണ്. ഉത്സവത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ പുതിയ ഒരു ക്യാമറ വാങ്ങിയിട്ടുണ്ട്. ഓസ്ട്രേലിയയിലുള്ള സുഹൃത്ത് പ്രൊഫസര്‍ ലിയോ ചിത്രങ്ങള്‍ മെയില്‍ ചെയ്യാന്‍ പറഞ്ഞിട്ടുണ്ട്. കാത്തിരുന്ന് ഉത്സവനാളെത്തി. മനസ്സില്‍ ചെണ്ടമേളം പെരുമ്പറ കൊട്ടി. ''എന്താ മോളേ, ഉത്സവമായിട്ട് ഇന്നെങ്കിലും നിനക്ക് ഈ പാന്റും ഷര്‍ട്ടും ഒക്കെ മാറ്റി മറ്റുള്ള കുട്ടികളെ പോലെ സാരിയോ ദാവണിയോ ഉടുത്ത് വന്നുകൂടായിരുന്നോ?'' ഉത്സവത്തിന്റെ മുഖ്യ സംഘാടകരില്‍ ഒരാളായ ശങ്കുവേട്ടന് തിരക്കി. ''ഫോട്ടോസ് എടുക്കുമ്പോള്‍ ഇതാണ് സൗകര്യം''. ശങ്കുവേട്ടന് മറുപടി കൊടുത്തു. പുരാണങ്ങളിലെ വ്യത്യസ്ത കഥാപാത്രങ്ങള്‍ ആയി വേഷം മാറിയവര്‍ അണിനിരന്നു. തൊട്ടുപിറകില്‍ സ്ത്രീവേഷം ധരിച്ച പുരുഷന്മാരും. തന്റെ ഉള്ളിലെ അര്‍ദ്ധനാരീ സങ്കല്പ്പത്തോടുള്ള അടങ്ങാത്ത അഭിനിവേശം അലയടിക്കുന്നു. ചുവപ്പും മെറൂണും ഓറഞ്ചും വയലറ്റും തുടങ്ങി വ്യത്യസ്ത നിറങ്ങളിലുള്ള സാരികള്‍ ധരിച്ച 'സുന്ദരിമാര്‍'. പെട്ടെന്നാണ് മറ്റൊരാള്‍ കണ്ണിലുടക്കുന്നത്. മരതക കളറുള്ള കാഞ്ചീപുരം സാരി ധരിച്ച ഒരു രൂപം. വടിവൊത്ത ശരീരം. അനിതര സാധാരണമായ രൂപഭംഗി. ആഴമുള്ള കണ്ണുകള്‍. ഇത് യഥാര്‍ത്ഥത്തില്‍ സ്ത്രീ തന്നെയോ? പിടികിട്ടുന്നില്ല. അങ്ങനെ വരാന്‍ വഴിയില്ല. അയാളെ മാത്രം ഫോക്കസ് ചെയ്ത് നാലഞ്ച് ചിത്രങ്ങള്‍ എടുത്തു. ഉത്സവം കഴിഞ്ഞിട്ടും ആ രൂപം മനസ്സില്‍ നിന്നും മായുന്നില്ല. മരതകപച്ച പട്ടുസാരി ചുറ്റിയ സുന്ദരി അന്ന് രാത്രി സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു. ''ഇതാരാണ് ശങ്കുവേട്ടാ, പരിചയമുണ്ടോ?'' ഫോട്ടോസ് കാണിച്ചുകൊണ്ട് തിരക്കി. ''ഇത് കിഷോര്‍. നന്ദു എന്ന് വിളിക്കും. നീ ഇവന്റെ കാര്യം ചോദിച്ചത് നന്നായി. ഞാന്‍ നിന്നോട് പറയാന്‍ ഇരിക്കുവായിരുന്നു. ചോദിച്ചതുകൊണ്ട് ഇപ്പോള്‍ ഓര്‍ത്തു. നന്ദു കുറച്ചുകാലം നാട്ടില്‍ ഉണ്ടായിരുന്നില്ല. ദൂരെ ആയിരുന്നു. ഇപ്പോള്‍ പഠിത്തമൊക്കെ കഴിഞ്ഞ് തിരിച്ച് നാട്ടില്‍ എത്തിയതാണ്. ഈ നാടിന്റെ മുക്കും മൂലയും സകലഭൂപ്രകൃതിയും അവനറിയാം. നിന്റെ ഗവേഷണത്തിന് എങ്ങോട്ട് എങ്കിലും പോകണമെങ്കില്‍ നന്ദൂനെ ഒപ്പം കൂട്ടിയാല്‍ മതി. ഞാന്‍ ഏര്‍പ്പാടാക്കി തരാം''.
മാറാല പിടിച്ചുകിടക്കുന്ന പഴയ മനയിലൂടെ നന്ദുവിനൊപ്പം നടന്നു. മരതകപട്ടുസാരിയുടുത്ത സ്വപ്നസുന്ദരിയുടെ ഭാവങ്ങള്‍ ഇടയ്ക്കിടെ നന്ദുവില്‍ മിന്നിമറഞ്ഞു. പായലുകള്‍ മൂടി വഴുവഴുപ്പുള്ള കുളത്തിന്റെ കരയില്‍ നന്ദുവിനൊപ്പം ഇരുന്നു. കാട്ടുചെമ്പകമരത്തില് നിന്നും പൂ നുള്ളി നന്ദു തലയില്‍ ചൂടി തന്നു. ''നന്ദൂ, നിനക്ക് സ്ത്രീവേഷം ആണ് ചേര്‍ച്ച. ആ വേഷത്തില്‍ നീ എന്റെ ഡ്രീംഗേള്‍ ആണ്''. നന്ദുവിന്റെ മുഖത്ത് നാണം പടര്‍ന്നു. കവിള് ചുമന്നു. ''ശ്ശോ, ഈ ചേച്ചീടെ ഒരു കാര്യം''.
''കോള്‍ മീ സൂര്യ ഓര് കാന്തി. നമ്മള് തമ്മില്‍ അത്ര വലിയ വ്യത്യാസം ഒന്നുമില്ലല്ലോ. നിന്നെ എനിയ്ക്ക് എന്റെ ഒപ്പമുള്ള ഒരാളെപോലെ ആണ് തോന്നുന്നത്''. ഞാന്‍ അവനെ തിരുത്തി. ''ചേച്ചീ, സോറി സൂര്യാ ഈ കുളത്തിന് അപ്പുറം നിറയെ കാടാണ്. കാലങ്ങള്‍ക്ക് മുന്‍പ് ഈ മനയിലെ ശ്രീദേവി അന്തര്‍ജനവും അവരുടെ രഹസ്യകാമുകന് കീഴ്ജാതിക്കാരന് ചാത്തുണ്ണിയും രഹസ്യസല്ലാപത്തില് ഏര്‍പ്പെടുന്നത് അവിടെ വച്ച് അവരുടെ ഭര്‍ത്താവ് ഗോവിന്ദന് നമ്പൂതിരിപ്പാട് കാണുവാന്‍ ഇടയായി. മൂപ്പര് അന്തര്‍ജനത്തെയും ജാരനെയും അവിടെവച്ച് തന്നെ കൊന്നുകളഞ്ഞെന്നാണ് കേള്‍വി. പിന്നെ ആ വഴി മൊത്തം കാടായി. ആരും ആ വഴി പോകാതായി. ഇപ്പോഴും അന്തര്‍ജനത്തിന്റെയും ചാത്തുണ്ണിയുടെയും ഗതി കിട്ടാത്ത ആത്മാക്കള്‍ ഇവിടെ അലയുന്നുണ്ടെന്നും രാത്രികാലങ്ങളില്‍ രഹസ്യസമാഗമം നടത്തുന്നുണ്ടെന്നുമാണ് നാട്ടുകാരില്‍ പലരുടെയും വിശ്വാസം''.
''അന്ധവിശ്വാസികളായ നാട്ടുകാര്‍. സഹതപിക്കാനേ തരമുള്ളൂ''. ഞാന്‍ നന്ദുവിന്റെ തലയില്‍ ഒരു കിഴുക്ക് കൊടുത്തു.
കാട്ടിനുള്ളിലെ പൊട്ടിപ്പൊളിഞ്ഞ പഴയ ക്ഷേത്രത്തിലേക്ക് ആയിരുന്നു നന്ദുവിനോട് ഒപ്പം ഉള്ള അടുത്ത യാത്ര. ഗ്രാമക്ഷേത്രത്തിന്റെ പുരാതന രഹസ്യങ്ങളും ചരിത്രവും ഇല്ലിപ്പടര്പ്പുകള്ക്ക് അരികിലിരുന്ന് നന്ദു വിവരിക്കുമ്പോള്‍ ഞാന്‍ കാതോര്‍ത്തു. കാട്ടിനുള്ളിലെ വഴിയിലൂടെ ഞങ്ങള്‍ നടന്നു. ''നന്ദൂ..'' ഞാന്‍ വിളിച്ചു. ''എന്തേ?'' അവന് തിരക്കി. ഞാന്‍ അവന്റെ ചുമലില്‍ സ്പര്‍ശിച്ചു. ''നന്ദൂ, എനിയ്ക്ക് ശ്രീദേവി അന്തര്‍ജനം ആവണം. അല്ലെങ്കില്‍ വേണ്ട എനിയ്ക്ക് ചാത്തുണ്ണിയായാല് മതി. നിനക്ക് എന്റെ മാത്രം ശ്രീദേവി ആയിക്കൂടേ. എന്റെ അന്തര്‍ജനം. എന്റെ.... എന്റേത് മാത്രം. പക്ഷെ ഇങ്ങനെ പോര. നീ പുനര്‍ജനിക്കണം''. ഞാന്‍ എന്റെ കയ്യില്‍ കരുതിയിരുന്ന മരതക പച്ചപട്ടുസാരി അവന് നേരെ നീട്ടി. എന്റെ കണ്ണുകള്‍ വന്യമായി തിളങ്ങി. അവന് പരിഭ്രമിച്ചു. കാടു പൂത്തു. കാട്ടുചെമ്പകത്തിന്റെ ഗന്ധം പരന്നു.
ശങ്കുവേട്ടനാണ് എനിയ്ക്കും നന്ദുവിനുമായി വീട് വാടകയ്ക്ക് ഏര്‍പ്പാടാക്കി തന്നത്. ഒരുമിച്ചുള്ള ജീവിതം തുടങ്ങിയിട്ട് ദിവസങ്ങള്‍ പിന്നിട്ടു. രാത്രിയില്‍ നന്ദു അന്തര്ജനമാവും. അര്ദ്ധനാരിയാവും. കാട്ടുചെമ്പകത്തിന്റെ ഗന്ധം പരക്കും. ഒരിയ്ക്കല്‍.... ഒരിയ്ക്കല്‍ മാത്രം നന്ദു പതിവ് തെറ്റിച്ചു. ഷര്‍ട്ടും മുണ്ടും ധരിച്ച് അരികിലെത്തി. ''എനിയ്ക്ക് പറ്റില്ല നന്ദൂ''. ഞാന്‍ നിസ്സഹായയായി വിതുമ്പി. അന്ന് ആദ്യമായി എന്റെ കാല്‍ച്ചുവട്ടിലിരുന്ന് നന്ദു പൊട്ടിക്കരഞ്ഞു. ഞാന്‍ അവന്റെ നെറുകയില്‍ ചുംബിച്ചു. ശിരസ്സില്‍ തലോടി. ഞങ്ങളുടെ സന്തോഷങ്ങള്‍ക്കും സങ്കടങ്ങള്‍ക്കും ഇടയില്‍ പുതുതായി ഒന്ന് ഞങ്ങളെ തേടിയെത്തി. ഞാന്‍ അമ്മയാവുന്നു. നന്ദു അച്ഛനും. പാരമ്പര്യ കുടുംബവ്യവസ്ഥയിലും കെട്ടുപാടുകളിലും വിശ്വാസമില്ലാതെ ഇരുന്ന എനിയ്ക്ക് ആദ്യം ഇതുമായി പൊരുത്തപ്പെടാന്‍ പ്രയാസം തോന്നി. ഞങ്ങള്‍ ഒട്ടും പ്ലാന്‍ ചെയ്തത് ആയിരുന്നില്ലല്ലോ ഇത്. എങ്കിലും എല്ലാം ശരിയാവും എന്ന് ഞാന്‍ എന്നെത്തന്നെ വിശ്വസിപ്പിക്കുവാന്‍ ശ്രമിച്ചു. നന്ദു എന്റെ ഉദരത്തില്‍ മൃദുവായി തലോടി. കുഞ്ഞുജീവന്റെ മിടിപ്പിനായി ചെവിയോര്‍ത്തു.
ഓര്‍മ്മകളുടെ ഭ്രമണപഥം എനിയ്ക്ക് എവിടെവച്ചാണ് നഷ്ടമായിത്തീര്‍ന്നത്? നന്ദു നാലുനേരവും എനിയ്ക്ക് അനുകമ്പയോടെ മരുന്നും ഗുളികകളും വെള്ളവും ആഹാരവും തന്നു. ഒന്നും ഓര്‍ത്തെടുക്കുവാന്‍ കഴിയാത്തത് പോലെ. ഓസ്ട്രേലിയയില്‍ നിന്നും വരുന്ന മെയിലുകള്‍ റിപ്ലെ കിട്ടാതെ ഇന്‍ബോക്സില്‍ ചത്തുമലച്ചു. റിസര്‍ച്ച് പേപ്പറുകള്‍ നിറം മങ്ങി ദ്രവിച്ചു. അന്തര്‍ജനം, ചാത്തുണ്ണി, കാട്ടുചെമ്പകം അങ്ങനെ ഓരോന്നും നന്ദു എനിയ്ക്ക് പറഞ്ഞുതന്നു. പക്ഷെ ഓര്‍മ്മകള്‍ക്ക് മേല്‍ മറവി മൂടുപടം തുന്നി. എന്റെ ഉദരത്തില്‍ നന്ദു കൈ ചേര്‍ത്തുവച്ചു. എന്നെ അലിവോടെ നോക്കി. അപ്പോഴും ഒന്ന്... ഒന്ന് മാത്രം എനിയ്ക്ക് ഓര്‍മ്മയുണ്ടായിരുന്നു. മരതക പച്ച പട്ടുസാരി ചുറ്റിയ വിളക്കേന്തിയ സ്വപ്നസുന്ദരി! അവളുടെ ഉദരത്തില്‍ വളരുന്ന എന്റെ കുഞ്ഞ്! മരുന്നുകളുടെ ഗന്ധം പേറുന്ന ആശുപത്രിയുടെ ഇരുണ്ട ഇടനാഴിയിലൂടെ എന്നെ ചേര്‍ത്തുപിടിച്ച് നന്ദു നടന്നു. മരതക പച്ചപട്ടുസാരിയ്ക്ക് ഉള്ളില്‍ മിടിയ്ക്കുന്ന കുഞ്ഞുഹൃദയത്തെ മാത്രം ഞാന്‍ സ്വപ്നം കണ്ടു.