
ഫിഫ വേൾഡ് കപ്പ് യുഎസിൽ ആരംഭിക്കാനുള്ള ഒരുക്കങ്ങൾക്കിടയിൽ പി-1, ഓ-1 വിസ അപേക്ഷകളുടെ പരിശോധന കർശനമാക്കി. കലാകാരൻമാർ, സംഗീതജ്ഞർ, കായിക താരങ്ങൾ, വിനോദ ഗ്രൂപ്പുകൾ എന്നിങ്ങനെ അപേക്ഷിക്കുന്ന പലർക്കും വിശദമായ തെളിവുകൾ ആവശ്യപ്പെട്ടു നോട്ടീസ് കിട്ടി തുടങ്ങി.
കളികൾ പല നഗരങ്ങളിലും നടക്കുന്നതു കൂടി പരിഗണിച്ചു പുതിയ ഒരാവശ്യം യുഎസ് അധികൃതർ ഉന്നയിക്കുന്നത് ഓരോ സ്ഥലവുമായി ബന്ധപ്പെട്ടും ഒപ്പിട്ട കോൺട്രാക്ടുകൾ വേണം എന്നാണ്.
ആർട്സ്, അത്ലറ്റിക്‌സ്, സയൻസ്, ബിസിനസ്, വിദ്യാഭ്യാസം എന്നീ രംഗങ്ങളിൽ അസാമാന്യ മികവ് കാട്ടുന്നവർക്കു നൽകുന്ന വർക് വിസയാണ് ഓ-1. നേട്ടമുണ്ടാക്കിയതിനു ദേശീയ അല്ലെങ്കിൽ അന്താരാഷ്ട്ര അംഗീകാരത്തിന്റെ തെളിവും ആ രംഗത്തു തന്നെ യുഎസിൽ ജോലി ചെയ്യും എന്നതിന്റെ ഉറപ്പും ലഭ്യമാക്കണം.
പി-1 അത്ലീറ്റുകൾ, വിനോദ ഗ്രൂപ്പുകൾ, കലാകാരൻമാർ തുടങ്ങി യുഎസിൽ പരിപാടികൾക്കു വരുന്നവർക്കും മറ്റും നൽകുന്നതാണ്.
യുഎസിൽ എവിടെയൊക്കെ പരിപാടികൾ അവതരിപ്പിക്കുന്നോ അവിടെയെല്ലാം കോൺട്രാക്ട് വയ്ക്കണം എന്ന ആവശ്യം വർധിച്ചു വരികയാണെന്ന് ഇമിഗ്രെഷൻ.കോം മാനേജിംഗ് അറ്റോണി രാജീവ് ഖന്ന പറയുന്നു. ഇത് നിർബന്ധമാക്കിയപ്പോൾ വലിയ ബുദ്ധിമുട്ടായി. യാത്രാ പരിപാടികൾ മാറ്റാൻ കഴിയാതെ വരുന്നു. പരിപാടികൾ സ്ഥിരീകരിക്കുന്നതു തന്നെ വിസ ഉറപ്പാക്കിയ ശേഷം ആയിരുന്നു പതിവ്. പരിപാടി പ്രഖ്യാപിച്ചു കഴിഞ്ഞു വിസ കിട്ടിയില്ലെങ്കിൽ റദ്ദാക്കേണ്ടി വരുമ്പോൾ ഉണ്ടാവുന്ന പ്രശ്നം നേരിടേണ്ട കഷ്ടത സംഘാടകർക്കു വന്നു ചേരും.
ഫിഫ വേൾഡ് കപ്പ് ചരിത്രത്തിൽ ഏറ്റവും വിശാലമാക്കി 48 ടീമുകളെ ഉൾക്കൊള്ളിക്കുന്ന വർഷമാണിത്. പ്രമുഖ യുഎസ് നഗരങ്ങളിലും കാനഡയിലും മെക്സിക്കോയിലുമാണ് കളികൾ നടക്കുക. കളിക്കാരും കോച്ചിങ് സ്റ്റാഫും മെഡിക്കൽ ടീമുകളും അനലിസ്റ്റുകളും ഉൾപ്പെടെ വലിയ സംഘങ്ങളാണ് വരിക. ഹൃസ്വ കല വർക് പെർമിറ്റുകളിലാണ് അവർ പലരും വരിക. അത്ലീറ്റുകൾക്കു പി-1 വിസയാണ് എടുക്കാറ്. കൂടുതൽ രേഖകൾ ആവശ്യപ്പെടുന്നത് കായിക സംഘടനകളെ കഷ്ടത്തിലാക്കുന്നു.
വിസ കിട്ടാൻ വൈകുമ്പോൾ യാത്രാ പരിപാടി നീളുകയും പരിശീലനം അവതാളത്തിലാവുകയും ചെയ്യും. സൗഹൃദ മത്സരങ്ങൾ ഉപേക്ഷിക്കേണ്ട അവസ്ഥ വരെയുണ്ടാവാം.
US raises checks for P-1 and O-1 visa applications