Image

ഭക്തിയോഗം (ശ്രീമത് ഭഗവത് ഗീത - അധ്യായം 12: സുധീർ പണിക്കവീട്ടിൽ)

Published on 12 December, 2025
ഭക്തിയോഗം (ശ്രീമത് ഭഗവത് ഗീത - അധ്യായം 12: സുധീർ പണിക്കവീട്ടിൽ)

ഈ അധ്യായത്തിൽ എന്താണ് ഭക്തി? ആരാണ് യഥാർത്ഥ ഭക്തൻ? എന്ന് വിവരിക്കുകയാണ് ഭഗവാൻ. കാരണം അർജുനന്റെ സംശയങ്ങൾ തീരുന്നില്ല. അദ്ദേഹം മൂന്നാം അധ്യായത്തിലും ചോദിച്ചു. "സാംഖ്യം (ജ്ഞാനമാർഗ്ഗാ വലംബികൾ, ധ്യാനപരന്മാർ) എന്ന  മാധ്യമത്തിലൂടെ ചെയ്യുന്ന കർമ്മമോ, സമർപ്പണരൂപത്തിൽ അനുഷ്ഠിക്കുന്ന നിഷ്കാമകർമ്മമോ കൂടുതൽ  അഭിലഷണീയം. അർജുനൻ ചോദിക്കുന്നത് യാതൊന്നുകൊണ്ട് ഞാൻ ശ്രേയസ്സിനെ പ്രാപിക്കുമോ അതിനെ മാത്രം നിശ്ചയിച്ച് പറഞ്ഞു തന്നാലും. ഈ അധ്യായത്തിലും ചോദിക്കുന്നു സഗുണ ഭക്തിയാണോ, അതോ അവ്യക്തവും അക്ഷയവുമായ നിർഗുണ ബ്രഹ്മത്തെ ഉപാസിക്കുന്നതോ നല്ലത്?
എല്ലാറ്റിലും ഈശ്വരൻ ഉണ്ട്. ഈശ്വരനിൽ എല്ലാം ഉണ്ട് എന്ന് ഭഗവാൻ അർജുനനു വിവരിച്ചുകൊടുത്തിരുന്നു. .എന്നാൽ നമ്മൾ കാണുന്നത് ഈ ലോകമാണ് എന്നാൽ ഈശ്വരനെ കാണുന്നില്ല. ഈശ്വര സാന്നിധ്യം മനസ്സിലാക്കാൻ നമ്മൾ ഭക്തി മാർഗ്ഗം സ്വീകരിക്കണം. അതായത് എല്ലാറ്റിലും ഈശ്വരൻ ഉണ്ടെന്ന വിശ്വാസം. ഈശ്വരന്റെ നിർഗുണ രൂപത്തെ ആരാധിക്കുന്ന ആളും ഈശ്വരനും തമ്മിൽ വ്യത്യാസം അയാൾ കാണുന്നില്ല. എന്നാൽ നമ്മളിലുള്ള സാത്വതിക ഭാവം നാമും ഈശ്വരനും തമ്മിലുള്ള വ്യത്യാസത്തെ ബോധ്യപെടുത്തുന്നതിനാൽ നിർഗുണ ഭാവാരാധന  ബുദ്ധിമുട്ടാണ്. അതുകൊണ്ട് എന്റെ രൂപം ഭക്തർക്ക് ആരാധിക്കാവുന്നതാണ്. ഈശ്വര സാക്ഷാത്കാരത്തിന് പറയുന്ന മാർഗ്ഗങ്ങൾ നിഷ്കാമ കർമ്മം, ഭക്തിയോഗം ( എല്ലാ കർമങ്ങളും ഈശ്വരനായി അനുഷ്ഠിക്കുക) രാജ യോഗം അതായത് നമ്മുടെ സ്വാർത്ഥമോഹങ്ങളും, ഞാനെന്ന ഭാവവും ഒരു പരിധി വരെ കുറയുമ്പോൾ നാം ആ യോഗത്തെ പ്രാപിക്കുന്നു. ഈ അവസ്ഥയിൽ നമ്മൾ ഭഗവാന്റെ രൂപത്തെ ആരാധിക്കുന്നു.  പിന്നെ നമ്മൾ എത്തുന്ന അവസ്ഥയാണ് നമ്മളും ഈശ്വരനും ഒന്നെന്ന ബോധം അതാണ് ജ്ഞാനയോഗം.
യഥാർത്ഥ ഭക്തന്റെ 39 ഗുണങ്ങൾ ഈ അധ്യായത്തിൽ വിവരിക്കുന്നു. ഇനി വിശദമായി...

അർജുനൻ ചോദിച്ചു. നിന്നിൽ ഉറച്ച വിശ്വാസമുള്ളവരും അപ്രകാരം നിന്നെ ആരാധിക്കുന്നവരും അതേ സമയം അവ്യക്തമായതിനെയും അക്ഷര  മായതിനേയും (നിർഗുണ ബ്രഹ്‌മം) ആരാധിക്കുന്നവരും ഇവരിൽ ആരാണ് ശ്രേഷ്ഠരായ യോഗജ്ഞർ .(ഈ ചോദ്യം അർജുനൻ ചോദിക്കാൻ കാരണമുണ്ട്. ഒരേലക്ഷ്യപ്രാപ്തിക്കായി അന്വേഷിക്കുന്നവരിൽ രണ്ടു തരമാളുകളുണ്ട്. ഇന്ദ്രിയങ്ങൾക്ക് അഗോചരമായതിനെയും ഗോചരമായതിനെയും ആരാധിക്കുന്നവർ. വേദങ്ങളിൽ നിന്നും അർജുനൻ മനസ്സിലാക്കിയിട്ടുള്ളത് പരമമായ പൊരുൾ അവ്യക്തവും സർവവ്യാപിയുമെന്നാണ്.  അതേ സമയം അർജുനൻ ഭഗവാന്റെ വിരാട് രൂപം കാണുകയും ചെയ്തു വിഗ്രഹാരാധനകൊണ്ട് ഭഗവാനെ ധ്യാനിക്കാനും മനസ്സിലാക്കാനും കഴിയുമോ എന്ന ധ്വനി കൂടി ഈ ചോദ്യത്തിലുണ്ട്. ഇതിനു മറുപടിയായി ഭഗവാൻ അർജുനന് ഭക്തിയോഗത്തെക്കുറിച്ച് കൂടുതൽ വിവരിക്കുന്നതാണീയധ്യായത്തിൽ  എന്നിൽ ഏകാഗ്രമായി മനസ്സുറപ്പിച്ചവരും എന്നെ ആരാധിക്കുന്നവരും പരമമായ ഭക്തിയാൽ അചഞ്ചലരും എന്റെ അഭിപ്രായത്തിൽ ശ്രേഷ്ഠരായ യോഗജ്ഞരാണ് . അക്ഷരമായതിനെയും അനിർവ്വചനീയമായതിനെയും അവ്യക്തമായതിനെയും സർവ വ്യാപിയായതിനെയും ചലിക്കാത്തതിനെയും ശ്വാശ്വതമായതിനെയും ആരാധിക്കുന്നവർ ആരോ അവർ  ജിതേന്ദ്രിയരായി എവിടെയും സമചിത്തത പാലിക്കുന്നവരായി, സർവ്വക്ഷേമതല്പരരായി എന്നെ പ്രാപിക്കുന്നു.

അവ്യക്തമായതിൽ (ബ്രഹ്മത്തിൽ) മനസ്സുറപ്പിച്ച് ലക്‌ഷ്യം നേടുക ദേഹാഭിമാനികൾക്ക് പ്രയാസകരമായിരിക്കും. (ശ്രീ ശങ്കരാചാര്യർ ഈ വാക്യത്തെ വ്യക്തമാക്കിയിട്ടുണ്ട്. ശരീരത്തിന്റെ മോഹങ്ങളെയും ആസക്തിയെയും അവയുടെ സാക്ഷാത്കാരത്തെയും പറ്റി ചിന്തിക്കുന്നവർക്ക് അവ്യക്തമായതും അനന്തമായതുമായ ഒന്നിനെയുംപ്പറ്റി ഏകാഗ്രമായി ചിന്തിക്കാനും ആരാധിക്കാനും പ്രയാസമാണ്. അവർ ജഡമോഹങ്ങളിൽപ്പെട്ട്  അനന്തമായ ആത്മചൈതന്യത്തെ അനുഭവിക്കാൻ അശക്തരാകുന്നു. (വിഗ്രഹാരാധന തെറ്റാണെന്നു പറയുന്ന ഉപനിഷത്തുകൾക്കെതിരാണ് ഈ വരികൾ എന്ന് അല്പജ്ഞാനികൾ കൊട്ടിഘോഷിക്കുന്നത് വരികളുടെ പകുതി മാത്രം മനസ്സിലാക്കുന്നതുകൊണ്ടാണ്.)

എല്ലാ കർമ്മങ്ങളും എന്നിലർപ്പിച്ച് എന്നെ ഉപാസിക്കയും എന്നെ പരമമായ ലക്ഷ്യമായി കരുതുകയും ഏകാഗ്രമായ മനസ്സോടെ എന്നെ ധ്യാനിക്കയും ചെയ്യുന്നവോ  അവരെ എന്നിൽ ഉറച്ച മനസ്സുള്ളവരായി ഓ പാർത്ഥ സംസാര സമുദ്രത്തിൽ നിന്ന് കരകയറ്റുന്നവനായി ഞാൻ ഭവിക്കുന്നു. നിന്റെ മനസ്സ് എന്നിൽ  ഉറപ്പിക്കുക.നിന്റെ ബുദ്ധി എന്നിൽ അർപ്പിക്കുക. എങ്കിൽ ദേഹം നശിച്ചു കഴിഞ്ഞാലും നിസ്സംശയം നീ എന്നിൽ വസിക്കും. ഓ ധനജ്ഞയാ, നിനക്ക് നിന്റെ മനസ്സ് ദൃഢമായി എന്നിലുറപ്പിക്കാൻ കഴിയില്ലെങ്കിൽ നിരന്തരമായ യോഗാഭ്യാസത്തിലൂടെ എന്നിലെത്താനുള്ള വഴി തേടുക. (അടുത്തതായി പറയുന്ന വരികൾ വളരെ ശ്രദ്ധേയമാണ്. ഹിന്ദുവേദപ്രമാണങ്ങളിൽ ആത്മവികസനത്തിനു അനേകമാർഗ്ഗങ്ങൾ വിവരിക്കുന്നു.)

ഇത് മാത്രം ചെയ്യുക, അല്ലെങ്കിൽ നരകത്തിൽ പോകും" എന്ന ഭീഷണി ഹിന്ദുമതത്തിലില്ല ഇവിടെ ഭഗവൻ അർജുനനോട് പറയുന്നത് ശ്രദ്ധിക്കുക  യോഗാഭ്യാസത്തിനും നീ അശക്തനാണെങ്കിൽ നിന്റെ പ്രവർത്തികൾ എനിക്ക് വേണ്ടിയെന്നപോലെ ചെയ്യുക. അങ്ങനെ ചെയ്യുമ്പോൾ നിനക്ക് പരമപദം പ്രാപിക്കാം. ഇതും നിനക്ക് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ എന്നിൽ ആശ്രയം പ്രാപിച്ച് ആത്മസംയമനത്തോടെ കർമ്മഫലങ്ങളെ ത്യജിക്കുക. (ഫലം കാംക്ഷിക്കാതെ കർമ്മം ചെയ്യുകയെന്നർത്ഥം) അറിവ് അഭ്യാസത്തെക്കാൾ നല്ലതാണ്. ധ്യാനം അറിവിനേക്കാൾ നല്ലതാണ്. കർമ്മഫലങ്ങളെ ത്യജിക്കുന്നത് ധ്യാനത്തെക്കാൾ നല്ലതാണ്.

സമാധാനം കർമ്മഫലത്യാഗത്തെ പിൻ തുടരുന്നു.  ഒരു ജീവിയേയും വെറുക്കാതെ എല്ലാവരോടും സ്നേഹത്തോടും സഹാനുഭൂതിയോകൂടിയും അഹങ്കാരത്തിൽ നിന്നും ബന്ധനങ്ങളിൽ നിന്നും മുക്തിനേടി  തുല്യത  പാലിച്ച് എല്ലാവരോടും പൊറുക്കുന്ന എപ്പോഴും സന്തുഷ്ടനായ, ധ്യാനത്തിൽ ദൃഡതയുള്ള ആത്മസംയമനമുള്ള നിശ്ചയദാർഢ്യമുള്ള മനസ്സും ബുദ്ധിയും എനിക്ക് അർപ്പിക്കപ്പെട്ട ആൾ എന്റെ ഭക്തർ എനിക്ക് പ്രിയപ്പെട്ടവനാകുന്നു. (അവൻ എന്റെ പ്രിയ ഭക്തൻ).

ആർ മൂലം ഈ ലോകത്തിൽ അസ്വസ്ഥത ഉണ്ടാകുന്നില്ലയോ, ഈ ലോകം ആരെ ക്ഷോഭിക്കുന്നില്ലയോ, സന്തോഷം, അസൂയ, ഭീതി, ഉൽക്കണ്ഠ എന്നിവയിൽ നിന്ന് ആർ സ്വതന്ത്രരാണോ അവരും എനിക്ക് പ്രിയപ്പെട്ടവരാകും യാതൊന്നും അഭിലഷിക്കാത്തവനും ശുചിത്വമുള്ളവനും, ജാഗ്രതയുള്ളവനും ഒന്നിനെക്കുറിച്ച് ഉത്കണ്ഠപ്പെടാത്തവനും അലട്ടില്ലാത്തവനും ഉദ്യമങ്ങളെ ത്യജിച്ചവനും എനിക്ക് പ്രിയമുള്ളവനാകുന്നു. (ശ്ലോകം ഇവിടെ ഉദ്ധരിക്കുന്നു)

അനപേക്ഷ :ശുചിർദക്ഷ 
ഉദാസീനോ ഗത വ്യഥ:
സർവാരംഭ പരിത്യാഗീ 
യോ മദ് ഭക്‌ത : സമേ പ്രിയ:

“സർവാരംഭ പരിത്യാഗീ”  എന്ന വാക്കിന്റയർത്ഥത്തെ  അക്ഷരാർത്ഥത്തിൽ എടുത്ത് ഒരു കർമ്മവും ചെയ്യാതെ നിഷ്ക്രിയത്വമാണുദ്ദേശിക്കുന്നത് എന്ന് വ്യാഖാനിക്കുന്നവർ ഉണ്ടായേക്കാം. സ്വാമി ചിന്മയാന്ദ പറഞ്ഞിരിക്കുന്നത് നമ്മുടെ ജീവിതത്തിലെ ഒരു ഉദ്യമവും സ്വന്തമായ ആരംഭവും അവസാനവുമുള്ള ഒരു പുതിയ  പ്രവർത്തിയല്ല. ലോകത്തിലെ എല്ലാ പ്രവർത്തികളും മൊത്തം ലോകഗതിയുടെ ശാശ്വതമായ ഒരു മാതൃകമാത്രമാണ്. സ്വന്തമായി ഒരു പ്രവർത്തി ഏറ്റെടുക്കാനും സാക്ഷാത്കരിക്കാനും ആർക്കും കഴിയുകയില്ലെന്നു സാരം. യഥാർത്ഥ ഭക്തൻ  ഇതറിഞ്ഞു അവനെ ദൈവത്തിന്റെ ഒരു ഉപകരണമായി കണ്ടു പ്രവർത്തിക്കുന്നു. നമ്മുടെ പ്രവർത്തികൾ നാമറിയാതെ തന്നെ ക്രമപ്പെടുത്തപ്പെടുന്നു, നിയന്ത്രിക്കപ്പെടുന്നു നിർദേശിക്കപ്പെടുന്നു.  ആരാണോ ഇഷ്ടപ്രാപ്തിയിൽ ആനന്ദിക്കുകയും അനിഷ്ടമായവ കിട്ടുമ്പോൾ ദ്വേഷിക്കാതെയും പ്രിയമുള്ള വസ്തുക്കളോട് ആസക്തിയില്ലാതിരിക്കുകയും നല്ലതും ചീത്തയും ത്യജിച്ച് മുഴുവൻ ഭക്തിയോടെയിരിക്കുന്നുവോ അവൻ എനിക്ക് പ്രിയപ്പെട്ടവനാകുന്നു.
ശത്രു മിത്ര ഭേദമില്ലാതെ മാനാപമാനങ്ങളിലും താപശൈത്യങ്ങളിലും സുഖദുഃഖങ്ങളിലും സമഭാവനയോടെ കർമ്മബന്ധങ്ങളിൽ നിന്ന് മുക്തനായി നിന്ദയും പ്രശംസയും തുല്യമായിക്കാണുന്ന നിശ്ശബ്ദനും കിട്ടുന്നതിൽ തൃപ്തിയുള്ളവനും സ്ഥിരചിത്തനും സ്ഥിരവാസമില്ലാത്തവനും മുഴുഭക്തനുമായവൻ  എനിക്ക് പ്രിയപ്പെട്ടവനാകുന്നു.

തുല്യനിന്ദാസ്തുതിർമനനീ 
സന്തുഷ്ടടോയേന കേന ചിത് 
അനികേത : സ്ഥിരമതിർ 
ഭക്തിമാൻ മേ  പ്രിയോ നര :

(അനികേത എന്ന സംസ്കൃത പദത്തിന് ഭാവനരഹിതൻ എന്ന് മൊഴിമാറ്റം ചെയ്യുമ്പോൾ അതിന്റെ അർഥം യഥാർത്ഥ ഭക്തന്റെ പാർപ്പിടം സർവ്വ വ്യാപിയായ ഈശ്വരന്റെ ഇരിപ്പിടത്തിലാണെന്നു മനസ്സിലാക്കെണ്ടതാണ്)  
എന്നെ പരമമായ ലക്ഷ്യമാക്കി വിശ്വാസത്തോടുകൂടെ ആർ  മേൽ വിവരിച്ച സനാതനധർമ്മത്തെ അനുഷ്ടിക്കുന്നുവോ ആ ഭക്തന്മാർ എനിക്ക് അത്യധികമായ പ്രിയപ്പെട്ടവരാകുന്നു.
അധ്യായം 12 സമാപ്തം 
അടുത്തത് "ക്ഷേത്രക്ഷേത്രവിഭാഗയോഗം"

Read More: https://www.emalayalee.com/writer/11


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക