
കണ്ണൂർ: പ്രശസ്തസാഹിത്യകാരൻ സാംസി കൊടുമൺ രചിച്ച 'ക്രൈം ഇൻ 1619 അഥവാ അടിമക്കണ്ണിന്റെ നാൾവഴികൾ' എന്ന നോവൽ സംവാദവും എഴുത്തുകാരനുള്ള പ്രവാസി സാഹിത്യബഹുമതി സമർപ്പണവും കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ നടന്നു. കൈരളി ബുക്സും ജവഹർ ലൈബ്രറി റിസർച്ച് സെന്ററും സംയുക്തമായി സംഘടിപ്പിച്ച സർഗസായാഹ്നത്തിൽ ഡോ. മുരളി മോഹൻ ആമുഖഭാഷണം നിർവ്വഹിച്ചുകൊണ്ട് പ്രവാസികളുടെ സാഹിത്യപ്രവർത്തനത്തെക്കുറിച്ചും മാതൃഭാഷാതാല്പര്യത്തെക്കുറിച്ചും വിശദീകരിച്ചു.

എം. രത്നകുമാറിന്റെ അദ്ധ്യക്ഷതയിൽ ആകാശവാണി മുൻ സ്റ്റേഷൻ ഡയറക്ടറും ഗവേഷകനും ഗ്രന്ഥകാരനുമായബാലകൃഷ്ണൻ കൊയ്യാൽ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് സാംസി കൊടുമണിന്റെ നോവലിന്റെ ചരിത്ര-രാഷ്ട്രീയ പ്രസക്തിയെക്കുറിച്ചു സംസാരിച്ചു. പ്രവാസസാഹിത്യകാരൻ ജോൺ ഇളമത മുഖ്യാതിഥിയായ സർഗസായാഹ്നത്തിൽ ക്രൈം ഇൻ 1619 അഥവാ അടിമക്കണ്ണിന്റെ നാൾവഴികൾ' നോവലിനെക്കുറിച്ച് എ.വി. പവിത്രൻ നടത്തിയ പ്രഭാഷണത്തിൽ പ്രമേയം, കഥാപാത്രങ്ങൾ, ചരിത്രപശ്ചാത്തലം, ഭാഷ തുടങ്ങിയ ഘടകങ്ങളിൽ സാംസി കൊടുമൺ നൽകിയ സംഭാവനകളെക്കുറിച്ചും എഴുത്തുകാരന്റെ ഗവേഷണവൈദഗ്ധ്യത്തെക്കുറിച്ചും വിശദീകരിച്ചു. മലയാള നോവൽ സാഹിത്യത്തിൽ വലിയൊരു പരീക്ഷണഘട്ടമാണ് 'ക്രൈം ഇൻ 1619 അഥവാ അടിമക്കണ്ണിന്റെ നാൾവഴികൾ' എന്ന നോവൽ വഴി സാംസി കൊടുമൺ അവതരിപ്പിച്ചതെന്നും വലിയ പഠന സാധ്യതകളിലേക്ക് വഴി തുറക്കുന്നുണ്ടെന്ന് കൂടി വ്യക്തമാക്കി.

പ്രവാസി സാഹിത്യപുരസ്കാരം സാംസി കൊടുമണിന് നൽകി ഡോ. മുരളീമോഹനും കവി കെ.ആർ. ടോണിയും ആദരിച്ചു. നോവൽ ചർച്ചയിൽ പ്രീത, വത്സൻ അഞ്ചാംപീടിക, മീര കോയ്യോട് എന്നിവർ പങ്കെടുത്തു സംസാരിച്ചു. എഴുത്തിന്റെ പ്രേരണകളെക്കുറിച്ചും ദീർഘകാലത്തെ പഠനഗവേഷണത്തെക്കുറിച്ചും ചരിത്രത്തിനു നോവൽഭാഷ്യം നൽകുമ്പോൾ പുലർത്തിയ സൂക്ഷ്മശ്രദ്ധയെക്കുറിച്ചും മറുമൊഴിയിൽ സാംസി കൊടുമൺ വ്യക്തമാക്കി. കൈരളി ബുക്സ് മാനേജിംഗ് ഡയറക്ടർ ഒ. അശോക്കുമാർ നന്ദി പ്രകാശിപ്പിച്ചു.