
പൊൻകുന്നം : മനസ്സിലുള്ളത് ലോകത്തോട് പറയാൻ കഴിയാത്തതിലും വലിയൊരു നിസ്സഹായതയില്ല. അത്തരം കുരുന്നുകളുടെ കണ്ണുകളിലെ സ്വപ്നങ്ങൾ നിശ്ശബ്ദതയ്ക്കുള്ളിൽ ആരുമറിയാതെ കൊഴിഞ്ഞുപോവുകയാണ്. ചിരിയിലും കണ്ണുകളിലും നിശ്ശബ്ദ ലോകം ഒളിപ്പിച്ചുകൊണ്ട് നമ്മളോടൊപ്പം ജീവിക്കുന്ന കുട്ടികളുടെ ഭാവിയെ കരുതലോടെ കൈപിടിച്ചു നയിക്കുന്ന ദൗത്യത്തിനാണ് പൊൻകുന്നത്തെ ഏഞ്ചൽസ് വില്ലേജ് വേദിയായത്. സംസാരിക്കാനോ മനസിലാക്കിക്കൊടുക്കാനോ കഴിയാതെ, അവനവന്റെ ലോകത്തേക്ക് ചുരുങ്ങി നിൽക്കുന്ന അവർക്ക് ചുറ്റുമുള്ളവരിൽ നിന്ന് വേണ്ടത് കാരുണ്യവും ക്ഷമയുമാണ്.

പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികൾക്ക് ചികിത്സയും പ്രത്യേക വിദ്യാഭ്യാസവും തൊഴിൽപരിശീലനവും നൽകി ജീവിതത്തിൽ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാൻ സഹായിക്കുന്ന ഏഞ്ചൽസ് വില്ലേജ് നയിക്കുന്നത് ഫാ. റോയ് മാത്യു വടക്കേലാണ്. ഈ വിജയയാത്രയുടെ അടുത്ത പടി ആയി, കേരളത്തിലെ ഏറ്റവും ആധുനികമായ ഓട്ടിസം സെൻററിന്റെ നിർമ്മാണത്തിനുള്ള ഗ്രൗണ്ട് ബ്രേക്കിംഗ് ചടങ്ങാണ് 2025 ഡിസംബർ 8-ന് പൊൻകുന്നത്ത് നടന്നത്.

1979 മുതൽ കാഞ്ഞിരപ്പള്ളിയിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി പ്രവർത്തിച്ചുവരുന്ന ആശാ നിലയത്തിന്റെ തുടർച്ചയാണ് ഏഞ്ചൽസ് വില്ലേജ്. വർഷങ്ങളായി ഈ മേഖലയിലുള്ള അനുഭവസമ്പത്താണ് ഇത്തരം കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയും എല്ലാവിധ ആവശ്യങ്ങളും മനസ്സിലാക്കിക്കൊണ്ട് ഇതുപോലൊരു ബ്രഹത്തായ ദൗത്യത്തിലേക്ക് നടക്കാൻ കരുത്ത് പകർന്നതെന് റോയ് അച്ചൻ അഭിപ്രായപ്പെട്ടു. 45 ഏക്കർ വിസ്തൃതിയിലുള്ള ക്യാമ്പസിനുള്ളിൽ തെറാപ്പി സെന്റർ, സ്പെഷ്യൽ സ്കൂൾ, ഡോർമിറ്ററികൾ, ഡൈനിംഗ് ഏരിയ, ചെറുകിട വ്യവസായങ്ങൾ, വിനോദകേന്ദ്രങ്ങൾ, ഷോപ്പുകൾ, ഫാം സ്കൂൾ, മാതാപിതാക്കളുടെ താമസ സൗകര്യം തുടങ്ങി പതിനാറിലധികം അനുബന്ധ സൗകര്യങ്ങളുള്ള സമഗ്ര സംരക്ഷണ കേന്ദ്രമാണ് ഏഞ്ചൽസ് വില്ലേജ്. 300-ലധികം ന്യൂറോഡെവലപ്മെന്റൽ വൈകല്യങ്ങളുള്ള കുട്ടികളുടെ ജീവിതങ്ങളെ മാറ്റിമറിക്കുന്ന, അതുല്യമായ സേവനം നൽകുന്ന കേന്ദ്രമായി ഏഞ്ചൽസ് വില്ലേജ് ഇതിനോടകം വളർന്നിട്ടുണ്ട്.

ചടങ്ങിൽ രണ്ട് അന്താരാഷ്ട്ര വിദഗ്ധരുടെ സാന്നിധ്യം ശ്രദ്ധേയമായി. അമേരിക്കയിൽ നിന്നുള്ള പ്രശസ്ത ജനിതക ശാസ്ത്രജ്ഞനും നാഡീവികസന വൈകല്യങ്ങളുടെ ഡി.എൻ.എ–ക്രോമോസോം നിരീക്ഷണത്തിൽ വിദഗ്ധനുമായ പ്രൊഫ. ഡോ. സണ്ണി ലൂക്ക്; ബ്രിട്ടനിലെ യൂണിവേഴ്സിറ്റി ഓഫ് സാൽഫോർഡിലെ സൈക്കിയാട്രിസ്റ്റും മുതിർന്നവരിലെ ഓട്ടിസം ചികിൽസയിൽ വിദഗ്ധനുമായ പ്രൊഫ. ഡോ. ബ്രെൻഡൻ; ഏഞ്ചൽസ് വില്ലേജിന്റെ സന്തതസഹചാരിയും അക്കാദമിക് വ്യക്തിത്വവുമായ പ്രൊഫ. ബാബു ജോസഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കേരളത്തിൽ അത്യാധുനിക സംവിധാനമുള്ള ഓട്ടിസം കേന്ദ്രം രൂപപ്പെടുത്തുന്നതിനുള്ള നിർണായക ചുവടുവയ്പ്പാണിതെന്ന് രക്ഷിതാക്കളും വിദഗ്ധരും വിലയിരുത്തി. IISAC (യുഎസ്എ) ചെയർമാനും ഏഞ്ചൽസ് വില്ലേജ് ഇന്റർനാഷണൽ പ്രോഗ്രാമിന്റെ കോ-ഓർഡിനേറ്ററുമായ പ്രൊഫ. സണ്ണി ലൂക്കിന്റെ പങ്കാളിത്തം ഈ സംരംഭത്തിന് അന്താരാഷ്ട്ര പിന്തുണ ഉറപ്പുനൽകുന്നുണ്ട്.

ഇന്ന് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ 100 കുട്ടികളിൽ ഒരാളെ ബാധിക്കുന്ന അവസ്ഥയാണ്. സാമൂഹിക ഇടപെടലിലെ വെല്ലുവിളികൾ, ഭാഷാവികസനത്തിലെ തടസ്സങ്ങൾ, ആവർത്തന പെരുമാറ്റങ്ങൾ, പരിമിത താൽപ്പര്യങ്ങൾ തുടങ്ങിയ ലക്ഷണങ്ങൾ കുടുംബങ്ങളുടെ ദൈനംദിന ജീവിതത്തെ തന്നെ മാറ്റിമറിക്കുന്നു. ഈ വെല്ലുവിളികളെ ശാസ്ത്രീയമായി നേരിടാൻ 30 മാസം പ്രായം മുതൽ കൃത്യമായ നിർണ്ണയം നൽകിയുകൊള്ളാൻ കഴിയുന്ന സംവിധാനങ്ങളാണ് പുതിയ സെന്ററിന്റെ സവിശേഷത. പ്രത്യേക ചികിത്സകളിലൂടെ ഇത്തരം ലക്ഷണങ്ങൾ കുറയ്ക്കാനും പെരുമാറ്റത്തിൽ പുരോഗതി നേടിയെടുക്കാനും ഏർളി ഇന്റർവെൻഷൻ തെറാപ്പി ഏറെ ഫലപ്രദമാണെന്ന് പ്രൊഫ. സണ്ണി ലൂക്ക് വിശദീകരിച്ചു.
കുട്ടികളെ കൈകാര്യം ചെയ്യുന്നതിൽ സമ്മർദ്ദം നേരിടുന്ന മാതാപിതാക്കൾക്കായി പരിശീലന പരിപാടികളും, കല, കായികം, ഗെയിംസ്, കൃഷി തുടങ്ങിയ മേഖലകളിൽ കുട്ടികളുടെ മറഞ്ഞിരിക്കുന്ന കഴിവുകളെ കണ്ടെത്തി വളർത്താനും സഹായിക്കുന്ന പ്രത്യേക പ്രോഗ്രാമുകളും കേന്ദ്രത്തിൽ ഉണ്ടായിരിക്കും. ആവശ്യമായാൽ ദീർഘകാല മെഡിക്കൽ കെയറും താമസ സൗകര്യവും ലഭ്യമാക്കുന്ന വ്യക്തിഗത പരിചരണമാണ് ഈ സെന്ററിന്റെ പ്രധാന സവിശേഷത.
വാക്കുകൾക്കപ്പുറം മനസ്സിലാക്കലും പ്രവർത്തനവുമാണ് ഈ കുട്ടികൾക്ക് നല്കാനാകുന്ന ഏറ്റവും വലിയ സമ്മാനം. അവരുടെ നിശ്ശബ്ദ ലോകത്ത് ഒരു വിളക്കേന്തി ഭാവിയിലേക്കുള്ള വഴികൾ തെളിക്കാനുള്ള മഹത്തായ ദൗത്യം തന്നെയാണ് ഏഞ്ചൽസ് വില്ലേജ് വീണ്ടും ഏറ്റെടുത്തിരിക്കുന്നത്. പുതിയ ഓട്ടിസം സെൻറർ പൂർണതയിൽ എത്തുമ്പോൾ, കേരളത്തിലെ പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികളുടെ പരിചരണരംഗം ഒരു പുതിയ നിലവാരത്തിലേക്ക് ഉയരുകയും നൂറുകണക്കിന് കുടുംബങ്ങളുടെ ജീവിതത്തിൽ പ്രതീക്ഷയുടെ പുതു അധ്യായം തുറക്കുകയും ചെയ്യും.