Image

മടക്ക യാത്രകൾ (കവിത: ജയൻ വർഗീസ്)

Published on 11 December, 2025
മടക്ക യാത്രകൾ (കവിത: ജയൻ വർഗീസ്)

കാലിടറാത്ത

കുതിരയെപ്പോലെ

കാലം നടന്നു

പോകുമ്പോൾ

ഞൊണ്ടിക്കാലുകളിൽ

തെണ്ടിത്തിരിഞ്ഞ്‌ ‌

കൂടെയെത്താൻ

കൂട്ടുകാർ നമ്മൾ !

കുതിപ്പിന്റെ സ്വപ്‌നങ്ങൾ

കുളമ്പടികളായ്

കൂടെയുള്ളപ്പോൾ

നീതി ശാസ്ത്രങ്ങളുടെ

ചാട്ടവാറുകളിൽ

നിന്റെ ചർമ്മം

നിലവിളിച്ചിരുന്നു.

വഴിയോരങ്ങളിൽ

വീണുപോയ

വിയർപ്പുമണികൾ

വീണ്ടെടുക്കാതെ

വീഴ്ചയുടെ

വിഹ്വലതകളിൽ

വികലാംഗരായി

യാത്ര !

ഇന്നലെകളെ

ചവിട്ടി മെതിച്ച

ഇന്നുകളുടെ

വിരിമാരിലൂടെ

ഇല്ലാത്ത നാളെകൾ തേടി

പല്ല് കൊഴിഞ്ഞ  

സിംഹങ്ങളുടെ

പരിഹാസ്യ യാത്ര !

എത്തിച്ചേരാൻ

എളുപ്പമല്ലെന്ന്

ചക്രവാളങ്ങൾ

പരിഹസിക്കുമ്പോൾ

മിഥ്യകളുടെ

വിലാപ യാത്രികർ

ലക്ഷ്യം കാണാതെ

തിരിച്ചു പോകുന്നു !

മണ്ണിലേക്ക്,

മനസ്സിലേക്ക്

അദ്വൈത സത്ത

അപഗ്രഥിച്ചെടുത്ത

ആദി ശങ്കര

പ്രപഞ്ചത്തിലേക്ക് ! 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക