Image

ഹൂസ്റ്റണില്‍ ഫോമാ 2026 കണ്‍വന്‍ഷന്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

എ.എസ് ശ്രീകുമാര്‍-ഫോമാ ന്യൂസ് ടീം Published on 10 December, 2025
ഹൂസ്റ്റണില്‍ ഫോമാ 2026 കണ്‍വന്‍ഷന്‍ കമ്മിറ്റി ഓഫീസ്  ഉദ്ഘാടനം ചെയ്തു

ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ   ഫോമായുടെ 9-ാമത് ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി  കമ്മിറ്റി ഓഫീസ് സ്റ്റാഫോര്‍ഡില്‍ (525 Dulls Ave Stafford TX 77477-Nair Plaza) ഉദ്ഘാടനം ചെയ്തു.  തിങ്കളാഴ്ച വൈകുന്നേരം  നായര്‍ പ്ലാസയില്‍, പ്രസിഡന്റ് ബേബി മണക്കുന്നേല്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തില്‍  നടന്ന ചടങ്ങില്‍ ഫോമായുടെ സ്ഥാപക പ്രസിഡന്റ് ശശിധരന്‍ നായരാണ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

ഫോമാ പിറവിയെടുത്ത മണ്ണില്‍ മറ്റൊരു കണ്‍വന്‍ഷന്‍ കൂടി അരങ്ങേറുന്നതില്‍ അതീവ സന്തോഷമുണ്ടെന്നും അമേരിക്കന്‍ മലയാളികളുടെ ഹബ്ബായ ഹൂസ്റ്റണിലെ ഫോമാ മാമാങ്കം അവിസ്മരണീയമാക്കാന്‍ ഏവരും തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ശശിധരന്‍ നായര്‍ പറഞ്ഞു. 2026 ജൂലൈ 30, 31 ആഗസ്റ്റ് 1, 2 (വ്യാഴം, വെള്ളി, ശനി, ഞായര്‍) തീയതികളില്‍ 'വിന്‍ഡം ഹൂസ്റ്റണ്‍' ഹോട്ടലില്‍ അരങ്ങേറുന്ന ഫോമാ ഫാമിലി കണ്‍വന്‍ഷന്‍ ചരിത്ര വിജയമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് ബേബി മണക്കുന്നേല്‍ അറിയിച്ചു.

കണ്‍വന്‍ഷന്‍ സംബന്ധിച്ച അവലോകന യോഗങ്ങളും മറ്റ് പ്രോഗ്രാമുകളുടെ രൂപരേഖകള്‍ തയ്യാറാക്കുന്നതുമെല്ലാം സ്റ്റാഫോര്‍ഡിലെ ഈ കമ്മിറ്റി ഓഫീസില്‍ വച്ചായിരിക്കും. പിപുലമായ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ക്ക് ഇതോടെ ഔദ്യോഗികമായി തുടക്കം കുറിച്ചു. ഫാമിലി കണ്‍വന്‍ഷന്റെ ചെയര്‍മാന്‍ സുബിന്‍ കുമാരന്‍, ജനറല്‍ കണ്‍വീനര്‍ ജോയി എന്‍ സാമുവല്‍, സതേണ്‍ റീജിയന്‍ ചെയര്‍മാന്‍ രാജേഷ് മാത്യു, നാഷണല്‍ കമ്മിറ്റി മെമ്പര്‍മാരായ ജിജു കുളങ്ങര, രാജന്‍ യോഹന്നാന്‍ തുടങ്ങിയവരുള്‍പ്പെടെ ഫോമായുടെ വിവധ മേഖലകളിലുള്ള നേതാക്കള്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

വിഖ്യാതമായ എന്‍.ആര്‍.ജി സ്റ്റേഡത്തിന് തൊട്ട് എതിര്‍വശത്താണ് കണ്‍ന്‍ഷന്‍ വേദിയായ 'വിന്‍ഡം ഹൂസ്റ്റണ്‍' എന്ന ആഡംബര ഹോട്ടല്‍ സമുച്ചയം. 2500 പേര്‍ക്ക് ഇരിക്കാവുന്ന തീയേറ്റര്‍ സൗകര്യമുള്ള ഹാള്‍, യുവജനങ്ങള്‍ക്കായി 700 പേരുടെ സീറ്റിങ് കപ്പാസിറ്റിയുള്ള കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയ്ക്ക് പുറമെ വിവിധ മീറ്റിങ്ങുകള്‍ക്കായി 12-ഓളം ഹാളുകളും 1000 പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന ഡൈനിങ് ഏരിയയും, 1250 വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ് ലോട്ടും നേരത്തെ തന്നെ ബുക്ക് ചെയ്തിട്ടുണ്ട്.

ഫോമയുടെ നൂറിലധികം അംഗസംഘടനകളില്‍ നിന്നുമായി 2500-ലധികം പ്രതിനിധികള്‍ പങ്കെടുക്കുന്ന വിപുലമായ കണ്‍വന്‍ഷനാണ് പ്രതീക്ഷിക്കുന്നതെന്ന് ബേബി മണക്കുന്നേല്‍ പറഞ്ഞു. കൂടാതെ, നാട്ടില്‍നിന്നും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം നാലു ദിവസം നീണ്ടുനില്‍ക്കുന്ന ഈ കണ്‍വന്‍ഷനില്‍ ഉണ്ടായിരിക്കും. വിപുലമായ കലാ-സാംസ്‌കാരിക പരിപാടികള്‍ കണ്‍വന്‍ഷന്‍ സായാഹ്നങ്ങള്‍ക്ക് കൊഴുപ്പേകും.  

സ്റ്റാഫോര്‍ഡിലെ പുതിയ കമ്മിറ്റി ഓഫീസില്‍ സജീവ സാന്നിധ്യമറിയിച്ച് ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷന്‍ ഒരു ചരിത്ര വിജയമാക്കാന്‍ ഏവരും ഒരേമനസോടെ പ്രവര്‍ത്തിക്കണമെന്ന് പ്രസിഡന്റ് ബേബി മണക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ പി ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക