Image

ഇന്ദുമുഖീ ഇന്ന് രാവിൽ എന്തു ചെയ്‌വൂ നീ ? സ്വാമിയുടെ ജന്മവാർഷികം (രവി മേനോൻ)

Published on 10 December, 2025
ഇന്ദുമുഖീ ഇന്ന് രാവിൽ എന്തു ചെയ്‌വൂ നീ ? സ്വാമിയുടെ ജന്മവാർഷികം (രവി മേനോൻ)

ട്രാഫിക് ബ്ലോക്കുകളെ മതിമറന്ന്  സ്നേഹിക്കാൻ പഠിപ്പിച്ചത് ഭാവഗായകനാണ്.

ചെന്നൈ നഗരപ്രദക്ഷിണത്തിനിടെ ഓരോ തവണയും കാർ അണ്ണാശാലൈ റോഡിലെ, ടി നഗറിലെ, അല്ലെങ്കിൽ ജെമിനി സർക്കിളിലെ ട്രാഫിക് ജാമിലോ സിഗ്നലിലോ പെട്ട് നിശ്ചലമാകുമ്പോൾ കൊതിയോടെ ഞാൻ പറയും: "ജയേട്ടാ ആ ഇന്ദുമുഖി.."

ചെറുചിരിയോടെ പുറത്തെ പൊരിവെയിലിലേക്ക് നോക്കി സ്റ്റീയറിംഗിൽ പതുക്കെ താളമിട്ട് "ഹർഷബാഷ്പം" പാടും ജയചന്ദ്രൻ.  "ഇന്ദുമുഖീ ഇന്ന് രാവിൽ എന്തു ചെയ്‌വൂ നീ" എന്ന വരിയെത്തുമ്പോൾ മാരുതി സെൻ കാറിനകത്ത് പൊടുന്നനെ മഴ പെയ്തു തുടങ്ങും -- നീലാംബരി രാഗത്തിന്റെ നിലയ്ക്കാത്ത മഴ. പ്രണയത്തിന്റെ ആ പെരുമഴപ്പെയ്ത്തിൽ നനഞ്ഞ് സ്വയം മറന്നിരിക്കും സഹയാത്രികൻ. 
                                     
അദൃശ്യസാന്നിധ്യമായി ഞങ്ങൾക്കൊപ്പം കാറിൽ ദക്ഷിണാമൂർത്തി സ്വാമിയുമുണ്ടാകും അപ്പോൾ. അതേ ഗാനം സ്വാമി പാടിപഠിപ്പിച്ചു തന്നതെങ്ങനെ എന്ന് സോദാഹരണം വിശദീകരിക്കും  ഭാവഗായകൻ. "ഓരോ തവണ പാടുമ്പോഴും അതുവരെ കേൾക്കാത്ത സൂക്ഷ്മാംശങ്ങൾ വന്നു നിറയും സ്വാമിയുടെ ആലാപനത്തിൽ. ഏതിനാണ്  ഏറ്റവും ഭംഗി എന്നോർത്ത് വിസ്മയിച്ചുപോകും നമ്മൾ."

മുന്നിലെ ട്രാഫിക് സിഗ്നലിൽ പച്ച തെളിയുമ്പോൾ നിരാശയാണ്. അടുത്ത ജങ്ക്ഷനിലെ ചുവപ്പിന് വേണ്ടി  കാത്തിരിക്കണമിനി.

ഒരിക്കലും തിരിച്ചുവരില്ല മൂന്ന് പതിറ്റാണ്ടു മുൻപത്തെ ആ നട്ടുച്ചകളും സന്ധ്യകളും രാവുകളും എന്നോർക്കുമ്പോൾ ദുഃഖം, നഷ്ടബോധം... ചെന്നൈ എന്ന മഹാനഗരത്തെ പ്രണയിക്കാൻ പ്രേരിപ്പിച്ചത് അവയെല്ലാമാണല്ലോ.

"ശ്രാവണ നിശീഥിനി തൻ പൂവനം തളിർത്തു, പാതിരാവിൻ താഴ്വരയിലെ പവിഴമല്ലികൾ പൂത്തു" എന്ന് ജയചന്ദ്രൻ പാടിക്കേൾക്കുമ്പോൾ മനസ്സിൽ ഇതൾ വിരിയുന്ന രാവിന് എന്തൊരു ദൃശ്യഭംഗി, എന്തൊരു കാൽപ്പനിക ചാരുത. ആകാശവാണിയുടെ ചലച്ചിത്രഗാന പരിപാടിയിൽ ഹർഷബാഷ്പം ആദ്യം കേട്ടപ്പോൾ, പി ഭാസ്കരനും ദക്ഷിണാമൂർത്തി സ്വാമിയും ചേർന്നൊരുക്കിയ ആ  ഗാനം സിനിമയിൽ പാടി അഭിനയിക്കുന്നത് പ്രേംനസീർ ആവണേ എന്ന് മോഹിച്ചിരുന്നു; പാതിയടഞ്ഞ മിഴികളോടെ അത് കേട്ടു കിടക്കുന്നത് ജയഭാരതി ആവണമെന്നും.

കേട്ട പാട്ടുകൾ മനസ്സിലെ വെള്ളിത്തിരയിൽ ചിത്രീകരിച്ചു കാണുന്ന അസുഖമുണ്ട് അന്ന് (ഇന്നും). ബ്ളാക്ക് ആൻഡ് വൈറ്റ് കാലമാണെങ്കിലും ഭാവനയിലെ "ഹർഷബാഷ്പം" ഷൂട്ട് ചെയ്തു കണ്ടത്  ഈസ്റ്റ്മാൻ കളറിൽ. സ്വപ്നമാകുമ്പോൾ എന്തിന് നിറം കുറയ്ക്കണം?

ശയനമുറിയിലെ അരണ്ട വെളിച്ചത്തിൽ ചുമരിൽ ചാരിനിന്ന് പ്രണയപൂർവം പാടുന്ന നസീർ സാർ. പാതിരാക്കാറ്റിൽ നൃത്തം വെക്കുന്ന ജനൽ കർട്ടനുകൾ. പാതിമയക്കത്തിൽ പാട്ടു കേട്ട് കിടക്കുന്ന ജയഭാരതി. ഗുരുദത്തും വഹീദ റഹ്‌മാനും അഭിനയിച്ച "ചൗദവീ കാ ചാന്ദ്" ഓർമ്മവരുന്നുണ്ടോ? (ഒരു തമാശ കൂടി: ചൗദവീ കാ ചാന്ദ് എന്ന ഗാനരംഗം മ്യൂട്ട് ആക്കി പശ്ചാത്തലത്തിൽ ഹർഷബാഷ്പം ഇട്ടു കേൾക്കാറുണ്ട് ഞാൻ. കൊള്ളാമല്ലോ എന്ന് തോന്നും).

പക്ഷേ "മുത്തശ്ശി" എന്ന സിനിമയിലെ  ഗാനരംഗം കണ്ടപ്പോൾ ചെറിയൊരു നിരാശ.  ശയനമുറിയും പാതിരാക്കാറ്റും  ജനൽ കർട്ടനുകളും ജയഭാരതിയുടെ അർദ്ധനിമീലിത മിഴികളും ഒന്നുമില്ല സീനിൽ. നസീർ സാർ പാടുന്നുമില്ല. റേഡിയോയിൽ പാട്ട് കേട്ട് ചിന്താമഗ്നനാകുന്നതേ ഉള്ളൂ. അകലെയെങ്ങോ മൂന്ന്  കുട്ടികളും കൂടെയൊരു പട്ടിയുമായി ഹാഫ് സ്കർട്ട് ധാരിണിയായ  നായിക ഷീല ഏതോ  പാർക്കിലൂടെ തിടുക്കത്തിൽ നടക്കുന്നു, ഇടക്ക് ഇരിക്കുന്നു, തൂണിൽ ചാരിനിൽക്കുന്നു...

ഭാവനയിലേ കാണാറുള്ളൂ ഇപ്പോൾ ആ ഗാനരംഗം. പാടാൻ ജയചന്ദ്രനുള്ളപ്പോൾ സാങ്കൽപ്പിക ചിത്രീകരണം എത്ര എളുപ്പം. മുഗ്ദ്ധമധുരമായ ആ ശബ്ദത്തിൽ തന്നെയുണ്ടല്ലോ മിഴിവാർന്ന ചിത്രങ്ങൾ. അവയൊന്ന് ചേരുംപടി ചേർത്തുവെച്ചാൽ മതി.

ഭാസ്കരൻ മാഷിന്റെ വരികളിലൂടെ, ദക്ഷിണാമൂർത്തി സ്വാമിയുടെ ഈണത്തിലൂടെ സ്വയം മറന്നൊഴുകി വിണ്ണിലെ സുധാകരനും വിരഹിയായ കാമുകനുമായി മാറുന്ന  ജയചന്ദ്രൻ. "ഏത് സ്വപ്ന പുഷ്പവനം നീ തിരയുന്നൂ ഏത് രാഗകൽപ്പനയിൽ  നീ മുഴുകുന്നൂ" എന്ന് ആ കാമുകൻ പ്രണയലോലമായി ചോദിക്കുമ്പോൾ ഓർമ്മയിൽ തെളിയുക പാർക്കിലൂടെ നടക്കുന്ന നായികയുടെ രൂപമല്ല; മായാത്ത ഒരു കാലമാണ്.

മാഷും സ്വാമിയും കാമുകനുമെല്ലാം ആ കാലത്തിന്റെ തിരശ്ശീലക്കപ്പുറത്ത് മറഞ്ഞു. വിരഹശോക സ്മരണകൾ മാത്രം ബാക്കി...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക