Image

ഒരു അതിജീവിതൻ്റെ പിന്നാമ്പുറങ്ങൾ (പ്രകാശൻ കരിവെള്ളൂർ )

Published on 09 December, 2025
ഒരു അതിജീവിതൻ്റെ പിന്നാമ്പുറങ്ങൾ (പ്രകാശൻ കരിവെള്ളൂർ )

മലയാളസിനിമയിൽ ഒരു സൂപ്പർതാരം നടിയെ തട്ടിക്കൊണ്ടു പോയി ബലാസംഗം ചെയ്യാൻ ക്വട്ടേഷൻ സംഘത്തെ ഏൽപ്പിച്ചതിൽ പിന്നെയാണ് ഭാഷയിൽ ഒരു വാക്കുണ്ടായത് - അതിജീവിത .ഇക്കഴിഞ്ഞ എട്ടുവർഷവും ആ നടിയെ അക്രമിച്ചവർ ശിക്ഷിക്കപ്പെടണം എന്നേ മന:സാക്ഷിയുള്ള ഏതൊരു മലയാളിയും ആഗ്രഹിച്ചിട്ടുണ്ടാവൂ . വൈകി ലഭിക്കുന്ന നീതി നീതിയല്ല എന്ന് നമ്മൾ അസ്വസ്ഥമായിരുന്നതിനൊടുവിൽ വൈകി വന്നത് ഈ അനീതിയാണ് . കുറ്റം ചെയ്ത ആൾ കുറ്റം ചെയ്തു എന്ന് തെളിവില്ലാത്തതിനാൽ അയാൾ കുറ്റക്കാരനല്ല . അപ്പോൾ പിന്നെ കുറ്റം ആരുടേത് ? പരാതിക്കാരിയുടേത് തന്നെ . തെളിയിക്കപ്പെടാത്ത ആരോപണം - തെളിയിക്കും വരെ അത് നുണയാണ് !

പകൽ പോലെ വ്യക്തമായ ഒരു കുറ്റം പോലും തെളിയിക്കാൻ കഴിയാത്ത ഇന്നാട്ടിലെ പോലീസിനെയും കോടതിയേയും എന്തിൻ്റെ പേരിലാണ് നമ്മൾ വിശ്വസിക്കേണ്ടത് ? പണവും അധികാരവും കൊണ്ട് അട്ടിമറിക്കാൻ കഴിയാത്തതായി ഒന്നുമില്ലെന്ന് വന്നാൽ ഇന്ത്യയിൽ നമ്മൾ സൃഷ്ടിച്ചു എന്ന് പറയുന്ന നൈതിക കേരളത്തിൻ്റെ വർത്തമാനമുഖം എത്ര പരിതാപകരമാണ് ?

2010 ൽ റിലീസായ കാര്യസ്ഥൻ എന്ന സിനിമയുടെ പ്രദർശന വിജയത്തിൽ ഒരു പത്രം  ആഘോഷിച്ചു - മലയാള സിനിമയിലെ കാര്യസ്ഥനാണ് ദിലീപ് . പത്രത്തിൻ്റെ നിരീക്ഷണം കൃത്യമാണ് . കാരണവരെ സോപ്പിട്ട് തറവാട് സ്വന്തം പേരിലാക്കിയ കാര്യസ്ഥന്മാർ വരെ ചരിത്രത്തിലുണ്ട് . 1992 ൽ കമൽ സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമോ എന്ന മുകേഷ് സിനിമയിൽ സഹസംവിധായകനായ ഗോപാലകൃഷ്ണന് ചെറിയൊരു വേഷമായിരുന്നു . അയാളാണ് പത്ത് കൊല്ലം കൊണ്ട് ദിലീപ് എന്ന നായകനായി വളർന്നത് . മീശ നായകനിലൂടെ സൂപ്പർ താരമായി , ട്വൻ്റി ട്വൻ്റി സിനിമ സ്വന്തമായി നിർമ്മിച്ച് മമ്മൂട്ടി , മോഹൻലാൽ , സുരേഷ് ഗോപി , ജയറാം എന്നിവർക്കൊപ്പമാണ് താൻ എന്ന് തെളിയിക്കുകയും ചെയ്തു . 
സ്ക്രീനിലെ തമാശക്കാരനായ കോമളൻ അണിയറയിൽ ഉപജാപങ്ങളുടെ സൂത്രധാരനായിരുന്നു . മമ്മൂട്ടിക്കും മോഹൻലാലിനും പോലുള്ള മെഗാതാരങ്ങൾക്ക് ശിങ്കിടി പാടി അയാൾ വളർന്നു വരുന്ന യുവ താരങ്ങളെയെല്ലാം ഒതുക്കി . നടിയെ തട്ടിക്കൊണ്ടുപോവൽ കേസിൻ്റെ പേരിൽ മൂപ്പരുടെ പ്രതാപം ഒന്ന് മങ്ങിയപ്പോഴാണ് നിരവധി പുതിയ സംവിധായകർക്കും നടീനടന്മാർക്കും തിരക്കഥാകൃത്തുക്കൾക്കും രംഗത്തു വരാൻ അവസരമൊരുങ്ങിയത് . വിനയൻ എന്ന സംവിധായകനേയും പൃഥ്വീരാജ് എന്ന നടനെയും തമസ്കരിക്കാൻ ശ്രമിച്ചത് വേണ്ടത്ര വിജയിച്ചില്ല . എന്നാൽ പാർവ്വതി തിരുവോത്ത് എന്ന നിലപാടുള്ള നടിയെ മൂലക്കിരുത്താൻ മലയാള സിനിമ മൊത്തം ഇയാൾക്ക് കൂട്ടുനിന്നു . മഹാനടൻ തിലകനെ ഒറ്റപ്പെടുത്താൻ മമ്മൂട്ടിയെപ്പോലുള്ള വമ്പന്മാർ വരെ ഇയാൾക്ക് കൂട്ടു നിന്നു . മിസ്റ്റർ മരുമകൻ എന്ന സിനിമയിൽ ഇയാൾ നായികയാക്കിയ കാഴ്ച്ചയിലെ ബാലതാരം സനൂഷയെ പിന്നീട് കാണാനേ ഇല്ല ! 600 കോടി ആസ്തി എന്നത് സിനിമ ഭരിക്കാൻ മാത്രമല്ല , നീതിന്യായവും ഭരണകൂടവും എല്ലാം ഭരിക്കാനുള്ള യോഗ്യതയാണെന്ന് തെളിയിച്ച ഈ അതിജീവിതൻ കേരളീയ സമൂഹം പുലർത്തിപ്പോന്ന എല്ലാ ധാർമ്മികബോധങ്ങളെയും വെല്ലുവിളിക്കുകയാണ് .
 

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-12-09 11:45:36
ശ്രീ.പ്രകാശന് എങ്ങനെയാണ് ദിലീപ് കുറ്റക്കാരൻ ആണെന്ന് ബോധ്യപ്പെട്ടത്? ജഡ്ജിക്ക് കിട്ടാതെ പോയ ആ തെളിവുകൾ എന്തെല്ലാമാണ്? അതിജീവിതയ്ക്കും കോടിക്കണക്കിനു സമ്പത്തുണ്ടല്ലോ?? എന്താണ് ഒരു വക്കീലിനെ നിയമിക്കാഞ്ഞത്? അതി ജീവിതയോ മഞ്ജുവോ സുനിയോ ദിലീപിന്റെ പേര് എന്നെങ്കിലും വെളിപ്പെടുത്തിയിരുന്നോ? പ്രോസിക്യൂഷന് എന്തു പറ്റി? തെളിവുകൾ എവിടെ??? പ്രകാശാ, ജനാധിപത്യത്തിൽ കോടതിയാണ് അവസാന വാക്ക്, ആൾക്കൂട്ട വിചാരണ അല്ല. Rejice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക