
ജീവിതത്തിൽ സംഘർഷങ്ങൾ അനുഭവിക്കാത്തവർ വളരെ വിരളമാണ്. അത് ഒന്നോ രണ്ടോ നിമിഷങ്ങൾ ആണെങ്കിൽ പോലും അവ എത്രമാത്രം ഭീകരമാണ്. ഓടുന്ന വണ്ടിയിൽ തീർത്തും നിസ്സഹായയായ ഒരു പെൺകുട്ടി അനുഭവിച്ച പീഡനവാർത്തയും തുടർന്നു വർഷങ്ങൾക്കു ശേഷം വന്ന വിധിയും കേട്ടതേ ഉള്ളു. ഈ വിധിയെ നീതീ കരിക്കാൻ ഒരിക്കലും സാധിക്കില്ല. സത്യം കാലം തെളിയിക്കും എന്ന് വിശ്വാസം.
ഇഷ്ടമില്ലാത്ത ഒരാൾ ശരീരത്തിൽ സ്പർശിച്ചാൽ പോലും അത് വല്ലാത്ത ഒരു അസ്വസ്ഥതയാണ്. അപ്പോൾ മണിക്കൂറുകളോളം ഓടുന്ന വണ്ടിയിൽ ആ പെൺകുട്ടി അനുഭവിച്ച അവസ്ഥ... അതിന് കാരണക്കാർ ആയവർ ആരായാലും അർഹിക്കുന്ന ശിക്ഷ ലഭിക്കേണ്ടതാണ്. അത് ജീവപര്യന്തം തടവായാലും അധികപ്പറ്റാകില്ല. അതിജീവിതയുടെ ആത്മധൈര്യത്തെ പ്രശംസിക്കുന്നു. കാരണം ഇതൊരു മുന്നറിയിപ്പാണ്. ഇത്തരം നീചപ്രവർത്തികൾ ചെയ്യാൻ തുടങ്ങുമ്പോൾ ചിലരെങ്കിലും ഭയന്നു പിന്മാറിയെന്നു വരാം.
ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിലെ പൂമുഖവാതിൽ മുൻവശത്ത് ആൾ ഇല്ലാത്തപ്പോൾ തുറന്നിടില്ല എന്ന് ഞാൻ പ്രതിജ്ഞ ചെയ്യാൻ ഇടയായ ഒരു മദ്ധ്യാഹ്നം ഇപ്പോൾ ഓർത്തു പോകുകയാണ്. എന്നത്തേയും പോലെ നേർത്ത ചാറ്റൽമഴ പൊടിഞ്ഞ ഇടവമാസത്തിലെ ഒരു മദ്ധ്യാഹ്നം. വീട് തുടയ്ക്കാൻ വന്ന സ്ത്രീ വിളിച്ചു.
"ചേച്ചീ ഇവിടെ ഒരാൾ വിളിക്കുന്നു." ഞാൻ വാതിൽക്കൽ എത്തി. അവൾ സിറ്റ് ഔട്ട് തുടയ്ക്കുന്നു. എന്റെ പ്രിയപ്പെട്ട ചിന്നൻ പോമെറേനിയൻ സിറ്റ് ഔട്ടിലെ കൈവരിയിൽ കൊളുത്തിയ ചങ്ങലയിൽ തുള്ളി കളിക്കുന്നു.
"ആന്റി എന്നെ അറിയില്ലേ ഞാൻ കുട്ട്യോൾക്കൊപ്പം ഇവിടെ കളിക്കാൻ ഒക്കെ വന്നിട്ടുണ്ട്. ###. വീട്ടിലെ### ന്റെ മോൻ ആണ്." കാർ ഷെഡിന്റെ ചുവരിൽ ചാരി നിൽക്കുന്ന പയ്യൻ പറഞ്ഞു. തോളിൽ ഒരു തോർത്ത്. ഷർട്ടും കൈലിമുണ്ടും വേഷം. കാഴ്ചയിൽ ആരോഗ്യം തോന്നാത്ത ഒരു സാധു. തുടച്ചു കൊണ്ടിരുന്ന സ്ത്രീ അകത്തേക്ക് കയറിയപ്പോൾ അവൻ മുറ്റം കടന്നു വന്നു ചിന്നനെ മെല്ലെ ഒന്ന് തലോടി. ആര് തൊട്ടാലും അവരോടിണങ്ങുന്ന പാവം നായ. അതോടെ വന്ന പയ്യൻ സിറ്റ് ഔട്ടിൽ കയറിനിന്നു. പെട്ടെന്ന് മഴ ശക്തമായി.
"ഇന്ന് മുറ്റം അടിയ്ക്കാൻ പറ്റില്ല ചേച്ചീ ഞാൻ പൊയ്ക്കോട്ടേ" എന്ന് ചോദിച്ച് ജോലിക്കാരി പോയി. കഥാപാത്രം സിറ്റ് ഔട്ടിൽ നിന്നു മെല്ലെ ഹാളിൽ കയറി കൈ കെട്ടി നിന്നു സംസാരം തുടങ്ങി. മലയാള സിനിമയിലെ ഒരു സൂപ്പർ സ്റ്റാർ സ്ത്രീലമ്പടൻ ആണ് എന്ന് തുടങ്ങി അവന്റെ സംസാരം പെട്ടെന്ന് വഴി തെറ്റി പോകും പോലെ തോന്നി. കൈയിൽ ഭക്ഷണപ്പാത്രവുമായി ഇരിക്കുന്ന എനിക്ക് എന്തോ പന്തികേട് തോന്നി.
"നീ പൊയ്ക്കോളൂ. എനിക്ക് അടുത്ത വീട്ടിൽ പോകാനുണ്ട്" എന്ന് പറഞ്ഞ് ഞാൻ എണീറ്റു. കൈയിലെ ഭക്ഷണപ്പാത്രം അടുക്കളയിലെ സിങ്കിൽ ഇട്ടിട്ട് അത് വഴി വെളിയിലേക്ക് ഓടി ഇറങ്ങാനായിരുന്നു എന്റെ തീരുമാനം. മുൻവാതിലിൽ അവൻ നിൽക്കുകയാണല്ലോ. പാത്രം സിങ്കിൽ ഇട്ടപ്പോൾ പിന്നിൽ എന്തോ ശബ്ദം കേട്ടു ഞാൻ തിരിഞ്ഞു നോക്കി. അടുക്കളയിൽ അവൻ. രൂക്ഷമായ മദ്യ ഗന്ധം. ആ ഒരു നിമിഷം നിരവധി ചിന്തകൾ ഒരുമിച്ച് മനസ്സിലേക്ക് കടന്ന് വന്നു. എല്ലാം ഇവിടെ തീരുമല്ലോ ദൈവമേ എന്ന ഭീതിയിൽ ഞാൻ അലറി.
"ഇറങ്ങേടാ പുറത്ത്. ഇല്ലേൽ ഞാനിപ്പോൾ ആൾക്കാരെ വിളിക്കും.". ആ ശബ്ദം എവിടെ നിന്നാണ് വന്നതെന്ന് ഇപ്പോഴും ഞാൻ അത്ഭുത പ്പെടാറുണ്ട്. കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട് കക്ഷി സിറ്റ് ഔട്ടീൽ എത്തി കൈകൂപ്പി നിന്നു തോർത്ത് വായിൽ കടിച്ചു പിടിച്ചു പറഞ്ഞു
"എന്നോട് ക്ഷമിക്കണം അബദ്ധം പറ്റിപ്പോയി."
"കുടിച്ച കള്ളു വയറ്റിൽ കിടക്കണം. നിന്റെ അമ്മയുടെ പ്രായം എനിക്കുണ്ട്."
അവൻ തൊഴുതു പിടിച്ചു മഴയിലേക്ക് ഇറങ്ങി ഓടി അമ്പലപ്പറമ്പിൽ കയറി എന്ന് കണ്ടു ഞാൻ ചിന്നനെ അകത്തു വലിച്ചു കയറ്റി വാതിൽ ചേർത്തടച്ചു കുറ്റിയിട്ടു. ഒറ്റക്കുതിപ്പിന് പോയി അടുക്കള വാതിലും അടച്ചു. അവൻ തിരികെ വരുന്നുണ്ടോ എന്ന് ജനലിലൂടെ നോക്കി മൊബൈൽ എടുത്തു നിന്നു. പിന്നെ പ്രശ്നം ഉണ്ടായില്ല. എങ്കിലും ആ ഒന്നോ രണ്ടോ നിമിഷം ഞാൻ അനുഭവിച്ച ആത്മസംഘർഷം ഇപ്പോഴും വാക്കുകൾക്കതീതമാണ്. പേടിച്ചു ബോധം കെട്ടു വീഴുന്ന ഒരു വീട്ടമ്മ ആയിരുന്നെങ്കിൽ പിന്നെ എന്തായിരിക്കും സംഭവിക്കുക.? ചിന്തിച്ചു നോക്കു. ആ സമയത്തു അത്ര രൂക്ഷമായി പ്രതികരിക്കാൻ എനിക്ക് ധൈര്യം ലഭിച്ചത് എവിടെ നിന്നായിരുന്നു?. ഇന്നും അറിയില്ല.
പിറ്റേന്ന് പോലീസ് സ്റ്റേഷനിൽ പോയി. ഇനി ആർക്കും ഇത് പോലെ ഒരു അനുഭവം ഉണ്ടാകരുതേ എന്ന് കരുതിയാണ് അങ്ങനെ തീരുമാനിച്ചത്. കാരണം എല്ലാവർക്കും ഇത് പോലെ പ്രതികരിക്കാൻ ധൈര്യം ലഭിച്ചെന്നു വരില്ല എന്ന തോന്നൽ. ഇനി ഒരിടത്തും ഇത് പോലെ ചെന്ന് കയറാൻ അവന് തോന്നാതിരിക്കാൻ വേണ്ടി പോലീസ് സ്റ്റേഷനിൽ കയറ്റി.
പിന്നീട് ഇന്നു വരെ ആൾ ഇല്ലാത്ത നേരത്ത് ഈ വീടിന്റെ പൂമുഖവാതിൽ തുറന്നിടില്ല. ഇപ്പോൾ ഒട്ടും തുറക്കില്ല. ആവശ്യത്തിന് മാത്രം. ആകാശവും മേഘങ്ങളും കാണാൻ പറ്റാത്തതിൽ ദുഃഖം തോന്നാറുണ്ട്. എന്താ വാതിൽ തുറക്കാത്തത് തുറന്നിട്ടു കൂടെ എന്ന് ആര് ചോദിച്ചാലും അതിനുള്ള ഉത്തരം ഈ കുറിപ്പിൽ ഉണ്ടല്ലോ.
ചില നേരങ്ങളിൽ സ്ത്രീകൾ തീയും കെടാത്ത കനലും ആയേ പറ്റു. മരിക്കുമ്പോൾ മാത്രമേ കെട്ടടങ്ങിയ ചാരമാകാവൂ. കാരണം ഏതു നിമിഷവും അതിജീവനത്തിന്റെ കനൽവഴികൾ ഒറ്റയ്ക്ക് പിന്നിടേണ്ടവർ ആണ് നാം. തട്ടിത്ത ടഞ്ഞു വീഴാൻ ഇരുൾ വീണ പാതകൾ മുന്നിൽ കണ്ടേക്കാം. എങ്കിലും മുന്നേറുക..നീന്തിക്കടക്കാൻ ഒരു നിലാക്കായൽ മുന്നിലുണ്ടെന്നു കരുതി യാത്ര തുടരുക. വേണ്ടുന്ന സമയത്തു ശക്തമായി പ്രതികരിക്കുക. അപ്രിയ സത്യങ്ങൾ ആയാലും അവ മുഖം നോക്കാതെ വിളിച്ചു പറയുക.