Image

യാത്രാ വിലക്ക് : ലോക കപ്പിന് കാണികള്‍ കുറയുമോയെന്ന് ആശങ്ക

സ്‌പോര്‍ട്‌സ് ലേഖകന്‍ Published on 09 December, 2025
യാത്രാ വിലക്ക് : ലോക കപ്പിന് കാണികള്‍ കുറയുമോയെന്ന് ആശങ്ക

മറ്റു കായിക ഇനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഫുട്ബോളിൽ തങ്ങളുടെ ദേശീയ ടീമിന്റെ മത്സരം കാണാന്‍ ആരാധകർ കൂട്ടത്തോടെ എത്തുന്നതു പതിവാണ്. ലോകകപ്പ് ആണെങ്കില്‍ പറയുകയും വേണ്ട. മറ്റു രാജ്യങ്ങളുടെ കളി കാണാന്‍ എത്തുന്ന വിദേശികളും ഏറെയാണ്. 2026 ലെ ലോക കപ്പില്‍ ടിക്കറ്റ് നിരക്ക് സാധാരണയില്‍ കൂടുതലാണെങ്കിലും ഫുട്‌ബോള്‍ പ്രേമികളുടെ താല്‍പര്യം കുറയാന്‍ ഇടയില്ല. പക്ഷേ, ഇപ്പോള്‍ പല രാജ്യങ്ങളിലേയും ഫുട്‌ബോള്‍ പ്രേമികള്‍ ആശങ്കയിലാണ്. തങ്ങള്‍ക്ക് യാത്രാനുമതി കിട്ടുമോ എന്ന ആശങ്ക ഫുട്‌ബോള്‍ പ്രേമികള്‍ക്കുണ്ട്.


ഡൊണാള്‍ഡ് ട്രമ്പ് രണ്ടാമതൊരിക്കല്‍ കൂടി യു.എസ്. പ്രസിഡന്റ് ആയതിനുശേഷം ഒട്ടേറെ രാജ്യക്കാര്‍ക്ക് യു.എസിലേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചില രാജ്യക്കാര്‍ക്ക് പൂര്‍ണ വിലക്കെങ്കില്‍ ചിലര്‍ക്ക് ഭാഗിക വിലക്ക്. ലോകകപ്പില്‍ പൊതുവേ ടിക്കറ്റ് എടുത്താല്‍ കളികാണാന്‍ വീസയും അനുവദിക്കാറുണ്ട്. 2018 ല്‍ റഷ്യ ഇക്കാര്യത്തില്‍ വളരെ തുറന്ന സമീപനമാണ് സ്വീകരിച്ചത്. പ്രസിഡന്റ്  ട്രമ്പിന്റെ പുതിയ നയങ്ങള്‍ വിദേശത്തു നിന്നുള്ള കാണികളെ എങ്ങനെ ബാധിക്കുമെന്ന് പറയാനാവില്ല. ചില വേദികള്‍ തന്നെ വേണ്ടി വന്നാല്‍ മാറ്റുമെന്ന് ട്രമ്പ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു.
ട്രമ്പ് ഭരണകൂടം 2025 ജൂണ്‍ നാലിനു പ്രഖ്യാപിച്ച നയമനുസരിച്ച് 19 രാജ്യങ്ങള്‍ക്ക് വിലക്കുണ്ട്. അതില്‍ കൂടുതലും ആഫ്രിക്കന്‍, മധ്യപൂര്‍വേഷ്യൻ രാജ്യങ്ങളാണ്. ഇവര്‍ക്ക് 2025 ജൂണ്‍ ഒന്‍പതിനു മുമ്പ് ലഭിച്ച, കാലാവധി കഴിയാത്ത വീസ ഇല്ലെങ്കില്‍ പ്രവേശനം അനുവദിക്കില്ല. അഫ്ഗാനിസ്ഥാന്‍, ഛാഡ്, കോംഗോ, ഗ്വിനിയ, എറിത്രിയ, ഹെയ്ത്തി, ഇറാന്‍, ലിബിയ, മ്യാന്‍മാര്‍, സൊമാലിയ, സുഡാന്‍, യമന്‍ എന്നിവയാണ് ശക്തമായ വിലക്കുള്ള രാജ്യങ്ങള്‍. ഏഴ് രാജ്യങ്ങള്‍ക്ക് ഇമിഗ്രേഷന്‍ വീസയ്ക്ക് പുറമെ ടൂറിസ്റ്റ്, സ്റ്റുഡന്റ്, എക്‌സ്‌ചേഞ്ച് വിസിറ്റ് വീസകളും അനുവദിക്കില്ല. ബുറുണ്ടി, ക്യൂബ, ലാവോസ്, സിയന്‍, ലിയോണ്‍, ടോഗോ, തുര്‍ക്ക്‌മെനിസ്ഥാന്‍, വെനസ്വേല എന്നിവ ഈ വിഭാഗത്തില്‍ വരും.


ഇതിനെല്ലാം പുറമെ കേപ് വെര്‍ദെ, ഐവറി കോസ്റ്റ്, ഈജിപ്ത്, ഘാന, സെനഗല്‍ എന്നീ രാജ്യക്കാര്‍ക്കും പ്രവേശന നിയന്ത്രണമുണ്ട്. ലോകകപ്പിന് യോഗ്യത നേടിയ രാജ്യങ്ങളും സന്ദര്‍ശന വിലക്കുള്ളവയില്‍പ്പെടുന്നു. ടീമംഗങ്ങള്‍ക്കും അനുബന്ധ സംഘാംഗങ്ങള്‍ക്കും മാത്രമല്ല അവരുടെ അടുത്ത ബന്ധുക്കള്‍ക്കും പ്രവേശനം നല്‍കുമെന്ന് പറഞ്ഞിട്ടുണ്ട്.


ഇറാന്‍ ആകട്ടെ തങ്ങളുടെ സംഘാംഗങ്ങളില്‍ ചിലര്‍ക്ക് വീസ നിഷേധിച്ചതിനെത്തുടര്‍ന്ന് ഡിസംബര്‍ അഞ്ചിനു നടന്ന ലോക കപ്പ്  നറുക്കെടുപ്പ് തന്നെ ബഹിഷ്‌ക്കരിച്ചിരുന്നു. ആകെയുള്ള  104 മത്സരങ്ങളില്‍ 78 എണ്ണം യു.എസിലാണ്. 13 വീതം മെക്‌സിക്കോയിലും കാനഡയിലും നടക്കും. സെമി ഫൈനലുകളും ഫൈനലും യു.എസിലാണ്. ഫുട്‌ബോള്‍ പ്രേമികള്‍ക്ക് പ്രവേശന വിലക്ക് വരുന്നത് മത്സരവേദികളായ നഗരങ്ങളുടെ സാമ്പത്തിക നേട്ടത്തെ ബാധിക്കും.
ഫിഫ പ്രസിഡന്റും അമേരിക്കന്‍ പ്രസിഡന്റും അടുത്ത സുഹൃത്തുക്കളാണ്. അതിലുപരി ഫിഫയുടെ പ്രഥമ സമാധാന സമ്മാനം ട്രമ്പിനാണ് നല്‍കിയത്. അതുകൊണ്ട് ട്രമ്പ് എന്തെങ്കിലും വിട്ടുവീഴ്ചയക്കു തയ്യാറായേക്കും എന്ന പ്രതീക്ഷയുണ്ട്. ലോകകപ്പ് ആറു മാസം മാത്രം അകലെ നില്‍ക്കെ യാത്രയ്ക്ക് ഒരുങ്ങാന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഇനി അധിക സമയമില്ല.


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക