
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയിൽ പ്രതികരണവുമായി നടനും എംഎൽഎയുമായ മുകേഷ് രംഗത്തെത്തി. കോടതി വിധിയെ മാനിക്കാതിരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ മുകേഷ്, ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാൻ പാടില്ലെന്നും കൂട്ടിച്ചേർത്തു. വിധി പകർപ്പ് ലഭിച്ചശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ പറയാൻ സാധിക്കൂ എന്നും, വിധിക്കെതിരെ അപ്പീൽ പോകുന്ന കാര്യത്തിൽ സർക്കാർ തന്നെയാകും തീരുമാനമെടുക്കുക എന്നും അദ്ദേഹം പറഞ്ഞു.
ഓരോ കോടതി വിധിയിലും ഓരോ വ്യക്തികൾക്കും അനുസരിച്ചായിരിക്കും സന്തോഷവും നിരാശയും ഉണ്ടാകുകയെന്നും, സർക്കാരിന്റെ തീരുമാനം അപ്പീൽ പോകാനാണെങ്കിൽ അതിനൊപ്പം നിൽക്കുമെന്നും മുകേഷ് പറഞ്ഞു. ദിലീപ് നിരപരാധിയാണെങ്കിൽ ഒന്നും പറയാനില്ല. സിനിമ സംഘടനയിൽ താൻ ഒരു അംഗം മാത്രമാണെന്നും, ദിലീപിന്റെ തിരിച്ചുവരവ് തീരുമാനിക്കേണ്ടത് സിനിമ സംഘടനകളുടെ നേതൃത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി. ദിലീപിനെ കുറ്റവിമുക്തനാക്കിയതിൽ എന്തു തോന്നുന്നു എന്ന ചോദ്യത്തിന് ചിരിച്ചാൽ 'ഭാ... ഭാ... ഭാ...' എന്ന് കൊടുക്കില്ലേ എന്നായിരുന്നു മുകേഷിന്റെ മറുപടി.
പൊലീസിലെ ക്രിമിനലുകൾ ചേർന്ന് നടത്തിയ ഗൂഢാലോചനയാണെന്ന ദിലീപിന്റെ പരാമർശത്തെക്കുറിച്ച് ചോദിച്ചപ്പോൾ 'അതാണല്ലോ ഇപ്പോൾ കണ്ടുവരുന്നതെന്നും നോക്കാം' എന്നുമായിരുന്നു മുകേഷിന്റെ മറുപടി. നിലവിലെ തദ്ദേശ തിരഞ്ഞെടുപ്പ് ഒരു ഓർമ്മപ്പെടുത്തൽ മാത്രമാണെന്നും ഭരണനേട്ടത്തെക്കുറിച്ചാണ് എല്ലാ ജനങ്ങളും സംസാരിക്കുന്നതെന്നും മുകേഷ് എംഎൽഎ കൂട്ടിച്ചേർത്തു.
English summary:
No innocent person should be punished, says MLA Mukesh on Dileep's acquittal