
നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ അതിജീവിതയ്ക്ക് പൂർണ്ണ നീതി ലഭിച്ചില്ലെന്ന് കോൺഗ്രസ് നേതാവും എം.എൽ.എയുമായ ഉമ തോമസ് അഭിപ്രായപ്പെട്ടു. താൻ എന്നും അതിജീവിതയ്ക്ക് ഒപ്പമുണ്ടായിരിക്കുമെന്നും അവർ വ്യക്തമാക്കി. മുൻ ഭാര്യ മഞ്ജു വാര്യർക്കെതിരായ നടൻ ദിലീപിന്റെ ആരോപണങ്ങൾക്കെതിരെയും ഉമ തോമസ് രംഗത്തെത്തി. മഞ്ജു വാര്യർക്കെതിരായ ദിലീപിന്റെ പരാമർശം കേസിൽ നിന്ന് ശ്രദ്ധ തിരിക്കാനും വിഷയത്തെ വളച്ചൊടിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും, കേസിന്റെ ഗതി വഴിതിരിച്ചുവിടാൻ വേണ്ടിയാണ് ഇതുവരെ പറയാത്ത വാദങ്ങൾ ദിലീപ് ഇപ്പോൾ ഉന്നയിക്കുന്നതെന്നും അവർ ആരോപിച്ചു.
അതേസമയം, കേസിൽ ഗൂഢാലോചന തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന വിമർശനം നിലനിൽക്കുന്ന സാഹചര്യത്തിൽ, വിചാരണക്കോടതിയുടെ വിധി പകർപ്പ് വിശദമായി പഠിച്ച ശേഷം അടുത്ത നിയമപരമായ നടപടികൾ ആലോചിക്കുമെന്ന് ഉമ തോമസ് സൂചന നൽകി. കേസിൽ അപ്പീൽ ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും അവർ അറിയിച്ചു.
വിചാരണക്കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെയാണ് ദിലീപ് മുൻ ഭാര്യയായ മഞ്ജു വാര്യർക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയത്. തന്നെ കേസിൽ പ്രതിയാക്കാനുള്ള ഗൂഢാലോചനയ്ക്ക് തുടക്കമിട്ടത് മഞ്ജു വാര്യരാണെന്നാണ് ദിലീപിന്റെ വാദം. മഞ്ജു 'ഗൂഢാലോചന' എന്ന വാക്ക് പറഞ്ഞ ശേഷമാണ് തനിക്കെതിരായ ഗൂഢാലോചന ആരംഭിച്ചതെന്നും ഇത് തന്റെ കരിയറും ജീവിതവും തകർത്തെന്നും അദ്ദേഹം പറഞ്ഞു. ജയിലിൽ വെച്ച് പ്രതികളെ കൂട്ടുപിടിച്ച് ചില പോലീസ് ഉദ്യോഗസ്ഥർ കള്ളക്കഥ മെനഞ്ഞെന്നും ഈ കള്ളക്കഥ പ്രചരിപ്പിക്കാൻ ചില മാധ്യമങ്ങളും മാധ്യമപ്രവർത്തകരും പോലീസിന് കൂട്ടുനിന്നതായും ദിലീപ് ആരോപിച്ചു. അന്വേഷണ സംഘം മുഖ്യമന്ത്രിയെ ഉൾപ്പെടെ തെറ്റിദ്ധരിപ്പിച്ചുവെന്നും, തനിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
English summary:
Uma Thomas says Dileep's statement against Manju Warrier is to divert attention from the case