Image

ഇൻസ്റ്റാഗ്രാമിൽ മാത്രം അക്കൗണ്ട്; സോഷ്യൽ മീഡിയയെക്കുറിച്ച് നടി ഭാവന

രഞ്ജിനി രാമചന്ദ്രൻ Published on 09 December, 2025
ഇൻസ്റ്റാഗ്രാമിൽ മാത്രം അക്കൗണ്ട്; സോഷ്യൽ മീഡിയയെക്കുറിച്ച് നടി ഭാവന

മലയാളികൾക്ക് പ്രിയങ്കരിയായ നടി ഭാവന സോഷ്യൽ മീഡിയയിലെ തന്റെ സാന്നിധ്യത്തെക്കുറിച്ചും സ്വകാര്യ ജീവിതത്തെക്കുറിച്ചുമുളള കാഴ്ചപ്പാടുകൾ പങ്കുവെച്ചതായി ശ്രദ്ധേയമാവുന്നു. 'ഗൾഫ് ട്രീറ്റ്' എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. തനിക്ക് ഇൻസ്റ്റാഗ്രാമിൽ മാത്രമാണ് അക്കൗണ്ട് ഉള്ളതെന്നും അതും 2019-ൽ മാത്രമാണ് തുടങ്ങിയതെന്നും ഭാവന വെളിപ്പെടുത്തി. വിവാഹമോചനം ഉണ്ടാകാൻ പോകുന്നു, വിവാഹമോചനം ആയി എന്ന തരത്തിൽ ധാരാളം വ്യാജവാർത്തകൾ പ്രചരിച്ചതിന് ശേഷമാണ് മറ്റുള്ളവരുടെ നിർബന്ധപ്രകാരം താൻ ഇൻസ്റ്റാഗ്രാമിൽ ഒരു പബ്ലിക് അക്കൗണ്ട് ആരംഭിച്ചതെന്നും ഭാവന പറഞ്ഞു.

സോഷ്യൽ മീഡിയയിലെ കമൻ്റുകളെക്കുറിച്ച് സംസാരിക്കുമ്പോൾ, മറ്റൊരാളുടെ നിരാശ കാരണം സ്വന്തം ദിവസം എന്തിനാണ് കളയുന്നതെന്നും, തൻ്റെ സന്തോഷം തനിക്ക് അമൂല്യമാണെന്നും ഭാവന അഭിപ്രായപ്പെട്ടു. കമൻ്റിടുന്നയാൾക്ക് തന്നെ അറിയില്ലല്ലോ, എന്ത് അറിഞ്ഞിട്ടാണ് ഇങ്ങനെയൊക്കെ എഴുതുന്നതെന്നൊക്കെ ചിന്തിക്കുമെന്നും അവർ പറഞ്ഞു. ഒരുപാട് സുഹൃത്തുക്കൾ ഉണ്ടെങ്കിലും എന്തെങ്കിലും പ്രശ്നം വന്നാൽ ആരോടും പറയാതെ ഒരു ഷെല്ലിലേക്ക് ഒതുങ്ങുന്ന സ്വഭാവമാണ് തനിക്കുള്ളതെന്നും, അതിൽ നിന്ന് റിക്കവറായ ശേഷമാണ് സുഹൃത്തുക്കളോട് കാര്യങ്ങൾ പങ്കുവയ്ക്കാറെന്നും ഭാവന കൂട്ടിച്ചേർത്തു.

വിശ്വാസത്തെക്കുറിച്ച് ചോദിച്ചപ്പോൾ, താൻ ഭയങ്കര വിശ്വാസിയല്ലെങ്കിലും കർമ്മത്തിൽ കുറച്ചൊക്കെ വിശ്വസിക്കുന്നുണ്ടെന്ന് ഭാവന പ്രതികരിച്ചു. നല്ലതോ മോശമോ ആകട്ടെ, തനിക്കുള്ളതേ തനിക്ക് വരൂ എന്നും അത് എങ്ങനെ കൈകാര്യം ചെയ്യാം എന്നതിനായുള്ള ശക്തിക്ക് വേണ്ടിയാണ് പ്രാർത്ഥിക്കാറെന്നും അവർ പറഞ്ഞു. പ്രാർത്ഥന എന്നത് നമ്മോടൊപ്പം ആരോ ഉണ്ട് എന്ന തോന്നൽ നൽകുന്നു. 10 കാര്യങ്ങൾ പ്രാർത്ഥിച്ചാൽ ചിലപ്പോൾ 5 കാര്യങ്ങൾ നടക്കും, അത് ദൈവം തന്നതാണെന്ന വിശ്വാസത്തിലാണ് എല്ലാവരും ജീവിക്കുന്നതെന്നും ഭാവന കൂട്ടിച്ചേർത്തു.

English summary:

 Actress Bhavana on having only an Instagram account

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക