
തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി തിരുവനന്തപുരത്തെ കോട്ടൺഹിൽ സ്കൂളിൽ എത്തിയ ശശി തരൂർ, നടി ആക്രമിക്കപ്പെട്ട കേസിലെ വിധി സംബന്ധിച്ച് തന്റെ നിലപാട് വ്യക്തമാക്കി. താൻ അതിജീവിതയ്ക്ക് ഒപ്പമാണെന്നും, കേസിൽ സർക്കാർ അപ്പീലിന് പോകുന്നത് ഉചിതമായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിൽ ന്യായത്തിന്റെ പക്ഷമാണ് പിടിക്കേണ്ടതെന്നും, നീതി ലഭിച്ചിട്ടില്ലെന്ന് നടിക്ക് തോന്നുന്നുണ്ടാകുമെന്നും പറഞ്ഞ തരൂർ, നിയമനടപടികൾ മുന്നോട്ട് പോകട്ടെയെന്നും കൂട്ടിച്ചേർത്തു.
നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയിൽ നടൻ ദിലീപിന് പിന്തുണ അറിയിച്ചുകൊണ്ടുള്ള യുഡിഎഫ് കൺവീനറുടെ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന്, "യുഡിഎഫ് കൺവീനർ പറഞ്ഞത് അദ്ദേഹത്തോട് ചോദിക്കൂ" എന്നായിരുന്നു തരൂരിന്റെ മറുപടി. താൻ സ്വന്തം അഭിപ്രായം പറഞ്ഞു കഴിഞ്ഞുവെന്നും, താൻ എന്തെങ്കിലും ചെയ്യുകയോ പറയുകയോ ചെയ്തിട്ടുണ്ടെങ്കിൽ എന്നോട് ചോദിക്കാമെന്നും, മറ്റൊരാൾ പറഞ്ഞതിൽ തന്നോട് ചോദിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതോടൊപ്പം, തിരുവനന്തപുരത്തെ നഗരകാര്യങ്ങളെക്കുറിച്ചും തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ സാധ്യതകളെക്കുറിച്ചും തരൂർ സംസാരിച്ചു. മഴ പെയ്യുമ്പോൾ നഗരത്തിൽ വെള്ളം നിറയുന്ന അവസ്ഥയുണ്ടെന്നും, തിരുവനന്തപുരത്തിന്റെ ഇപ്പോഴത്തെ സ്ഥിതിയിൽ മാറ്റം വരേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോൺഗ്രസ് അധ്വാനിച്ചതിന് ഫലമുണ്ടാകുമെന്നും ഇത്തവണ യുഡിഎഫിന് നല്ല സാധ്യതയുണ്ടെന്നും തരൂർ പ്രത്യാശ പ്രകടിപ്പിച്ചു.
English summary:
With the survivor, government should go for appeal: Shashi Tharoor