
തിരുവനന്തപുരം: ഐ.എഫ്.എഫ്.കെ സ്ക്രീനിംഗിനിടെ അപമര്യാദയായി പെരുമാറിയെന്ന ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ സംവിധായകനും മുൻ എം.എൽ.എയുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം കന്റോൺമെന്റ് പോലീസാണ് കേസെടുത്തത്.
സ്‌ക്രീനിംഗുമായി ബന്ധപ്പെട്ട ചർച്ചയ്ക്കായി തലസ്ഥാനത്തെ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തി കടന്നുപിടിക്കാൻ ശ്രമം ഉണ്ടായെന്നാണ് ചലച്ചിത്ര പ്രവർത്തകയുടെ പരാതി. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്. ചലച്ചിത്ര പ്രവർത്തക മുഖ്യമന്ത്രിക്ക് നേരിട്ട് നൽകിയ പരാതിയാണ് തുടർനടപടിക്കായി പോലീസിന് കൈമാറിയത്. സി.പി.ഐ.എം. സഹയാത്രികനും ജൂറി ചെയർമാനുമാണ് പി.ടി. കുഞ്ഞുമുഹമ്മദ്.
എന്നാൽ, തനിക്കെതിരായ ആരോപണങ്ങൾ പി.ടി. കുഞ്ഞുമുഹമ്മദ് നിഷേധിച്ചു. താൻ ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാമെന്നുമാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. കൂടാതെ, പ്രശ്നം അവസാനിപ്പിക്കാൻ വേണ്ടി മാപ്പ് പറയാൻ തയ്യാറാണെന്നും പി.ടി. കുഞ്ഞുമുഹമ്മദ് അറിയിച്ചു.