
അമേരിക്കൻ മലയാളി എഴുത്തുകാർക്കിടയിൽ സുപരിചിതനായ സാം സി കൊടുമണിന്റെ 'ക്രൈം ഇൻ 1619: അഥവാ അടിമകണ്ണിന്റെ നാൾവഴികൾ ' ചരിത്രവും ഭാവനയും ചേർന്നൊരുക്കിയ ഒരു കൃതിയായി ആണ് രചയിതാവ് വിശേഷിപ്പിക്കുന്നത്. ഒരു ചരിത്രസംഭവത്തെ വിവരിച്ചു കൊണ്ട് ആരംഭിക്കുന്ന ആഖ്യായികയിൽ യു എസിലെ ഒരു ന്യൂന പക്ഷ വിഭാഗം നേരിട്ട് വന്നിരുന്ന മർദ്ദനവും പീഡനവും വിവരണപൂർണമായി പ്രതിപാദിക്കുന്നു.
അമേരിക്കയിലെ രണ്ടാമത്തെ ഏറ്റവും വലിയ ന്യൂന പക്ഷ വിഭാഗത്തിൽ പെട്ട ഒരു കുറ്റാരോപിതനെ അറസ്റ്റ് ചെയ്യുന്നതിന്റെ ഏറെ വിവാദമായ, മാധ്യമങ്ങളും കുടുംബ സദസുകളും ഏറെക്കാലം ചർച്ച ചെയ്ത സംഭവപരമ്പരകൾ ഒരു കുടുംബം ടി വിക്കു മുന്നിലിരുന്നു കാണുന്നരംഗം വിവരിച്ചു കൊണ്ട് ആരംഭിക്കുന്ന നോവൽ സ്വീകരിക്കുന്ന നിലപാട് ആദ്യം മുതലേ വ്യക്തമാണ്. രാഷ്ട്രീയമായി, സാമൂഹികമായി വ്യത്യസ്ത നിലപാടുകൾ ഉള്ളവർക്ക് ഈ നിലപാടുകൾ സ്വീകരിക്കുവാനോ അംഗീകരിക്കുവാനോ കഴിഞ്ഞു എന്ന് വരില്ല എന്ന് ആദ്യമേ തന്നെ പറഞ്ഞു കൊള്ളട്ടെ.
നോവലിൽ വിവരിക്കുന്ന സംഭവത്തിന്റെ പശ്ചാത്തലവും കേന്ദ്ര കഥാപാത്രത്തിന്റെ സ്വഭാവവും എല്ലാം മാധ്യമ റിപ്പോർട്ടുകളുടെ വൈകാരിക തീഷ്ണത ആറി തണുത്തതിനു ശേഷം വളരെ നേർത്ത സ്വഭാവത്തിൽ ചില കേന്ദ്രങ്ങളിലെങ്കിലും ചർച്ച ചെയ്യപ്പെട്ടു എന്നത് ആശ്വാസകരമാണ്. എങ്കിലും 'ഐ ക്യാന്നോട് ബ്രീതും' 'ബ്ലാക്ക് ലൈവ്സ് മാറ്ററും ' വളരെ വലിയ പ്രചാരണ മുന്നേറ്റങ്ങളായി വർഷങ്ങളോളം നില നിന്നു. പ്രചാരണങ്ങൾക്ക് വളരെ വലിയ പിന്തുണയും സാമ്പത്തിക സഹായവും ലഭിച്ചു. പലപ്പോഴും ഇവയെല്ലാം ദുരുപയോഗത്തിനും കാരണമായതായി ആരോപണങ്ങളും ഉണ്ടായി.
കഥ തുടരുമ്പോൾ ഒരു കപ്പലിൽ കടത്തിയ അടിമകളുടെ വിവരണം തുടരുന്നു. കപ്പലിൽ നിന്ന് അടിമകളെ വളരെ ശോചനീയമായ അവസ്ഥയിൽ ചോള വയലുകളിൽ എത്തിക്കുന്നതും അവിടെ അവർക്കു നേരിടേണ്ടി വരുന്ന മാനുഷികമല്ലാത്ത പെരുമാറ്റ രീതികളും അടിമകൾ ചരക്കുകൾ തന്നെയാണ് എന്ന് അടിവര ഇടുന്ന പെരുമാറ്റം തുടരുന്നതും വിവരിച്ചു കൊണ്ട് അമേരിക്കയിലെ കോളനികളിൽ എത്തിയവർ നടത്തുന്ന സമരങ്ങളും ആഴ്ചയിൽ ഒരു ദിവസം മുതലിളിമാരിൽ നിന്ന് ഒഴിവു നേടുന്നതും അടിമകളായ സ്ത്രീകളും വെളുത്ത വർഗ്ഗക്കാരായ പുരുഷന്മാരും തമ്മിലുള്ള ബന്ധങ്ങളും വിവരിച്ചതിനു ശേഷം ഏബ്രഹാം ലിങ്കനെ കുറിച്ച് പ്രതിപാദിക്കുന്നു.
ഏബ്രഹാം ലിങ്കൺ നേരിട്ട എതിർപ്പുകളും നോവൽ വിവരിക്കുന്നു.
സീതയും സാമും തമ്മിലുള്ള ബന്ധവും സംസ്കാരങ്ങൾ തമ്മിൽ അടുക്കുവാൻ പ്രയാസപ്പെടുന്നതും തുടർന്നുള്ള അധ്യായങ്ങളിൽ നോവലിസ്റ്റ് വിവരിക്കുന്നു.
ലോകചരിത്രം വർഗീയതയുടെ തിണ്ണ നിരങ്ങിയാണ് വളർന്നതെന്നു നോവലിസ്റ്റ് പറയുമ്പോൾ അംഗീകരിക്കാതെ വയ്യ. ഇന്നും, പുരോഗമന മുന്നേറ്റങ്ങളിലും സാമൂഹ്യ പരിഷ്കർത്താക്കളിലും നാം അഭിമാനം കൊള്ളുമ്പോഴും ഈ സത്യം അംഗീകരിക്കേണ്ടതായുണ്ട്.
വഴി തെറ്റിയ ഒരു കപ്പിത്താൻ ഇന്ത്യൻസ് എന്ന് ചാപ്പ കുത്തി ഒരു ജനതയുടെ അസ്തിത്വത്തെ ഇല്ലാതാക്കി എന്ന വാദവും സമ്മതിക്കാതെ തരമില്ല. ആദ്യം ഇന്ത്യൻസ് എന്നും പിന്നീട് റെഡ് ഇന്ത്യൻസ് എന്നും വിളിച്ച അവരുടെ നിലനിൽപ് ശോഷിക്കുവാൻ ആരംഭിച്ചു. ഈ വിശേഷണം ഇപ്പോൾ അമേരിക്കൻ ഇന്ത്യൻസ് എന്നാക്കിയിട്ടുണ്ട്.
പല കാര്യങ്ങളിലും ആമുഖത്തിൽ മുൻകൂർ ജാമ്യം എടുത്തിട്ടുള്ളതിനാൽ ചരിത്ര സത്യങ്ങൾ പ്രസക്തമല്ല. ഭാവനയെയും കൂട്ട് പിടിച്ചുള്ള ആഖ്യാനം മടുപ്പുളവാക്കാതെ ആദ്യാന്തം വായിച്ചു തീർക്കുവാൻ പ്രചോദനം നൽകുന്നു . ശൈലിയും കുറ്റമറ്റതാണ്. നോവലിസ്റ്റിന്റെ നിലപാടിനെ ചോദ്യം ചെയ്യുന്നില്ല. പക്ഷെ ഒരു നാണയത്തിന്റെ മറു വശം കൂടി പരിശോധിക്കാമായിരുന്നു. സാം സി പക്ഷം പിടിച്ചു എഴുത്തു തുടരുമ്പോൾ ഇതേ ന്യൂനപക്ഷം ഇന്ത്യൻ വംശജരെ പോലെയുള്ള ചെറിയ സമൂഹങ്ങൾക്ക് നീതി നിഷേധിക്കുന്ന ധാരാളം അനുഭവങ്ങൾ അമേരിക്കയിൽ അരങ്ങേറുന്നുണ്ട് എന്ന വസ്തുത എങ്ങനെ മറന്നു എന്നൊരു ചോദ്യം ഉയരുന്നു. അനീതിയും ക്രൂരതയും ഒരു സമൂഹത്തിന്റെ മാത്രം കുത്തകയല്ല എന്ന് സമൂഹങ്ങളുടെ ചരിത്രം ഉച്ചത്തിൽ പ്രഖ്യാപിക്കുന്നതു കേൾക്കാതെ ഇരിക്കുവാൻ കഴിയുക ഇല്ല.
ഇന്ത്യൻ അമേരിക്കക്കാരുടെ കഥകളും ഇത് പോലെ ചില എഴുത്തുകാരെങ്കിലും എഴുതിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു.
സാം സി യുടെ '1619: അഥവാ അടിമകണ്ണിന്റെ നാൾവഴികൾ' അമേരിക്കൻ മലയാള എഴുത്തുകാരുടെ സംഭാവനകളിൽ ഒരു പ്രധാന സ്ഥാനം നേടിയിരിക്കുന്നു.