
ശമുവേലിനു ഭയത്തേക്കാളേറെ സങ്കടവും ദേഷ്യവും തോന്നി.
കനത്ത ഇരുട്ടിലൂടെ ആ ചെറുവഞ്ചി കഴിയുന്നത്ര ശക്തിയിൽ അയാൾ തുഴഞ്ഞു. എത്ര ചോദിച്ചിട്ടാണ് സന്ധ്യയ്ക്കു മുൻപേ പണി നിർത്തിപ്പോരാൻ അയാൾക്കു അനുവാദം കിട്ടിയതു?.. തമ്പ്രാനു ഈ വള്ളം തരാൻ തോന്നിയതു മഹാഭാഗ്യം.... നിറവയറുമായ് തന്നെയും കാത്തു കടവിൽ നിൽക്കുന്ന കൊച്ചു പെണ്ണിന്റെ മുഖം ഇടയ്ക്കിടെ മനസ്സിൽ തെളിയും.....അവളുടെ അമ്മ ഒരു മരുമോനെ പോലെയല്ല .സ്വന്തം മകനായിട്ടാണു തന്നെ കരുതിയിട്ടുള്ളതു... തന്റെ നിസഹായാവസ്ഥ അറിയാമെങ്കിലും അമ്മച്ചി വഴക്കു പറയുമോ... അയാള ടെ സങ്കടങ്ങൾ ആരോടു പറയാൻ..? കിഴക്കൻ മലയിൽ പണിയ്ക്കു പോയി മലമ്പനി പിടിച്ചു അപ്പനും ചേട്ടനും മരിച്ചു പോയി..പിന്നെ വൈകാതെ അമ്മച്ചിയും തന്നെ ഒറ്റയ്ക്കാക്കി പോയി.... എങ്ങനെ ഒക്കെയോ വളർന്നു... എല്ലാം ഓർക്കുമ്പോൾ നെഞ്ചു പിടയും.
പല വിധ വ്യസനങ്ങൾ അയാളുടെ മനസ്സിനെ മഥിച്ചു.
വെള്ളത്തിൽ വലിയ ഇളക്കങ്ങൾ കാണുമ്പോൾ: അയാൾ പേടി കൊണ്ടു വിറച്ചു. ആറ്റിൽ മുതലകളെ പലരും പലതവണ കണ്ടിട്ടുണ്ട്.
: ആറ്റരി കത്തു പശുക്കളെ ആരും കെട്ടാറില്ല... മുതല പിടിച്ചു കൊണ്ടുപോയിട്ടുണ്ട്... ശക്തമായ വാൽ കൊണ്ടടിച്ചു ചെറുവള്ളങ്ങൾ മറിച്ചിട്ട് മനുഷ്യരെ ആക്രമിയ്ക്കാറുണ്ട്... ഒന്നുരണ്ടു തവണ കരീ സായിപ്പ് കേണൽ മൺറോയെ നാട്ടുകാർ വിളിച്ചിരുന്ന തങ്ങനെയാണ്.... വന്ന് മുതലകളെ വെടിവെച്ചു കൊന്നിട്ടുണ്ടു്. മഞ്ചാടിക്കരിയിലെ മണ്ണ് കറുത്ത നിറത്തിലാണു.... വയലിലെ മണ്ണും കറുപ്പായതിനാലാവാം ഇവർ പാടശേഖരങ്ങളെ കരിനിലങ്ങൾ എന്നു വിളിച്ചിരുന്നതു.
ശമുവേൽ ധൈര്യം സംഭരിച്ചു ഇരുട്ടിലൂടെ തുഴഞ്ഞു വീടെത്തി.
കടവിൽ വള്ളം അടുപ്പിച്ചയാൾ കരയ്ക്കിറങ്ങി.
മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ മുറ്റത്താരോ നിൽക്കുന്നതയാൾ കണ്ടു.
അടുത്തു ചെന്നു മുരടനക്കി .
കൊച്ചുപെണ്ണിന്റാങ്ങള പൈലോ ആയിരുന്നു , അതു
ശമുവേലിനെക്കണ്ടതും അയാൾ ശകാരം തുടങ്ങി. " കൊറച്ചു പകലേ നീ എന്താ വരാഞ്ഞത്? അയാൾ നീരസത്തോടെ ശമുവേലിന്റെ നേർക്കു കയർത്തു. അവൾ നിന്നെക്കാണാതെ കരഞ്ഞു കരഞ്ഞു.....
അയാൾ വാക്കുകൾ മുഴുമിപ്പിയ്ക്കാതെ ദേഷ്യം കടിച്ചമർത്തി.
പിന്നീട് ശാന്തനായി പറഞ്ഞു "മാണിത്തള്ള വന്നിട്ടുണ്ടു....
"പേടിയ്ക്കാനൊന്നുമില്ല. ": ശുമേൽ മറുപടി ഒന്നും പറയാതെ തല കുനിച്ചു നിന്നു.
11 നമ്മുടെ യോനാച്ചൻ പോയി "... കുറച്ചു നാളായി കിടപ്പിലായിരുന്നു....
നീ ഇപ്പോൾ വരണ്ടാ.. ഇവിടെ നിൽക്ക്...
ശമൂവേൽ തിണ്ണയിൽ ക്കയറി അമ്മയെ വിളിച്ചു.
അവർ ഇറങ്ങി വന്നു.
മരുമകനെ ശകാരിച്ചില്ല.... ജന്മിമാരുടെ മനസ്സും പ്രകൃതവും അവർക്കറിയാം.
::: അവർ എത്രയോ കാലമായി ഇതെല്ലാം കണ്ടും കേട്ടും അനുഭവിച്ചും പഴക്കം വന്ന ആളല്ലേ
കൊച്ചുപെണ്ണിനു ഇഷ്ടമുള്ള പരിപ്പുവടയും ചില പലഹാരങ്ങളും വാങ്ങിച്ചു അയാൾ കയ്യിൽക്കരുതിയിരുന്നു.
ആ പലഹാരപ്പൊതി അമ്മയുടെ നേർക്കു നീട്ടി അയാൾ നിശ്ചലനായി നിന്നു. : നാലു കണ്ണുകൾ നിറഞ്ഞൊഴുകി.
അകത്തു നിന്നും കൊച്ചുപെണ്ണിന്റെ വേദന അമർത്തിപ്പിടിച്ച ചെറു നിലവിളികൾ ഉയരുന്നുണ്ടു്.
"മറിയക്കൊച്ചേ വെള്ളം തിളച്ചോടീ...
മാണിത്തള്ളയുടെ സ്വരത്തിൽ പരിഭ്രമം കലർന്നിട്ടുണ്ടോന്നു ശമുവേലിനു തോന്നി.
അയാൾക്കു ശരീരം വിറയ്ക്കുന്ന പോലെ തോന്നി.
ഒരു ചൂട്ടുകറ്റ കത്തിച്ചുആ പ്രകാശത്തിൽ പൈലോ മരണ വീട്ടിലേയ്ക്കു നടന്നു.
പ്രകാശത്തിന്റെ ചെറുവലയങ്ങൾ തീർത്തു കൊണ്ടു് ചൂട്ടുകറ്റകൾ വീശി പലരും വയൽ വരമ്പിലൂടെയും ആറ്റിനക്കരെ നിന്നും വരുന്നതു കാണാമായിരുന്നു....
തന്റെ കുഞ്ഞിന്റെ ആദ്യ കരച്ചിലിനായ് കാതോർത്തു കൊണ്ട് അയാൾ തിണ്ണയിലിരുന്നു.
ചുറ്റും ഇരുട്ട് കനത്തു വന്നു.
അകത്തു നിന്നും ഇടവിട്ട് ഇടവിട്ട് കൊച്ചുപെണ്ണിന്റെ നിലവിളികൾ ഉയരുന്നുണ്ടു്.
അയാൾ ആകാശത്തേയ്ക്കു നോക്കി.
നക്ഷത്രങ്ങൾ പൂത്തുലഞ്ഞ ആകാശം
അമ്പിളിക്കല മാനത്തു തെളിഞ്ഞു വന്നു.
പിൻനിലാവിനായ് ഭൂമി കാത്തിരിക്കുന്നു. മിന്നാമിനുങ്ങുകൾ കൂട്ടമായ് കൈതപ്പൊന്തകളിൽ പാറിക്കളിക്കുന്നു...
വിശപ്പും ക്ഷീണവും മറന്ന് അയാൾ കാത്തിരുന്നു
പാതിരാക്കോഴി പലവട്ടം കൂവി.
പുലരുവാൻ അധികനേരമില്ലെന്നു തോന്നുന്നു.
തെങ്ങിൻ തലപ്പുകളിൽ കാക്ക കരഞ്ഞു.
പാതിമയക്കത്തിൽ ആ സ്വരം അയാളുടെ കാതുകളിലെത്തി.
ള്ളേ ള്ളേ …
വാതിൽ തുറന്നു മാണിത്തള്ള തല വെളിയിലേയ്ക്കിട്ടു ഉച്ചത്തിൽ പറഞ്ഞു.
" പെങ്കുഞ്ഞാ"
അയാൾ കുഞ്ഞിനെക്കാണാൻ തിടുക്കപ്പെട്ടു.
മാണിത്തള്ള ചിരിച്ചു കൊണ്ടു പറഞ്ഞു. നീ അടങ്ങിയിരുന്നോ ശാമുവേ....
നിന്റെ പെണ്ണിനേം കൊച്ചിനേം കുളിപ്പിച്ചു മിടുക്കിയാക്കി ഇപ്പ കാണിയ്ക്കാടാ.
..അവർ ആരോടെന്നില്ലാതെ പറഞ്ഞു " ഹോ രണ്ടും രണ്ടു പാത്രമായി......
തന്റെ ഉള്ളിൽ ആനന്ദത്തിന്റെ തിരയിളക്കം അയാളറിഞ്ഞു.
നേരം വെളുത്തുവെന്ന് അറിയിച്ചു കൊണ്ട് കാക്കകൾ കരഞ്ഞു.... കുഞ്ഞിനെക്കണ്ട സന്തോഷം... അതിലുപരി തന്റെ കൊച്ചുപെണ്ണ് ആ ക്ഷീണത്തിലും അയാളെ നോക്കി നാണത്തോടെ പുഞ്ചിരിച്ചു.
കിഴക്കു വെള്ള കീറും മുമ്പേ എല്ലാം ശുദ്ധം വരുത്തി. പേറ്റു മുറി കഴുകി ചാണകം മെഴുകി.... കൊച്ചു പെണ്ണിനേം കൊച്ചിനേം ചൂടുവെള്ളത്തിൽക്കുളിപ്പിച്ചു നല്ല പാ വിരിച്ചു കിടത്തി... ഒരു കടുംകാപ്പി പോലും കുടിയ്ക്കാതെ മാണിത്തള്ളയും മറിയയും ഓടി നടന്നു കാര്യങ്ങളെല്ലാം ശരിയാക്കി...
ഇനിയുമുണ്ടു പണികൾ ... ഒരു പാട്... മരുന്നിലകൾ പറിച്ചു വേതു തിളപ്പിയ്ക്കണം.
തേങ്ങാ വെന്തു എണ്ണയെടുക്കണം.
മൺകലത്തിൽ അരി വെന്തു വെളിച്ചെണ്ണ ഒഴിച്ചു കൊച്ചു പെണ്ണിനു ചോറു കൊടുക്കണം... നാളെ മുതൽ തേങ്ങാ ചൂട്ടു ചമ്മന്തി ഉണ്ടാക്കിക്കൊടുക്കണം.... തിരുമ്മിക്കുളിപ്പിക്കണം.... പേറ്റു മുറകളെല്ലാം മാണി ഒന്നൊന്നായ് പറഞ്ഞു കൊണ്ടിരുന്നു... മറിയം മൂളിക്കേട്ടു. "
i ഞാൻ വന്നു കുളിപ്പിച്ചോളാം...മാണിത്തള്ള ശമുവേലിനോടു പറഞ്ഞു " നീ കൊറച്ചു ഓല എടുത്തു ഒരു മറപ്പെര ഒണ്ടാക്ക്... വിദൂരതയിൽ കണ്ണുംനട്ട് ഇരിക്കുന്ന ശമുവേലിനെ നോക്കി അവർ പറഞ്ഞു " നീ എന്നാ ഓർത്തിരിയ്ക്കുവാ... അയാൾ പരിസരം മറന്ന് ഉച്ചത്തിൽ പറഞ്ഞു
"
സാറാ... കുഞ്ഞിന്റെ പേരു സാറാന്നിടണം... തൊണ്ടയിടറിക്കൊണ്ട് അയാൾ പറഞ്ഞു അതു എന്റെ അമ്മച്ചീടെ പേരാ
... കുഞ്ഞിനെ മടിയിലെടുത്തു വെച്ച് ആ കുഞ്ഞിക്കാതിൽ പറഞ്ഞു ; അല്ല വിളിച്ചു
സാറാ....
തുടരും..