Image

ചെമ്പരത്തിക്കാട് ... - ഷംസിത പി.കെ (ഇ-മലയാളി ആഗോള ചെറുകഥാമത്സരം 2025- 19)

Published on 06 December, 2025
ചെമ്പരത്തിക്കാട് ... - ഷംസിത പി.കെ  (ഇ-മലയാളി ആഗോള ചെറുകഥാമത്സരം 2025- 19)

പതിയെ കണ്ണ് തുറന്നു ...നല്ല ഇരുട്ട്.എല്ലാവരും ഗാഢ നിദ്രയിലാണ്.അപ്പുറത്തെ സെല്ലിലെ സദാശിവന്റെ സഹായത്തോടെ കഴിഞ്ഞ തിങ്കളാഴചയാണ് ഡ്യൂപ്ലിക്കേറ്റ് താക്കോൽ കിട്ടിയത് .അന്നുമുതൽ ഈ ദിവസത്തിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു .

നാളെയാണ് തിരുവോണം .ഇന്നിവിടത്തെ ഓണപരിപാടി കഴിഞ്ഞ്‌ എല്ലാ ഏമാന്മാരും അതിന്റെ ക്ഷീണത്തിലാണ് .ഇതാണ് പറ്റിയ സമയം .

അയാൾ അതീവ ശ്രദ്ധയോടെ സെൽ തുറന്നു.
തുറന്ന പൂട്ട് പുറത്തിറങ്ങി പൂട്ടി.പിന്നെ പതുക്കെ നടന്നു ..ഇല്ലാ ആരും ശ്രദ്ധിക്കുന്നില്ല ..ഓടി ..സകല ധൈര്യവുമെടുത്ത് .വനിതാജയിലിന്റെ മതിലുനടുത്തേക്ക് .അവിടെ ആരും കാണാതെ പൊന്തയ്ക്കുള്ളിൽ ഒളിപ്പിച്ചുവച്ച ആ വലിയ മരകുറ്റി എടുത്ത് അതിന്റെ മുകളിൽ കയറി അപ്പുറത്തേക്ക് എടുത്ത് ചാടി ..

ഭാഗ്യം ആരും എണീറ്റിട്ടില്ല..ഞാൻ അവരുടെ മൂത്രപ്പുര ലക്ഷ്യമാക്കി നടന്നു .ഈ രണ്ട് ജയിലിന്റേയുമിടയ്ക് ഉയരം കുറഞ്ഞ ചെറിയ മതിലാണ് .മതിലിനോട് ചേർന്ന് വലിയ ഒരു ഇലഞ്ഞി മരമുണ്ട് രണ്ടിടത്തെ മുറ്റത്തേക്കും ഒരുപോലെ പൂ പൊഴിക്കുന്ന ഒരു ഇലഞ്ഞി മരം .കാറ്റടിച്ചപ്പോൾ ഇലഞ്ഞിപൂവിന്റെ ഗന്ധം.അവളുടെ ഗന്ധം .116ആം സെല്ലിലേക് നോക്കി .ദൈവമേ ...എന്റെ പെണ്ണ് ഉറങ്ങിയിട്ടില്ല ...ആ ഇരുമ്പ് കമ്പിയും പിടിച്ചു അവൾ എന്നെയും നോക്കി നിൽപ്പാണ് ..എന്നെ കണ്ടതും അവൾ ചിരിച്ചു ..ഞാനും ..അവിടെയാകെ നിലാവ് പെയ്യുന്നുണ്ടായിരുന്നു ...!

പോയ്‌ വരാമെന്ന് ആഗ്യം കാണിചു .ഞാൻ നടന്നു .ഒന്നുകൂടി തിരിഞ്ഞു നോക്കി .അപ്പോൾ അവൾ ഒരു നെടുവീർപ്പോടെ ഒരു കൈ ഉയർത്തി
കണ്ണുകൾ ഇറുക്കി എന്നെ നോക്കി .സൂക്ഷിക്കണം എന്നാണ് അവൾ പറഞ്ഞത് ....അതെ സൂക്ഷിക്കണം എന്നെ ഞാൻ അവൾക് വേണ്ടി സൂക്ഷിക്കണം .ഞാൻ അവളുടേതാണ് അവളുടേത് മാത്രം ...!!!!


സ്ത്രീകളുടെ മൂത്രപ്പുരയുടെ മുകളിൽ നിന്നും പ്രധാന മതിലിലേക് എടുത്ത് ചാടാം പിന്നെ എളുപ്പത്തിൽ പുറത്ത് കടക്കാം .ഓടാനും ചാടാനും ഞാൻ മിടുക്കനായതുകൊണ്ട് പിന്നെ ഇത് എനിക്ക് സുഗമമാണ്.

പുലർച്ചെ രണ്ട് മണി ആറ് മണിവരെ മാത്രമേ സമയമുള്ളൂ അതിനു മുൻപ് എത്തേണ്ട ഇടത്ത് എത്തണം .ഇവിടെ നിന്നും അശോകപുരത്തേക്ക് ഒരു മണിക്കൂറ് യാത്രയുണ്ട് .അവിടെ എത്തിയാൽ നേരത്തെ തിരുമാനിച പടി കാര്യങ്ങൾ ചെയ്യണം അയാൾ മനസ്സിൽ കണക്കുകൂട്ടി .മൂത്രപ്പുരയുടെ സൈഡിൽ അവൾ എനിക്ക് വേണ്ടി കരുതിയ കുപ്പായമുണ്ടായിരുന്നു ജയിൽ യൂണിഫോം അഴിച്‌ ഞാൻ ആ വസ്ത്രം എടുത്തിട്ടു .പിന്നെ ഒന്നും നോക്കിയില്ല ചാടി ... ..!!!!


കൈയിലുണ്ടായിരുന്ന പണം പാന്റിന്റെ കീശയിലിട്ട് വളരെ ലാഘവത്തോടെ നടന്നു .ആർക്കും സംശയമില്ല .ബസ് സ്റ്റാന്റിലെത്തി .അശോകപുരത്തേക്ക് ബസ് കയറി . ഏറ്റവും പുറകിൽ വിന്ഡോ സീറ്റിൽ ഇരുന്നു.ബസ് മുന്നോട്ടേക്ക് എടുത്തു അപ്പോൾ അവന്റെ ചിന്തകൾ പുറകിലേക്ക് ഓടി പോയി ..


ഒരു വർഷം മുൻപ് .ഒരു സ്വാതത്ര്യ ദിനം .നാട്ടിലെ പ്രധാന ചട്ടമ്പി ആയ എന്നെ അവിടത്തെ M L A തല്ലിയ കേസിൽ നടയടിയോട് കൂടി ജയിലിലേക്കു കൊണ്ട് വന്നു .വേദനയോടെ ജയിൽ കുപ്പായവുമിട്ട് അവിടെ ചാരി ഇരിക്കുമ്പോൾ ഒരു കപ്പ് പായസം എന്റെ നേർക്ക് നീട്ടി അവൾ എന്നെ നോക്കി ചിരിച്ചു .എന്റെ അമ്മയ്ക്ക് ശേഷം എന്നെ നോക്കി ചിരിക്കുന്ന പെൺകുട്ടി .വെള്ളാരം കണ്ണുള്ള പെൺകുട്ടി .

കണ്ടമാത്രയിൽ പ്രണയം ..!!അതും ഒരു ഗുണ്ടയായ എനിക്കോ ..അസാദ്യം ...ഞാൻ എന്റെ മനസ്സിനെ പറഞ് ‌ മാനസിലാക്കി പക്ഷെ എന്റെ കണ്ണുകൾ അപ്പോഴേക്കും അവളുടെ ചുരുണ്ട മുടി കെട്ടിൽ ഉടക്കിയിരുന്നു ...

തൊട്ടപ്പുറത്ത് നിൽക്കുന്ന ചേട്ടനോട് ചോദിച്ചു
"ഇവരൊക്കെ ആരാ "
"ഓര് വനിതാ സെല്ലിൽ ള്ളോരാ "
"അവർക്ക് ഇവിടെ കേറാൻ പറ്റൊ"

"ന്തേലും പരിപാടി ണ്ടാവുമ്പോ എല്ലാരും ഒരുമിച്ച ."

സംസാരിച് തിരിഞ്ഞു നോക്കുമ്പോൾ അവരെ പൊലീസ്കാരി വന്ന് കൊണ്ടുപോവുകയാണ് ...ദിർഘശ്വാസത്തോടെ ഞാനാ വനിതാ സെല്ലിന്റെ കവാടത്തിലേക്ക് നോക്കി നിന്നു ...!!!!

ഒരു മാസത്തെ ശിക്ഷയ്ക്ക് ശേഷം പുറത്തിറങ്ങി .എന്തെങ്കിലുമൊക്കെ തല്ലും കൂട്ടം ഉണ്ടാക്കി ഇടയ്കിടയ്ക് ഇങ്ങോട്ട് വരൽ പതിവാണെനിക്ക് .പക്ഷെ ഇത്തവണ മനസിനെന്തോ ഒരു ഭാരം .പ്രിയപ്പെട്ടത് എന്തോ നഷ്ടപ്പെട്ടത് പോലെ എന്നോട് ചിരിച്ച പെൺകുട്ടി ..'അമ്മ മരിച്ച ശേഷം എന്നോട് ആരും
ചിരിക്കാറില്ല .ദേഷ്യവും പുച്ഛവും മാത്രം .തല്ലുന്നവൻ തെമ്മാടി താന്തോന്നി ...എന്നല്ലാതെ എന്നെ ആരും ഒന്നും വിളിക്കാറില്ല ...അന്ന് പൊലീസ്കാരു തല്ലി കരുവാളിച്ച പാട് നോക്കി അവള് സഹതപിച്ചത് എന്റെ മനസ്സിൽ നിന്നും മായുന്നില്ല ...!!


അവൻ ജയിലിന്റെ വാതിൽ കടന്ന് പുറത്തേക് നടന്നു.അതാ തൊട്ടടുത്ത ബസ് സ്റ്റോപ്പിൽ മഞ്ഞ ചുരിദാറിട്ട്ട്‌ വെള്ള ബാഗും പിടിച് അവൾ ..ഞാൻ ഓടി ചെന്നു

"ഇത് വരെ എനിക്ക് ദൈവത്തിൽ വിശ്വാസം ഇല്ലായിരുന്നു പക്ഷെ ഇപ്പോൾ ഞാൻ വിശ്വസിക്കുന്നു"

അവൾ അന്താളിപ്പോടെ അവനെ നോക്കി

"കുട്ടിക്ക് എന്നെ അറിയില്ലായിരിക്കാം പക്ഷെ എനിക്ക് ഇപ്പൊ ഈ ലോകത്ത് കുട്ടിയെ മാത്രേ അറിയു"

അവളൊന്ന് ചിരിച്ചു

ഏറെ നേരം ബസ് കാത്ത് നിന്ന് ബസ് വരാതെ ആയപ്പോൾ അവൾ ഇറങ്ങി നടന്നു കൂടെ അവനും

"ഞാൻ ശരത് ഇവിടെ അടുത്ത വീട് ഇടയ്കിടയ്ക് ഇവിടെ വന്നു പോവാറുണ്ട് സത്യം പറഞ്ഞ ഞാൻ ഒരു ഗുണ്ടയാണ് ..."
ബാഗ് ഞാൻ പിടിക്കണോ "
അവന്റെ സംസാരം കേട്ട് അവളൊന്ന് നോക്കി ചിരിച്ചു
"നല്ല സഹായ മനസ്സ് ഉള്ള ഗുണ്ടയാണല്ലോ"

"ഹമ്... പണ്ട് എന്റെ അമ്മ വലിയ വിറക് കെട്ടുമായി നടക്കുമ്പോ എന്റെ കൈയിലുള്ള ബാഗും വാങ്ങി പിടിക്കായിരുന്നു ..തന്നെ കണ്ടപ്പോ എനിക്ക് എന്റെ അമ്മയെ ഓർമ വന്നു ...ക്ലിഷെ ഡയലോഗ് അല്ല കെട്ടൊ സത്യമാ.."

"ഇതെന്താ ഹൃദയമുള്ള ചെകുത്താനോ ..."

അവൾ പറഞ്ഞു
അവനൊന്ന് ചിരിച്ചു
അവർ ഇരുവരും നടന്നു

"കുട്ടി എന്താ ഇവിടെ ..?വല്ല മാല മോഷണം ..ബാങ്ക് തട്ടിപ്പ് ...!! എന്താ "

അവൾ അവളുടെ നടത്തത്തിന്റെ വേഗത കുറച്ചു
"കൊലപാതകമാണ് ജീവപര്യന്തം ഇതിപ്പോ പരോളിന് ഇറങ്ങിയതാണ്..."

ഞാൻ സ്തംഭിച്ചു ....നിന്ന നില്പിൽ നിൽക്കുന്ന എന്നെ അവൾ തട്ടി വിളിച്ചു ...

"എന്താ ഞെട്ടിയോ"
"ചെറുതായിട്ട് "
"നല്ല ഗുണ്ടയാണല്ലോ ..."
ചെറു ചിരിയോടെ അവൾ പറഞ്ഞു

പച്ചിലകൾക്കിടയിലൂടെ മഞ്ഞ വെയിൽ അവരെ പൊതിഞ്ഞു

പെട്ടെന്ന് ബസിന്റെ ഹോൺ ..അശോകപുരം..!!അവർ രണ്ട് പേരും ബസിൽ കയറി ഇരുന്നു പുറത്തേക് കണ്ണും നട്ടിരിക്കുന്ന അവളുടെ അടുത്ത് പോയ് ഞാൻ ചോദിച്ചു .."എന്താടോ ശരിക്കും സംഭവം..,നേരത്തെ പറഞ്ഞത് ഉള്ളതാണോ ...??"

അവൾ ഒരു നെടുവീർപ്പോടെ പറഞ്ഞു തുടങ്ങി ...

ഞാൻ ഡിഗ്രിക്ക് ‌പഠിക്കുന്ന സമയം ..അന്ന് അച്ഛനും അമ്മയും തറവാട്ടിൽ പോയതാ ..അച്ഛന്റെ സുഹൃത്ത് വരും മോൾ ഇരിക്കാൻ പറയണം ഞങ്ങൾ ഇപ്പൊ എത്തും എന്ന് അച്ഛൻ വിളിച്ചു പറഞ്ഞത് പ്രകാരം ഞാൻ ഒരാൾ വന്നപ്പോ വാതിൽ തുറന്നു..അയാൾ അകത്തേക്ക് കയറി അത് മാത്രമേ എനിക്ക് ഒർമ്മയുള്ളൂ...

ബോധം വന്നപ്പോ എന്റെ ദേഹമാസകാലം വേദനയായിരുന്നു ...എത്ര സോപ്പ് തേച്ചിട്ടും കുളിച്ചിട്ടും അയാളുടെ മണം അത് എന്നെ വിട്ട് പോവുന്നില്ലായിരുന്നു ....ഞാൻ ആർത്തു കരഞ്ഞു ...!അന്ന് അച്ഛനും അമ്മയും വന്നില്ല ആ റൂമിൽ ഞാൻ ഒറ്റയ്ക്ക് ...അന്ന് മുതൽ എനിക്ക് പിന്നെ ഉറങ്ങാൻ കഴിഞ്ഞിട്ടില്ല ....പിറ്റേന്ന് അമ്മയും അച്ഛനും വന്നു ഞാൻ പറഞ്ഞത് ഒന്നും കേൾക്കാതെ അമ്മ എന്നെ റൂമിലാക്കി പുറത്തിറങ്ങി ...

പെട്ടെന്ന് ആ ശബ്ദം കേട്ടു ...അതെ ഇന്നലെ വന്ന അയാളുടെ ശബദം ...എന്റെ നെഞ്ച് തകർന്നു ..എന്താണിവിടെ നടക്കുന്നത്

"നമ്മുടെ മോളൊന്നും അല്ലാലോ നിന്റെ ചേച്ചിടെ മോളല്ലേ ....അയാൾ കൊണ്ടോട്ടെ എന്നാ നമ്മുടെ ഭാരം അങ്ങ്‌ ഒഴിഞ്ഞു ....

ഞാൻ അച്ഛാ എന്ന് വിളിച്ച മനുഷ്യൻ ...എന്നെ വാരി പുണർന്ന,ഈ ലോകത് ഞാൻ എല്ലാമെല്ലാമായ്‌ കണ്ട മനുഷ്യൻ .....

"ഇത്രകാലം നീ വെച്ചോണ്ടിരുന്നില്ലേ ഇനി ഞാനൊന്ന് നോക്കട്ടെ ഡാ"അയാൾ അട്ടഹസിച്ചു

"പതുകെ...പെണ്ണ് കേക്കും "...
ആ സ്ത്രീ മുറുമുറുത്തു

എന്റെ ശരീരത്തെ രണ്ടായി കീറി മുറിച്ചത് പോലെ തോന്നി ഇതിലും വലിയ ഒരു വേദനയോ ശിക്ഷയോ എനിക്ക് ഇനി കിട്ടാനില്ല ....

ഒന്നും നോക്കിയില്ല അമ്മ കാട് വെട്ടുന്ന അരിവാളെടുത്ത് വെട്ടി ആ സ്ത്രീയെയും കൂടെ വന്ന എന്നെ പിച്ചി ചീന്തിയ ആ കാട്ടാളനെയും .....

അവൾ വിതുമ്പി ....വാക്കുകൾ മുറിഞ്ഞു

"കണ്ണ് തുടയ്ക്ക് ..."

ഒരു കൈകൊണ്ട് കണ്ണ് തുടച് മറ്റെ കൈ കൊണ്ട് അവളെന്നെ മുറുകെ പിടിച്ചു മുറുകെയെന്നാൽ അവളുടെ നഖം കൊണ്ട് എന്റെ കൈയിൽ
ചോര പൊടിയുന്നത്രയും

ആ ഓർമകളിൽ നിന്നും അവൾ ഇത് വരെ മോചിതയായിട്ടില്ല അവൾക്ക് ഇത് വരെ സമാധാനം കിട്ടിയിട്ടില്ല വെൺ
മേഘ മിഴിയുള്ള ഈ പെണ്ണ്
ഇന്ന് ഇത് വരെ ഉറങ്ങിയിട്ടില്ല ...

ഞാൻ അനുഭവിച്ച വേദനകളും കുറ്റപ്പെടുത്തലുകളും ഒറ്റപെടലുമെല്ലാ ഒരു നിമിഷകൊണ്ട് ശൂന്യം ..!

ഞാൻ അവളെ ചേർത്തു പിടിച്ചു ഒരു പൂച്ച കു ഞ്ഞിനെ പോലെ അവൾ എന്റെ നെഞ്ചോട് ചേർന്നമർന്നു ...!!!

അശോകപുരമെത്തി .അവൾ ചാടി എണീറ്റു എന്നെ നോക്കി പറഞ്ഞു

"തന്റെ തോളിനെന്തോ മാജിക് ണ്ട് ട്ടോ കാലങ്ങൾക്ക് ശേഷം ഞാനൊന്ന് മയങ്ങി ...."

അവൾ ബസിറങ്ങി ഒരു മാസ്ക് വെച്ചു വേഗത്തിൽ നടന്നു തിരിഞ്ഞു നോക്കുമ്പോ അവൻ പുറകിൽ തന്നെയുണ്ട്
"എഡോ താൻ എന്ത് ഭാവിച്ചാ ...?"

ഓടി ചെന്ന് അവളുടെ കണ്ണിലേക്ക് ആഴത്തിലേക്ക് നോക്കി കൊണ്ട് പറഞ്ഞു
"ഇന്ന് രാവിലെ തന്നെ കണ്ടപ്പോ പൊട്ടി മുളച്ച ദിവ്യ പ്രേമമൊന്നും അല്ലാ ....ഇന്ന് രാവിലെ കണ്ട എന്നെ നിനക്ക് അറിയൂ
കഴിഞ്ഞ മാസം ഓഗസ്റ്റ് 15 മുതൽ ഇന്നലെ രാത്രി വരെ ആ ഇലഞ്ഞി മരത്തോട് ആരും
കാണാതെ നീ പറയുന്ന കഥകൾ കേട്ടും പരിഭവങ്ങൾ കേട്ടും ..,അതിരാവിലെ നീ പാടാറുള്ള പാട്ടുകളും കേൾക്കുന്ന എന്നെ നിനക്ക് അറിയില്ല"

അവളുടെ കണ്ണുകൾ നിറഞ്ഞു
എന്തോ പറയാൻ തുടങ്ങിയ അവളെ ചേർത്തു പിടിച് അവൻ പറഞ്ഞു

"ഈ ഒരു കുറഞ്ഞ നേരം ഈ തോളിൽ കിടന്ന് നീ മയങ്ങിയില്ലേ ..എന്റെ ആയുഷ്കാലം മുഴുവനും നിന്റെ സന്തോഷത്തിനും സമാധാനത്തിനും നൽകുകയാണ് ....എന്റെ കൂടെ വരാമോ ..."

അവർ ഒരുമിച്ച് കിനാവുകൾ കണ്ടു..നിറമില്ലാത്ത അവരുടെ സ്വപ്നങ്ങൾക്ക് ഒരുമിച്ച് ചായം തേച്ചു.ഇരുവരും ഒരുപാട് കഥകൾ പറഞ്ഞു .അവളുടെ വേദനകൾ അവൻ വീണ്ടും വീണ്ടും കേട്ടിരുന്നു .ഒരുമിച്ച് കടൽകാറ്റ് ആസ്വദിച്ചു .അവളുടെ മുടിയിഴകളിൽ അവൻ വിരലുകളോടിക്കുമ്പോൾ അവന്റെ മാറിൽ അവൾ സുഖമായി കിടന്നുറങ്ങി .

നാളെ അവളുടെ പരോൾ തീരുകയാണ് .അമ്പലത്തിൽ പോവണം എന്ന് പറഞ്ഞതുകൊണ്ട് രണ്ടുപേരും അമ്പലത്തിൽ പോയ്‌ പ്രാർത്ഥിച് ആ കുളക്കടവിലെ പടിയുടെ മേലെ ഇരിപ്പാണ് .ആകാശത്ത് പൂർണ ചന്ദ്രൻ വെട്ടി തിളങ്ങുന്നതും നോക്കി ...

"ശരത്തെ ...ഞാൻ ഒരു കാര്യം പറഞ്ഞ നീ കേക്കോ ..."
മ്മ് ...."
അവളുടെ കൈ മുറുകെ പിടിച്ചവൻ മൂളി
" നീ ഇനി തല്ലും പിടി ഒന്നും കൂടി അങ്ങോട്ട് വരരുത് ട്ടോ "
"ആഹാ ..!ഞാൻ നാളെ തന്നെ എങ്ങനെ ന്തേലും ഒപ്പിച്ച്‌
അങ്ങോട്ട് വരാം ന്ന് ആലോയ്ക്യാ അപ്പളാ അവളുടെ ഉപദേശം ...എനിക്ക് നിന്നെ കാണാതെ നിന്റെ ശബ്ദം കേൾക്കാതെ നിൽകാൻ പറ്റില്ലാ ..."

" എന്റെ ജീവിതം ന്തായാലും ഇങ്ങനെ ആയ് ഇനി നീയും കൂടെ ആ ജയിലിനകത് ....ഞാൻ കാരണം ...വേണ്ടാ ...!!
" എന്താടി...!അവൻ സങ്കടത്തോടെ അവളെ നോക്കി ..

" ഞാൻ എന്തിനാ പരോളിന് വന്നത് ന്ന് അറിയോ ..?ഞാൻ അച്ഛനെന്നു വിളിച്ച ആ മനുഷ്യൻ ...എന്നെ ഈ നിലയിലാക്കിയ ആ ദുഷ്ടൻ ...അയാളെയും കൂടി കൊല്ലാതെ എനിക്ക് സ്വസ്ഥത ഉണ്ടാവില്ല ...!!അതും കൂടി കഴിഞ്ഞ എന്റെ ശിക്ഷ കൂടും ചിലപ്പോൾ നമുക്ക് പിന്നെ കാണാനും കൂടി പറ്റില്ലാ ...!!

അവൾ അത് പറഞ് മുഴുമിപ്പിക്കും മുൻപേ അവൻ അവളെ വാരി പുണർന്നിരുന്നു ....അവർ രണ്ടു പേരും പൊട്ടിക്കരഞ്ഞു

സ്നേഹം എന്താ ഇങ്ങനെ.അതിന് എപ്പോഴും ഒരു കണ്ണുനീരിന്റെ നനവുണ്ടാകും

കണ്ണുകൾ തുടച്ചു ശ്വാസം ഒന്ന് ഊതി വിട്ട് അവളുടെ കണ്ണിൽ നോക്കി അവൻ പറഞ്ഞു
"എന്റെ മോള് ഇനി അതൊന്നും ചെയ്യണ്ടാ അയാളെ ഞാൻ കൊല്ലും നീ മറുത്തൊന്നും പറയരുത് ..."

"എന്റെ പേരിലൊരു സ്ഥലമുണ്ട് അത് വിൽക്കാം നമുക്ക് നല്ല വക്കിലിനെ വെക്കാം ...ഏറി പോയ ഒരു പത്തോ ഇരുപതോ കൊല്ലം ...നമുക് രണ്ടുപേർക്കും ആ ഇലഞ്ഞിച്ചോട്ടിൽ വന്ന് കഥ പറഞ്ഞൂടെ ....ഒരു ആകാശത്തിനു കീഴെ ഒരു മഴയും വെയിലും കൊണ്ട് ....ഇടയ്ക്കൊക്കെ ഒന്ന് കണ്ട് ....നമുക്ക് നമ്മളല്ലേ ഉള്ളു ...."

അവൻ വിതുമ്പി ...
ഇരുവരും കൈകോർത്ത് പിടിച്ചു നടന്നകന്നു
ആ നിലാ വെളിച്ചത്തിൽ അവരുടെ നിഴലുപോലും പ്രണയിക്കുന്നുണ്ടായിരുന്നു ....!

അശോകപുരം ...!ഞാൻ ഞെട്ടി എഴുന്നേറ്റു ..സമയം മൂന്നര മണി .ചാടിയിറങ്ങി
.
അവൾക്കിനി പരോൾ കിട്ടാൻ കുറച്ചു കഴിയും അതിന്റെ ഇടയ്ക്കാണ് ഒരു ബാങ്ക് മോഷണവുമായി ജയിലിൽപെട്ടത് അങ്ങനെ അവിടെ വെച്‌ ഞങ്ങൾ എല്ലാം പ്ലാൻ ചെയ്തു
അവൾ പറഞ്ഞത് പോലെ അവളുടെ വീടിനെ ലക്‌ഷ്യം വെച്ച് നടന്നു ..അകത്ത് അയാൾ ഉണ്ട് .കാളിങ് ബെൽ അടിച്ചു പാതി മയക്കത്തിൽ അയാൾ എഴുന്നേറ്റു വാതിൽ തുറന്നു .ഞാൻ വാതിൽ തള്ളി അകത്തേക്ക് കയറി .

"എന്താ ..ആരാ "
അയാൾ ഒച്ച വെച്ചു ...
"ആ പാവം പിടിച്ച പെണ്ണിനെ എന്തിനാടോ താൻ ...."
അതും പറഞ് അവൻ അരയിൽ നിന്നും കത്തിയെടുത്തു അയാൾക്ക് നേരെ വീശി ..അയാൾ കുതറി
പരസ്പരം ഉന്തും തള്ളുമായി.
അവൻ അയാളെ ഒരുപാട് തല്ലി .അവശനായ് മൂലയ്ക്കിരിക്കുന്ന അയാൾക് നേരെ കത്തിയുമായി അടുത്തു ..

പൊട്ടിയ ടേബിളിന്റെ ചില്ല് വെച്ച് അയാൾ അവന്റെ വയറിനൊരു കുത്ത് കൊടുത്ത് ....
"ആഹാാ ...

അവൻ അലറി
അവന്റെ കണ്ണ് പതിയെ അടയുന്നുണ്ടായിരുന്നു ...

അവന്റെ മാനസിലേക്ക് കണ്ണ് നീര് വീണ് നേർത്ത അവളുടെ കവിൾ തടങ്ങൾ ഓർമ്മ വന്നു ...

കണ്ണ് തുറന്നു ...ഓടി പോവാൻ ഒരുങ്ങിയ അയാൾക്ക് നേരെ കത്തി എറിഞ്ഞു ...കഴുത്തിന് കത്തി കൊണ്ടു അയാൾ മരിച്ചു ...!!

അവന്റെ കണ്ണുകൾ പതിയെ അടഞ്ഞു ...അവളുടെ ഓർമകൾ ശലഭങ്ങളെ പോലെ അവന്റെ തലച്ചോറിൽ പാറി പറന്നു ...!!!

അവൾ ഇലഞ്ഞിമരച്ചോട്ടിലിരുന്നു കാതൊർത്തു ...അവൻ ഇത് വരെ എത്തിയില്ലെ ..

സാധാരണ അവർ സംസാരിച്ചു തുടങ്ങുമ്പോ ഇങ്ങനെ പറഞ്ഞാണ് തുടങ്ങാറ് ...

"ഇലഞ്ഞി പൂക്കൾ തരുമോ "

"നിനക്ക് വേണ്ടി ഇലഞ്ഞിക്കാട് തന്നെ തീർക്കാം പ്രിയെ ....."

അവൾ പറഞ്ഞു നോക്കി ..ഇലഞ്ഞിപൂക്കൾ തരുമോ ...?
ല്ലാ ...മറുപടികൾ ഇല്ലാ അവൻ അവിടെ ഇല്ലാ

അവൾ സങ്കടം കടിച്ചമർത്തി ലൈബ്രറിയിലേക്ക് നടന്നു ..പത്രമെടുത്ത് ഒരോ പേജിലും പരതി ...

"ജയിൽചാടിയ യുവാവ് 50 വയസുകാരനെ കുത്തി കൊന്നു ...യുവാവും മരിച്ച നിലയിൽ
അന്വേഷണം പുരോഗമിക്കുന്നു ...!!!!!!

കറുപ്പ് ..!!ഇരുട്ടിനേക്കാളും കറുപ്പ് ...!
ചങ്ക് പൊട്ടുന്നതിലും വേദന ...

കണ്ണ് തുറന്നു ..ബിപി കുറഞ്ഞതുകൊണ്ട് ഹോസ്പിറ്റലിലാണ് ..അവിടെ ടിവിയിൽ അവന്റെ വാർത്ത ...!

പോസ്റ്മാർട്ടത്തിന് ശേഷം യുവാവിന്റെ ഡെഡ് ബോഡി ബന്ദ്ധുക്കള്ക്ക് കൈമാറി ....

ഞാൻ കണ്ണുകൾ അടച്ചു ...ഇനി എന്റെ പരോളിന് വേണ്ടിയുള്ള കാത്തിരിപ്പാണ് ....

നീണ്ട കാത്തിരിപ്പിനൊടുവിൽ പരോൾ കിട്ടി .
അവൾ ബസ് കയറി അവന്റെ നാട്ടിലേക്ക് തിരിച്ചു .

അവന്റെ വീട്ടിലെത്തി അവിടെ ഒരു സ്ത്രീയു ണ്ടായിരുന്നു..

"ആരാ ?"
"ഞാൻ ശരത്തിന്റെ .....ശരത്തിന്റെ ഭാര്യയാണ് .."

അവൾ തലയുയർത്തി പറഞ്ഞു ...
"ത്ഫൂ ...ആ തെമ്മാടി പെണ്ണും കെട്ടിയിരുന്നോ ...അവന് കൊടുക്കാൻ ഒന്നും ഇല്ല ...നീ എന്താ അവകാശത്തിന് വന്നതാണോ ...പൊയ്ക്കോ "
"ചേച്ചി ...അവൻ മരിക്കുമ്പോൾ പൊലീസ്കാരു നിങ്ങൾക്ക് തന്ന അവന്റെ സാധനങ്ങൾ ഇല്ലേ അത് മതി എനിക്ക് .."
" നോക്കട്ടെ "
ആ സ്ത്രീ ദേഷ്യത്തിൽ പറഞ്ഞു
ഒരു പൊതി എന്റെ നേർക് നീട്ടി "ഇതേയുള്ളു "

ഞാൻ അത് തുറന്നു അവന്റെ ചോരപുരണ്ട കുപ്പായം ....ഞാൻ അത് നെഞ്ചോട് ചേർത്ത് പൊട്ടി പൊട്ടി കരഞ്ഞു ...കണ്ണീര് വീണ് ആ ചോരക്കറ ഷർട്ടിൽ ആകെ പടർന്നു
അപ്പോൾ എന്തോ ഒന്ന് താഴെപ്പോയി

ഞാൻ അത് എടുത്തു ...

"നിനക്ക് എന്താ വേണ്ടത് പെണ്ണെ .... "

"എനിക്ക് ....കരിമണികളുള്ള ചെറിയ നക്ഷത്ര ലോക്കറ്റുള്ള ഒരു താലിമാല ..." അവൾ നക്ഷത്രം പോലെ ചിരിച്ചുകൊണ്ട് പറഞ്ഞൂ

അവളുടെ മനസിലേക്ക് അന്ന് പറഞ്ഞ വാക്കുകൾ ഓടി വന്നു ....
അതെ ആ താലിമാല അന്ന് പറഞ്ഞ ആ മാല

ആ താലിമാല കഴുത്തിലിട്ട് അവന്റെ കുപ്പായം നെഞ്ചോട് ചേർത്ത് അവൾ നടന്നു

അവൻ എപ്പോഴും പറയാറുള്ള ചെമ്പരത്തികാട്ടിലേക്ക്..!!

"ദേവീ ....ശിക്ഷയൊക്കെ കഴിഞ്‌ നമുക്ക് രണ്ടാക്കും എന്റെ നാട്ടിലെ കറുത്തമലയിലെ ചെമ്പരത്തികാട്ടിലേക്ക് പോവണം....അവിടെ ചെറിയൊരു കുടിൽകെട്ടി നീയും ഞാനും മാത്രം ....നിനക്കറിയോ മലേടെ മുകളിലാ ആദ്യം മഴ പെയ്യാ ആ മഴയ്ക്ക് നല്ല തണുപ്പായിരിക്കും നിന്നെ പൊത്തിപിടിച്ചു എനിക്കാ മഴ നനയണം നമ്മുടെ എല്ലാ സങ്കടങ്ങളും അതിൽ അലിഞ്ഞ്‌ തീരണം ....
"എന്നിട്ട് ...."

അവൾ അവനിലേക് ചേർന്നിരുന്നു ചോദിചു ....

"ഹ്മ്മ് ...

ആ ചെമ്പരത്തി പൂക്കൾ കൊണ്ട് ഹാരം തീർത്ത്‌ നിന്നെ അണിയിക്കണം നിന്നെ എന്റെ ഭാര്യയാക്കണം ...സൂര്യൻ മേഘങ്ങളെ ചുംബിക്കുന്നതും ചെമ്പരത്തികാട്ടിലേക്ക് പറന്ന് വരുന്ന അപ്പൂപ്പൻ താടിയെയും നീല ചിറകുള്ള ശലഭങ്ങളെയും കാണിച്ചു തരണം ....
നിന്റെ ഒരോ രോമകൂപങ്ങളിലേക്കും ആഴ്ന്നിറങ്ങി നിന്റെ ആത്മാവിന്റെ അടിത്തട്ടിൽ പോലും ഒരിറ്റു സങ്കടമില്ലെന്ന് ഉറപ്പ് വരുത്തണം ...എന്നിട്ട് എന്റെ പെണ്ണിനെ ഇങ്ങനെ ചേർത്ത് പിടിച് ആകാശം നോക്കി ഉറങ്ങണം ...

"അപ്പൊ പണിക്കൊന്നും പോണ്ടേ ..."
"വേണോ "
അവർ രണ്ടുപേരും പൊട്ടി ചിരിച്ചു "

അവന്റെ ഓർമകൾ സൂര്യനെ പോലെ അവളുടെ തലയ്കുമീതെ വന്നു നിന്നു അവളുടെ ദേഹമാകെ വിയർത്തൊലിച്ചു ഹൃദയം ചുട്ടുപൊള്ളി ...!

ആ മല കയറുമ്പോൾ അവന്റെ ഓരോ വാക്കുകളും അവളുടെ ചെവിയിൽ ആർത്തിരമ്പി ...അവൾ ഏങ്ങി ഏങ്ങി കരഞ്ഞുകൊണ്ട് മല കയറി ....

അവൻ പറഞ്ഞത് എത്ര സത്യമാണ് ..ഇവിടെ ആകെ ചെമ്പരത്തി ചെടികളാണ് .ചെടികൾ എന്ന് പറയുന്നതിനേക്കാൾ അവയെ മരങ്ങൾ എന്ന് വിളിക്കണം ചെമ്പരത്തിച്ചെടിയുടെ വേരുകൾ ആ മലയുടെ മാറ് പിളർത്തി ആഴത്തിലേക്ക് വ്യാപിച്ചിട്ടുണ്ട് ...ഭ്രാന്ത് പിടിച്ച പോലെ അവ പൂത്തിട്ടുണ്ട് ...

ചെമ്പരത്തിപ്പൂക്കൾക്ക് ഭംഗിയില്ലാന്നാര പറഞ്ഞേ

അവൾ ആ ചെടിയെ നോക്കി മനസ്സിൽ ഉരുവിട്ടു ..


ചെമ്പരത്തിപൂക്കൾ കൊണ്ട് മാലതീർത്ത്‌ അവന്റെ താലിയണിഞ്‌ ആ ചോരകുപ്പായം നെഞ്ചോട് ചേർത്ത് കുന്നിന്റെ അറ്റത്തേക്ക് നടന്നു ....
മേഘങ്ങളെ ചുംബിച് സൂര്യൻ യാത്രയായ് കാർമേഘങ്ങൾ ഇരുണ്ട്‌ മൂടി ..മഴ പെയ്തു നല്ല തണുത്ത മഴ ...
അവൾ കണ്ണുകളടച്ചു ..

"ചുവപ്പിനിത്രെ ഭംഗിയോ ..?ചെഞ്ചോരയുടെയും ചെങ്കൊടിയുടെയും ചുവപ്പല്ലാത്ത ഒരു ചുവപ്പ് ഞാൻ ആദ്യാമായ കാണുന്നത് ...ചെമ്പരത്തിക്കാട്ടിലെ പൂക്കളേക്കാൾ ഭംഗിയുള്ള ചുവപ്പ് ...
എന്നെ ഇടം കണ്ണിട്ട് നോക്കി ചിരിക്കുമ്പോ അവളുടെ കവിളിൽ വിരിയുന്ന ചുവപ്പ് ...!!

അവൻ പറയാറുള്ളത് അവൾക്ക് ഒർമ്മ വന്നു ..

അവൾ ചിരിച്ചു ,കവിളുകൾ ചുവന്നു ..ചെമ്പരത്തിപ്പൂവിതളുകൾ മഴയിൽ കുതിർന്നു .അവളുടെ ഇരുകാലുകളും കാർമേഘത്തിലേക്ക് ചവിട്ടി താഴ്ത്തി ....നിശബ്ദം ...!!

മഴ തോർന്നു ..!ദൂരെ എവിടെ നിന്നോ വലിയൊരു അപ്പൂപ്പന്താടി പറന്നുവന്ന് ചെമ്പരത്തികാട്ടിലേക്കൊളിച്ചു ...വിടരാനായ ഒരു പൂമൊട്ടിൻമേൽ പറ്റിയമർന്നിരുന്നു ...അപ്പോൾ ആ വലിയ കൊക്കയിൽ നിന്നും കോടയെ തള്ളിമാറ്റി നീല നിറമുള്ള ശലഭങ്ങൾ ചിറകിട്ടടിച് പൊങ്ങി വന്ന് ആ പൂമൊട്ടിനെയും അപ്പൂപ്പന്താടിയെയും വാരിപ്പുണർന്നു അവിടെയാകെ ചെമ്പരത്തിപ്പൂവിന്റെ പരിമളം പടർന്നു ..!!

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക