Image

പത്രോസുകുട്ടി മിസിംഗ് (രാജു മൈലപ്രാ)

രാജു മൈലപ്രാ Published on 06 December, 2025
പത്രോസുകുട്ടി മിസിംഗ് (രാജു മൈലപ്രാ)

പുളിയ്ക്കലെ പത്രോസുകുട്ടിയെ കാണാതായിട്ട് മൂന്നാലു ദിവസങ്ങളായി.

'അവന്‍ എവിടെപ്പോകാനാ? അവനിങ്ങു വരും-' അതായിരുന്നു പൊതുവേയുള്ള പ്രതികരണം.

എന്നാല്‍ അഞ്ചു പ്രവൃത്തി ദിനങ്ങള്‍ കഴിഞ്ഞിട്ടും അവന്‍ തീര്യെ എത്താതിരുന്നപ്പോള്‍ 'പത്രോസ്‌കുട്ടി കയറിപ്പോയി' എന്നൊരു നിഗമനത്തില്‍ നാട്ടുകാര്‍ എത്തിച്ചേര്‍ന്നു.

'ചെറുക്കനെ കാണുന്നില്ലല്ലോ!'-എന്നൊരു വേവലാതി അവന്റെ അമ്മ മറിയാമ്മച്ചേടത്തിക്കു മാത്രമാണ് തോന്നിയത്. പത്രോസ്‌കുട്ടിയുടെ 'തന്തപ്പടി' സ്ഥാനം അലങ്കരിക്കുന്ന ഉണ്ണിച്ചായന് ഇതൊരു വിഷയമേയല്ലായിരുന്നു. അല്ലെങ്കില്‍ തന്നെ ആ വീട്ടിലെ ഒരു കാര്യത്തിലും അങ്ങേര്‍ക്ക് ഒരു കാര്യവുമില്ലായിരുന്നു.

ഉണ്ണിച്ചായനും, മറിയാമ്മച്ചേടത്തിയും തമ്മില്‍ ഒരിക്കലും കലഹിച്ചിരുന്നില്ല-കാരണം, കുടുംബവീടിനു തൊട്ടുമുന്നില്‍ റോഡരുകില്‍ രണ്ടു മുറിയും വരാന്തയുമുള്ള ഒരു ഓലപ്പുര കെട്ടി 'കാപ്പിക്കട' എന്നൊരു ലേബലും നല്‍കി, അതില്‍ ഒറ്റക്കായിരുന്നു ഉണ്ണിച്ചായന്റെ താമസം. അകന്നുള്ള ആ ജീവിതത്തിലും, ഉണ്ണിച്ചായന്റെ മുഖഛായയുള്ള അഞ്ചുമക്കളെ മറിയാമ്മച്ചേടത്തി പ്രസവിച്ചത് ഒരു അത്ഭുതമായിരുന്നു.

കടയുടെ മുന്‍വശം വീഞ്ഞപ്പലക കൊണ്ടു മറച്ചിരുന്നു. സൈഡു വഴിയാണ് എന്‍ട്രന്‍സ്. അവിടെ രാവിലെ അപ്പം, മുട്ടക്കറി, ഇഡലി, ദോശാ, പുട്ട്, കടലക്കറി മുതലായ വിഭവങ്ങളൊന്നുമുണ്ടായിരുന്നില്ല. അത്യാവശ്യക്കാര്‍ക്ക് ആവശ്യപ്പെട്ടാല്‍ ഒരു ചക്കരകാപ്പി ഉണ്ടാക്കി കൊടുക്കും. ചിലപ്പോള്‍ ബണ്ണും, പര്‍പ്പടബോളിയും കാണും.
എന്നാല്‍ കൗമാരപ്രായത്തിലേക്കു കടക്കുന്ന ആണ്‍കുട്ടികള്‍ക്ക്, ബീഡിവലി അഭ്യസിക്കുന്നതിനുള്ള ഒരു സുരക്ഷിത പരിശീലന കേന്ദ്രമായിരുന്നു അത്. അതു മറ്റൊരു വിഷയം.

ഉണ്ണിച്ചായന്റെ മൂന്നാമത്തെ മകന്‍ പത്രോസുകുട്ടിയാണു മിസിംഗ് ആയിരിക്കുന്നത്. പത്രോസ് കുട്ടിയെ കാണ്‍മാനില്ല എന്നൊരു പരാതി പോലീസ് സ്‌റ്റേഷനില്‍ കൊടുക്കുകയോ, ഫോട്ടോ സഹിതം പത്രത്തില്‍ ഒരു പരസ്യം കൊടുക്കുകയോ ഒന്നും ആരും ചെയ്തില്ല.

അക്കാലത്ത് ആധാറോ, പാന്‍ കാര്‍ഡോ ഒന്നും നിര്‍ബന്ധമല്ലാതിരുന്നതിനാല്‍, മൈലപ്രായില്‍ ആരുടെയെങ്കിലും ഒറ്റക്കുള്ള ഒരു ഫോട്ടോ എടുത്തതായി എനിക്കറിയില്ല. വിവാഹാനന്തരം, സ്റ്റുഡിയോയില്‍ പോയി ഒരു 'വിവാഹഫോട്ടോ' എടുക്കുന്ന ഒരു ചടങ്ങുണ്ടായിരുന്നു. അത്തരത്തിലുളള ചില ഫോട്ടോകള്‍, മൈലപ്രാ മുക്കിനുണ്ടായിരുന്ന വാസുദേവന്‍ നായരുടെ കടയില്‍ ദിവസങ്ങളോളം ആണിയില്‍ തൂക്കി പ്രദര്‍ശിപ്പിച്ചിരുന്നു.
പറയുമ്പോള്‍ ഏല്ലാം പറയണമല്ലോ. കോളേജു പഠനകാലത്താണ് എന്റെ തനിയെയുള്ള ഒരു ഫോട്ടോയെടുത്തത്. കൗമാരത്തില്‍ നിന്നും യൗവനത്തിലേക്കു കടക്കുന്ന ഒരു സങ്കീര്‍ണ്ണ കാലഘട്ടമുണ്ടല്ലോ! ആ സമയത്ത് 'പ്രേമം' എന്നൊരു വികാരം മിക്കവാറും എല്ലാവര്‍ക്കും തോന്നും.

ഗ്രേസി എന്നൊരു പെണ്‍കുട്ടിക്ക് അങ്ങിനെ ഒരു ‘ഇത്’ എന്നോടു തോന്നി. എനിക്ക് അങ്ങോട്ടും ഒരു 'ഇതു' തോന്നി. വല്ലപ്പോഴും അവസരം കിട്ടുമ്പോള്‍ പരസ്പരം നോക്കി ഒന്നു പുഞ്ചിരിക്കുക, ഒന്നു കണ്ണിറുക്കി കാണിക്കുക അതാണ് ഈ രോഗത്തിന്റെ ആദ്യ ലക്ഷണം. പിന്നെ വലിയ റിസ്‌ക്ക് എടുത്ത് കത്തുകള്‍ കൈമാറല്‍ തുടങ്ങും. അങ്ങിനെ ഒരു കത്തിടപാടില്‍, 'രാജുച്ചായന്റെ ഒരു ഫോട്ടോ എനിക്കു തരാമോ? എപ്പോഴും കണ്ടു കൊണ്ടിരിക്കാനാണ്.' എന്നൊരു ആഗ്രഹം അവള്‍ പ്രകടിപ്പിച്ചതു വായിച്ചപ്പോള്‍, ബംബറല്ല, ഓണം ബംബറടിച്ച ഓട്ടോക്കാരന്റെ മാനസീകാവസ്ഥയായിരുന്നു എനിക്ക്. ആദ്യമായാണ് ഒരു പെണ്‍കുട്ടി എന്നെ 'രാജുച്ചായ' എന്നു വിളിക്കുന്നത്-കോളേജു കുമാരി.-കുമാരന്‍മാരുടെ ഇത്തരം വികാരവിചാരങ്ങള്‍ മനസ്സിലാക്കിയിരുന്ന, പത്തനംതിട്ട അജന്താ സ്റ്റുഡിയോവിലെ ആശാനായിരുന്നു അഭയം.

'സ്മയില്‍-സ്മയില്‍-ദേണ്ട് ഇതു പോലെ' എന്നു പറഞ്ഞു ആശാന്‍ ചിരിച്ചു കാണിച്ചപ്പോള്‍, ഞാനും അതു പോലെ പല്ലിളിച്ചു.
ഒരാഴ്ച കഴിഞ്ഞ്, ഒരു ചെറിയ മഞ്ഞ കവറിലിട്ടു ഫോട്ടോയുടെ മൂന്നു കോപ്പി ആശാന്‍ എനിക്കു കൈമാറി. എന്റെ ഫോട്ടോ കണ്ട ഞാന്‍ പോലും കരഞ്ഞുപോയി. ആശാന്റെ നിര്‍ദ്േദശമനുസരിച്ച് വാപൊളിച്ചു ചിരിച്ച, എന്റെ കോന്ത്രപ്പല്ലുകള്‍ വ്യക്തമായി തെളിഞ്ഞു നില്‍പ്പുണ്ട്. മറ്റൊരു ഫോട്ടോയെടുക്കുവാനുള്ള പാങ്ങുമില്ല. വരുന്നതു വരട്ടെ എന്നു കരുതി, ഞാന്‍ ഫോട്ടോ ഗ്രേസിക്കു കൈമാറി. പിന്നീടൊരിക്കലും അവള്‍ എന്നെ നോക്കിയതുമില്ല-മൈന്‍ഡു ചെയ്തതുമില്ല.

ഒരാഴ്ച കഴിഞ്ഞപ്പോള്‍, അവള്‍ എന്റെ കൂട്ടുകാരന്‍ തോമസ് ചെറിയാനോടു, അവന്റെ ഫോട്ടോ ആവശ്യപ്പെട്ടെന്നറിഞ്ഞപ്പോള്‍ എന്റെ ലോലഹൃദയം തകര്‍ന്നു പോയി. 'നിരാശ കാമുകന്‍' എന്നൊരു പദപ്രയോഗം അന്നു മുതലാണ് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ പ്രചുരപ്രചാരം നേടിയത്.

അങ്ങിനെ ദിവസങ്ങള്‍ ആഴ്ചകളായി. ആഴ്ചകള്‍ മാസങ്ങളായി, മാസങ്ങള്‍ വര്‍ഷങ്ങളായി. പത്രോസുകുട്ടിയുടെ തിരോധാനം മൈലപ്രാക്കാരുടെ മനസ്സില്‍ നിന്നും മാഞ്ഞുപോയി.

'എന്നാലും പത്രോസുകുട്ടിക്ക് എന്തു പറ്റിക്കാണും'?
*****

മുണ്ടുകോട്ടയ്ക്കലെ പൊടിമോന്‍ എന്റെ അയല്‍വാസിയും, ബാല്യകാല സുഹൃത്തുമാണ്. ഒരു മാതിരിപ്പെട്ട സകല കുരുത്തുക്കേടുകളും, ഞാനും, പൊടിമോനും, ഞങ്ങളുടെ പ്രായത്തിലുള്ള മറ്റു ചില സുഹൃത്തുക്കളും ചേര്‍ന്നു ചെയ്തിട്ടുണ്ട്. വല്ലപ്പോഴുമൊരു സിഗരറ്റു വലി, അല്പം കള്ളുകുടി, ഒരു സിനിമാ കാണല്‍, ഒളിച്ചിരുന്നു ബസിനു കല്ലെറിയുക-അങ്ങിനെയുളള ചില കാലാപരിപാടികള്‍ നമ്മുടെയെല്ലാം കൗമാരകാലത്ത് നടന്നിട്ടുണ്ടാവുമല്ലോ.
ഇപ്പോള്‍ ഫിലാഡെല്‍ഫിയായില്‍ താമസിക്കുന്ന പൊടിമോന്‍, തന്റെ ഇളയ സഹോദരന്‍, ടാമ്പയില്‍ താമസിക്കുന്ന തമ്പിയെ സന്ദര്‍ശിക്കാനെത്തി. കൂട്ടത്തില്‍, അവരുടെ സഹധര്‍മ്മിണിമാരോടൊപ്പം, ഞങ്ങളുടെ വീട്ടിലും കുറച്ചു സമയം ചിലവഴിച്ചു. ഒരുപാടു നാളുകള്‍ക്കുശേഷം കണ്ടതുകൊണ്ട്, ബാല്യകാല കഥകള്‍ പലതും അയവിറക്കി.
പലതും പറഞ്ഞുവന്ന കൂട്ടത്തില്‍, പത്രോസുകുട്ടിയുടെ കാര്യവും ഉയര്‍ന്നുവന്നു.

അപ്പോഴാണ് പത്രോസുകുട്ടിയുടെ തിരോധാനത്തിന്റെ പിന്നിലുള്ള ചുരുളഴിയുന്നത്.

മൈലപ്രായിലെ മൂന്നു പ്രബല ക്രിസ്ത്യന്‍ വിഭാഗങ്ങളാണ് ഓര്‍ത്തഡോക്‌സ്, മലങ്കര റീത്ത്, ബ്രദറണ്‍ എന്നീ സഭകള്‍. പൊടിമോനും, തമ്പിയും ബ്രദറണ്‍ സഭാംഗങ്ങളും, ഞാനും പുളിയ്ക്കലെ പത്രോസുകുട്ടിയും ഓര്‍ത്തഡോക്‌സുകാരുമാണ്.

ചിറ്റക്കാട്ടെ സൈമണ്‍സാറാണ് ബ്രദറണ്‍സഭയിലെ സണ്‍ഡേസ്‌ക്കൂള്‍ അദ്ധ്യാപകന്‍. തമ്പി ആ സണ്‍ഡേസ്‌ക്കൂള്‍ ക്ലാസില്‍ ഒരു വിദ്യാര്‍ത്ഥിയാണ്.

വീണ്ടും ജനനത്തെപ്പറ്റിയും, ജ്ഞാനസ്‌നാനത്തിനെപ്പറ്റിയും, യേശുക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിക്കുന്നതിനേപ്പറ്റിയും മറ്റും സൈമണ്‍ സാര്‍ വിശദമായി അവരെ പഠിപ്പിച്ചു.

അടുത്ത ആഴ്ച വരുന്നതിനു മുമ്പ് 'നിങ്ങള്‍ ഒരാളെയെങ്കിലും രക്ഷപ്പെടുത്തിയിട്ടേ വരാവൂ' എന്ന കര്‍ശനമായി പറഞ്ഞു. തമ്പി, അയല്‍വാസിയായ പത്രോസുകിട്ടിയോടു പലതവണ കെഞ്ചി പറഞ്ഞിട്ടും അവന്‍ 'എട്ടുക്കും, ഏഴുക്കും' അടുക്കുന്ന ലക്ഷണമില്ല.

'കര്‍ത്താവായ യേശുക്രിസ്തുവില്‍ ഞാന്‍ വിശ്വസിക്കുന്നു. ആകയാല്‍ ഞാനും എന്റെ കുടുംബവും രക്ഷപ്പെടും' എന്നു ഏറ്റു പറഞ്ഞാല്‍ മതി-സംഗതി സോ സിംമ്പിള്‍.

ആരെയെങ്കിലും രക്ഷപ്പെടുത്താതെ അടുത്ത ഞായറാഴ്ച സൈമണ്‍ സാറിനെ എങ്ങിനെ അഭിമുഖകരിക്കും? പത്രോസുകുട്ടിയെ അല്ലാതെ മറ്റ് ഒരു ഇരയെ കിട്ടാനുമില്ല.

തമ്പി അവസാനം പതിനെട്ടാമത്തെ അടവ് എടുത്തു. തോട്ടത്തിന്റെ നടുവില്‍ നില്‍ക്കുന്ന ജീവവൃക്ഷത്തിന്റെ ഫലം കാണിച്ച്, ഹവ്വായാ വീഴ്ത്തിയ സര്‍പ്പത്തെപ്പോലെ, തന്റെ കൈലിരുന്ന ഒരു ഒരു പാക്കറ്റ് സിഗരറ്റുകാണിച്ച്, പത്രോസിനെ പ്രലോഭിപ്പിച്ച്, അടുത്തുള്ള തേവുപാറ മുരുപ്പിലേക്കു കൊണ്ടു പോയി.

ഒരു സിഗരറ്റു വലിച്ചു കഴിഞ്ഞപ്പോള്‍, തമ്പി പത്രോസുകുട്ടിയോടു 'നീ രക്ഷപ്പെടുവാന്‍ തയ്യാറാണോ?' എന്നു ചോദിച്ചു.
'അതിനു ഞാന്‍ മാമ്മോദീസാ മുങ്ങിയതാണല്ലോ!'  പത്രോസുകുട്ടി തന്റെ സഭാവിശ്വാസം വെളിപ്പെടുത്തി.

തമ്പിക്ക് അരിശവും, സങ്കടവും വന്നു-ഒപ്പം കോപവും 'എടാ, കഴുവേറീ മോനേ, അതു നീ കോണാമുടുത്തു നടക്കുന്നതിനു മുമ്പ, ഏതോ കത്തനാര് നിന്നെ മാമ്മോദീസാ തൊട്ടിയില്‍ മുക്കി, തലയില്‍ കുറച്ചു വെള്ളമൊഴിച്ചതല്ലേ? നിനക്കു വല്ല പിണ്ണാക്കും അറിയാമായിരുന്നോടാ അന്ന് ?' യേശുക്രിസ്തു എത്രാമത്തെ വയസ്സിലാടാ സ്‌നാനമേറ്റത്'-

'അതു പിന്നെ, ഒരു പത്ത് അന്‍പതു വയസ്സായി കാണും'- പത്രോസു കുട്ടി ഒന്നു പതറി.

'അന്‍പതല്ലടാ പുല്ലേ- പുള്ളിക്കാരന്‍ നാല്പത്തിയഞ്ചാമത്തെ വയസ്സിലാണ് സ്‌നാനപ്പെട്ടത്-' തമ്പി തന്റെ ബൈബിള്‍ ജ്ഞാനം പത്രോസിനു പകര്‍ന്നു കൊടുത്തു.

'അതു പിന്നെ മത്തായിയുടെ സുവിശേഷത്തില്‍....' പത്രോസു പറഞ്ഞു തുടങ്ങുന്നതിനു മുമ്പ് തന്നെ തമ്പി അയാളുടെ കൊരവള്ളിക്കു പിടിച്ചു ഞെക്കി.
 'ദൈവകാര്യം പറയുന്നതിനിടക്കും തന്തക്കു വിളിയ്ക്കുന്നോ നായിന്റെ മോനേ'- തമ്പി കൈകഴുത്തില്‍ ഒന്നു കൂടി മുറുക്കി. ('മത്തായിച്ചന്‍' എ്ന്നാണു തമ്പിയുടെ പിതാവിന്റെ പേര്).

'നാളെ മര്യാദക്കു വന്ന്, സൈമണ്‍ സാറിന്റെ മുന്നില്‍ കര്‍ത്താവായ യേശുക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിച്ചിരിക്കുന്നു എന്നു ഏറ്റു പറയണം-അല്ലെങ്കില്‍ നിന്റെ കിടുങ്ങാമണി ഞാന്‍ ചവിട്ടി പൊട്ടിക്കും-' പത്രോസുകുട്ടിക്ക് ലാസ്റ്റ് വാണിംഗ് കൊടുത്തിട്ടു തമ്പി സ്ഥലം വിട്ടു.

അങ്ങിനെ ഒരു ഏറ്റു പറച്ചില്‍ നടന്നാല്‍, പത്രോസുകുട്ടി പക്കാ ഓര്‍ത്തഡോക്‌സുകാരനായ തന്റെ തന്തപ്പടി ഉണ്ണിച്ചായന്റെ വെട്ടേറ്റു മരിക്കും. വരും വരാഴികകളോര്‍ത്തു അന്നു പാതിരാത്രി പത്രോസുകുട്ടി മൈലപ്രായില്‍ നിന്നും പാലായനം ചെയ്തു.
**********   ********  ********

പൊടിമോന്‍ തിരിച്ചു ഫിലാഡെല്‍ഫിയായിക്കു പോയി. അടുത്ത ആഴ്ച എന്നെ കാണാന്‍ തമ്പി ഒറ്റക്കു വരുന്നുണ്ടെന്നു പറഞ്ഞു. അതിനു മുമ്പേ എനിക്ക് എങ്ങിനെയെങ്കിലും (രക്ഷ പ്രാപിക്കണം)'.

Join WhatsApp News
Mathews Joseph 2025-12-06 11:40:28
തമ്പിയെപ്പോലെയുള്ള കുറെ പാസ്റ്റെർൻമ്മാരെ ഇവിടെ ആവശ്യമുണ്ട്. ദൈവം ഉണ്ടോ ഇല്ലിയോ എന്ന് തർക്കിച്ചു തർക്കിച്ചു കുറെ പണ്ഡിതൻമാർ ഇവിടെ കിടന്നു മെഴുകുകയാണ്. അതിൽ ഏതു ദൈവമാണ് ശരി എന്നുമൊരു തർക്കമുണ്ട്. തമ്പി ഒന്ന് കളത്തിൽ ഇറങ്ങി കുറച്ചു പേരുടെ കൊങ്ങായിക്കൊന്നു ശരിക്കു അമർത്തിയാൽ തീരാവുന്ന പ്രശ്നമേയുള്ളു. "കർത്താവായ യേശുക്രിസ്തു ആണ് തങ്ങളുടെ രക്ഷിതാവെന്നു" എല്ലാവനും ഏറ്റു പറയും. ഈ പണ്ഡിതസദസിൽ ഒരു ചെറു പുഞ്ചിരിയുമായി വന്ന മൈലപ്രാ സാറിന് അഭിനന്ദങ്ങൾ .
Santhosh Pillai 2025-12-06 15:43:09
പണ്ട് കൊങ്ങക്ക് പിടിച്ചിട്ടും കാര്യം നടന്നില്ല. ഇപ്പോൾ കൂമ്പിനിടിയും കിട്ടാൻ സാധ്യതയുണ്ട്. ജാഗ്രതയ്യ് !
Texan 2025-12-06 16:41:05
വയസാംകാലത്തു,ദൈവം ഉണ്ടോ ഇല്ലിയോ തുടങ്ങിയ വലിയ ബൗദ്ധിക ചിന്തകളൊന്നും നമ്മുടെ തലമണ്ടയിൽ അടിച്ചു കയറ്റാൻ ശ്രമിക്കാതെ, പറയേണ്ട കാര്യങ്ങൾ വളരെ ലളിതമായി സരസമായി എഴുതുന്ന രാജു മൈലപ്രാക്ക് Congratulations.
Pastor 2025-12-06 20:33:19
കർത്താവായ യേശുക്രിസ്തുവിനെ സ്വന്തം രക്ഷിതാവായി സ്വീകരിക്കുക എന്നത് തമാശയായിട്ടു കരുതേണ്ട ഒരു കാര്യമല്ല. John 14:2 :എൻ്റെ പിതാവിൻറെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ട്; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്ക് സ്ഥലം ഒരുക്കുവാൻ പോകുന്നു." Jesus is promising his followers that heaven (His Father's house) has plenty of room for all of them, and He is going to prepare a special, permanent dwelling place (not necessarily fancy mansions, but abodes/rooms) for believers to be with Him forever, offering comfort and hope, കർത്താവിനെ രക്ഷിതാവായി സ്വീകരിക്കാത്തവർക്കു നിത്യനരകമാണ് വിധിച്ചിരിക്കുന്നത്. എല്ലാവരും കർത്താവിലേക്കു തിരിഞ്ഞു മനസാന്തരപ്പെടുവിൻ. അവസാന കാലത്തു ചില ദുർശക്തികൾ നിങ്ങളെ അതിൽ നിന്നും പിന്തിരിപ്പിക്കുവാൻ ശ്രമിക്കും. അതിൽ വീണു പോകരുത്.
josecheripuram 2025-12-07 01:47:01
As usual Raju has written very well humor of the different Christian beliefs, to get a person to his belief the usual bribe, then threatening. And we do all these on the name of Jesus, What an Irony ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക