
മാനസപ്പൊയ്കയിൽ
നീന്തിത്തുടിക്കുന്ന
മാതാവിന്നോമൽ
പ്രതീക്ഷയായി,
പൂങ്കാവനങ്ങളിൽ
പാറിപ്പറക്കുന്ന
പൂത്തുമ്പികളല്ലോ
പെൺമണികൾ...
കുഞ്ഞിളം കാറ്റിനോ-
ടൊത്തു കളിക്കുന്ന, ശലഭമാണമ്മതൻ
കൊച്ചു തുമ്പി!
വെണ്ണിലാച്ചന്ദ്രന്റെ
പാലൊളിപ്പുഞ്ചിരി
വശ്യമാ, ചൊടിയി
ലൊളിച്ചുവച്ചോ?
കുഞ്ഞരിപ്രാവുപോൽ
തുള്ളിക്കളിക്കവേ,
ഉയരും കൊലുസ്സിൻ
മണികിലുക്കങ്ങളെ,
ധാവനം ചെയ്തെത്തും
ശകുനികളാർത്തിയിൽ,
ചതിയുടെ ദംഷ്ട്രകൾ
കാട്ടി മുരളുന്നു...
ഇരവിലും പകലിലും
കറങ്ങിത്തിരിയുന്ന
കരിനിഴൽ രൂപത്തിൻ
ചടുലതാളങ്ങളെ,
കണ്ണൊന്നടയ്ക്കാതെ
കണ്ടങ്ങറിയണം,
കരുതലിൻ ചിറകുള്ള മാലാഖയാവണം...
പെറ്റവയറിന്റെ
ധന്യത പൂകുന്ന, പുണ്യമാണവളെന്നു-
മോർക്കുക ലോകമേ...
വാത്സല്യച്ചിറകിനടിയിൽ
പൊതിഞ്ഞെന്നും
ജീവനിൽ സുകൃതമായ്,
പൊന്നുപോൽ കാക്കണം...